Image

ഒക്ടോബർ രണ്ട് ഗാന്ധിജയന്തി - സന റബ്‌സ്

Published on 02 October, 2020
 ഒക്ടോബർ രണ്ട്  ഗാന്ധിജയന്തി -   സന റബ്‌സ്
ഒരു പ്രധാനമന്ത്രിയുടെ മകനെ തെരുവിൽ ആക്രമിക്കുന്ന പോലീസ് !
തള്ളിയിട്ടു രസിക്കുന്ന ഭരണം !!
അതും നീതി നിഷേധിക്കപ്പെട്ടവരെ തേടിപ്പോയതിന് !!!
 
ഒരു വെടിയുണ്ടകൊണ്ട് ബ്രിട്ടീഷുകാർക്ക് ഗാന്ധിജിയെ ഇല്ലാതാക്കാമായിരുന്നു എന്നതും  ഇന്നത്തെ ഭരണകൂടം പഠിക്കുന്നത് നന്നായിരിക്കും. അർദ്ധനഗ്‌നനായ ഫക്കീർ എന്നു  അന്നത്തെ പ്രധാനമന്ത്രി
 Winston Churchill അദ്ദേഹത്തെ പരിഹസിച്ചതുപോലും ചരിത്രരേഖയാണ്. വാക്കുകൊണ്ടുപോലും ഗാന്ധിജിയോട്  അതിരുകടക്കാതെ പെരുമാറാൻ വെള്ളക്കാർ അതീവശ്രദ്ധാലുക്കളായിരുന്നു. 
 
അഹിംസ എന്നത് എന്തെന്ന് ഇന്നത്തെ ഇന്ത്യയ്‌ക്ക്‌ മനസ്സിലാവില്ല. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ഒറ്റമുണ്ടുടുത്തു സമരം ചെയ്ത ഗാന്ധിയുടെ മനസ്സിനു മുന്നിലാണ് ബ്രിട്ടീഷുകാർ തോറ്റുപോയത്. അന്നത്തെ വിജയത്തിനുശേഷം ഇന്നുവരെ സ്വന്തം ജനതയുടെയും അവരുടെ കപടജനാധിപത്യത്തിന്റെയും മുന്നിൽ ഗാന്ധിജി തോറ്റുകൊണ്ടേയിരിക്കുന്നു! മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു രസിച്ചുകൊണ്ടിരിക്കുന്ന കൂട്ടർക്ക് എങ്ങനെയാണ് അദ്ദേഹത്തിന്റെ രീതികൾ മനസ്സിലാവുക? 
മർദ്ദിതന്റെ പെഡഗോജി മനസ്സിലാവുക?? 
എമ്പാടും ഉടഞ്ഞു പോയ പെൺകുട്ടികളുടെ  രോദനങ്ങൾ കേൾക്കാനും  തടയാനും  കെൽപ്പുണ്ടാവുക??? 
 
അങ്ങയെ മഹാത്മാവെന്നു  മനസ്സിലാക്കാനും  രാഷ്ട്രപിതാവെന്നു വിളിക്കാനും മടി കാണിക്കുന്ന അങ്ങയെ മറന്ന ഭരണാധികാരികൾക്കു അങ്ങയുടെ ജീവിതം ഞാൻ റഫർ ചെയ്യുന്നു. 
 
മഹാത്മാവേ... 
അങ്ങിവിടെ ജീവിച്ചത് ഐതിഹ്യമായി മാറി! 
രണ്ടുകാലിൽ അങ്ങിവിടെ നടന്നതും ജീവിച്ചതും  സമരം ചെയ്തതും ജനത്തെ നയിച്ചതും  കെട്ടുകഥയാക്കിമാറ്റി!!
അങ്ങേയ്ക്കു വേണ്ടി നാളെ സീരിയൽ സംപ്രേഷണം തുടങ്ങി ആളുകളെ ആകർഷിച്ചു  'രാമരാജ്യം' പണിയുമായിരിക്കും. 
ഒരോ തൂണുകളും ഹനിക്കപ്പെട്ട പെൺകുട്ടികളുടെ കണ്ണീരിൽ തിളങ്ങുമായിരിക്കും... 
ഓരോ സ്തൂപത്തിൽനിന്നും  സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും നിലവിളി കാതുകളിൽ തൂണിൽ കാതുചേർക്കാതെ തന്നെ കേൾക്കാമായിരിക്കും. 
ചേലകൾ വലിച്ചിഴക്കുന്ന അട്ടഹാസം സഭാതലത്തിൽ പ്രതിധ്വനിക്കുമ്പോൾ അപ്പുറത്തു മദ്യവും മദിരയും ഒഴുക്കി ശബ്‌ദിക്കുന്ന നാവുകളെ ചങ്ങലയ്ക്കിട്ടു  അട്ടഹസിച്ചു ഗർജ്ജിക്കുന്ന  കാവൽനായ്ക്കളും ഉണ്ടായിരിക്കും. 
 
ഒരു നേതാവില്ലാത്ത ഇന്നത്തെ ഇന്ത്യയെ രക്ഷിക്കാൻ തൂണുംപിളർന്നു അങ്ങ് വന്നെങ്കിൽ എന്നു സത്യമായും ഞാൻ  ആഗ്രഹിക്കുന്നു. 
അങ്ങയുടെ കൈയിലെ വടി കണ്ടുപേടിച്ചു ഹെഡ്മാസ്റ്ററെ കണ്ട കുട്ടികളെപോലെ ഇവിടം ശാന്തമാവണമെന്നും ഞാൻ മോഹിക്കുന്നു. 
 
ആകാശം പിളർന്നോ ഭൂമിപകുത്തോ കടൽ വഴിമാറിയോ കണ്ണഞ്ചിക്കുന്ന പ്രകാശരശ്മിയോടെ അങ്ങ് ഇപ്പോഴല്ലാതെ എപ്പോഴാണ് വന്നു ഇന്ത്യയെ രക്ഷിക്കുക? 
കോടാനുകോടി ആൾദൈവങ്ങൾ മണ്ണും തൂണും പിളർന്നു വന്നു രക്ഷിക്കുമെന്നു  യാതൊരു ഉളുപ്പുമില്ലാതെ വിശ്വസിക്കുന്ന ഈ ജനങ്ങൾ വാഴുന്നിടത്തു അങ്ങ് വീണ്ടും വരുമെന്ന് ഉറച്ചു വിശ്വസിക്കാൻ എനിക്കും അവകാശമുണ്ടല്ലോ.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക