Image

സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

Published on 25 September, 2020
സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. തന്‍റെ വേറിട്ട ശബ്‍ദത്തിലൂടെ അനശ്വരമാക്കിയ പാട്ടുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ അദ്ദേഹം, ചെന്നൈയിലെ എം‌ജി‌എം ഹെല്‍‌ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണത്തിന് കീഴടങ്ങുന്നത്.


ഓഗസ്റ്റില്‍ കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


സെപ്റ്റംബര്‍ എട്ടിന് കൊറോണ നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന്‍്റെ ദുര്‍ബലാവസ്ഥ കാരണം വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനായി സിനിമാ ലോകവും ആരാധകരും പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.


ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടംപേട്ട  ഗ്രാമത്തില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂണ്‍ നാലി  ന് പ്രമുഖ ഹരികഥാ കലാകാരനായിരുന്ന എസ്.പി സമ്ബാമൂര്‍ത്തിയുടേയും ശകുന്തളാമ്മയുടേയും മകനായാണ്  ശ്രീപതി പണ്ഡിതരദുല്യ ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബിയുടെ ജനനം. 


രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമാണ് അദ്ദേഹത്തിനുള്ളത്. ഗായിക എസ്.പി ശൈലജ സഹോദരിയാണ്. സാവിത്രിയാണ്  ഭാര്യ. പല്ലവി, എസ്.പി.ബി ചരണ്‍ എന്നിവരാണ് മക്കള്‍.


എഞ്ചിനിയറാകാന്‍ ആഗ്രഹിച്ചിരുന്ന എസ്.പി.ബി അനന്തപൂരിലെ JNTU എന്‍‌ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 


പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സില്‍ ചേര്‍ന്നു. പക്ഷേ അപ്പോഴൊക്കെയും സംഗീതം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെന്നൈയിലെ ചില ആലാപന മത്സരങ്ങളില്‍ മികച്ച ഗായകനായി അദ്ദേഹം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇതുതന്നെയാണ് സിനിമയിലേക്കുള്ള വഴി തുറന്നതും.

അവസരങ്ങള്‍ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദര്‍ശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷന്‍ ഗാനം "നിലവെ എന്നിടം നെരുങ്കാതെകാതെ" ആയിരുന്നു. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്.

 

16 ഭാഷകളിലായി 40000 ല്‍ പരം ഗാനങ്ങള്‍ പാടിയിട്ടുള്ള എസ്.പി.ബി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകന്മാരിലൊരാളാണ്.  തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് അദ്ദേഹം കൂടുതല്‍ പാടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതല്‍ ചലച്ചിത്ര പിന്നണിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് എസ്.പി.ബിക്കാണ്.


ഗായകന്‍ എന്നതിന് ഉപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് എസ്പിബി. കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാല്‍ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിത്തീര്‍ന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തില്‍ കമല്‍ ഹാസന് ശബ്ദം നല്‍കി.


കമല്‍ ഹാസന് പുറമെ രജനീകാന്ത്,വിഷ്ണുവര്‍ദ്ധന്‍,സല്‍മാന്‍ ഖാന്‍,കെ.ഭാഗ്യരാജ്,മോഹന്‍,അനില്‍ കപൂര്‍,ഗിരീഷ് കര്‍ണാട്,ജെമിനി ഗണേശന്‍,അര്‍ജുന്‍ സര്‍ജ,നാഗേഷ്,കാര്‍ത്തിക്,രഘുവരന്‍ എന്നിങ്ങനെ വിവിധ കലാകാരന്മാര്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്.


2001 ല്‍ പത്മശ്രീ നല്‍കിയും 2011 ല്‍ പത്മഭൂഷന്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആറ് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക