Image

ചേഞ്ച്മേക്കേഴ്‌സ് 2020' പട്ടികയില്‍ വിജയം നേടി പ്രിന്‍സ് പള്ളിക്കുന്നേല്‍

Published on 25 September, 2020
ചേഞ്ച്മേക്കേഴ്‌സ് 2020' പട്ടികയില്‍ വിജയം നേടി പ്രിന്‍സ് പള്ളിക്കുന്നേല്‍

വിയന്ന: ന്യൂ ഏജ് ഐക്കണ്‍ സീരീസായി അവതരിപ്പിച്ച 'ചേഞ്ച് മേക്കേഴ്‌സ് 2020' അവസാന വോട്ടെടുപ്പില്‍ ഓസ്ട്രിയയില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ സംരംഭകന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ വിജയിയായി. സീരീസിലെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ആദ്യ പത്തുപേരില്‍ നാലാമതായാണ് പ്രിന്‍സ് ഇടം നേടിയത്.

ആഗോള മലയാള സമൂഹത്തില്‍ ശ്രദ്ധേയരും വിവിധ മേഖകലളില്‍ വൈദഗ്ധ്യം തെളിയിച്ചവരുമായ പ്രതിഭകളെ കണ്ടെത്തി അവരെ പരിചയപ്പെടുത്താനുമാണ് ന്യൂ ഏജ് ഈ പരിപാടി സംഘടിപ്പിച്ചത്.

മലയാളി സമൂഹത്തില്‍ തനതായ സംഭാവനകള്‍ നല്‍കി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികളുടെ പ്രൊഫൈല്‍ പരിചയപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടിംഗിലൂടെയാണ് അവസാന ഡയമണ്ട് റൗണ്ടില്‍ എത്തിയ 10 വിജയികളെ തിരഞ്ഞെടുത്തത്.

ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്ന് പ്രേക്ഷകര്‍ നിര്‍ദ്ദേശിച്ച 321 പേരില്‍ നിന്ന് ആദ്യഘട്ടത്തില്‍ വിദഗ്ദ്ധസമിതി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത 100 ഐക്കണുകളെ ന്യൂഏജ് ഐക്കണ്‍ വെബ് പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളായി പൊതുവോട്ടിംഗിലൂടെ വിജയികളായ 100 പേരെ കണ്ടെത്തുകയും അതില്‍നിന്ന് അവസാന പത്ത് പേരെ തിരഞ്ഞെടുക്കുകയുമായിരുന്നു.

11,28,341 പേര്‍ വോട്ട് ചെയ്ത ഐക്കണ്‍ സീരീസ് പട്ടികയില്‍ പ്രിന്‍സ് പള്ളിക്കുന്നേലിനെ കൂടാതെ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, സെലിബ്രിറ്റി ഷെഫും റാവിസ് ഹോട്ടല്‍സ് റിസോര്‍ട്ട്സ് കളിനറി ഡയറക്ടറുമായ സുരേഷ് പിള്ള, സാമൂഹ്യസേവനരംഗത്ത് ശ്രദ്ധേയനായ ഗണേശന്‍ എം., ടി.വി. അനുപമ ഐഎഎസ്, പോപ്പീസ് മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ്, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, അസറ്റ് ഹോംസ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍കുമാര്‍, മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ ഡോ. ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി, സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചവരുടെ ലിസ്റ്റിലുണ്ട്.

കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഓസ്ട്രിയയിലെ വിയന്നയില്‍ താമസിക്കുന്ന പ്രിന്‍സ്, വിവിധ മേഖലകളില്‍ ബിസിനസ് നടത്തുന്ന പ്രോസി ഗ്രൂപ്പ് സ്ഥാപകനും സിഇഒയും പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേന്റെ ചെയര്‍മാനുമാണ്. നിലവില്‍ 160 രാജ്യങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ച ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി നെറ്റ് വര്‍ക്കായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്ഥാപക ചെയര്‍മാനും ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഭവനനരഹിതര്‍ക്കു വീട് വച്ച് നല്‍കുകയും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക