Image

നല്ല കുട്ടി - ഡോക്ടര്‍ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍

ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനന്‍ Published on 06 June, 2012
നല്ല കുട്ടി -  ഡോക്ടര്‍ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍
നന്ദിനിമോളേ, നീ മറ്റുള്ളവരോട് എപ്പോഴും നന്നായി പെരുമാറണം. മുതിര്‍ന്നവരോട് ബഹുമാനവും സുഹൃത്തുക്കളോട് സൗഹൃദവും കൊച്ചുകുട്ടികളോട് സ്‌നേഹവും കാണിക്കണം. നിസഹായരെയും അശരണരെയും സഹായിക്കണം. സ്‌നേഹം നിറഞ്ഞ പെരുമാറ്റംകൊണ്ട് ശത്രുവിന്റെ ഹൃദയംപോലും കീഴടക്കാന്‍ കഴിയും. വിജയത്തില്‍ അഹങ്കരിക്കാതെ വിനയവും ലാളിത്യവും ഉള്ള ഒരു നല്ല കുട്ടിയായി വളരണം. അച്ഛന്റെ മോള്‍ നല്ലകുട്ടിയായി വളരില്ലേ? മരിക്കുന്നതിന് ഒരാഴ്ചമുമ്പ് അടുത്തുവിളിച്ചിരുത്തി അച്ഛന്‍ തന്നോട് പറഞ്ഞതോര്‍ത്തുപോയി. അച്ഛന്റെ വാക്കുകളും ഉപദേശങ്ങളും അക്ഷരംപ്രതി അനുസരിച്ചു വളര്‍ന്നിരുന്ന താനെന്ന നല്ല കുട്ടി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയംകരിയായ കുട്ടി…പഠിച്ചിരുന്ന സ്‌ക്കൂളിലും കോളേജിലും അദ്ധ്യാപകര്‍ ഇപ്പോഴും അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് മാതൃകയായി ചൂണ്ടിക്കാട്ടുന്ന ബുദ്ധിമതിയായ വിദ്യാര്‍ത്ഥിനി. വിനയമധുരമായ സംഭാഷണംകൊണ്ട് ആരുടെയും ഹൃദയം ആകര്‍ഷിക്കുന്ന ഞാനെന്ന സുഹൃത്ത്. അച്ഛനമ്മമാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നന്ദിനിക്കുട്ടി-ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ആശീര്‍വ്വാദം എന്നും തനിക്കു ലഭിച്ചിരുന്നു. എന്നിട്ടും ഈ 50-#ാ#ം വയസ്സില്‍ പശ്ചാത്താപം തോന്നുന്നതെന്തുകൊണ്ട്? നിഷ്‌ക്കളങ്കയായ തനിക്ക് ലോകം പകരമായി തന്നതെന്താണ്? വേദനയും നിരാശയും മാത്രം!

സുഹൃദ്ബന്ധങ്ങള്‍ പലപ്പോഴും വഞ്ചനയും കാപട്യവും സ്വാര്‍ത്ഥതയും നിറഞ്ഞതായിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കുറവായിരുന്നു. ആര്‍മി ജീവിതത്തിനിടയില്‍ പരിചയപ്പെട്ട ഒരു സ്ത്രീയെക്കുറിച്ചോര്‍ത്തു. ഒരു ഓഫീസറുടെ ഭാര്യയായിരുന്ന അവര്‍ ശാസ്ത്രീയസംഗീതം പഠിച്ച റേഡിയോ ആര്‍ട്ടിസ്റ്റായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ലഭിച്ച ശബ്ദമാധുര്യമല്ലാത്ത മറ്റൊന്നും കൈമുതലായി ഇല്ലാതിരുന്ന തനിക്ക് ശാസ്ത്രീയ സംഗീതമെന്ന മഹാസമുദ്രത്തിന്റെ കരയില്‍ നിന്നുകൊണ്ട് തിരകളുടെ സംഗീതമെങ്കിലും കേള്‍ക്കണമെന്ന് ആഗ്രഹം തോന്നി. ദയവായി കുറച്ചു കീര്‍ത്തനങ്ങള്‍ പറഞ്ഞുതരുമോ എന്ന് താന്‍ അപേക്ഷിച്ചപ്പോള്‍ അവര്‍ നിരസിച്ചതുമില്ല. ദൈവങ്ങളുടെ ഫോട്ടോകള്‍ക്കുമുമ്പില്‍ വെച്ച് ആ സ്ത്രീയുടെ കാല്‍തൊട്ടുവന്ദിച്ച ശേഷം വളരെയേറെ പ്രതീക്ഷകളോടെ തുടങ്ങിയ സംഗീതപാഠങ്ങള്‍- ആ സൗഹൃദം പിന്നീട് ഒരു ബന്ധം പോലെയായിത്തീര്‍ന്നു. തനിക്കില്ലാതെപോയ ചേച്ചിയായി അവരെ കാണാന്‍ തുടങ്ങി. അവര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു. എന്റെ നിഷ്‌ക്കളങ്ക സ്‌നേഹത്തിനെ മുതലെടുക്കാന്‍ ആ സ്ത്രീയും മടിച്ചില്ല. ഞാന്‍ ചെയ്തുകൊടുത്ത ഉപകരണങ്ങള്‍ക്കുശേഷം ഒരു സുപ്രഭാതത്തില്‍, “നീയെനിക്ക് ഗുരുദക്ഷിണയായി തരണം” എന്നു പറഞ്ഞുകൊണ്ട് അവര്‍ ആവശ്യപ്പെട്ട വലിയ തുകയെക്കുറിച്ചോര്‍ക്കുമ്പോള്‍ അത്ഭുതവും ദുഃഖവും തോന്നുന്നു. ആത്മാര്‍ത്ഥതയോടെ അവര്‍ എന്നെ സംഗീതം പഠിപ്പിച്ചിരുന്നില്ല. പലപ്പോഴും സാഹിത്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മറ്റുമുള്ള ചര്‍ച്ചകളായിരുന്നല്ലോ നടന്നിരുന്നത്. എന്നിട്ടും ഒരു ബിസിനസ്സ്‌കാരിയെപ്പോലെ ഇത്രത്തോളം അറുത്തുമുറിച്ചു പറയാന്‍ അവര്‍ക്കെങ്ങിനെ കഴിഞ്ഞു? ഒരു ചേച്ചിയായിക്കരുതി ഞാനവര്‍ക്ക് സ്‌നേഹപൂര്‍വ്വം ചെയ്തുകൊടുത്ത ഉപകാരങ്ങളുടെ കണക്ക് എത്രവേഗം മറന്നു? അവരുടെ രേഗിയായ ഭര്‍ത്താവിനെ പലപ്പോഴായി പരിശോധിച്ചു മരുന്നു നല്‍കുമ്പോള്‍ ഒരു ഡോക്ടറെന്ന നിലയില്‍ എന്റെ ഫീസ് വേണം എന്ന് ഞാനൊരിക്കലും ആവശ്യപ്പെട്ടില്ലല്ലോ. പൈസ കിട്ടാന്‍ വൈകിയപ്പോള്‍, കീര്‍ത്തനങ്ങള്‍ പാടി റെക്കോഡ് ചെയ്ത കാസറ്റ് എന്റെ കൈവശമുണ്ടായിരുന്നത് അവര്‍ തന്ത്രപൂര്‍വ്വം തിരിച്ചുവാങ്ങി. യാന്ത്രികമായി പൈസ നല്‍കുമ്പോള്‍ ആത്മാര്‍ത്ഥമെന്നു ഞാന്‍ കരുതിയ ആ ബന്ധം തകരുകയായിരുന്നു.

എത്ര കൂരമാണീ ലോകം! എത്രയെത്ര ഉദാഹരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായി ! പല സ്ഥലങ്ങളിലും പലരൂപങ്ങളിലും കണ്ടുമുട്ടിയ കപടമനുഷ്യര്‍ ശ്രുതിമധുരമായ ഒരു ശബ്ദം ദൈവാനുഗ്രഹമായി കിട്ടിയതുകൊണ്ട് ആല്‍ബങ്ങള്‍ ഉണ്ടാക്കണമെന്ന് ഭര്‍ത്താവ് സ്‌നേഹപൂര്‍വ്വം നിര്‍ദ്ദേശിച്ചു. പക്ഷേ പാട്ടുകളുടെ ഓരോ ആല്‍ബത്തിന്റെയും പുറകില്‍ വഞ്ചനയുടെയും കമ്പളിപ്പിക്കലിന്റെയും കഥയായിരുന്നു റെക്കോര്‍ഡിംഗിന്റെ പേരുപറഞ്ഞ് വളരെയധികം പൈസ തന്ത്രപൂര്‍വ്വം തട്ടിയെടുത്തവര്‍-പാട്ടു പഠിപ്പിച്ചുതരാമെന്നും പറഞ്ഞ് സാധാരണയില്‍ക്കവിഞ്ഞ പൈസ ഫീസായി വാങ്ങി ഒന്നും കാര്യമായി പഠിപ്പിക്കാതിരുന്ന സംഗീതഗുരുക്കന്മാര്‍-വിനവും, ബഹുമാനവും നല്‍കി കാല്‍പിടിച്ചു തൊഴുതു വണങ്ങിക്കൊണ്ട് തുടങ്ങുന്ന ഓരോ സംഗീതപാഠവും പിന്നീട് നിരാശയ്ക്ക് കാരണമായി.

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തം അനുജനെപ്പോലെ പെരുമാറി ആല്‍ബമുണ്ടാക്കാനെന്ന് പറഞ്ഞ് കീര്‍ത്തനങ്ങള്‍ റെക്കോഡ് ചെയ്ത് എന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയ പ്രസിദ്ധ ഗായകന്‍ പൈസ നല്‍കിയിട്ടും ഇതേവരെ ആ ആല്‍ബം പുറത്തിറങ്ങിയിട്ടില്ല. പുഞ്ചിരിയ്ക്കു പിന്നില്‍ ക്രൂരതയും വഞ്ചനയും കാപട്യവും ഒളിപ്പിച്ചുവെച്ച മുഖങ്ങള്‍. എന്റെ മനസ്സിന്റെ ലോലതലങ്ങളെ കീറിമുറിച്ച് സന്തോഷിക്കുന്ന സാഡിസ്റ്റാണു ലോകം.

ഇല്ലച്ഛാ, എനിക്കു നല്ല കുട്ടിയാവേണ്ട. അച്ഛന്റെ നന്ദിനിക്കുട്ടി മാത്രമൊരു നല്ല കുട്ടിയായതുകൊണ്ട് കാര്യമില്ല. മനസ്സുനൊന്തു പിടയുമ്പോള്‍ മുറിവില്‍ കുത്തിനോവിപ്പിക്കാന്‍ മാത്രമറിയുന്ന മനുഷ്യര്‍ - നന്മയും മനുഷ്യത്വവും സ്‌നേഹവും സഹതാപവുമെല്ലാം ഇവര്‍ക്ക് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ വഞ്ചിച്ച് ധനം സമ്പാദിക്കാന്‍ മാത്രമേ ഇവര്‍ക്കറിയുകയുള്ളൂ. മൃദുലവികാരങ്ങളൊന്നും കടന്നുവരാതെ ഇവര്‍ക്കറിയുകയുള്ളൂ. മൃദുലവികാരങ്ങളൊന്നും കടന്നുവരാതെ കല്ലുവാതിലുകള്‍ കൊണ്ടടച്ച ഹൃദയങ്ങളാണ് ഈ മനുഷ്യര്‍ക്ക്. അച്ഛന്‍ പറഞ്ഞതുപോലെയുള്ള സ്‌നേഹവും ബഹുമാനവും ആത്മാര്‍ത്ഥതയുമൊന്നും ഇവരര്‍ഹിക്കുന്നില്ല. ഈ ലോകത്ത് ഞാനൊറ്റയ്ക്കായി അച്ഛാ, എനിക്ക് അച്ഛന്റെ ലോകത്തേക്കു വന്നാല്‍ മതി. എനിക്കിനി ജീവിക്കേണ്ട, മരിച്ചാല്‍ മതി- അവള്‍ തേങ്ങിക്കരഞ്ഞു.

“നിനക്കെന്താ നന്ദിനീ, വേറെ പണിയൊന്നുമില്ലേ? വെറുതെ ഇങ്ങിനെ കരയുന്നതെന്തിന്? ഞാന്‍ പറഞ്ഞിട്ടില്ലേ ദുര്‍ബ്ബല മനസ്സുള്ളവര്‍ ഭീരുക്കളാണെന്ന്? എന്നെ നോക്കൂ, ഞാനൊരിക്കലും കരയാറില്ലല്ലോ?”- പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഭര്‍ത്താവ് ഓഫീസ്സിലേക്കു പോയി.
അവള്‍ നിറയുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് വീണ്ടും ചിന്തിച്ചു- എവിടെയാണ് എനിക്കുതെറ്റു പറ്റിയത്? മുഖംമൂടികലുടെ ഈ ലോകത്ത് മുഖംമൂടിയണിയാത്ത ഞാന്‍ മാത്രം വേറിട്ടുനില്‍ക്കുന്നു. മൃദുല ഹൃദയമുള്ള, നല്ലകുട്ടിയായ അച്ഛന്റെ നന്ദിനി മാത്രം ദുഃഖിതയാണ് നിര്‍ഭാഗ്യവതിയായ എനിക്ക് ദുഃഖവും നിരാശയും മാത്രമേ വിധിച്ചിട്ടുള്ളൂ. തേങ്ങി കരയുന്ന അവള്‍ മൊബൈല്‍ ഫോണടിക്കുന്നതുകേട്ട് എഴുന്നേറ്റു.

ബാലേട്ടന്റെ ഫോണ്‍കോളാണ്. “നന്ദിനീ, അഭിനന്ദനങ്ങള്‍! ഹരിഹരന്റെ അടുത്ത ആല്‍ബത്തില്‍ ഗായികയായി നീ പാടണമെന്ന് അദ്ദേഹം എന്നോടു വിളിച്ചു പറഞ്ഞിരിക്കുന്നു. കുട്ടീ, നീ വളരെയധികം സങ്കടപ്പെട്ടു, അല്ലേ? എന്നെങ്കിലും നിന്റെ കഴിവ് ലോകം അംഗീകരിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നില്ലേ? ഈ ആല്‍ബത്തിന്റെ സംഗീതസംവിധായകന്‍ ആരാണെന്നറിയുമോ? എ.ആര്‍. റഹ്മാന്‍…!”

അവള്‍ അത്ഭുതസ്തബ്ധയായി നിന്നുപോയി. എന്താണു ഞാനീ കേട്ടത്?!

“ഇപ്പോള്‍ എന്റെ നല്ല കുട്ടിക്ക് സന്തോഷമായോ?”- ചെവിയില്‍ മന്തിച്ചത് അച്ഛന്റെ ശബ്ദമല്ലേ?.. . സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത് സത്യമോ മിഥ്യയോ എന്ന ആശയക്കുഴപ്പത്തിനിടയിലും അവള്‍ ആഹ്ലാദഭരിതയായിരുന്നു. നന്ദിനി എന്ന നല്ല കുട്ടിക്ക് വീണുകിട്ടിയ സന്തോഷനിറഞ്ഞ ആ നിമിഷങ്ങളെ അവള്‍ ഒരു നിധിയെന്നപോലെ നെഞ്ചോടുചേര്‍ത്തു പിടിച്ചു.
നല്ല കുട്ടി -  ഡോക്ടര്‍ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക