Image

വിവാദ കാര്‍ഷിക ബില്ല്: ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു

Published on 27 September, 2020
വിവാദ കാര്‍ഷിക ബില്ല്: ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു
ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിടുകയാണെന്ന് ശിരോമണി അകാലി ദള്‍. ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളില്‍ ഒന്നാണ് ശിരോമണി അകാലി ദള്‍. പാര്‍ട്ടിയുടെ പ്രതിനിധിയായ ഹര്‍സിമ്രത്ത് കൗര്‍ നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചിരുന്നു. പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനം.

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സഖ്യം വിടുന്നകാര്യം ആലോചിക്കുകയാണെന്ന് അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ നേരത്തെ പറഞ്ഞിരുന്നു. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നും ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെയാണ് സുഖ്ബീര്‍ ബാദലിന്റെ ഭാര്യ ഹര്‍സിമ്രത്ത് കൗര്‍ കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്. എന്നാല്‍ ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വന്‍കിടക്കാര്‍ക്കടക്കം നേരിട്ട് വില്‍ക്കാന്‍ അവസരം ഒരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകരോഷം തണുപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കഴിഞ്ഞില്ല.

പഞ്ചാബിലെയും ഹരിയാണയിലെയും ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. വെള്ളിയാഴ്ചത്തെ രാജ്യവ്യാപക പ്രതിഷേധത്തിനിടെ അവര്‍ റോഡുകളും തീവണ്ടിപ്പാളങ്ങളും ഉപരോധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക