Image

വൈറസ് ആക്രമണ മുന്നറിയിപ്പുമായി ജിമെയില്‍; തിരിച്ചുവിളിക്കല്‍ ഭീഷണിയില്‍ നിന്ന് സ്‌കോട്ട് വാക്കര്‍ രക്ഷപ്പെട്ടു

Published on 06 June, 2012
വൈറസ് ആക്രമണ മുന്നറിയിപ്പുമായി ജിമെയില്‍; തിരിച്ചുവിളിക്കല്‍ ഭീഷണിയില്‍ നിന്ന് സ്‌കോട്ട് വാക്കര്‍ രക്ഷപ്പെട്ടു
കാലിഫോര്‍ണിയ: ജിമെയില്‍ ഇന്‍ബോക്‌സില്‍ പുതിയ വൈറസ് ആക്രമണ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ചമുതലാണ് ഗൂഗിള്‍ ഇന്‍ബോക്‌സില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വൈറസ് ആക്രമണത്തിന് സാധ്യത ഉണ്‌ടെന്ന മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വൈറസ് ആക്രമണത്തെ എങ്ങനെ തിരിച്ചറിയുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് തന്നെ ഗുണകരമാവുമെന്നതിനാല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാനാവില്ലെന്ന് ഗൂഗിള്‍ വൈസ് പ്രസിഡന്റ്(സെക്യൂരിറ്റി എഞ്ചിനീയറിംഗ്) എറിക് ഗ്രോസെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. ഇറാനിലും മധ്യേഷ്യയിലും യുഎസ് സര്‍ക്കാര്‍ ഫ്‌ളെയിം വൈറസ് പടര്‍ത്തി ആക്രമണം നടത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ മുന്നറിയിപ്പെന്നാണ് കരുതുന്നത്.

വിസ്‌കോസിന്‍ വോട്ടെടുപ്പ്: തിരിച്ചുവിളിക്കല്‍ ഭീഷണിയില്‍ നിന്ന് സ്‌കോട്ട് വാക്കര്‍ രക്ഷപ്പെട്ടു

വിസ്‌കോസിന്‍: ഗവര്‍ണറെ തിരിച്ചുവിളിക്കാനായി വിസ്‌കോസിന്‍ സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്‌­കോട്ട് വാക്കര്‍ രക്ഷപ്പെട്ടു. ആകെ പോള്‍ ചെയ്തതില്‍ 53 ശതമാനം വോട്ട് നേടിയാണ് വാക്കര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഡമോക്രാറ്റ് എതിരാളി മില്‍വൗക്കി മേയര്‍ ടോം ബാരറ്റിന് 46 ശതമാനം വോട്ടു നേടാനെ കഴിഞ്ഞുള്ളു, ഒമ്പതു ലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുള്ള അധികാരം റദ്ദാക്കിയ നിയമനിര്‍മാണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ ഒരു ലക്ഷം ഒപ്പു ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള വോട്ടെടുപ്പ്.

ഇവിടുത്തെ ഫലം പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. 1988നുശേഷമുള്ള എല്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഡമോക്രാറ്റുകളെ പിന്തുണച്ച പാരമ്പര്യമാണ് വിസ്‌കോസിനുള്ളത്. യുഎസ് രാഷ്ട്രീയ ചരിത്രത്തില്‍ തിരിച്ചുവിളിക്കല്‍ ഭീഷണി നേരിട്ട മൂന്നാമത്തെ ഗവര്‍ണറാണ് വാക്കര്‍.


റോംനിയുടെ ഇ-മെയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയുടെ പേഴ്‌സണല്‍ ഇ-മെയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. പേരുവെളിപ്പെടുത്താത്ത ഹാക്കറാണ് റോംനിയുടെ ഹോട്ട് മെയില്‍ ചോര്‍ത്തിയതെന്ന് ഗ്വാക്കര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. റോംനിയുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമേതെന്ന സുരക്ഷാ ചോദ്യത്തിന് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരം നല്‍കിയാണ് ഹാക്കര്‍ മെയിലില്‍ നുഴഞ്ഞുകയറിയതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മെയില്‍ ചോര്‍ത്തിയ സംഭവം സ്ഥിരീകരിക്കാന്‍ റോംനിയുടെ പ്രചാരണ വക്താവ് ഗെയില്‍ ഗിച്ചോ തയാറായില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഇ-മെയില്‍ വിലാസം ചോര്‍ത്തപ്പെടുന്ന ആദ്യ വ്യക്തിയല്ല റോംനി. 2008ലെ യുഎസ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സാറാ പാലിന്റെ ഇ-മെയിലും ഇത്തരത്തില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. സംഭവത്തില്‍ ടെന്നസി കോളജിലെ വിദ്യാര്‍ഥിയെ പിന്നീട് എഫ്ബിഐ അറസ്റ്റു ചെയ്യുകയായിരുന്നു.

അഞ്ചു പ്രൈമറികള്‍ കൂടി റോംനി തൂത്തുവാരി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച മിറ്റ് റോംനി ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ കൂടി ഉജ്ജ്വല വിജയം നേടി. കാലിഫോര്‍ണിയ, ന്യൂജേഴ്‌സി, ന്യൂമെക്‌സിക്കോ, സൗത്ത് ഡക്കോട്ട, മൊണ്ടാന പ്രൈമറികളിലാണ് റോംനി വിജയിച്ചത്. സ്ഥാനാര്‍ഥിത്വത്തിന് വേണ്ട 1,144 ഡോലിഗേറ്റുകളുടെ പിന്തുണ റോംനി നേരത്തെ ഉറപ്പാക്കിയിരുന്നു. ഓഗസ്റ്റില്‍ ടാംപയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനിലാണ് റോംനിയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

താലിബാന് ആണവായുധമുണ്‌ടെന്ന് ഒബാമ തെറ്റിദ്ധരിച്ചിരുന്നുവെന്ന് പുസ്തകം

വാഷിംഗ്ടണ്‍: അധികാരമേറ്റ് അധികനാള്‍ കഴിയുംമുമ്പേ അഫ്ഗാന്‍ തീവ്രവാദ സംഘടനയായ താലിബാന് ആണവായുധമുണ്‌ടെന്ന റിപ്പോര്‍ട്ട് പ്രസിഡന്റ് ബറാക് ഒബാമയുടെ ഉറക്കം കെടുത്തിയിരുന്നതായി പുസ്തകത്തിലെ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് വാഷിംഗ്ടണ്‍ കറസ്‌പോണ്ടന്റ് ഡേവിഡ് സാംഗര്‍ രചിച്ച "കണ്‍ഫ്രണ്ട് ആന്‍ഡ് കണ്‍സീല്‍' എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. താലിബാന്റെ പാക് വിഭാഗമായ തെഹ്‌രീക്-ഇ-താലിബാന്റെ ഫോണ്‍ സന്ദേശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഒബാമയ്ക്ക് ഇത്തരമൊരു വിവരം ലഭിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവര്‍ക്ക് ഇത്തരമൊരു റിപ്പോര്‍ട്ടിന്റെ ആധികാരികതയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്നും സാംഗര്‍ പുസ്തകത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക