Image

കണ്‍വീനറാകാന്‍ ആര്‍എസ്എസ് തലവന്‍ യോഗ്യനെന്ന് റിയാസ്; ക്യാപ്‌സ്യൂളില്‍ ശ്രദ്ധിക്കൂവെന്ന് ശബരിനാഥന്‍

Published on 27 September, 2020
കണ്‍വീനറാകാന്‍ ആര്‍എസ്എസ് തലവന്‍ യോഗ്യനെന്ന് റിയാസ്; ക്യാപ്‌സ്യൂളില്‍ ശ്രദ്ധിക്കൂവെന്ന് ശബരിനാഥന്‍


തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാന്‍ രാജിവെച്ചതിനെ പരിഹസിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസിന് അതേ നാണയത്തില്‍ മറുപടിയുമായി കെ.എസ്.ശബരിനാഥന്‍ എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരുടേയും വിമര്‍ശനങ്ങള്‍.

യുഡിഎഫിന് പ്രത്യേക കണ്‍വീനര്‍ ആവശ്യമുണ്ടോയെന്ന് ചോദിച്ച റിയാസ് 'എല്‍ ഡി എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി'കണ്‍വീനര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആര്‍എസ് എസ് തലവനല്ലേയെന്നും അഭിപ്രായപ്പെട്ടു. കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സ്വയം രാജിയും വെച്ചു. ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനറെന്നും റിയാസ് പരിഹസിച്ചു. 

യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല റിയാസെന്നും ഞങ്ങളുടെ കാര്യങ്ങള്‍ വൃത്തിയായി നോക്കുവാന്‍ ഞങ്ങള്‍ക്കറിയാമെന്നും ശബരിനാഥന്‍ മറുപടി നല്‍കി. .

നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും കുടുംബവും കസ്റ്റംസ്, എന്‍.ഐ.എ, എന്‍ഫോസ്‌മെന്റ്, സിബിഐ, സ്റ്റേറ്റ് പോലീസ്, വിജിലന്‍സ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോയെന്നും ശബരിനാഥന്‍ ചോദിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു. ഈ വിഷയങ്ങള്‍ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ അങ്ങ് ശ്രദ്ധചെലുത്തുക. എന്നിട്ട് 
വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ അതിന്റെ പരീക്ഷണങ്ങള്‍ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാര്‍ട്ടിക്ക് അത് വളരെ 
ആവശ്യമാണ്. അങ്ങേയ്ക്ക് അതിനു കഴിയും, അങ്ങേയ്ക്കേ അതിനു കഴിയൂവെന്നും ശബരിനാഥന്‍ ഉപദേശിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക