Image

സമഗ്രാധിപത്യ പാര്‍ട്ടിയംഗങ്ങള്‍ക്ക് സ്ഥിരതാമസം അനുവദിക്കില്ലെന്ന് യു.എസ്

Published on 05 October, 2020
സമഗ്രാധിപത്യ പാര്‍ട്ടിയംഗങ്ങള്‍ക്ക് സ്ഥിരതാമസം അനുവദിക്കില്ലെന്ന് യു.എസ്
വാഷിങ്ടണ്‍ ഡി.സി.: കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും സമഗ്രാധിപത്യ പാര്‍ട്ടിയിലോ അംഗത്വമുള്ളവര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസം അനുവദിക്കില്ലെന്ന് യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്.) വ്യക്തമാക്കി. ഇത്തരം പാര്‍ട്ടികളുമായോ അവയുടെ ഘടകകക്ഷികളുമായോ ബന്ധമുണ്ടെങ്കിലും സ്ഥിരതാമസാനുമതി ലഭിക്കില്ല. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശമടങ്ങിയ നയരേഖ യു.എസ്.സി.ഐ.എസ്. വെള്ളിയാഴ്ച പുറത്തിറക്കി. യു.എസിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് യു.എസ്. കോണ്‍ഗ്രസ് പാസാക്കിയ നിയമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

ഇത്തരം പാര്‍ട്ടികളില്‍ അംഗമായവര്‍ക്ക് യു.എസിനോട് കൂറുപ്രഖ്യാപിക്കാനാവില്ലെന്നും ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും പിന്തുണയ്ക്കാനാവില്ലെന്നും നയരേഖ വിലയിരുത്തുന്നു. ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് യു.എസ്. നടപടിയെന്നാണ് വിലയിരുത്തല്‍. വ്യാപാരയുദ്ധം മുറുകിനില്‍ക്കുന്നതിനൊപ്പം കൊറോണ വൈറസ്, ഹോങ് കോങ് സുരക്ഷാ നിയമം, ഉയിഗുര്‍ മുസ്‌ലിങ്ങളോടുള്ള മനോഭാവം തുടങ്ങിയ കാര്യങ്ങളില്‍ ചൈനയും യു.എസും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുകയാണ്.

യു.എസില്‍ മേല്‍ക്കൈ നേടുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നേരിടാന്‍ സര്‍ക്കാരും പാര്‍ലമെന്റും ദീര്‍ഘകാല നയമുണ്ടാക്കണമെന്ന് ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചൈനാ ടാസ്ക് ഫോഴ്‌സ് (സി.ടി.എഫ്.) കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക