Image

ന്യു യോർക്ക് പോലീസിൽ ആദ്യ മുസ്ലിം പ്രീസിംക്ട് കമാണ്ടർ പാക്കിസ്ഥാനി വംശജൻ

Published on 23 September, 2020
ന്യു യോർക്ക് പോലീസിൽ ആദ്യ മുസ്ലിം പ്രീസിംക്ട്   കമാണ്ടർ പാക്കിസ്ഥാനി വംശജൻ
ന്യു യോർക്ക്: ന്യു യോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിൽ ആദ്യ മുസ്ലിം പ്രീസിംക്ട് കമാൻഡറായ ആദീൽ റാണയുടെ നിയമനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബ്രൂക്ക്ലിനിലെ 84-൦ പ്രീസിംക്ട് കമാണ്ടറാണ്. 280  ഓഫിസർമാർ അദ്ദേഹത്തിന്റെ കീഴിൽ വരുന്നു 

പാകിസ്ഥാനിലെ ഫൈസലാബാദിൽ ജനിച്ച റാണ എല്ലാവരുമായതും നല്ല ബന്ധം കാക്കുന്നു. അവിടെ മതപരമായ ഭിന്നതയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നിയമനം ഏവരെയും ആവേശത്തിലാഴ്ത്തി 

തൊണ്ണൂറുകളുടെ മധ്യത്തിലാണ് എൻവൈപിഡിയിൽ അദ്ദേഹം ചേരുന്നത് . ഘട്ടം ഘട്ടമായാണ് ഉയർന്ന സ്ഥാനങ്ങളിലേക്ക്  എത്തിച്ചേർന്നത്. ആദ്യകാലങ്ങളിൽ വിരലിലെണ്ണാവുന്നത്ര ദക്ഷിണേഷ്യക്കാർ മാത്രമേ  പോലീസ്  ഉദ്യോഗസ്ഥരായി എത്തിയിരുന്നുള്ളു. ഇന്നത് ആയിരങ്ങളായി   ഉയർന്നെന്നു അദ്ദേഹം പറഞ്ഞു. 

എൻ വൈ പി ഡി യുടെ മുസ്ലിം സൊസൈറ്റിക്ക് രൂപം കൊടുത്തത്  2006ൽ റാണയുടെ നേതൃത്വത്തിലാണ്. 2013 മുതൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സൊസൈറ്റിയിലെ അംഗസംഖ്യ ആയിരത്തിനടുത്താണ് .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന സാമൂഹിക അകൽച്ച പോലുള്ള മാനദണ്ഡങ്ങൾ മറികടന്നും, എൻവൈപിഡി കമാൻഡർ പദവിയിലെത്തുന്ന ആൾക്ക്  സ്വീകരണമെന്നോണം കേക്ക് അടക്കമുള്ള മധുരപലഹാരങ്ങളുമായി മുസ്‌ലിം സഹോദരങ്ങൾ ന്യൂയോർക്ക് പോലീസ് വകുപ്പിന്റെ ഓഫിസ് സന്ദർശിച്ചു.  എന്നാൽ, ഈ ആഘോഷം മുസ്ലീങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിയിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ സ്വീകാര്യത വിളിച്ചോതുന്നു. 

കരിയറിന്റെ ആദ്യ നാളുകളിൽ തന്നെ ലോകത്തെ ഏറ്റവും വലിയ പോലീസ് ഡിപ്പാർട്മെന്റായ എൻ വൈ പി ഡി യുടെ ഉയർന്ന പദവികളിൽ  എത്തുന്നത് സ്വപ്നം കണ്ടിരുന്നെന്നും ഇനിയുള്ള ദൗത്യങ്ങളിൽ ഡിപ്പാർട്മെന്റിനൊപ്പം മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദവിയിലെത്തുന്നത് അഭിമാനകരമായ നേട്ടമായി കാണുന്നതായും റാണ പറഞ്ഞു.

ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിൽ തന്നെ മുസ്ലിം- പാകിസ്താനി -അമേരിക്കൻ കമാൻഡിങ് ഓഫീസർ ആകുന്നത് ആദ്യമാണ്. പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കാൻ തന്റെ അറിവ് പ്രയോജനപ്പെടുത്തുമെന്ന് റാണ വാഗ്ദാനം ചെയ്തു.
 
ന്യു യോർക്ക് പോലീസിൽ ചൈനീസ് ചാരൻ 

ന്യൂയോർക്കിൽ താമസിക്കുന്ന ടിബറ്റൻ വംശജരെ നിരീക്ഷിക്കുന്നതിന് ചൈനീസ് ഗവൺമെന്റിന് ഒത്താശ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. 
ബൈമദാജി അംഗ്വാങ്(33) എന്ന ചൈനയിൽ ജനിച്ച യുഎസ് പൗരൻ , അനധികൃതമായി വിദേശ ഏജന്റായി പ്രവർത്തിച്ചിരുന്നതായും ബ്രൂക്‌ലിൻ യു എസ് അറ്റോർണി  സമർപ്പിച്ച കുറ്റപത്രത്തിൽ  പറയുന്നു. 

ദേശീയ സുരക്ഷയ്ക്ക് തടസമുണ്ടാക്കുകയും തെറ്റായ പ്രസ്താവനകൾ ഇറക്കുകയും ചെയ്തതായും പരാതിയുണ്ട്. എഫ് ബി ഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അംഗ്വങ് , പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്തു താമസിക്കുന്ന ടിബറ്റുകാരുടെയും മറ്റും പ്രവർത്തനങ്ങൾ ചൈനീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇയാൾ എത്തിച്ചിരുന്നു . ചൈനയ്ക്കു വേണ്ടി ഇയാൾ മികവുറ്റ ടിബറ്റൻ ഇന്റലിജൻസ് സ്രോതസുകളും കണ്ടെത്തി വിവരം കൈമാറിയിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക