Image

കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന കാർഷിക പരിഷ്കരണ നിയമങ്ങൾ (ദൽഹി കത്ത്: പി.വി. തോമസ്)

Published on 01 October, 2020
കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന കാർഷിക പരിഷ്കരണ നിയമങ്ങൾ (ദൽഹി കത്ത്: പി.വി. തോമസ്)
ഇന്ത്യയിൽ ഇപ്പോൾ ഒരു കാർഷിക വിപ്ലവം നടക്കുകയാണ്. ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഒരു പ്രതിവിപ്ലവവും. മൂന്ന് കാർഷിക ബില്ലുകളാണ് വെട്ടിച്ചുരുക്കപ്പെട്ട മൺസൂൺ സെഷന്റെ അവസാന ദിവസങ്ങളിൽ ഗവൺമെന്റ് ജനാധിപത്യ മര്യാദകൾ പാലിക്കാതെ പാസ്സാക്കിയത്. അതിൽ രാഷ്ട്രപതി കയ്യൊപ്പുചാർത്തിയതോടെ, നിയമവുമായി. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ തിട്ടൂരത്തിൽ 'അന്നത്തെ രാഷ്ട്രപതിയും കുടുംബഭക്തനുമായ ഫക്രുദ്ദീൻ അലി അഹമ്മദ്  കണ്ണടച്ചൊപ്പിട്ടതുപോലെ' എന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടത് ശരിതന്നെ. ഞാനും അതിൽപ്പെടുന്നു. പക്ഷേ, ബില്ലുകൾ നിയമമായി. രാജ്യമെങ്ങും കർഷകർ പ്രതിഷേധത്തിലാണ്. കർഷക പ്രതിഷേധം പഞ്ചാബ് -ഹരിയാന മുതൽ തമിഴ്‌നാടുവരെ കത്തിപ്പടരുകയാണ്. ആരാണ് തെറ്റുചെയ്തത് - കർഷകരോ സർക്കാരോ? ആരുടെ ഭാഗത്താണ് ശരി? മോദി - ഷാ ഗവണ്മെന്റ് വലിയ - വലിയ വാഗ്ദാനങ്ങളും അവകാശവാദങ്ങളുമാണ് നടത്തുന്നത്. ഈ നിയമങ്ങൾ ചരിത്രപരമായൊരു വ്യതിയാനമാണ്. ഇത് ഇന്ത്യയിലെ കർഷകരെ മോചിപ്പിക്കും. കാർഷിക മേഖലയെ ഉദാരവത്കരിക്കും.

പക്ഷേ, കർഷകർ മണത്തറിഞ്ഞു ഇതവരെ രക്ഷിക്കാനുള്ളതല്ല, മറിച്ച് മോദിയുടെയും ഷായുടെയും ചങ്ങാത്തമുതലാളിമാരെ പോറ്റിവളർത്താനും അവർക്കായി കർഷകരെ വിൽക്കാനുമുള്ള തന്ത്രമാണെന്ന്. ആരാണ് ശരി? ഇത് പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ ബില്ലുകൾ പാസാക്കി നിയമമാക്കിയ രീതിയും അതിന്റെ ഉള്ളടക്കവും വളരെ പ്രധാനമാണ്. പഞ്ചാബിലെയും ഹരിയാനയിലെയും ഇതര സംസ്ഥാനങ്ങളിലെയും കൃഷിക്കാരാണ് ആദ്യമായി ഈ ബില്ലുകൾക്കെതിരെ പ്രതിഷേധിച്ചത്. അവർക്കു പിന്നാലെ രാഷ്ട്രീയക്കാരും എം. പി മാരും രംഗത്തെത്തി. പ്രധാനമന്ത്രിയും അമിത് ഷായുമല്ല കാർഷിക ബില്ലുകളുടെ നന്മതിന്മകൾ വിലയിരുത്തേണ്ടത്. 

മറിച്ച് അവയുടെ ഗുണദോഷങ്ങൾ അനുഭവിക്കേണ്ട കർഷകരാണ് എന്ന ഒറ്റക്കാരണത്താൽ ഈ കർഷക പ്രതിഷേധങ്ങൾക്ക്  വലിയ പ്രസക്തിയുണ്ട്. മാത്രമല്ല, ഭരണമുന്നണിയിലെ  (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്  - എൻ ഡി എ) ചില സഖ്യകക്ഷികളും ഇതിനെ എതിർത്തിരിക്കുകയാണ്. ഉദാഹരണമായി ശിരോമണി അകാലിദൾ ബി ജെ പി യുടെ ഏറ്റവും വലിയ സഖ്യ കക്ഷിയാണ് (24 വർഷം) . അകാലിദൾ ആദ്യം കേന്ദ്ര ഗവണ്മെന്റ് വിട്ടു, പിന്നെ മുന്നണിയും ഉപേക്ഷിച്ചു. മോദി കൊട്ടിഘോഷിക്കുന്ന കാർഷിക പരിഷ്കരണങ്ങളാണ് വിഷയം. സഖ്യകക്ഷികളെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് മോദിയും ഷായും കാർഷിക പരിഷ്കരണ ബിൽ കൊണ്ടുവന്നത്. കർഷകർക്ക് ഈ ഓർഡിനൻസ് കം നിയമത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. ബില്ലിന്റെ വിശദാംശത്തിലേക്ക് വഴിയേ വരാം.

പാർലമെന്റിൽ എന്താണ് സംഭവിച്ചത്? ആദ്യം സൂചിപ്പിച്ചതുപോലെ കോവിഡ് കാരണം ഹൃസ്വമായ വർഷകാല സെഷന്റെ അവസാനത്തിലാണ് ബില്ലുകൾ ഇരുസഭകളിലും അവതരിപ്പിക്കപ്പെട്ടത്.
ലോകസഭയിൽ ബില്ലുകൾ ചർച്ചകളില്ലാതെ പാസ്സാക്കി. ഇത്രയും പ്രധാനപ്പെട്ട ബില്ലുകൾ യാതൊരു ചർച്ചയും കൂടാതെ പാസ്സാക്കപ്പെട്ടു എന്നത് തികച്ചും ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. രാജ്യസഭയിലും കാര്യമായ ചർച്ചയുണ്ടായില്ല. ബില്ലുകൾ ശബ്ദ വോട്ടോടെയാണ് ഉപാധ്യക്ഷൻ പാസ്സാക്കിയത്. പ്രതിപക്ഷം വോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെട്ടെങ്കിലും ഉപാധ്യക്ഷൻ സമ്മതിച്ചില്ല. പിന്നീട്, അദ്ദേഹം അതിനെ ന്യായീകരിച്ചത് വോട്ടെടുപ്പിനായി ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ആയിരുന്നെന്നും അവർ അവരുടെ സീറ്റുകളിൽ ഇരുന്നല്ല ഇക്കാര്യം ആവശ്യപ്പെട്ടത് എന്നുമാണ്. ശരിയാണ് - ലോകസഭയുടെ നിയമമനുസരിച്ച് അംഗങ്ങൾ സ്വന്തം സീറ്റിൽ നിന്നുവേണം സംസാരിക്കാൻ. എന്നാൽ, ഉപാധ്യക്ഷന്റെ ഈ വാദം വാസ്തവ വിരുദ്ധമാണെന്ന് സഭാനടപടികളുടെ ടെലിവിഷൻ ദൃശ്യങ്ങൾ വ്യക്തമാക്കി. അപ്പോൾ, ഉപാധ്യക്ഷന്റെ മുടന്തൻ ന്യായം സഭ ചിട്ടയിലല്ലെങ്കിൽ വോട്ടെടുപ്പ് സാധ്യമല്ല എന്നായിരുന്നു. അങ്ങനെ രാജ്യസഭയിൽ ശബ്ദവോട്ടൊടെ ഈ സുപ്രധാന നിയമങ്ങൾ പാസ്സാക്കി വാദപ്രതിവാദങ്ങൾ ഇല്ലാതെ.

രാജ്യസഭയെ സംബന്ധിച്ചിടത്തോളം ഈ ബില്ലുകൾ വളരെ പ്രധാനപ്പെട്ടവയാണ്. കാരണം ലോകസഭ ജനങ്ങളുടെ സഭയാണെങ്കിൽ രാജ്യസഭ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് ആണ്. ഒരു ഫെഡറൽ സംവിധാനത്തിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ്സിന് വളരെയധികം പ്രാധാന്യവും പ്രസക്തിയുമുണ്ട്. ആ കൗൺസിൽ ഓഫ് സ്റ്റേറ്റ് ആണ് സംസ്ഥാനങ്ങളുടെ പരാതികളും പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടത്. കാർഷിക വിഷയം ഭരണഘടനയിൽ ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ, കേന്ദ്രം കാർഷിക മേഖലയിൽ ഒരു നിയമനിർമ്മാണം നടത്തുന്നത് ഫെഡറൽ സംവിധാനം അനുസരിച്ച് ഭരണഘടനാവിരുദ്ധമാണ്.

ഇതും ബില്ലിന്റെ ഗുണദോഷങ്ങളും എന്തുകൊണ്ട് ചർച്ച ചെയ്തില്ല? പ്രതിപക്ഷം ബില്ലുകളൊരു സെലക്ടഡ് കമ്മിറ്റിക്ക് വിട്ടുകൊടുക്കുവാനും കുറവുകൾ നികത്തുവാനും ആവശ്യപ്പെട്ടിട്ടും ഉപാധ്യക്ഷൻ അതിനും സമ്മതിച്ചില്ല , എന്തുകോണ്ട്? ഇന്ത്യയുടെ പാർലമെന്ററി സംവിധാനത്തിൽ വിവാദമായ ബില്ലുകൾ പാർലമെന്ററി കമ്മിറ്റിക്കോ സെലക്ടഡ് കമ്മിറ്റിക്കോ വിട്ടുകൊടുക്കുന്നൊരു സംവിധാനമുണ്ട്. എന്നാൽ, രാജ്യസഭ ഉപാധ്യക്ഷൻ ഈ കീഴ് വഴക്കങ്ങൾ  പാലിക്കാതെ ഗവണ്മെന്റിന്റെ ഏജന്റായി പ്രവർത്തിച്ചു. ഏതായാലും, ബില്ലുകൾ രണ്ടുസഭയിലും പാസ്സായി. രാജ്യസഭയിലെ എട്ട് പ്രതിപക്ഷ അംഗങ്ങളെ ഉപാധ്യക്ഷൻ അച്ചടക്കലംഘനത്തിന്റെ പേരിൽ സഭയിൽ നിന്ന് പുറത്താക്കി. ഇതും ഏറെ വിവാദങ്ങൾക്ക് തിരിവച്ചു.

പ്രതിപക്ഷ അംഗങ്ങൾ പുറത്താക്കിയവരെ തിരിച്ചെടുക്കന്നത് വരെ സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. ഒരു രാത്രി ഇവർ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമയ്ക്ക് കീഴെ ഉപവാസവും നടത്തി. പുലർച്ചെ ഇവർക്ക് ചായയുമായി ഉപാധ്യക്ഷനെത്തിയെങ്കിലും ചായയിലൊതുങ്ങുന്നതായിരുന്നില്ല ഈ ജനാധിപത്യധ്വംസനം. ഏതായാലും, കോവിഡിനെത്തുടർന്ന് സഭ പെട്ടെന്നു പിരിഞ്ഞെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ ബഹിഷ്കരണം അപ്പോഴും തുടരുകയായിരുന്നു. ഇതിനിടയിൽ, പ്രതിപക്ഷ അംഗങ്ങൾ രാഷ്ട്രപതിയെക്കണ്ട് ഈ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്നും അവയെ നിയമമാക്കരുതെന്നും അഭ്യർത്ഥിച്ചെങ്കിലും രാഷ്ട്രപതി അതിന് പുല്ലുവിലപോലും നൽകിയില്ല. വളരെ വേഗത്തിലാണ് ഈ മൂന്ന് ബില്ലുകളും ഒപ്പിട്ടുനിയമമാക്കിയത്. ഫക്‌റുദ്ദിൻ അലി അഹമ്മദ്!!

ഒരു ജനാധിപത്യ രാജ്യത്തിൽ പരിഷ്കരണങ്ങൾ ജനങ്ങളിൽ അടിച്ചേല്പിക്കരുത് . ജിഎസ്ടി യും നോട്ട് നിരോധനവും തുടങ്ങി ഒട്ടേറെ നീക്കങ്ങൾ പരിഷ്കരണങ്ങൾ എന്ന പേരിൽ മോദി ഗവണ്മെന്റ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയുണ്ടായി.

ജിഎസ്ടി യുടെ ദോഷവശങ്ങളെക്കുറിച്ച് ആര് ജനങ്ങളോട് ഉത്തരം പറയും? നോട്ട് നിരോധനംകൊണ്ട് ആരെന്തുനേടി? ഗവൺമെന്റിനിതിന് മറുപടിയില്ല. വിദൂര ഭാവിയിൽ ഇവ രാജ്യത്തിനും ജനങ്ങൾക്കും ഗുണം ചെയ്യും എന്നാണ് പ്രധാനമന്ത്രി ഇതിനെ ന്യായീകരിച്ച് പറഞ്ഞത്. അന്ന് സഭയിലുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രത്യുത്തരമായി പറഞ്ഞത് വിദൂര ഭാവിയിൽ നമ്മളെല്ലാം മരിച്ച് മണ്ണടിഞ്ഞ്  പോകുമെന്നായിരുന്നു. അതല്ലേ സത്യം? മോദിയുടെ കാർഷിക പരിഷ്കരണ നിയമങ്ങൾ വൻകിടകൃഷിക്കാരെയും കോർപറേറ്റ് ഭീമന്മാരെയും സഹായിക്കുമെന്നും സാധാരണ കൃഷിക്കാരെ ഈ കുത്തകകളുടെ കാൽക്കീഴിൽ ആക്കുമെന്നുമാണ് വിദഗ്ദ്ധരുടെ വിമർശനം. എന്നാൽ, മോദി പറയുന്നത് നേരെ തിരിച്ചാണ്. ഈ നിയമനിർമ്മാണം രാജ്യത്തെ കർഷകർക്ക് വലിയൊരു നിമിഷമാണ്. ഇത് ഇടനിലക്കാരെ ഇല്ലാതാക്കും. ഇന്ത്യയിലെ കർഷകരുടെ വളർച്ചയിലെ തടസ്സങ്ങൾ ഒന്നൊന്നായി നീക്കംചെയ്യും. അമിത് ഷാ അവകാശപ്പെടുന്നത് കാർഷിക മേഖലയിലെ ഒരു വിപ്ലവമാണ് ഈ ബില്ലുകൾ എന്നാണ്. മോദിയെയും ഷായെയും വിശ്വസിക്കാം , പക്ഷേ ഒരു ചോദ്യം? എങ്കിൽ, എന്തുകൊണ്ടാണ് പഞ്ചാബിലെയും ഹരിയാനയിലെയും രാജസ്ഥാനിലേയും ഗോവയിലെയും ഗുജറാത്തിലെയും കർണാടകയിലെയും മധ്യപ്രദേശിലേയും ഒഡീഷയിലെയും ജാർഖണ്ഡിലെയും തമിഴ്നാട്ടിലെയും ഉത്തർ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തെലുങ്കാനയിലെയും കർഷകർ ഇതിനെ എതിർക്കുന്നത്? എന്തിനാണിവർ ട്രാക്ടർ ഇന്ത്യ ഗേറ്റിൽ വച്ച് പ്രതീകാത്മകമായി കത്തിച്ചത്? ബി ജെ പി ആരോപിക്കുന്നതുപോലെ ഇത് രാഷ്ട്രീയ പ്രേരിതം മാത്രമാണോ? ഒരു കേന്ദ്രമന്ത്രി അധിക്ഷേപിച്ചതുപോലെ ഇവർ സാമൂഹികവിരുദ്ധർ ആണോ? ഷഹീൻ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടിയവരെ
സാമൂഹിക വിരുദ്ധരായും ദേശദ്രോഹികളായും    മുദ്രകുത്തിയ ശേഷമാണ് ആ സമരം തകർക്കുവാൻ ബിജെപി ശ്രമിച്ചതും ദൾ വംശഹത്യയ്ക്ക് വഴിയൊരുക്കിയതെന്നും ഓർമ്മിക്കണം. കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് സ്വർഗം നൽകുമെന്ന് മോദിയും ഷായും ആവർത്തിച്ചാവർത്തിച്ച് പ്രലോഭിപ്പിക്കുന്നു. ആ സ്വർഗം വേണ്ടെന്ന് കർഷകർ മുഷ്ടിചുരുട്ടി ആവർത്തിക്കുന്നു. ഇതിൽ കുരുക്കെന്താണ്? ശരിക്കും കർഷകരെ ഇവ പുതിയൊരു പ്രഭാതത്തിലേക്കു നയിക്കുമോ? അതോ ഇവരെ കോർപറേറ്റുകളുടെ അടിമകളാക്കുമോ?

ജോർജ് ഓർവെലിന്റെ 'അനിമൽ ഫാം' എന്ന ലഘു നോവലിലെ ബോക്സർ എന്ന കഥാപാത്രത്തെ ഓർമ്മവരുന്നു. ബോക്സർ ഒരു കുതിരയാണ്. അനിമൽ ഫാമിനെ പടുത്തുയർത്തിയ കഠിനാധ്വാനിയാണ്. അവനു വയസ്സായി, ഒരു ദിവസം കാലിടറിവീണു. അവനെ ഫാം മേധാവികളായ സ്വേഛാധിപതികൾ അടിത്തൂൺ പറ്റിച്ചു. പൂർണമായ വിശ്രമജീവിതം. ബോക്സർ സന്തോഷിച്ചു. ഒപ്പം മറ്റുള്ള മൃഗങ്ങളും. അടുത്ത ദിവസം ഫാമിലേക്ക്   ഒരു വാൻ വന്നു . ബോക്സറെ അതിൽ കയറ്റിവിട്ടു. ചികിത്സയ്ക്കാണ് ഒരു മൃഗാ ശുപത്രിയിലേക്കെന്ന് ഫാം മേധാവികളും അവരുടെ സിൽബന്ധികളായ ചാരന്മാരും പറഞ്ഞു പ്രചരിപ്പിച്ചു. പക്ഷേ, അതൊരു അറവുശാലയുടെ വാനായിരുന്നെന്ന് ബോക്സറുടെ സുഹൃത്തുക്കൾ അറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു. വൈകുന്നേരം അനിമൽ ഫാമിൽ മറ്റൊരു വാൻ വന്നു. അതിൽ മദ്യപ്പെട്ടികളായിരുന്നു. ഫാമിന്റെ യജമാനന്മാരുടെ അത്താഴവിരുന്നിനായി. ബോക്സറുടെ വിധി കർഷകർക്കുണ്ടാകരുത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക