Image

പുതിയ വാക്സിനുമായി ജോൺസൺ ആൻഡ് ജോൺസണും രംഗത്ത്

Published on 24 September, 2020
പുതിയ വാക്സിനുമായി ജോൺസൺ ആൻഡ് ജോൺസണും രംഗത്ത്
കൊറോണ വാക്‌സിൻ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂടേറിയ മത്സരത്തിന് പുത്തൻ ഉണർവ് പകർന്നുകൊണ്ട് ജോൺസൺ ആൻഡ് ജോൺസണും രംഗത്ത്.

പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് ഇവർ ബുധനാഴ്ച പ്രഖ്യാപിച്ചതോടെ അവസാനവട്ടത്തിലെത്തിയ കമ്പനികൾ അമേരിക്കയിൽ നാലായി. മഹാമാരിമൂലം രണ്ടു ലക്ഷം ജീവനുകൾ നഷ്ടപ്പെട്ട രാജ്യത്ത് ഫലപ്രദമായ വാക്സിനുമായി എത്തുന്നത് ആരായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. മുൻപേ രംഗത്തെത്തിയ കമ്പനികളെ അപേക്ഷിച്ച് രണ്ടുമാസം താമസിച്ചാണ് ജോൺസൺ ആൻഡ് ജോൺസൺ യജ്‌ഞം ആരംഭിച്ചതെങ്കിലും വിപുലമായ ട്രയലുകൾ വിജയപ്രതീക്ഷ കൂട്ടുന്നു. ഇതിനോടകം 60000 പേരിൽ വാക്സിൻ പരീക്ഷിച്ചു. പൂർണമായും ഫലപ്രദമാണോ എന്ന കാര്യം വർഷാവസാനം അറിയാനാകുമെന്ന് കമ്പനി വ്യക്‌തമാക്കി.

പ്രതിയോഗികളെ അപേക്ഷിച്ച് കുറെയധികം മേന്മകൾ തങ്ങൾക്കുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. മറ്റു രോഗങ്ങളിൽ പരീക്ഷിച്ച് സുരക്ഷിതം എന്നുറപ്പിച്ചു സാങ്കേതിക വിദ്യയാണ് ഈ മരുന്നിനും എന്നതാണ് പ്രധാന സവിശേഷത. രണ്ടിനുപകരം ഒരു ഷോട്ടിൽ ഫലം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ലോകം മുഴുവനുള്ള ജനങ്ങൾക്ക് മരുന്നെത്തിക്കുമ്പോൾ ഇത് വലിയ കാര്യമാണ്. ശീതീകരിച്ച് സൂക്ഷിക്കേണ്ട കാര്യം വരുന്നില്ലെന്നതും വിതരവുമായി ബന്ധപ്പെട്ട് വലിയ ലാഭം ഉണ്ടാക്കും. ' വലിയ വാർത്ത' എന്നാണ് ഇതിനെക്കുറിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്. വാക്സിന് അനുമതി നൽകേണ്ട എഫ് ഡി എ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) യ്ക്ക് കാര്യങ്ങൾക്ക് വേഗമാക്കാൻ ഉപദേശം നൽകാനും അദ്ദേഹം മറന്നില്ല. ജോൺസൺ ആൻഡ് ജോൺസണിന്റെ ചീഫ് സയന്റിഫിക് ഓഫിസർ പോൾ സ്റ്റോഫെൽസ് മുൻപ് നടന്ന പരീക്ഷങ്ങളുടെ ഫലങ്ങൾ വിശദമാക്കുന്ന തരത്തിൽ എഴുതിത്തയ്യാറാക്കിയ രേഖകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. 

വ്യാവസായിക അടിസ്ഥാനത്തിലാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും അനുമതി ലഭിച്ചാലുടൻ വിതരണം സാധ്യമാകുമെന്നും ഡോ. സ്റ്റോഫെൽസ് ഉറപ്പുനൽകി. പത്ത് ദശലക്ഷത്തിലധികം ഡോസുകൾ വർഷാവസാനം തയ്യാറാകുമെന്നും ബാച്ച് തിരിച്ച് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. കോറോണവൈറസിൽ നിന്ന് ശേഖരിച്ച ജീൻ അഡിനോവൈറസിന്റെ സഹായത്തോടെ മനുഷ്യകോശത്തിൽ എത്തിക്കുകയും അതിലൂടെ കൊറോണ വൈറസിനോട് പൊരുതിനിൽക്കുന്ന പ്രതിരോധ സംവിധാനം ഉണ്ടാക്കിയെടുക്കുന്നതുമാണ് വാക്സിന്റെ ആശയം. 

അഡിനോവൈറസ് വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കണമെങ്കിലും ഫ്രീസ് ചെയ്യേണ്ടതില്ല. മോഡർണയും ഫൈസറും പങ്കുവച്ച ആശയത്തിൽ എം ആർ എൻ എ എന്ന ജനിതക മാത്രയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ഫ്രീസ് ചെയ്താണ് സൂക്ഷിക്കേണ്ടത്. മരവിപ്പിച്ചു സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ലാജോസ്റ്റിക്കൽ തടസ്സങ്ങൾ ഇരുകൂട്ടർക്കും വെല്ലുവിളിയാകുമ്പോൾ ജോൺസൺ ആൻഡ് ജോൺസണിന് വിജയ സാധ്യത കൂടും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക