Image

ഇന്ത്യയിലെ കോവിഡ് 19 വര്‍ധനവും, മന്ദഗതിയിലായ വാക്‌സിന്‍ നിര്‍മാണവും (കോര ചെറിയാന്‍)

Published on 02 October, 2020
ഇന്ത്യയിലെ കോവിഡ് 19 വര്‍ധനവും, മന്ദഗതിയിലായ വാക്‌സിന്‍ നിര്‍മാണവും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: ഭരണാധികൃതരുടേയും, ആരോഗ്യ പ്രവര്‍ത്തകരുടേയും പ്രതീക്ഷാതീതമായി ഇന്ത്യയില്‍ കൊറോണ വൈറസ് വര്‍ധനവ് അനിയന്ത്രിതമായി വ്യാപിക്കുന്നു. യു.എസ് ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ സെപ്റ്റംബര്‍ 19-ലെ ഡേറ്റാനുസരണം 2020 മാര്‍ച്ച് മാസം 10,000-ല്‍ താഴെ കൊറോണ വൈറസ് പകര്‍ച്ചാവ്യാധി അനുദിനം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യ, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സെപ്റ്റംബര തുടക്കത്തില്‍ ക്രമാനുഗതമായി 92,000, 39,000, 31,000 ആയി ഉയര്‍ന്നു. ഏറ്റവും അധികം വര്‍ധനവ് ഇപ്പോള്‍ ഇന്ത്യയില്‍. കോട്ടയം ജില്ലയില്‍ മാത്രം ഇന്നലെ കോവിഡ് 19 പിടിപെട്ടവര്‍ 419. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ രേഖാനുസരണം ശരാശരി ഒരു ദിവസം 1000 മരണവും, 90,000 പുതിയ കൊറോണ വൈറസ് വ്യാപനവും ഉണ്ടാകുന്നു.

135 കോടി 30 ലക്ഷം ഇന്ത്യന്‍ ജനതയില്‍ 6 കോടിയിലധികം കോവിഡ് 19 മഹാമാരിക്ക് അടിമപ്പെട്ടുവെന്നു വിവിധ പഠനങ്ങള്‍ക്കും സര്‍വ്വെകള്‍ക്കും ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഹെല്‍ച്ച് മിനിസ്ട്രി കോണ്‍ഫറന്‍സില്‍ പരസ്യമായി പറഞ്ഞു. വന്‍ നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ തിങ്ങി പാര്‍ക്കുന്ന ദാരിദ്ര്യ പീഡിതര്‍ സ്വയമായി യാതൊരുവിധ ആരോഗ്യ സംരക്ഷണ നടപടികളോ, കൊറോണ വൈറസ് ലക്ഷണങ്ങളോ തോന്നിയാല്‍ ഉടന്‍ ടെസ്റ്റ് നടത്തുകയോ, ആശുപത്രികളെ ആശ്രയിക്കുകയോ ചെയ്യുവാന്‍ താത്പര്യം കാട്ടുന്നില്ലാത്തത് രോഗവ്യാപനം ധൃതഗതയില്‍ ഉണ്ടാക്കുന്നു. മാര്‍ച്ച് മാസം അവസാന ഘട്ടത്തില്‍ വ്യാപനം തടയുവാന്‍ ലോക്ഡൗണ്‍ ഇന്ത്യയില്‍ ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതയാലുള്ള ഇന്ത്യ കോവിഡ് 19 അതിവേഗം പടരുമ്പോള്‍ തന്നെ നിര്‍ബന്ധിതമായ പല നിബന്ധനകളും നിരാകരിച്ച് മദ്യശാലകള്‍ അടക്കം സകല വ്യാപാര രംഗങ്ങളും തുറന്നു. ഇവ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം സമ്മേളനങ്ങളും, രാഷ്ട്രീയ സമരങ്ങളും ഫേസ് മാസ്ക് അടക്കമുള്ള യാതൊരു നിവാരണമാര്‍ഗ്ഗങ്ങളുമില്ലാതെ തുടക്കമിട്ടു. റെയില്‍വേ, ബസ് ഗതാഗതങ്ങളും ഗൗരവമായ നിബന്ധനകള്‍ ഇല്ലാതെ ആരംഭിച്ചതും കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുവാന്‍ കാരണമായി.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്ഥിതിവിവരപ്പട്ടിക പ്രകാരം വിവിധ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനസംഖ്യാനാപാതത്തില്‍ ഇന്ത്യയിലെ കോവിഡ് 19 മരണനിരക്ക് 1.7 ശതമാനവും, അമേരിക്കയില്‍ 3.0 ശതമാനവും, ഇംഗ്ലണ്ടില്‍ 11.7 ശതമാനവും, ഇറ്റലിയില്‍ 12.6 ശതമാനവും എന്ന താത്കാലിക സമാശ്വാസം ഇന്ത്യന്‍ ഭരണാധികാര തലത്തില്‍ ഉള്ളതിനാല്‍ ശക്തമായ നിവാരണ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നില്ല. ക്രമാതീതമായി വന്‍ ജനാവലി തങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ ലോക്ഡൗണ്‍ മുഖേനയോ, സാമൂഹിക അകലം പാലിച്ചോ കോവിഡ് 19 വ്യാപനം തടയുക അസാധ്യമായതിനാല്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ മുഖേന മാത്രമേ മനുഷ്യസംഹാരിയായ ഈ പകര്‍ച്ചവ്യാധിയുടെ നിശേഷനിര്‍മ്മാജനം സഫലമാകുകയുള്ളൂ.

ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡും, Astra Zeneca-യും ചേര്‍ന്ന് പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കോവിഡ് 19 വാക്‌സിനേഷനുള്ള അനുമതി യൂറോപ്യന്‍ Resulators-ല്‍ നിന്നും അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ചാലുടനെ ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം 100 കോടിയിലധികം ഡോസ് എന്ന നിരക്കില്‍ നിര്‍മ്മാണം സമീപ ഭാവിയില്‍ തന്നെ ആരംഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യന്‍ ജനത. കൊറോണ വൈറസ് വാക്‌സിനേഷന്‍ നിര്‍മ്മാണ മത്സരത്തില്‍ പല ലോക രാഷ്ട്രങ്ങളും വന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഗൗരവമായി വിവിധ പരീക്ഷണങ്ങള്‍ നടത്തി പങ്കെടുക്കുന്നു. ചൈന ഉശിരോടുകൂടി ഉടന്‍ ഉത്തമമായ വാക്‌സിന്‍ സകല പരീക്ഷണങ്ങളും പൂര്‍ത്തീകരിച്ച് ദുരിതവും ഭയവും പൂണ്ട ലോക ജനതയ്ക്ക് നല്കുമെന്ന് പറയുന്നു. റഷ്യയും ഇറാനും ചേര്‍ന്നുള്ള പങ്കാളിത്തത്തോടെ വാക്‌സിന്‍ നിര്‍മാണത്തിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

വന്‍ അമേരിക്കന്‍ ഔഷധ നിര്‍മ്മാണ കമ്പനികളും ഏറ്റവും സുരക്ഷിതമായ കൊറോണ വാക്‌സിന്‍ നിര്‍മാണ തിരക്കിലാണ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പരീക്ഷണങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. Phase-1, Phase-2 പരീക്ഷണങ്ങള്‍ വളരെ വിജയകരമായി പൂര്‍ത്തിയാക്കി അവസാന ഘട്ടമായ Phase-3 വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പായി പറയുന്നു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ നിബന്ധനാനുസരണമായി ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുത്തതിനുശേഷം സെക്കന്‍ഡ് ഡോസ്  3 മുതല്‍ 4 ആഴ്ചയ്ക്കുള്ളില്‍ എടുത്തിരിക്കണം. എന്നാല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും. ട്രംപ് ഭരണകൂടവും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിനേഷനെ കൂടുതലായി പിന്തുണയ്ക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.

അനുദിനം ആയിരങ്ങള്‍ അന്ത്യശ്വാസം വലിക്കുന്ന മാരക കൊറോണ വൈറസില്‍ നിന്നും മുക്തിയില്ലെങ്കില്‍ ലോകാന്ത്യം തന്നെ വേദനയോടെ വീക്ഷിക്കേണ്ടതായി തോന്നുന്നു. വാക്‌സിനേഷന്‍ നിര്‍മ്മാണ ശീതസമരത്തില്‍ നിന്നും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും, രാജ്യങ്ങളും പിന്‍മാറി മനുഷ്യജീവിതം സുരക്ഷിതവും, സുഗമവും ആകുവാന്‍ യോജിപ്പ് പ്രകടിപ്പിക്കണം.


ഇന്ത്യയിലെ കോവിഡ് 19 വര്‍ധനവും, മന്ദഗതിയിലായ വാക്‌സിന്‍ നിര്‍മാണവും (കോര ചെറിയാന്‍)ഇന്ത്യയിലെ കോവിഡ് 19 വര്‍ധനവും, മന്ദഗതിയിലായ വാക്‌സിന്‍ നിര്‍മാണവും (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക