Image

റോക്ക് ലാന്‍ഡ് മിഷന്‍ പുതിയ ദേവാലയത്തില്‍, ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നിര്‍ഹിക്കും

Published on 06 June, 2012
റോക്ക് ലാന്‍ഡ് മിഷന്‍ പുതിയ ദേവാലയത്തില്‍, ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നിര്‍ഹിക്കും
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയിലെ സൈക്യാട്രിക് സെന്ററിലുളള പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍ വെസ്ലി ഹില്‍സിലെ സെന്റ് ബോണിഫസ് ചര്‍ച്ചിലേക്ക് മാറ്റുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓഗസ്റ്റ് ഒന്നിന് നിര്‍വഹിക്കും.

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറല്‍ മോണ്‍. ആന്റണി തുണ്ടത്തില്‍, വിവിധ സീറോ മലബാര്‍ പാരീഷുകളിലെ വൈദീകര്‍ തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വികാരി ഫാ. തദേവൂസ് അരവിന്ദത്ത്, കൈക്കാരന്മാരായ ജേക്കബ് ചൂരവടി, ഡൊമിനിക്ക് വയലുങ്കല്‍ എന്നിവര്‍ അറിയിച്ചു.

കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും പുതിയ ദേവലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആത്മീയാടിത്തറയാകും. വൈകിട്ട് ആറു മണിക്കാണു കുര്‍ബാനയും കര്‍ദിനാളിനു സ്വീകരണവും.

സൈക്യാട്രിക് സെന്ററിലെ മേരി ക്യൂന്‍ ഓഫ് പീസ് ചാപ്പലില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മിഷന്‍ ജൂലൈ ഒന്നു മുതല്‍ പുതിയ ദേവാലയത്തിലേക്ക് മാറുകയാണ്. ഔപചാരികമായ ഉദ്ഘാടനം ഒരുമാസം കഴിഞ്ഞേയുള്ളുവെന്നു മാത്രം. ഈ മാസം 24-നാണ് സൈക്യാട്രിക് സെന്ററിലെ ദേവാലയത്തിലെ അവസാനത്തെ കുര്‍ബാനയെന്ന് ഫാ. അരവിന്ദത്ത് അറിയിച്ചു.

പുതിയ ദേവാലയത്തിന്റെ വികാരിയായി ഫാ. അരവിന്ദത്തിനെ നേരത്തെ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമത്തി ഡോളന്‍ നിയമിച്ചിരുന്നു. അവിടെ നിലവിലുള്ള മുഖ്യധാരയിലെ ഇടവകാംഗങ്ങളുടെ ആത്മീയ ചുമതലകൂടി അദ്ദേഹം വഹിക്കും.

നിലവിലുള്ള ഇടവകാംഗങ്ങള്‍ ഉണ്ടെങ്കിലും ഫലത്തില്‍ പുതിയ ദേവാലയം സീറോ മലബാര്‍ മിഷന്റെ സ്വന്തംതന്നെ എന്നു കരുതാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. പുതിയ ദേവാലയത്തിലെ ഞായറാഴ്ചയിലെ കുര്‍ബാന സമയം പതിനൊന്നര എന്നത് 12 ആകും.
ജൂണ്‍ 30 മുതല്‍ രാവിലത്തെ കുര്‍ബാനയും മാതാവിന്റെ നൊവേനയും 9:30നു സെന്റ് ബോണിഫസ് പള്ളിയിലാണു. വെള്ളിയാഴ്ച 5:30-നാണു കുര്‍ബാനയും സെന്റ് ജൂഡിന്റെ നൊവേനയും.
തിങ്കള്‍ മുതല്‍ വെള്ളി വരെ കുര്‍ബാന രാവിലെ 9 മണിക്ക്.
വിലാസം: 5 വില്ലോ ട്രീ റോഡ് (റൂട്ട് 306-നു സമീപം) വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്-10952
വിവരങ്ങള്‍ക്ക്: ഫാ. അരവിന്ദത്ത് 845-490-9307; ജേക്കബ് ചൂരവടി 914-882-9361; ഡൊമിനിക്ക് വയലുങ്കല്‍ 917-847-1372
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക