Image

സി.എഫ്. തോമസ് സാര്‍: രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവ്

Published on 27 September, 2020
സി.എഫ്. തോമസ് സാര്‍: രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവ്
ചങ്ങനാശേരി: കഴിഞ്ഞ അര നൂറ്റാണ്ട് ജനങ്ങളെ നയിച്ച ആരാധ്യനായ നേതാവാണ് സി.എഫ്. തോമസ് സാര്‍. ചങ്ങനാശ്ശേരിയില്‍ 40 വര്‍ഷക്കാലം തുടര്‍ച്ചയായി എം.എല്‍ എയുമായിരുന്ന സി.എഫ് തോമസ്  സാര്‍.

കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവെന്നാണ് സി.എഫ്. തോമസിന്റെ  വിശേഷണം. കഴിഞ്ഞ അര നൂറ്റാണ്ട് നയിച്ച ആരാധ്യനായ നേതാവാണ്. എതിരാളികളുടെ പോലും സ്‌നേഹവും ബഹുമാനവും നേടിയെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ഈ വ്യക്തിപ്രഭാവമാണ് അദ്ദേഹത്തെ കേരള കോണ്‍ഗ്രസിന്‍റെ നേതൃനിരയിലും പ്രധാന സ്ഥാനങ്ങളിലും എത്തിച്ചത്.

കെ.എം. മാണിയെന്ന രാഷ്ട്രീയ അതികായകന്‍റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായിരുന്നു സി.എഫ്. തോമസ്. കെ.എം. മാണിയും പാര്‍ട്ടിയും നേരിട്ട പ്രതിസന്ധി ഘട്ടങ്ങളില്‍ സി.എഫ് തോമസ് അടിയുറച്ച് അദ്ദേഹത്തിനൊപ്പം നിലകൊണ്ടു. കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴെല്ലാം കെഎം മാണിയുടെ പക്ഷത്തായിരുന്നു ഇദ്ദേഹം നിലയുറപ്പിച്ചത്.

എന്നാല്‍ കെ.എം. മാണിയുടെ മരണശേഷം ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജോസ് കെ. മാണിയ്‌ക്കൊപ്പം നില്‍ക്കാതെ സി.എഫ് തോമസ്, പി.ജെ. ജോസഫ് വിഭാഗത്തിന് ഒപ്പം ചേരുകയായിരുന്നു. ചങ്ങനാശേരി മണ്ഡലത്തിന് ആധുനിക മുഖംനല്‍കിയതും സി.എഫ്. തോമസിന്‍റെ കാലഘട്ടത്തിലാണ്.

ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാന്‍സിസിന്‍റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്ബി കോളജില്‍ നിന്ന് ബിരുദവും എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍ നിന്ന് ബിഎഡും നേടി. 1962ല്‍ ചമ്പക്കുളം സെന്‍റ് മേരീസ് സ്കൂളിലും തുടര്‍ന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി.

അധ്യാപന ജോലിയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയതിനാല്‍ അദ്ദേഹത്തെ ചങ്ങനാശേരിക്കാര്‍ സിഎഫ് സാര്‍ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ആ വിളി രാഷ്ട്രീയത്തിലെ എതിരാളികള്‍ പോലും ഏറ്റെടുത്തു. 1980, 1982, 1987, 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ചങ്ങനാശേരിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.

പി.ടി. ചാക്കോയില്‍ അകൃഷ്ടനായി 1956ല്‍ ആണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കെ  എസ് യു വിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. പിന്നീട് വിമോചനസമരത്തിലും പങ്കെടുത്തു. 1964ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോളാണ് പാര്‍ട്ടിയിലേക്ക് എത്തിയത്. പതിനൊന്നാം നിയമസഭയില്‍ ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, ഖാദി, എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വാര്‍ത്ത  ബിജു, വെണ്ണിക്കുളം.

സി.എഫ്. തോമസ് സാര്‍: രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവ്
Join WhatsApp News
Babu Parackel 2020-09-27 14:32:47
സി എഫ് തോമസ് സാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വളരെ നല്ല മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം. ആരോടും അദ്ദേഹം പക വച്ചുപുലർത്തിരുന്നില്ല. അറിയുന്നിടത്തോളം രാഷ്ട്രീയത്തിൽ കയ്യിട്ടു വാരിയിട്ടുമില്ല. അങ്ങനെ പല കാര്യങ്ങളിലും ബഹുമാനിക്കപ്പെടേണ്ട ഒരാളാണ് സി ഫ് സാർ. എന്നാൽ ഈ കഴിഞ്ഞ നാല് ദശാബ്ദം ചങ്ങനാശേരിയുടെ ഇരുണ്ട കാലഘട്ടമായിരുന്നു എന്നു പറയാതെ വയ്യ. മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്യാതെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം കത്തോലിക്കാനായതുകൊണ്ടും സൂക്ഷിച്ച വ്യക്തിബന്ധങ്ങൾ കൊണ്ടും മാത്രമാണ്. അദ്ദേഹത്തിന്റെ കഴിവില്ലായ്മയിൽ നീരസം പൂണ്ട യുവജനങ്ങൾ പുതിയ സ്ഥാനാർഥിയെ കൊണ്ടുവന്നപ്പോഴൊക്കെ സഭാനേതൃത്വത്തിൽ സ്വാധീനം ചെലുത്തി സ്വന്തം സീറ്റ് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ബോട്ടുജെട്ടി നവീകരണം, പുതിയ ബസ്സ്റ്റാൻഡ്, റിങ് റോഡ്, ജനറൽ ആശുപത്രി നവീകരണം, പുതിയ പ്രൊഫഷണൽ കോളേജ്, റെയിൽവേ സ്റ്റേഷൻ നവീകരണം എന്നു തുടങ്ങി വളരെയേറെ വികസന സാദ്ധ്യതകൾ നടത്തുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതിൽ ഒന്നുപോലും അദ്ദേഹം തുടങ്ങിയിട്ടില്ല. ഒരു ബൈപാസ് റോഡ് ഉണ്ടാക്കിയതൊഴിച്ചാൽ ചങ്ങനാശേരി, കുരിശിൻമൂട്, തെങ്ങനെ,മാമ്മൂട്, മാടപ്പള്ളി, വേങ്കോട്ട, തൃക്കൊടിത്താനം, പെരുന്ന, വാഴപ്പള്ളി, തുരുത്തി തുടങ്ങി മണ്ഡലത്തിലെങ്ങും ഒരു മുറുക്കാൻകട പോലും ഇദ്ദേഹത്തിന്റെ പരിശ്രമത്തിൽ ഉണ്ടായിട്ടില്ല. നേതൃത്വം മാറുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. ആദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
ചങ്ങനാശേരി കെ. കോണ്‍ഗ്രസ് 2020-09-27 18:29:19
ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ നല്ല കാര്യങ്ങൾ മാത്രമേ പറയാവു എന്ന് നിയമം ഒന്നും ഇല്ലല്ലോ. ഞാനും സി.ഫും; ചങ്ങനാശേരി മാർക്കറ്റ് ഏറിയയിൽ ജനിച്ചു വളർന്ന കേരള കോൺഗ്രസ്സ്കാർ തന്നെ. നിങ്ങൾ ഒക്കെ എഴുതിയ സി ഫും, മരിച്ച സി ഫും ഒന്നല്ല എന്ന് തോന്നുന്നു. ചങ്ങനാശേരി ചന്ത പ്രദേശത്തു വളർന്നവർ ആരും സൗമ്യർ അല്ല. സൗമ്യത ഇളവൻ അവിടെ രക്ഷ പെടുകയും ഇല്ല. മോഹൻ ലാൽ അഭിനയിച്ച സ്പടികം; ചങ്ങനാശ്ശേരി ചന്തയുടെ നല്ല പ്രതിഫലനം തന്നെ. ഞാനും സി.ഫും ചങ്ങനാശേരി റോമൻ കത്തോലിക്കർ തന്നെ. എൻ്റെ കുടുംബത്തിൽ മിക്കവാറും എല്ലാവരും ചന്തയിൽ ബിസ്സിനസ്സ് നടത്തുന്നവരും ആണ്. കേരള കോൺഗ്രസ്സിനെ കത്തോലിക്ക കോൺഗ്രസ്സ് എന്നാണ് പലരും വിളിച്ചിരുന്നത്. കെ. ജെ. ചാക്കോ എം.ൽ എ -യുടെ ഒഴിവിൽ; ഞങ്ങൾ നോമിനേറ്റ് ചെയ്ത സ്ഥാനാർഥി വേറെയാണ്. എന്നാൽ പുറം വാതിലിൽ കൂടി മെത്രാനും കുറെ കുപ്പായക്കാരും കൂടി സി ഫിനെ സ്ഥാർത്ഥിയായി പ്രക്യപിക്കുകയും പള്ളികളിൽ ഇത് വിളിച്ചു പറയുകയും ചെയ്തു. സി ഫിനു എതിരായി പ്രവർത്തിക്കുന്നവരുടെ പേരിൽ നടപടി എടുക്കുമെന്നും മെത്രാൻ കൽപ്പിച്ചു. സി ഫിന്റെ അനുജൻ സാജൻ -ഇപ്പോളത്തെ മുനിസിപ്പൽ ചെയർമാൻ ആയിരുന്നു സി ഫിൻ്റെ ഗുണ്ടകളുടെ തലവൻ. അതാണ് കേരള കോൺഗ്രസ്സ് കാരൻ ആയിട്ട് കൂടി ഇത്രയും നാൾ സാജൻ കാത്തിരിക്കേണ്ടി വന്നത്. ചങ്ങനാശേരി ബിഷപ്പ് ആണ് എപ്പോഴും സി ഫ് നെ നിയന്ത്രിച്ചത്. അതാണ് അയാൾക്ക്‌ കാര്യമായി ഒന്നും പൊതു ജനത്തിനു ഉപകാരം ഉള്ള എന്തെങ്കിലും ചെയുവാൻ സാധിക്കാതെ വന്നതും. എൻ്റെ ചേട്ടൻ ആയിരുന്നു കേരള കോൺഗ്രസ്സ് ചങ്ങനാശേരി ഘടകം തീരുമാനിച്ച സ്ഥാനാർഥി. -Joseph Kallukulam.
George V 2020-09-27 19:57:47
എനിക്കീ മഹാനെ പറ്റി കൂടുതൽ അറിയില്ല. എന്നാൽ മരണം വരെ ജനങ്ങളെ ‘സേവിച്ചേ’ അടങ്ങൂ എന്നും പറഞ്ഞു നടക്കുന്ന അദ്ദേഹവും അദ്ദേഹത്തെപോലുള്ള ആര് മരിച്ചാലും ഞാൻ സന്തോഷിക്കും. അടുത്ത വര്ഷം മലമ്പുഴ മണ്ഡലത്തിൽ മത്സരിക്കാൻ സ്ഥാനാര്ഥിപ്പട്ടിക ഇപ്പോഴേ പൂരിപ്പിച്ചു വച്ചിരിക്കുന്ന അച്യുതാനന്ദൻ, മരുന്ന് കഴിക്കുന്ന പി ജെ ജോസഫ്, തിരുവല്ലയിലേക്കു പത്രിക പൂരിപ്പിച്ചു വച്ചിരിക്കുന്ന സൂര്യനെല്ലി കുര്യൻ, പെരുമ്പാവൂരിലേക്കു പി പി തങ്കച്ചൻ, ഓ രാജഗോപാൽ, കെ സി ജോസഫ്എം, എം ഹസ്സൻ, എം എം മണി തുടങ്ങി ശ്രി സാക്ഷാൽ ഉമ്മൻ ചാണ്ടി വരെ മരിച്ചു കാണാൻ ആഗ്രഹിക്കുന്നു. (വയലാർ രവി ജീവിച്ചിരിപ്പുണ്ടോ എന്ന് നിശ്ചയം ഇല്ല) അവരോടൊക്കെയുള്ള വിരോധം കൊണ്ടല്ല. മരണം വരെ ഒരേ മണ്ഡലവും കെട്ടിപ്പിടിച്ചിരിക്കുന്ന ഇവറ്റകൾ ആണ് നാടിന്റെ ശാപം.
ചങ്ങനാശ്ശേരിക്കാരൻ 2020-09-28 14:31:14
കേരളത്തിലെ യാതൊരു വികസനവും ഇല്ലാത്ത ഒരു ടൌൺ ആണ് ചങ്ങനാശ്ശേരി. ഈ മഹാന്മാരെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ബൈ പാസ്സിലൂടെ വണ്ടിയിൽ പോയാലും മുക്കും വായും പൊത്തി മാത്രമേ പോകാനൊക്കൂ, അത്രയ്ക്ക് നാറ്റം, മാലിന്യം - ഈ നേതാക്കന്മാരെക്കൊണ്ട് കിട്ടിയ ഗുണമാണ്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക