Image

ഈ പീഡനം ആവർത്തിക്കരുത്: കോവിഡിന്റെ മറവിൽ ഹോസ്പിറ്റലുകൾ മനുഷ്യാവകാശം നിഷേധിക്കരുത്

ഷുക്കൂർ ഉഗ്രപുരം Published on 27 September, 2020
ഈ പീഡനം ആവർത്തിക്കരുത്:  കോവിഡിന്റെ മറവിൽ ഹോസ്പിറ്റലുകൾ മനുഷ്യാവകാശം നിഷേധിക്കരുത്
ആരോഗ്യ പ്രവർത്തകരെ കൈകാര്യം ചെയ്താൽ കർശന നടപടിക്ക് ശുപാർശ ചെയ്ത്കൊണ്ടുള്ള ബില്ല് പുറത്ത് വന്നിട്ട് രണ്ടാഴ്ച്ച പോലും തികഞ്ഞിട്ടില്ല. അപ്പോഴാണ് മലബാറിൽ നിന്നും കരളലിയിപ്പിക്കുന്ന ഒരു വാർത്ത പുറത്ത് വന്നത്, വാർത്തയിലെ വില്ലൻമാർ ആരോഗ്യ പ്രവർത്തകരും!!

മലപ്പുറം ജില്ലക്കാരിയായ പൂർണ്ണ ഗർഭിണിക്ക് പ്രസവ വേദന തുടങ്ങിയത് മുതൽ പതിനാല് മണിക്കൂറാണ് ചികിത്സ നിഷേധിച്ചത്!! അതും മലപ്പുറം ജില്ലയിലേയും കോഴിക്കോട് ജില്ലയിലേയും  മെഡിക്കൽ കോളേജുകളും ചില സ്വകാര്യ ആശുപത്രികളും !! 

ഈ നെറികേടിന്റെ ഫലമായി രണ്ട് നവജാത കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടമായത്!! കുറ്റവാളികളായ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേ മതിയാകൂ. സാക്ഷര കേരളത്തിന് അപമാനമാണീ സംഭവം; അതും ഗവൺമെന്റ് മെഡിക്കൽ കോളേജുകളുൾപ്പെടെ പ്രതിസ്ഥാനത്ത് വരുമ്പോൾ. പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്നും പടുത്തുയർത്തുന്ന സർക്കാർ സ്ഥാപനങ്ങൾ ജനത്തിനുപകാരമില്ലാതെ തൻപോരിമ കാണിക്കുമ്പോൾ അവയെ പിടിച്ചു കെട്ടാൻ സർക്കാരും പൊതുജനവും തയ്യാറാവണം. 

ഈ താന്തോന്നിത്തരത്തിൽ  മഞ്ചേരി മെഡിക്കൽ കോളേജും പങ്കാളികളാകുമ്പോൾ പ്രദേശ വാസികളുടേയും പൊതുസമൂഹത്തിന്റേയും രോഷം അണപൊട്ടുക സ്വാഭാവികം. ഈ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ സർക്കാർ ഖജനാവിലെ പണം തികയാതെ വന്നപ്പോൾ ജില്ലയിലെ പൊതുജനങ്ങളായ കർഷകരും കച്ചവടക്കാരും കൂലി വേലക്കാരും തൊഴിലുറപ്പ് ജോലിക്കാരും ചുമട്ട് തൊഴിലാളികളും ഓട്ടോ ടാക്സി ട്രൈവർമാരും ബസ് കണ്ടക്ടർമാരും ഉൾപ്പെടെയുള്ള സമൂഹത്തിലെ നാനാ വിഭാഗം മനുഷ്യരും അവരുടെ ദിവസക്കൂലിയും മാസശമ്പളവുമൊക്കെ നൽകിക്കൊണ്ടാണീ മെഡിക്കൽ കോളേജ് കെട്ടിപ്പടുത്തതെന്ന് ശീതീകരിച്ച മുറിയിലെ കറങ്ങുന്ന ചക്രക്കസേരയിലിരിക്കുന്ന അൽപൻമാർ വിസ്മരിക്കരുത്. 

യു.പിയിലെ ഖോരക്പൂർ ഹോസ്പിറ്റലിൽ നവജാത ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം നിലയിൽ മാനുഷിക പ്രവർത്തനത്തിലേർപ്പെട്ടതിനായിരുന്നു യു.പി സർക്കാർ വർഷങ്ങളോളം ഡോ. കഫീൽ ഖാനെ ജയിലിലടച്ച് പീഢിപ്പിച്ചത്. ഈയിടെ നീതിപീഢം അദ്ധേഹത്തെ കുറ്റവിമുക്തനാക്കി മോചിപ്പിച്ചതാണ്. യു.പിയേക്കാളേറെ പ്രബുദ്ധതയുള്ള കേരളത്തിൽ ഡോ. കഫീൽ ഖാനെ പോലെ ജോലിയോട് പ്രതിബദ്ധതയുള്ള എത്ര പേരുണ്ടെന്നത് ചിന്തനീയമാണ്!

ഇന്ത്യയിൽ നവജാത ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം, എന്നാൽ ഇവിടെ തന്നെയാണ് സാങ്കേതികതയുടെ പേര് പറഞ്ഞ് കോവിഡ് ആന്റിജൻ ടെസ്റ്റ് റിസൾട്ട് പോരാ മറിച്ച് ആർ.ടി.പി.സി.ആർ തന്നെ വേണമെന്ന് പറഞ്ഞ് പ്രസവ വേദനയുമായി വന്ന സഹോദരിയുടെ ഇരട്ടക്കുഞ്ഞുങ്ങളെ കൊലക്ക് കൊടുത്തത്! ഭരണ കൂടത്തിന് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ല.

നീതിന്യായ സ്ഥാപനങ്ങളുടെ കടുത്ത അലംബാവത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നവരെ തീക്ഷ്ണമായി പിന്തുണക്കുന്ന പ്രവണതയാണ് സോഷ്യൽ മീഡിയയിൽ ഈയിടെയായി  കാണുന്നത്.

 സചേതനമല്ലാത്ത നീതിയും നിയമ വ്യവസ്ഥിതിയുമാണെങ്കിൽ ജനം രൂക്ഷമായി പ്രതികരിക്കുമെന്നതിന് ഉദാഹരണമായാണ് ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റേയും കരണത്തടിയും കരിയോയിൽ പ്രയോഗമെന്നും അധികൃതർ ഗ്രഹിക്കേണ്ടതുണ്ട്.

പലപ്പോഴും പ്രസവമുൾപ്പെടെയുള്ള  സർജറികൾക്കും ചികിത്സകൾക്കും ഭീമൻ കൈക്കൂലി ആവശ്യപ്പെടുന്ന പല ചികിത്സകരും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ പോലുമുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. മരുന്ന് മാഫിയയുമായി ഇവർക്കുള്ള ബന്ധം പകൽ വെളിച്ചം പോലെ സുവ്യക്തവുമാണ്. ഗവൺമെന്റ്, സ്വകാര്യ ഹോസ്പിറ്റലുകളിൽ നടക്കുന്ന അന്യായങ്ങളെ പുറത്ത് കൊണ്ടുവരാൻ ഉടൻ തന്നെ സർക്കാർ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിക്കേണ്ടതുണ്ട്.

കുറച്ച് മുമ്പ് ഇതേ മലബാറിൽ ചികിത്സ നൽകാതെ ഒരു തമിഴ് തൊഴിലാളിയെ തിരിച്ചയച്ചത് കാരണം ചികിത്സക്കായി തമിഴ്നാട് കോയമ്പത്തൂരിലെത്തിയപ്പോഴേക്കും അദ്ധേഹം മൃതിയടഞ്ഞത് ഏറെ വാർത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു.

 അന്ന് കോയമ്പത്തൂരിലെ ഡോക്ടർമാർ പത്രക്കാരോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു"കേരളത്തിൽ നിന്നും ഇവിടേക്ക്  ചികിത്സക്കെത്തുന്ന അനേകം പേരെ യാതൊരു വിവേചനവും കാണിക്കാതെ ഞങ്ങൾ നിത്യവും ചികിത്സിക്കുന്നുണ്ട്. അൽപം കൂടി മാനുഷിക സമീപനം കേരളത്തിലെ ഡോക്ടർമാർ സ്വീകരിക്കേണ്ടതുണ്ട്". ഈ വാക്കിന് ഇന്നും പ്രസക്തിയുണ്ട്.

സുപ്രഭാതം ദിനപത്രത്തിന്റെ മഞ്ചേരി പ്രാദേശിക ലേഖകനും സജീവ രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ എൻ.സി ഷരീഫിന്റെ ഭാര്യക്കാണ് ഈ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്നത്. അപ്പോൾ സാധാരണക്കാരായ ജനങ്ങളെ ഈ അധികൃതർ എത്ര പ്രയാസപ്പെടുത്തുമായിരിക്കും!!

പിറക്കാനുള്ള സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശമാണ്. അത് നിഷേധിക്കുന്നത് കടുത്ത ക്രിമിനൽ കുറ്റവുമാണ്. അന്യായം ചെയ്തവർ ആരൊക്കെയാണെങ്കിലും ഇനിയൊരു കുഞ്ഞിനും ജീവൻ നഷ്ടമാകാതിരിക്കാനായി കടുത്ത സിക്ഷ നൽകിയേ തീരൂ.

എൻ.സി ഷരീഫ് എഴുതിയ തന്റെ ദുരനുഭവം വിവരിക്കുന്ന കുറിപ്പ് കാണൂ, "പ്രസവ വേദനയാൽ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടൊ? ഗർഭ പാത്രത്തിന്റെ ഉളളിൽ നിന്ന് ആരംഭിച്ച് ഗർഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാൻ തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ പോലും നീ കൊവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിർത്തുമ്പോഴുള്ള മനോവിഷമം എത്രയാകും?. അതികഠിനമായ വേദന അനുഭവിച്ച് ലേബർ റൂമിൽ ഭയപ്പാടോടെ കഴിയുമ്പോൾ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞാൽ വേദനിക്കാത്തവരുണ്ടാകുമൊ?.

        ഇതെല്ലാം അനുഭവിച്ചു എൻ്റെ പെണ്ണ്. സർക്കാർ ആശുപത്രിയിൽ നിന്ന് പോലും നീതി ലഭിച്ചില്ല. ഒൻപത് മാസം ഗർഭിണിയായ അവൾക്ക് ചികിത്സ ലഭ്യമാകാൻ മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വന്നു.  ഇത് യു.പിയിൽ അല്ല. മലപ്പുറത്തും കോഴിക്കോടുമാണ്.
        ജീവിതത്തിൽ ആദ്യമായി ഞാൻ പൊട്ടിക്കരഞ്ഞ ദിനമായിരുന്നു ഇന്നലെ. എൻ്റെ ഭാര്യ ഒൻപത് മാസം ഗർഭിണിയാണ്. സെപ്റ്റംബർ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഡി.എം.ഒ ഡോ.സക്കീന, നോഡൽ ഓഫീസർ ഡോ.പി.ഷിനാസ് ബാബു, ഗൈനക്കോളജി വിഭാഗത്തിലെ ഡോ.രഹന എന്നിവർ അവൾക്ക് എല്ലാ പിന്തുണയും നൽകി. 15ന് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങി. 18ന് രാത്രി അവൾക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മഞ്ചേരിയിൽ അഡ്മിറ്റ് ചെയ്തു. ലേബർ റൂമിൽ പ്രവേശിപ്പിച്ച അവളോട് വളരെ മോശമായാണ് ഒരു ജീവനക്കാരി പെരുമാറിയത്. പക്ഷെ അതൊരു വിഷയമാക്കി എടുക്കാതെ ഞങ്ങൾ മറക്കാൻ ശ്രമിച്ചു.

          ഇനി മഞ്ചേരി മെഡിക്കൽ കോളജിൽ കാണിക്കേണ്ടെന്നും എനിക്ക് പേടിയാണെന്നും അവൾ കരഞ്ഞുപറഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാ വിവരങ്ങളും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഞാൻ എടവണ്ണ ഇ.എം.സി ആശുപത്രിയിൽ ചെന്നു. ആശുപത്രിയുടെ മാനേജിംങ് ഡയറക്ടർ വളരെ മാന്യമായി പെരുമാറുകയും ഡോക്ടറോട് ചോദിച്ച് പറയാമെന്നും അറിയ്ച്ചു. ഞാൻ മനസുരുകി പ്രാർത്ഥിച്ചു. 'കൊവിഡ് ബാധിച്ചത് അവളുടെ തെറ്റല്ലല്ലൊ, അവൾക്ക് പ്രസവ സംബന്ധമായ ചികിത്സ ലഭിക്കണം'. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു തവണ കൊവിഡ് ബാധിച്ചതിനാൽ വീണ്ടും രോഗം ഉണ്ടാകുമെന്നും നിങ്ങൾ വേറെ ആശുപത്രികളിൽ അന്വേഷിക്കൂ എന്നായിരുന്നു എടവണ്ണ ഇ.എം.സിയിൽ നിന്നുള്ള പ്രതികരണം. (സർക്കാർ നൽകുന്ന ആൻ്റിജൻ പരിശോധനാ സർട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാൻ ഇവർ തയ്യാറായില്ല).

          ശനിയാഴ്ച പുലർച്ചെ അടിവയറ്റിലും ഊരക്കും ശക്തമായ വേദന അനുഭവപ്പെട്ടു. പുലർച്ചെ 4.30ന് ഞാൻ അവളെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും അവളെ ഉൾക്കൊള്ളാൻ മനസില്ലാത്ത രീതിയിലായിരുന്നു ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കൊവിഡ് രോഗികൾക്ക് മാത്രമേ ചികിത്സ നൽകുകയൊള്ളു എന്നും അവർ പറഞ്ഞു. മറ്റു മാർഗമില്ലെന്നും സ്വകാര്യ ആശുപത്രിയിൽ എടുക്കുന്നില്ലെന്നും പറഞ്ഞു നോക്കി. പക്ഷെ ചികിത്സ നൽകാനാവില്ലെന്ന വാശിയായിരുന്നു അവർക്ക്.

      അവൾക്ക് വേദന ഇല്ലന്നും നിങ്ങളെ ഡിസ്ചാർജ് ചെയ്യുകയാണെന്നും ലേബർ റൂമിൽ നിന്ന് പറഞ്ഞു. എവിടേക്കെങ്കിലും റഫർ ചെയ്ത് തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എൻ്റെ ആവശ്യപ്രകാരം രാവിലെ 8.30 ന് കോഴിക്കോട് കോട്ടപറമ്പിലുള്ള സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് തയ്യാറാക്കി. എന്നാൽ പിന്നീട് വന്ന ഡോക്ടർ അവളെ പരിശോധിച്ചു. നല്ല വേദനയുണ്ടെന്നും ഇപ്പോൾ ഇവിടെ നിന്ന് പോകാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. (ആ ഡോക്ടർക്ക് അവളുടെ പ്രയാസങ്ങൾ തിരിച്ചറിയാൻ സാധിച്ചു). എന്നാൽ ഇതിനിടയിൽ അവളെ കോഴിക്കോട്ടേക്ക് റഫർ ചെയ്തു. അവൾ പ്രസവ വേദനയാൽ പ്രയാസം നേരിട്ടിട്ടും മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നീതി ലഭിച്ചില്ല. 

       ഞങ്ങളെ അവിടെ നിന്ന് പറഞ്ഞുവിടുമ്പോൾ സമയം 11.45 ആയിക്കാണും. കോഴിക്കോട് കോട്ടപറമ്പിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ അവൾ ഉറക്കെ കരയാൻ തുടങ്ങി. ഞാൻ അവളെ ചേർത്തുപിടിച്ചു. പക്ഷെ അവൾ അനുഭവിക്കുന്ന വേദനയെ തോൽപ്പിക്കാൻ എൻ്റെ ആശ്വാസ വാക്കുകൾക്ക് ആയില്ല. ഇരിപ്പുറക്കാതെ അവൾ വാഹനത്തിൽ നിന്ന് എണീറ്റ് നിൽക്കാൻ ശ്രമിച്ചു. ഞങ്ങൾ കോട്ടപറമ്പ് ആശുപത്രിയിൽ എത്തുമ്പോൾ സമയം 1.38. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടെ വലിയ തിരക്കാവുമെന്നും പറ്റുമെങ്കിൽ മറ്റു ആശുപത്രി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.

       ഇതേ തുടർന്ന് ഞാൻ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. കൊവിഡ് സർട്ടിഫിക്കറ്റ് കൈയിലുണ്ടോ എന്ന് ചോദിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് മതിയാകില്ലെന്നും ആർ.ടി.പി.സി.ആർ വേണമെന്നും അവർ നിർബന്ധം പിടിച്ചു. പ്രിയപ്പെട്ടവൾക്ക് ചികിത്സ ലഭിക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്നായതോടെ ഞാൻ കോഴിക്കോട് അശ്വനി ലാബിൽ കയറി കൊവിഡ് പരിശോധന സംബന്ധിച്ച വിവരങ്ങൾ തേടി. 24 മണിക്കൂറിന് ശേഷമേ റിസൾട്ട് ലഭിക്കൂ എന്നായിരുന്നു മറുപടി. ഇക്കാര്യം ഞാൻ ഓമശ്ശേരി ആശുപത്രിയിൽ വിളിച്ചുപറഞ്ഞു. എന്നിട്ടും അവർ ചികിത്സ നൽകാൻ തയ്യാറായില്ല. അവൾ കഠിനമായ വേദനയാൽ കരയാൻ തുടങ്ങി. ഞാൻ വീണ്ടും ഓമശ്ശേരി ആശുപത്രിയിലേക്ക് വിളിച്ചു, സഹായിക്കണമെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടു. പക്ഷെ,  ആർ.ടി.പി.സി.ആർ ഇല്ലാതെ ചികിത്സ തരാനാകില്ലെന്ന് അവർ തീർത്തുപറഞ്ഞു.

       പിന്നീട് മുക്കം കെ.എം.സി.ടിയിൽ വിളിച്ചു. എൻ്റെ ദയനീയാവസ്ഥ മനസിലാക്കിയ അവർ ചികിത്സ നൽകാൻ തയ്യാറായി. ആൻ്റിജൻ പരിശോധന നടത്തി. നെഗറ്റീവായിരുന്നു ഫലം.  സ്കാൻ ചെയ്തതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
         ആശുപത്രികളിൽ നിന്ന് നേരിട്ട അവഗണന അറിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മലപ്പുറം ഡി.എം.ഒ ഡോ.സക്കീനയും എന്നെ വിളിച്ചു. വിവരങ്ങൾ തിരക്കി. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പേടിക്കേണ്ടതില്ലെന്നും ആവശ്യമായതെല്ലാം ചെയ്യാമെന്നും ഉറപ്പു നൽകി. മന്ത്രിയും ഡി.എം.ഒയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിളിച്ചു.
        
ഇനി ഇത് ആവർത്തിക്കരുത്. മഞ്ചേരി മെഡിക്കൽ കോളജിലെ ഡോകടർക്കെതിരെ നടപടി വേണം. സംസ്ഥാന സർക്കാർ ആൻ്റിജൻ പരിശോധനയിലൂടെ കൊവിഡ് ഭേദമായെന്ന് കണ്ടെത്തിയാണ് ആശുപത്രികളിൽ നിന്ന് വീട്ടിലേക്ക് അയക്കുന്നത്. ഈ റിസൾട്ട് സ്വകാര്യ ആശുപത്രികൾ അംഗീകരിക്കാൻ നടപടി വേണം. ഇത് നടപ്പായില്ലെങ്കിൽ കൊവിഡ് ഭേദമായ ഗർഭിണികൾക്ക് ചികിത്സ നിഷേധിക്കുന്നത് തുടർക്കഥയാകും. ആരോഗ്യമന്ത്രിക്കും ഡി.എം.ഒക്കും പരാതി നൽകും. കുറ്റക്കാർ രക്ഷപ്പെടരുത്. ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത്".

(ലേഖകൻ ഭാരതിദാസൻ യൂനിവാഴ്സിറ്റി ക്യാമ്പസിൽ സോഷ്യോളജിയിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥിയാണ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക