Image

സമവായത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഫൊക്കാന നേതാക്കൾ

Published on 04 October, 2020
സമവായത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഫൊക്കാന നേതാക്കൾ

see full video:

ന്യു യോർക്ക്: സമവായത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന്  ജോർജി വർഗീസ് പ്രസിഡന്റായ  ഫൊക്കാന  നേതാക്കൾ വ്യക്തമാക്കി.  ഇപ്പോഴത്തെ ഭാരവാഹികളെ നിലനിർത്തിക്കൊണ്ടുള്ള മറ്റ് ഒത്തുതീർപ്പുകൾക്ക് ഒരുക്കമാണെന്ന് മുതിർന്ന നേതാവ് പോൾ  കറുകപ്പള്ളി പറഞ്ഞു.

സംഘടന ഒന്നായി പോകണമെന്നാണ് തങ്ങളുടെ താത്പര്യമെന്ന് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർ  ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത്  അമേരിക്കയുടെ ന്യു യോർക്ക് ചാപ്റ്ററിൽ നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

2020-2022 ഭരണ സമിതിയിലേക്ക് പ്രസിഡണ്ട് ആയി മത്സരിക്കാൻ നാളുകൾക്കു മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നതായി ജോർജി വർഗീസ് പറഞ്ഞു . അമേരിക്കയിലെ ഒട്ടു മിക്ക അംഗ സംഘടനകളിലും നേരിട്ട് സന്ദർശിച്ചുകൊണ്ട് 34   സംഘടനകളിൽ നിന്നും ഒരു മികച്ച ടീമിനെ മാസങ്ങൾക്കു മുൻപ് തന്നെ താൻ തെരഞ്ഞെടുത്തു. നേരിട്ടുള്ള ഒരു തെരഞ്ഞെടുപ്പിലൂടെ തന്നെ തെരെഞ്ഞെടുക്കപ്പെടണമെന്നായിരുന്നു തന്റെയും ടീമംഗങ്ങളുടെയും ആഗ്രഹം. 

തെരെഞ്ഞെടുപ്പിനു മാസങ്ങൾക്ക് മുൻപ് തന്നെ തന്റെ ടീം സജ്ജമായപ്പോൾ മറു ഭാഗത്തുള്ള ടീമിന് ഒട്ടു മിക്ക സ്ഥാനങ്ങളിലേക്കും സ്ഥാനാർത്ഥികൾ പോലുമുണ്ടായില്ല. അതുകൊണ്ട് തന്നെ അവർക്ക് പത്രിക നൽകാനായില്ല. പകരം തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാധവൻ നായർക്കൊപ്പം ചേരുകയായിരുന്നു അവർ. നിയമപ്രകാരം നടന്ന തെരഞ്ഞെടുപ്പിനായി പത്രികപോലും സമർപ്പിക്കാതെ തെരെഞ്ഞെടുപ്പിൽ നിന്ന് മാറി നിന്ന അവർക്ക് എങ്ങനെയാണ് തെരെഞ്ഞെടുപ്പ് നടത്തിയതിനെതിരെ കേസ് കൊടുക്കുവാൻ കഴിയുക? -ജോർജി ചോദിച്ചു.

തെരെഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന കേസ് മേരിലാൻഡ് ഫെഡറൽ കോടതിയിലേക്ക് മാറ്റാൻ  ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. ഈ ഓർഡറിനെ തുടർന്ന് ക്വീൻസ് സുപ്രീം കോടതിയിലെ റെസ്‌ട്രെനിംഗ് ഓർഡർ 14 ദിവസം കഴിഞ്ഞാൽ  നില നിൽക്കുന്നതല്ല എന്ന നിയമോപദേശം ഉള്ളതിനാൽ 14 ദിവസം കാത്ത ശേഷം ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

പല നൂതന പ്രവർത്തന പരിപാടികളും പുതിയ കമ്മറ്റി ആവിഷ്ക്കരിച്ചു കഴിഞ്ഞു. ഫൊക്കാനയുടെ വിവിധ  റീജിയണുകളുടെയും ആഭിമുഖ്യത്തിൽ അംഗ സംഘടന  നേതൃത്വവുമായുള്ള മീറ്റ്‌ ആൻഡ് ഗ്രീറ്റ് എന്ന ജന സമ്പർക്ക പരിപാടി  നടത്തിക്കഴിഞ്ഞു. ഇനിയും ഇത് തുടർന്നുകൊണ്ടിരിക്കുകകയാണ്. ഒട്ടേറെ പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒരുപാട് പ്രവർത്തന രൂപരേഖകൾ ഈ മീറ്റിംഗുകളിൽ നിന്ന് ഉരുത്തിരിഞ്ഞു. ഒക്ടോബറിൽ മലയാളം അക്കാദമി ഉദ്‌ഘാടനം, നവംബറിൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ ഷോ, ഡിസംബറിൽ ടാലന്റ് ഹണ്ട് തുടങ്ങിയ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ നടക്കുന്ന വിവരവും ജോർജി വർഗീസ് പ്രഖ്യാപിച്ചു.

വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷാഹിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ വരെ പ്രാധാന്യമുള്ള പല പ്രവർത്തങ്ങൾക്കും രൂപരേഖ തയാറാക്കി കഴിഞ്ഞു. കോവിഡ് 19 മഹാമാരിയുടെ സാധ്യതകൾ കൂടി ഉൾക്കൊണ്ടുള്ള പരിപാടികൾക്കാണ് വിമൻസ് ഫോറം രൂപം നൽകി വരുന്നത്.

പുറത്തു നിൽക്കുന്നവരെ ഉൾക്കൊള്ളാൻ തയാറായിക്കൊണ്ട് തുറന്ന മനസ്സോടെയാണ് തന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതി പ്രവർത്തിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോടും പകയില്ല. എല്ലാവരെയും ഉൾക്കൊള്ളിക്കണം . തുറന്ന് മനസ്സോടെ തിരികെ വരാൻ തയാറാകുന്ന എല്ലാവരെയും ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി  ജോർജി വർഗീസ് വ്യക്തമാക്കി.

ഫൊക്കാന ട്രഷർ സണ്ണി മറ്റമന, ബി.ഓ.ടി.  മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്‌,   ഫൌണ്ടേഷൻ ചെയര്‍മാന്‍ ജോൺ പി ജോൺ, വൈസ് പ്രസിഡന്റ് തോമസ്  തോമസ്, ആർ വി പി ഡോ. ജേക്കബ്‌  ഈപ്പൻ, ബി.ഒ. ടി. സെക്രട്ടറി സജി പോത്തൻ, ബിജു ജോൺ,  ഗ്രേസ് ജോസഫ്‌ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.  

പ്രസ് ക്ലബിൽ ആർക്കും തങ്ങളുടെ ഭാഗം വിശദീകരിക്കുവാൻ അവസരം നൽകുമെന്നും എന്നാൽ ഏതെങ്കിലും സംഘടനയുമായോ ഗ്രുപ്പുമായോ പ്രസ് ക്ലബിന് ബന്ധമൊന്നുമില്ലെന്നു
ഐപിസിഎൻ എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് ജോർജ് ജോസഫ് തുടക്കത്തിലേ വ്യക്തമാക്കി.  പ്രസ്‌ ക്ലബ്  ഒരു നിഷ്പക്ഷ സംഘടനയാണ്.  

പ്രസ് ക്ലബ്  സെക്രട്ടറി റെജി ജോർജ്, ഐപിസിഎൻ എനാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ , ജോസ് കാടാപ്പുറം (കൈരളി ടി.വി.), ടാജ് മാത്യു,  രാജു പള്ളത്ത് (ഏഷ്യാനെറ്റ്), മധു കൊട്ടാരക്കര, സണ്ണി പൌലോസ്, സജി എബ്രഹാം, മൊയ്‌തീൻ പുത്തൻച്ചിറ, ഫ്രാൻസിസ്   തടത്തിൽ തുടങ്ങിയ മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

see on facebook: https://www.facebook.com/watch/?v=756097881838271

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക