Image

ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത

ജെയിംസ് വര്‍ഗീസ് Published on 07 June, 2012
ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത
കാലിഫോര്‍ണിയാ: 2012 നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മിറ്റ് റോംനിയോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാലിനെ നോമിനേറ്റ് ചെയ്യാന്‍ സാദ്ധ്യതയേറുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മിറ്റ് റോംനിയോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെടുവാന്‍ ഒരു നീണ്ട നരതന്നെയുണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍.

ഫ്‌ളോറിഡാ സെനറ്റര്‍ മാര്‍ക്ക് റൂബിയോ, വിസ്‌കോണ്‍സണില്‍ നിന്നുമുള്ള പ്രതിനിധി പോള്‍ റയന്‍, മുന്‍ മിനസോട്ടാ ഗവര്‍ണര്‍ ടീം പോളെന്റി, എന്നീ പ്രമുഖര്‍ പട്ടികയില്‍ ഉണ്ടെങ്കിലും അടുത്തിടെയായി ബോബി ജിന്‍ഡാലിന്റെ പേര് പല പ്രമുഖ കേന്ദ്രങ്ങളിലും ഉയര്‍ന്നുവരുന്നു.

ബോബി ജിന്‍ഡാലോ, കോണ്ടലീസാ റൈസോ വൈസ് പ്രസിഡന്റായി മത്സരിക്കണമെന്ന ആഗ്രമാണ് തനിക്കുള്ളതെന്ന് സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹേലി തന്റെ സ്ഥാനത്തെ വോട്ടര്‍മാരുമായി സോഷ്യന്‍ മീഡിയാ വഴി നടത്തിയ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

41 വയസ്സുകാരനായ ലൂസിയാന ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാലിനെ കുറിച്ച പൊതുവെ ജനങ്ങള്‍ക്ക് പരാതികള്‍ ഒന്നും തന്നെയില്ല കൂടാതെ ലൂസിയാന സംസ്ഥാനത്തെ വോട്ടര്‍മാരുടെ ഇടയില്‍ നല്ലമതിപ്പുമാണ്. നിരവധി വിജയങ്ങളുടെ കഥകള്‍ മാത്രമാണ് ബോബി ജിന്‍ഡാലിന് പറയാനുള്ളത്. 2007 ല്‍ 54 ശതമാനം വോട്ടു നേടിയാണ് ലൂസിയാന ഗവര്‍ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 36 വയസ്സു മാത്രം പ്രായത്തില്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണ്ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതും ജിന്‍ഡാല്‍ തന്നെ.

1971-ല്‍ പഞ്ചാബില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത അമര്‍, രാജ് ജിന്‍ഡാല്‍ ദമ്പതികളുടെ മകനായി ലൂസിയാനയിലാണ് ബോബി ജിന്‍ഡാലിന്റെ ജനനം.

ബ്രൗണ്‍ യൂണിവേഴ്‌സിറ്റി,ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ബോബി ജിന്‍ഡാല്‍ ലൂസിയാന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവര്‍മെന്റ് സെക്രട്ടറിയായി ചുമതലേറ്റ് 400 മില്യന്‍ ഡോളര്‍ കടത്തില്‍ മുങ്ങിനിന്ന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ മൂന്നുവര്‍ഷം കൊണ്ട് 220 മില്യന്‍ ലാഭത്തിലാക്കിയതു മുതല്‍ ജിന്‍ഡാല്‍ തൊടുന്നതെല്ലാം പൊന്നാക്കി വിജയക്കൊടി പാറിക്കുകയായിരുന്നു. സുപ്രിയാ ജോളിയാണ് ഭാര്യ.

ബോബി ജിന്‍ഡാലിന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ടിക്കറ്റ് ലഭിച്ചാല്‍ മിറ്റ് റോംനിക്ക് പ്രസിഡന്റ് ഇലക്ഷനില്‍ ജയിക്കാന്‍ ഒരു പടികൂടി സാദ്ധ്യത കൂടുമെന്നും കരുതുന്നു.
ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക