Image

പൂരകങ്ങൾ (കഥ: രമണി അമ്മാൾ )

Published on 29 September, 2020
പൂരകങ്ങൾ (കഥ: രമണി അമ്മാൾ )
നാളത്തേടം കൂടി കഴിഞ്ഞാൽ സ്കൂൾ തുറക്കുകയായി.. 
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ക്ളാസ് കയറ്റവുമായി വീണ്ടും സ്കൂളിലേക്ക്. 
കുട്ടികളെ വരവേൽക്കാൻ മഴയും എത്തിക്കഴിഞ്ഞു. യൂണിഫോമിട്ടു റോഡിലൂടൊഴുകുന്ന   കുട്ടികളെ കാണുമ്പോൾ മഴയ്ക്ക് ഇളകിപ്പെയ്യാതിരിക്കാനാവുമോ?  
റോഡിൽ വാഹനങ്ങളുടെ  നല്ല തിരക്ക്..
കടകളിലും അതുപോലെ...

ഉച്ചമുതലേ ചെറിയ തലവേദനയുണ്ടായിരുന്നു..
കണ്ണട മാറ്റാനുള്ള സമയമായിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാവും..
സുഖമില്ലെന്നെങ്ങാനും മിണ്ടിയാൽ 
പുറത്തുപോക്ക് നടക്കില്ല.

തിരക്കുകൾ കാരണം കുടുംബസമേതമുളള പർച്ചേസും പുറത്തുനിന്നുളള ഭക്ഷണം കഴിപ്പും തീരെ കുറഞ്ഞിരുന്നു.. 
വെക്കേഷൻ വെറും ബോറടിയായിരുന്നെന്ന് മക്കൾ....

നാളുകൾക്കു ശേഷമാണ് 'സഫയറിൽ' നിന്നു നോൺ വെജ് ഭക്ഷണം കഴിച്ചത്...

കാറിൽ നിന്നിറങ്ങുമ്പോൾ ഒരരുതായ്ക തോന്നിച്ചിരുന്നു..
തലവേദനയുടെ ശേഷിപ്പാവും..
ചെരുപ്പുകടയിൽ, നിന്നുതിരിയിനിടമില്ല...
എവിടെയെങ്കിലും ഒന്നിരിക്കണം.....
പരിചയമുള്ള കടക്കാരൻ ഒരു സ്റ്റൂൾ വലിച്ചിട്ടുതന്നു..
കുറച്ചുനേരം  കണ്ണടച്ചിരുന്നാൽ  മാറുമായിരിക്കും...
അച്ഛനും മക്കളും കൂടി ഷൂസും ചെരുപ്പുമൊക്കെ  തിരഞ്ഞെടുക്കട്ടെ.. 
ഏതെടുക്കണമെന്നുളള അവസാന  തീരുമാനം എപ്പോഴും എനിക്കു വിട്ടുതരാറാണു പതിവ്.
ടെകസ്റ്റൈയിൽ ഷോപ്പിലായിരുന്നാലും..
ലാസ്റ്റ് റൗണ്ട് 
സെലക്ഷൻ എന്റേതാണ്..
"ഈ അമ്മേടെ സമ്മതമില്ലാതെ ഒരു സാധനവും വാങ്ങാൻ പറ്റില്ല"
മോൾക്കു പരാതിയുമുണ്ട്.

അടുത്ത്,  ഒരു പരിചിത സംസാരം  കേട്ടാണു കണ്ണുതുറന്നത്.....
"എബി മാത്യു...
"ഇതെന്താ ഇവിടെ."..
വെളത്തുമെലിഞ്ഞ ഒരു
സുന്ദരിയും
ഒരേ മുഖച്ചായയുളള രണ്ടു പെൺകുട്ടികളും ഒപ്പം..
കുടുംബമാവും...
"പത്തനംതിട്ടക്കാരെന്താ...
തൃശൂരിൽ." 
ഞാൻ എഴുന്നേറ്റു.....

"വൈഫ് ഹൗസ് ഇവിടെയാ...
വെക്കേഷന് അവരിവിടെയായിരുന്നു...
സ്കൂൾ തുറക്കാൻപോകയല്ലേ..
കൂട്ടിക്കൊണ്ടുപോകാൻ വന്നതാ.. 
ബാഗും ഷൂസും, കുടയുമൊക്കെ
ഇവിടുന്നങ്ങു വാങ്ങിയേക്കാമെന്നു വിചാരിച്ചു..
എന്തൊരു തിരക്കാ കടയിൽ..."
"ഇപ്പോൾ ഇവിടെയാണോ ജോലി?   വീടും..."
"അതേ..ഇവിടെയങ്ങു സെറ്റിലുചെയ്തു.."

എബി, ആളാകെ മാറി. 
തടിയും കുടവയറും..
ഓർക്കുമ്പോൾ  തമാശയായിട്ടാണു തോന്നുന്നത്... 
വെറുതെ ഒരു സൗഹൃദം; തുടക്കവും ഒടുക്കവും ഒരുമിച്ചനുഭവിച്ച സൗഹൃദ
പങ്കാളി...
എബി മാത്യു..

രണ്ടു വർഷത്തോളം ഒരേ ബസ്സിൽ, രാവിലെയും വൈകിട്ടും എന്റെ  സഹയാത്രികയായിരുന്നു
സുനിത.. 

ബാംഗ്ലൂരിലാണവൾക്കന്നു ജോലി...
കുറച്ചു ദിവസത്തേക്കു നാട്ടിൽ വന്നതാ. 
ഇടയ്ക്കെപ്പൊഴോ ഞങ്ങൾ തമ്മിലുള്ള കോൺടാക്റ്റ് മുറിഞ്ഞു പോയിരുന്നു..
ഒരു മുന്നറിയിപ്പുമില്ലാതെയാണ്
അവൾ എന്നെ കാണാൻ ഓഫീസിലേക്കു വന്നത്.....

പത്തനംതിട്ടയിൽ നിന്നു റാന്നിയിലേക്ക്, 'ഷാജഹാൻ' ബസ്സ് എട്ടരയ്ക്കു പുറപ്പെടും...
അന്നെനിക്ക് റാന്നിയിയിലാണു ജോലി..
അവൾക്കവിടെ ഒരു ഹോസ്പ്പിറ്റലിലും...
അന്നേ ഒരുപാടു സുഹൃദ്ബന്ധങ്ങളുടെ വലയം അവൾക്കു ചുറ്റും ഉണ്ടായിരുന്നു..
ആൺ സുഹൃത്തുക്കളാണു കൂടുതലും..പെണ്ണുങ്ങളെ കൂട്ടുകൂടാൻ കൊളളില്ലപോലും..
കാണാനൊരാനച്ചന്തമൊക്കെയുണ്ട്..
നുണക്കുഴിയുളള എണ്ണക്കറുമ്പി..
ഓഫീസിലേക്കു മിക്കപ്പോഴും എന്റെ കൂടെ അവളും കയറിവരും. എന്റെ
സഹപ്രവർത്തകർക്കെല്ലാം അവൾ സുപരിചിതയാണ്..

നാളുകൾക്കു ശേഷമുളള
തമ്മിൽക്കാണൽ.. 
അവൾക്കു പറയാൻ വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു...
"ഇന്നു നീയൊരു
ഒരു ഹാഫ്ഡേ ലീവെടുക്ക്.....നമുക്ക് പുറത്തൂന്ന് ഭക്ഷണവും  കഴിച്ച്
ഒരു സിനിമയും കാണാം..
"എവറസ്റ്റിലെ" മട്ടൻ ബിരിയാണി കഴിച്ചിട്ടെത്രനാളായി..."
ശരിയാണ്.
അവൾ നാട്ടിലുണ്ടായിരുന്ന സമയത്ത് ഞങ്ങൾ ഇടയ്ക്കു
വല്ലപ്പോഴും  ഉച്ചയ്ക്കു  എവറസ്റ്റിലെ ബിരിയാണി കഴിക്കുമായിരുന്നു..
ജോർജു സാറാണ്  എവറസ്റ്റ് ബിരിയാണിയുടെ മഹത്വം ഒരിക്കൽ രണ്ടുപേരേയുംകൂടി
വിളിച്ചുകൊണ്ടുപോയി വാങ്ങിച്ചുതന്ന്
മനസ്സിലാക്കിച്ചത്...

അന്ന് വീട്ടിൽ നിന്ന്  ഭക്ഷണമെടുത്തിട്ടില്ലായിരു
ന്നു..ചിലപ്പോഴൊക്കെ അങ്ങനെയാണ്..
ഓഫീസ് കാന്റീനിൽ നിന്നു കഴിക്കും.. 

ബിരിയാണി  കഴിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ കാബിനിലേക്ക് കയറിവന്ന രണ്ടുപേരിൽ ഒരാൾ എബി മാത്യു ആയിരുന്നു..
മറ്റേയാൾ സുരേഷ്, സുനിതയുടെ  ഫ്രണ്ട്....പറഞ്ഞൊപ്പിച്ചു വന്നതുപോലെ..
എതിരെയുളള സീറ്റിൽ അവരിരുന്നു.
ആരോടും ഇടിച്ചുകയറി സംസാരിക്കുന്ന  സ്വഭാവമാണു സുനിതയ്ക്ക്..
ഞാൻ നേരെ തിരിച്ചും.. 
അവൾ അവരെ പരിചയപ്പെടുത്തി.. 
രണ്ടു പേരും മൈലപ്ര സ്വദേശികൾ.. ഒന്നിച്ചു പഠിച്ചവർ..
അയൽപക്കക്കാർ.
എബി മാത്യു  വിദേശത്തു പോകാൻ വിസ കാത്തിരിക്കുന്നു.. 
സുരേഷ്  ഗൾഫിൽ നിന്നു ലീവിൽ വന്നിരിക്കുന്നു.. 
രണ്ടു പേരും
അവിവാഹിതർ..
"കൂട്ടുകാരിയെന്താ മിണ്ടാതിരിക്കുന്നേ"..
എബിയുടെ ചോദ്യം...
"അവളങ്ങനെയാ..."
അതുശരിവക്കുന്നതുപോലെ
ഞാൻ ചിരിച്ചു....

ഭക്ഷണം കഴിഞ്ഞു 
കൈ കഴുകി വന്നു ബില്ലിനു കാത്തിരിക്കുമ്പോൾ....
"എന്താ അടുത്ത പരിപാടി"
അവർ ആരാഞ്ഞു..
"ഒരു സിനിമ കണ്ടുകളയാമെന്നു വിചാരിക്കുന്നു"
"ഞങ്ങളുടെ വിചാരവും അതുതന്നെ.. "
അവൾ ക്ഷണിച്ചിട്ടാവും സുരേഷ് എബിയേയും കൂട്ടി വന്നത്.. !
എന്നെ കൂട്ടേണ്ടിയിരുന്നില്ല...

'ഓളങ്ങൾ'  നൂറുദിവസം പിന്നിട്ടു കഴിഞ്ഞിരുന്നതുകൊണ്ടാവും
തിരക്കു കുറവ്..
സീറ്റുകൾ പകുതിയിലധികവും
ഒഴിഞ്ഞുകിടക്കുന്നു..
പടം തുടങ്ങാറാവുമ്പോഴേക്കും ആൾക്കാർ വരുമായിരിക്കും..
അടുത്തടുത്ത സീറ്റുകളിൽ 
ഞാനും സുനിതയും ഇരുന്നു
മുന്നിലും പിന്നിലും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുണ്ടായിരുന്നിട്ടും
അവർ  ഞങ്ങളുടെ ഇടവും വലവും വന്നിരുന്നു...
സുരേഷിന്റെ അടുത്തിരിക്കാതെ...
എന്റെയടുത്തെന്തിന്..സുരേഷിന്റെ സുഹൃത്ത്..
ഞാൻ സുനിതയെ നോക്കി..
"പോട്ടെടീ..."

ഓഫീസിലെ ആരെങ്കിലും ഈ ഷോയ്ക്ക് കയറുമോ...
തൊട്ടരികെ പരിചയക്കാരനേപോലെ ഒരാൾ.... 
അവരെന്തു വിചാരിക്കും...
പടം തുടങ്ങി....
തൊട്ടു, തൊട്ടില്ലെന്നമട്ടിൽ 
എബി മാത്യു..
സുനിത ഇടതോട്ടു ചാഞ്ഞ് മറ്റേയാളിന്റെ തോളിലേക്കു ചാഞ്ഞ്...
എന്നെ അവൾ ഗൗനിക്കുന്നതേയില്ല...
എബിക്ക് ഏന്നോട് സംസാരിക്കണമെന്നുണ്ട്.. .
ഇരുപ്പുറയ്ക്കുന്നില്ല.
സ്ക്രീനിൽ കോരിച്ചൊരിയുന്ന മഴ. ...
അംബികയും അമോൽപാലേക്കറും.... വികാരസാന്ദ്രമായ രംഗങ്ങൾ...
എബിയുടെ കൈപ്പടം ഹാന്റ്റെസ്റ്റിലിരുന്ന എന്റെ കയ്യിൽ പതുക്കെ ഉരുമ്മുന്നു.. 
എബിയുടെ ശരീരോഷ്മാവ് എന്നിലേക്കു പ്രവഹിക്കുന്നു....
പടം കാണുന്നതിൽ ശ്രദ്ധചെലുത്താൻ കഴിയുന്നില്ല
കയ്യു കയ്യിലമർന്നിരിക്കുന്നു..
ഇഷ്ടം കാണിക്കാനോ , അനിഷ്ടം പ്രകടമാക്കാനോ കഴിയുന്നില്ല. 
അപരിചിതന്റെ ഗന്ധം...
രണ്ടു മണിക്കൂർ കഴിഞ്ഞു കിട്ടാൻ പ്രാർത്ഥിക്കുകയായിരുന്നു...

"അപ്പോൾ... 
എങ്ങനെ...? ..
രണ്ടു പേരും വീട്ടിലേക്ക് പോകുന്നോ..
അതോ ഓരോ കോഫി കൂടെ.."
.എനിക്കു ബസ്സിനുളള സമയമായി...
സുനിത പിന്നെയും താളം ചവുട്ടി നിൽക്കുകയാണ്
"ഞാൻ പോകുന്നു..."
" താൻ പിണങ്ങിയോ...?:
എബി മാത്യു ...
'അൽ- അമാൻ ' ബസ്സ് പുറപ്പെടാറാനൊരുങ്ങി നിൽക്കുന്നു...
എന്റെ നിഴലിനെ  ദൂരത്തു കണ്ടാൽ മതി വണ്ടി നില്ക്കും..

അടുത്ത ദിവസം.. 
ക്യാഷ്  കൗണ്ടറിലെ  ക്യൂവിൽ 
എബിമാത്യു... 
അടുത്തെത്തിയപ്പോൾ അടക്കം പറഞ്ഞു..
"ഒന്നു കാണണമെന്നു തോന്നി" 
അന്നു വൈകുന്നേരവും സ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു..
പിറ്റേന്നും
ക്യാഷ് കൗണ്ടർ ക്ളോസ്ചെയ്ത്  ഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുമ്പോൾ
എബി വീണ്ടും..

"അകത്തേക്കു വരൂ..
ഞാൻ ക്ഷണിച്ചു...

സഹപ്രവർത്തകരുടെ നോട്ടം എബിയെ  അടിമുടിയുഴിഞ്ഞു..
എനിക്ക്
കല്യാണാലോചനകൾ നടക്കുന്ന സമയമായിരുന്നതുകൊണ്ട് 
നേരിട്ട്  പെണ്ണുകാണാൻ വരുന്ന ആരെങ്കിലുമാകുമെന്നു  വിചാരിച്ചു കാണും.
ആരെന്നാരായുന്ന ജോർജ്ജുസാറിന്റെ ചുഴിഞ്ഞ നോട്ടം..
"എന്റെ ഫ്രണ്ട്.."
ഞാൻ പറഞ്ഞു..
" വിദേശത്തു പോക്കിന്റെ കാര്യം..എന്തായി?
"ഉടനെ ആയേക്കും..
പോകാൻ തോന്നുന്നില്ല"
"അതെന്താ..?"
എന്റെ നേരെ കൈ ചൂണ്ടി..
".താൻ കാരണം"

എല്ലാ ദിവസവും ഞാൻ ബസ്സിൽ വന്നിറങ്ങുമ്പോൾ, അല്ലെങ്കിൽ വൈകുന്നേരം
ബസ്സ് കാത്തുനിൽക്കുമ്പോൾ 
എബി എവിടെനിന്നെങ്കിലും പ്രത്യക്ഷപ്പെടും...
കൈവിശും..

കാണാതിരുന്നാൽ എന്തോ ഒരിത്....
എബിയോടെനിക്കു
പ്രണയം തോന്നിത്തുടങ്ങിയോ...!

സുനിതയും ...സുരേഷും 
കല്യാണം കഴിക്കാൻ തീരുമാനിച്ചു..
വീട്ടുകാർ തമ്മിൽ ആലോചിച്ചുറപ്പിച്ചു...

"എബിയ്ക്ക്
കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ടു ചേട്ടന്മാരുണ്ട്. .
അവരുടെ മാര്യേജ് കഴിയാതെ..
അവന്റെ കല്യാണത്തെക്കുറിച്ചാലോചിക്കാനാവില്ലെന്ന്.....
പിന്നെ, ഒരു ഹിന്ദു ക്രിസ്ത്യൻ മൈത്രി അംഗീകരിച്ചു തരാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടാവുമെന്ന്.
സ്വന്തം കാലിൽ നില്ക്കാനൊരു ജോലി.. തീരുമാനമെടുക്കാൻ വൈകിയേക്കും.. 
കാത്തിരിക്കണമെന്നു പറയാൻ കഴിതാത്ത  
ധർമ്മ സങ്കടം.."
സുരേഷ് സുനിതയോടു പറഞ്ഞു...
അറിഞ്ഞപ്പോൾ മനസ്സിലൊരു കൊളുത്തുവീണു...
വെറുതേ...

"എന്റെ വിസ  റഡിയായിട്ടുണ്ട് 22നു പോകണം..
ഞാൻ കുറേ ആലോചിച്ചു...
പോകുന്നതാണു നല്ലതെന്നു തോന്നുന്നു.. 
സ്വന്തം കാലിൽ നിൽക്കണം...
ചെന്നിട്ടു വിളിക്കാം."
അവസാനമായി എബിയെ കണ്ടത് അന്നായിരുന്നു..  ഓഫീൽ വച്ച്.
ജോർജ്ജുസാറിനോടും യാത്ര പറയാൻ മറന്നില്ല..
"നല്ല പയ്യനായിരുന്നു "  സാറിന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി...

എത്തിയ വിവരം വിളിച്ചു പറഞ്ഞു...പിന്നീടും
ഇടയ്ക്കൊക്കെ
വിളിക്കുമായിരുന്നു....
പിന്നെയെപ്പൊഴോ...
വിളികൾക്ക് അകലം കൂടി...
വിളി തീർത്തും ഇല്ലാതെയായി...

വർഷങ്ങൾ...താളുകൾ പുറകിലേക്കു മറിച്ചുകൊണ്ടിരുന്നു. 
അച്ഛൻകോവിലാർ പലവട്ടം കരകവിഞ്ഞൊഴുകി...
സുനിത..
സുരേഷ് ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്.
സന്തുഷ്ടമായ കുടുംബം ജീവിതം നയിക്കുന്നു...

പത്തനംതിട്ടയിൽ
 നിന്നു
തിരുവനന്തപുരത്തേക്കും അതുകഴിഞ്ഞ് 
തൃശൂരേക്കും നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ മദ്ധ്യാന്ഹമെത്തി നിൽക്കുന്ന ഞാൻ.

എബിയുട വൈഫ്, ടീച്ചർ ആണെന്ന്..
ലെയിറ്റ് മാര്യേജായിരു
ന്നിരിക്കാം.. തീരെ ചെറിയ കുട്ടികൾ..

"അമ്മാ.., ഞങ്ങളുടെ സെലക്ഷൻ കഴിഞ്ഞു, ഫൈനൽ റൗണ്ട് ഒന്നു വന്നു നോക്കിക്കേ.".
മോൾ വന്നു വിളിച്ചപ്പോൾ മനസ്സിലെ കാലപ്രമാണങ്ങൾക്ക് തിരശ്ശീല വീണുകഴിഞ്ഞിരുന്നു....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക