Image

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിന് കോവിഡ്; പരിശോധനയ്ക്കായി വ്യാജവിലാസം നല്‍കിയെന്ന് പരാതി

Published on 24 September, 2020
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിന് കോവിഡ്; പരിശോധനയ്ക്കായി വ്യാജവിലാസം നല്‍കിയെന്ന് പരാതി
തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സമരങ്ങളില്‍ പങ്കെടുത്ത അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുല്‍കൃഷ്ണയും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നല്‍കിയതെന്നു കാണിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കി.

അഭിജിത്തും ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്കൂളില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്. സ്കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോള്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ എവിടെയാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതിനിടെ പരിശോധനയ്‌ക്കെത്തിയ വ്യക്തി വ്യാജപേരും മേല്‍വിലാസവുമാണ് നല്‍കിയതെന്നും ഇയാളെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് രാത്രി വൈകി ആ വ്യക്തി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. താന്‍ പരിശോധന നടത്തി എന്നും കോവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരവധി സമരങ്ങളില്‍ അഭിജിത്ത് പങ്കെടുത്തതായി സൂചനയുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക