Image

ഹത്രാസ് യുവതി മരിച്ചതല്ല, അവളെ കൊന്നത് യോഗി സര്‍ക്കാര്‍: സോണിയ

Published on 01 October, 2020
ഹത്രാസ് യുവതി  മരിച്ചതല്ല, അവളെ കൊന്നത് യോഗി സര്‍ക്കാര്‍: സോണിയ
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ യുവതി  കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

ഹത്രാസ് യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു. വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആയിരുന്നു സോണിയയുടെ പ്രതികരണം.

ഈ വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആ പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ല. ഇന്ന് അവള്‍ നമുക്കൊപ്പമില്ല. ഹത്രാസിന്റെ നിര്‍ഭയ മരിച്ചതല്ല. ദയാശൂന്യരായ സര്‍ക്കാര്‍, അതിന്റെ സംവിധാനങ്ങളും അലംഭാവവും കൊണ്ട് കൊന്നതാണ് സോണിയ ആരോപിച്ചു.

ജീവനോടെ ഉണ്ടായിരുന്നപ്പോള്‍ അവള്‍ക്ക് പറയാനുള്ളത് കേട്ടില്ല. അവളെ സംരക്ഷിച്ചില്ല. മരിച്ചതിനു ശേഷം അവള്‍ക്ക് അവളുടെ വീടും നിഷേധിച്ചു. അവളെ കുടുംബത്തിന് കൈമാറിയില്ല. കരഞ്ഞുകൊണ്ടിരുന്ന അമ്മയ്ക്ക്, മകളോട് അവസാനമായി വിട പറയാനുള്ള അവസരം നല്‍കിയില്ല. ഇതൊരു വലിയ പാതകമാണ് സോണിയ ആരോപിച്ചു.

യുവതിയുടെ മൃതദേഹം പോലീസുകാര്‍ സംസ്കരിച്ചതിനെയും സോണിയ വിമര്‍ശിച്ചു. അനാഥയെ പോലെ സംസ്കരിക്കപ്പെട്ടതിലൂടെ അവള്‍ അപമാനിക്കപ്പെട്ടുവെന്നും സോണിയ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക