Image

യു.പിയില്‍ പോലീസ് കാര്‍ മറിഞ്ഞ് ഗുണ്ടാ നേതാവ് മരിച്ചു; വികാസ് ദുബെ കൊല്ലപ്പെട്ട സംഭവവുമായി സാമ്യം

Published on 28 September, 2020
യു.പിയില്‍ പോലീസ് കാര്‍ മറിഞ്ഞ് ഗുണ്ടാ നേതാവ് മരിച്ചു; വികാസ് ദുബെ കൊല്ലപ്പെട്ട സംഭവവുമായി സാമ്യം

ഭോപ്പാല്‍:  ഉത്തര്‍പ്രദേശ് പോലീസിന്റെ വാഹനം മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ അപകടത്തില്‍പ്പെട്ട് ഗുണ്ടാ നേതാവ് മരിച്ചു. യുപി സ്വദേശിയായ ഫിറോസ് അലി എന്ന  ഗുണ്ടാനേതാവിനെ മുംബൈയില്‍നിന്ന് അറസ്റ്റുചെയ്ത് യുപിയിലേക്ക് കൊണ്ടുവരവെയാണ് കന്നുകാലികള്‍ മുന്നില്‍ചാടിയതിനെ തുടര്‍ന്ന് പോലീസ് വാഹനം അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ വികാസ് ദുബെ എന്ന ഗുണ്ടാ നേതാവിനെ ഉജ്ജെയിനില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുവരവെ വാഹനം അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് 
രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സമാനമായ സംഭവമാണ് തിങ്കളാഴ്ച പുലര്‍ച്ചെയും അവര്‍ത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

യുപി പോലീസിന്റെ പ്രത്യേക സംഘമാണ് കഴിഞ്ഞ ദിവസം മുംബൈയിലെത്തി ഫിറോസ് അലിയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് അയാളെ ലഖ്നൗവിലേക്ക് കൊണ്ടുവരവെ വാഹനം ദേശീയപാത 46-ല്‍വച്ച് അപകടത്തില്‍പ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. അയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ എഎസ്ഐ ജഗദീഷ് പാണ്ഡെ, കോണ്‍സ്റ്റബിള്‍ സഞ്ജീവ് സിങ്, ഡ്രൈവര്‍ സുലഭ് മിശ്ര, ഫിറോസ് അലിയുടെ ബന്ധു അഫ്സല്‍ ഖാന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് ഇവരെല്ലാം ആശുപത്രിവിട്ടു.

നിരവധി കേസുകളില്‍ ഗുണ്ടാ നിയമം അടക്കമുള്ളവ ചുമത്തപ്പെട്ടയാളാണ് ഫിറോസ് അലി. ഇയാള്‍ മുംബൈയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുപി പോലീസിന്റെ പ്രത്യേകസംഘം അവിടെയെത്തി പിടികൂടിയത്. അയാളുടെ ബന്ധുവും പിടിയിലായി. തുടര്‍ന്നാണ് അവരെ റോഡുമാര്‍ഗം ലഖ്നൗവിലേക്ക് കൊണ്ടുവന്നത്. കാറിന് മുന്നില്‍ചാടിയ പശുവിനെ രക്ഷിക്കാന്‍ വാഹനം വെട്ടിച്ചു മാറ്റിയപ്പോഴാണ് അപകടം നടന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.

നേരത്തെ മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്ന് പിടിയിലായ വികാസ് ദുബെ എന്ന ഗുണ്ടാ നേതാവാണ് സമാനമായ അപകടത്തിന് പിന്നാവെ കൊല്ലപ്പെട്ടത്. കാണ്‍പുരില്‍വച്ചാണ് അന്ന് പോലീസ് വാഹനം അപകടത്തില്‍പ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക