Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിങ്ടണ്‍ പ്രോവിന്‍സ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Published on 05 October, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിങ്ടണ്‍ പ്രോവിന്‍സ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

വാഷിങ്ടണ്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വാഷിങ്ടണ്‍ പ്രോവിന്‍സ് തയ്യാറാക്കിയ വെബ്‌സൈറ്റ് സൂം കോണ്‍ഫറന്‍സിലൂടെ സമൂഹത്തിന് സമര്‍പ്പിച്ചു. ഇതോടൊപ്പം പ്രോവിന്‍സിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. ലോകമെമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാന്‍ ഈ വെബ്‌സൈറ്റിന് സാധിക്കുമെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച കൗണ്‍സിലിന്റെ വാഷിങ്ടണ്‍ ഡി.സി പ്രോവിന്‍സ് സെക്രട്ടറി ഡോ. മധു നമ്പ്യാര്‍ പറഞ്ഞു.

ഭദ്രദീപം കൊളുത്തി ആരംഭിച്ച പരിപാടിയില്‍ ഷാജു ശ്രീധരന്‍ ആണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിങ്ടണ്‍ ഡി.സി പ്രസിഡന്റ് മോഹന്‍ കുമാര്‍ വൈബ്‌സൈറ്റിനെ കുറിച്ച് വിശദീകരണം നല്‍കി. സൈറ്റിലെ മലയാളി ഹെറിറ്റേജ് പേജില്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, മലയാള ഭാഷ, കേരളീയ കലകള്‍, ഉത്സവങ്ങള്‍, വാസ്തുവിദ്യാ പാരമ്പര്യം, കേരളീയ ഭക്ഷണ വിഭവങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബൃഹത്തായ സാംസ്‌കാരിക കലാ മത്സരമായ വണ്‍ ഫെസ്റ്റ് വിജയപ്രദമാക്കാന്‍ ഏവരും ടീം സ്പിരിറ്റോടെ കൈകോര്‍ക്കണമെന്ന് കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.എ.വി അനൂപ് അഭ്യര്‍ത്ഥിച്ചു. കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള കൗണ്‍സിലിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ ഊര്‍ജ്ജ്വസ്വലമായ പിന്തുണ അറിയിച്ചു. ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കം അരവിന്ദ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാന്‍, ഡബ്‌ള്യു എം സി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, വാഷിങ്ടണ്‍ ഡി സി പ്രോവിന്‍സ് ചെയര്‍മാന്‍ വിന്‍സണ്‍ പാലത്തിങ്കല്‍ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

കൗണ്‍സിലിന്റെ അഭിമാന സംരംഭമായ വണ്‍ ഫെസ്റ്റ് മലയാളികളുടെ കലാ സാംസ്‌കാരിക മുന്നേറ്റത്തിന്റെ വിളംബരമാണെന്ന് വണ്‍ ഫെസ്റ്റ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ജോണി അഭിപ്രായപ്പെട്ടു. കഥകളി, മോഹിനിയാട്ടം, കേരള നടനം ഉള്‍പ്പെടെ നിരവധി വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കുന്ന വണ്‍ ഫെസ്റ്റ് കൗണ്‍സിലിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാഷിങ്ടണ്‍ ഡി.സി. പ്രോവിന്‍സിന്റെ എന്റര്‍ടെയിന്‍മെന്റ് ചെയര്‍പേഴ്‌സണ്‍ ഡോ. കല അശോക് ആണ് ചടങ്ങ് കോ-ഓര്‍ഡിനേറ്റ് ചെയ്തത്. വിഖ്യാത നര്‍ത്തകിയും കോറിയോഗ്രാഫറും ഗായികയുമായ ഡോ. കല അശോക് ഫൊക്കാനയുടെ 2020-22 പ്രവര്‍ത്തന കാലത്തെ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ കൂടിയാണ്. ഡോ. കല അശോകിന്റെ നേതൃത്വത്തില്‍ തൃഷ സദാശിവന്‍, ബിന്ദു രാജീവ്, അനീഷ് സേനന്‍ എന്നിവരുടെ കലാപ്രകടനം ആകര്‍ഷകമായി. ജയശങ്കര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി. വാഷിങ്ടണ്‍ പ്രോവിന്‍സിന്റെ ഈ പരിപാടിയെ ലോകമെമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബാംഗങ്ങള്‍ പ്രശംസിച്ചു.

വാഷിങ്ടണ്‍ പ്രോവിന്‍സിന്റെ വെബ്‌സൈറ്റ് അഡ്രസ്സ്: www.wmc-bwdc.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക