Image

പൂമ്പാറ്റകളുടെ റാലി (കഥ- ജയകുമാര്‍ കെ പവിത്രന്‍ )

ജയകുമാര്‍ കെ പവിത്രന്‍ (കണ്ണാളംതറ) Published on 23 September, 2020
പൂമ്പാറ്റകളുടെ റാലി (കഥ- ജയകുമാര്‍ കെ പവിത്രന്‍ )
ഭപൂമ്പാറ്റകളുടെ റാലിഭ അതാണ് നമ്മുടെ നാടകത്തിന് പേര്.സാറ് വ്യക്തമാക്കി. ഡ്രാമാടീമിലെ കുട്ടികള്‍ കണ്ണിമചിമ്മാതെ നോക്കിയിരിക്കുകയായിരുന്നു. ഈണത്തില്‍, താളത്തില്‍ ഒരു ഭാവഗാനം പാടുന്ന ഗായകന്റെ മുഖഭാവത്തോടെ, അതിനിണങ്ങിയ കരചലനങ്ങളോടെ അദ്ദേഹം സംസാരിക്കുന്നത് കണ്ടിരിക്കാന്‍ തന്നെ ഒരു രസമാണ്. പാഠങ്ങളെല്ലാം മധുരമിഠായിയായി മാറിയിരുന്നു സാറിന്റെ ക്‌ളാസ്സില്‍.

പാഠശാലയുടെ വാര്‍ഷികത്തിന് അവതരിപ്പിക്കുവാനുള്ള നാടകത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇപ്രാവശ്യം നമുക്ക് സ്‌ക്രിപ്റ്റില്ലാതെയൊരു നാടകം കളിക്കാം.ഇതില്‍ നിങ്ങള്‍ക്കാര്‍ക്കും പേരുകള്‍ ഉണ്ടായിരിക്കില്ല.

സാറേ..അതെ...ഈ ..ഒരു പേരിലെന്തിരിക്കുന്നു എന്നു പറഞ്ഞത് സാറാണോ... കഴിഞ്ഞ വര്‍ഷത്തെ മികച്ചനടിയുടെ സംശയമാണ്.ചോദ്യം ആത്മാര്‍ത്ഥമായിട്ടാണെന്നു മനസ്സിലാക്കി ചിരി ഉള്ളിലൊതുക്കി ഗൗരവംവിടാതെ സാറ് അവളെ അടുത്തേക്ക് വിളിച്ചു. ദേ...ഈ ചോക്കെടുത്ത്  ബോര്‍ഡിനടുത്ത് നില്‍ക്ക്..എന്നിട്ട് ഞാന്‍ ഇനി പറയുന്നത് കേട്ട് എഴുത്...

സാറിന്റെ കൈയ്യില്‍ നിന്നും ചോക്കുമേടിച്ച് ആ പെണ്‍കുട്ടി ബ്‌ളാക്ക് ബോര്‍ഡിനടുത്ത് നില്പായി.''ലോകം ഒരു നാടകവേദിയും എല്ലാമനുഷ്യരും അതിലെ നടീ നടന്മാരുമാണ്‌ വില്യം ക്ഷേക്‌സ്പിയര്‍ഭഭസാറിന്റെ ഗംഭീരസുന്ദരശബ്ദത്തെ വെണ്ടക്കാ അക്ഷരങ്ങളാക്കി മികച്ചനടി ബോര്‍ഡില്‍ പകര്‍ത്തിയെഴുതി.


പോയിരുന്നോളൂവെന്ന് സാറിന്റെ ഉത്തരവു വന്നു.ചോക്കുപൊടിയാകെ പാവാടയില്‍ തുടച്ചശേഷം അവള്‍ ഓടിപ്പോയി തിക്കിത്തിരക്കി ബഞ്ചിലിരുന്നു.സാറ് എല്ലാവരെയും എഴുന്നേല്പിച്ചുനിര്‍ത്തിയിട്ട് ഒരു നാടന്‍പാട്ടുപാടി,കുട്ടികള്‍ കൈയ്യടിയോടെ അതേറ്റുപാടി.കുട്ടികളെ ഉഷാറാക്കിയെടുക്കാനുള്ള, സാറിന്റെ മാത്രം പ്രത്യേകതയായ,കലാപരിപാടിയാണത്.

ഇനി കുട്ടികളെല്ലാം അവരവരുടെ വാട്ടര്‍ ബോട്ടിലില്‍നിന്നും വെള്ളംകുടിക്കണം.പിന്നെ പരസ്പരം കൈകൊടുത്ത് പുഞ്ചിരിച്ച്,തോളില്‍തട്ടിയിട്ട് ഇരിക്കണം.അതാണ് പതിവ്.സാറിന്റെ രീതികള്‍ ഒരുപാടിഷ്ടപ്പെടുന്ന കുട്ടികളാണ്.നിര്‍ദ്ദേശമില്ലാതെതന്നെ അവര്‍ അതെല്ലാംചെയ്തശേഷം സാറിനെ നോക്കി മന്ദഹസിച്ചു.

ഷേക്‌സ്പിയറിന്റെ ഈ വാക്കുകള്‍ നിങ്ങള്‍ മനസ്സില്‍ കുറിച്ചിടണം.സാറ് ബോര്‍ഡിലേക്ക് വിരല്‍ചൂണ്ടി.മനസ്സില്‍കുറിച്ചിടുകയെന്നാല്‍ മനസ്സിരുത്തണമതില്‍ എന്നാണ് ഉദ്ദേശിക്കുന്നത്..നമ്മുടെ നാടകം ജീവിതത്തില്‍ നിന്നെടുത്ത ഒരേടാവണം..രംഗത്ത് അത് അവതരിപ്പിക്കുമ്പോള്‍  ഞെട്ടേണ്ടവര്‍ ഞെട്ടണം..കൊള്ളേണ്ടിടങ്ങളില്‍ കൊള്ളണം...നന്മതിന്മകളുടെ പോരാട്ടം...അതെ അതുതന്നെയാണ് ഈ നാടകത്തിലും നമ്മുടെ വിഷയം...അതിലേതിന് വിജയമെന്ന് നമ്മള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. നാടകത്തിന്റെ ഒടുക്കം എങ്ങനെയെന്നത് നമുക്ക് റിഹേഴ്‌സല്‍ മുന്നോട്ടുപോകുമ്പോള്‍, ഒടുവില്‍ ,കൂടിയാലോചിച്ച് തീരുമാനിക്കാമെന്നര്‍ത്ഥം


കുട്ടികള്‍ തലയാട്ടി.തല്ലിപ്പൊളി പിള്ളേരുടെ കൂട് എന്നറിയപ്പെട്ടിരുന്ന പാഠശാലയുടെ ഇപ്പോഴുള്ള  മാറ്റത്തിന്റെയും  വിജയങ്ങളുടെയും പിന്നിലാര് എന്ന ചോദ്യത്തിനുള്ള ഒറ്റഉത്തരമാണ് തങ്ങളുടെ മുന്നില്‍ നില്ക്കുന്ന സാറ് എന്നവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ഈ നാടകം നമ്മള്‍ തകര്‍ത്താടും എന്നവര്‍ ഉള്ളാലേ നിശ്ചയിച്ചു.സാറ് നല്‍കിയ കലയുടെ കണ്ണാടിയില്‍ മുഖംനോക്കി സ്വയംതിരിച്ചറിവുണ്ടായവരാണവര്‍.

മക്കളേ... വാത്സല്യപൂര്‍വ്വമുള്ള  സാറിന്റെ വിളി ക്‌ളാസ്സ്‌റൂമില്‍ നിറഞ്ഞു.പിന്നെയത്  ജനലിലൂടെ പുറത്തേക്കൊഴുകി. മരങ്ങളേ..കിളികളേ..പൂക്കളേയെന്നതിനെ മൊഴിമാറ്റംചെയ്തുകൊണ്ട്  ചമ്പകമണമുള്ളൊരു കാറ്റ് അവിടെങ്ങും പാറിനടക്കുകയായി.കുട്ടികള്‍ കാതോര്‍ത്തിരുന്നു.


ഭഭനിങ്ങളുടെ ഡയലോഗുകള്‍ നിങ്ങള്‍തന്നെയാണെഴുതേണ്ടത്..മറ്റാരെങ്കിലും സൃഷ്ടിച്ച വാചകങ്ങളെ ശബ്ദമുണ്ടാക്കി തുപ്പിത്തെറിപ്പിച്ച് അഭിനയിക്കേണ്ടതില്ല.. നിങ്ങള്‍ക്കു പറയാനുള്ളത് നിങ്ങള്‍ പറയണം...സ്വന്തം അനുഭവങ്ങളില്‍നിന്നും നടനമുഹൂര്‍ത്തങ്ങള്‍ പിറക്കട്ടെ...ഡയലോഗുകള്‍ ഉണ്ടാവട്ടെ ഏതോ നാടകത്തില്‍ ,മറ്റൊരു കഥാപാത്രത്തിന് സംസാരിക്കാനുള്ള ഇട കൊടുക്കുന്ന നടനെപ്പോലെ സാറൊന്നു നിര്‍ത്തി.കുട്ടികള്‍ കൈയ്യടിച്ചുപോയി.

മക്കളെല്ലാവരും ഇതില്‍ മികച്ചനടികളാവണം.എല്ലാവര്‍ക്കും തുല്യപ്രാധാന്യമാണ്. മേശയില്‍ ചാരിനിന്ന് സാറ് തുടര്‍ന്നു.ഭഭരംഗത്ത് നടുവിലായി തിന്മയുടെയും നന്മയുടെയും പ്രതിരൂപങ്ങള്‍ ഉണ്ടാവും. ആദ്യം,തിന്മയുടെ പ്രതിരൂപത്തിനുനേര്‍ക്ക്  വിരല്‍ചൂണ്ടി,പെണ്‍കുട്ടികള്‍ എന്ന നിലയില്‍ ഈ പാഠശാലയില്‍വച്ച് നിങ്ങള്‍ക്കുണ്ടായ ഏതെങ്കിലും  മോശ മനുഭവത്തെ ആധാരമാക്കിയുള്ള ഡയലോഗുകള്‍ ക്രോധത്തോടെ ഓരോരുത്തരും പറഞ്ഞ് പാഞ്ഞടുക്കണം,പിന്നെ,പിന്നോട്ടടിവച്ച്..ഭയചകിതരായ് അഭിനയിക്കണം.പിന്നീട് നന്മയുടെ പ്രതിരൂപത്തിനുചുറ്റും നല്ല അനുഭവങ്ങളുടെ സംഭാഷണങ്ങള്‍ പറഞ്ഞ്  നിരനിരയായ് നടക്കണം.നൃത്തം വയ്ക്കണം.പാട്ടുകള്‍ പാടണം.അതാണ് നമ്മുടെ നാടകം.ബാക്കിയെല്ലാം റിഹേഴ്‌സലില്‍ തീരുമാനിക്കാംഭഭ


സാറിന്റെ ആശയം ഡ്രാമാടീമിലെ ഒമ്പതു കുട്ടികളുടെ ഉള്ളിലും അലയടിച്ചുകൊണ്ടിരുന്നു.അടക്കിയൊതുക്കിവച്ചിരുന്ന ചില വൈഷമ്യങ്ങള്‍,കയ്ച്ചും പുളിച്ചും തികട്ടിവരുന്ന അനുഭവങ്ങള്‍ നാടകീയ സംഭാഷണങ്ങളിലൂടെ പുറത്തുവിടാന്‍ ഒരവസരം.നാടകമായേ ആരും അതിനെ എടുക്കുകയുള്ളൂ എന്നതിനാല്‍ പിന്നീട് ഓര്‍ത്തോര്‍ത്തു ലജ്ജിക്കാനുമില്ല.എന്നാലും,ചെറുതല്ലാത്തൊരു ഭയം  ഇല്ലാതില്ല.
ഭഭഭയം വേണ്ടേവേണ്ട..കാരണം..ഇത് നാടകം മാത്രമാണ്..എന്നാല്‍ എഴുതുന്ന ഡയലോഗുകള്‍ പൂര്‍ണമായും സത്യ സന്ധമായിരിക്കണം.. അര്‍ദ്ധസത്യങ്ങളാവരുത്.. അവതരിപ്പിക്കുമ്പോള്‍ നാടകീയമായിരിക്കുകയും വേണം...ഭഭസാറ് കുട്ടികളുടെ മനസ്സുവായിച്ചപോലെ ചിരിച്ചു.ഭഭമക്കളേ...ഇനി രണ്ടുദിവസം നമുക്ക് അവധിയാണല്ലോ..നാളെ വീട്ടിലിരുന്ന് ഞാന്‍ പറഞ്ഞപോലെ ഡയലോഗുകള്‍ എഴുതുക..തിന്മയും നന്മയും പ്രത്യേകം പ്രത്യേകം താളുകളില്‍...സംഭവങ്ങളും അനുഭവങ്ങളും അനുസ്മരിച്ചുള്ള സംഭാഷണങ്ങളാവണം.. ഓര്‍ക്കുക,സ്ഥാപനങ്ങളെയും സ്ഥലങ്ങളെയുംപറ്റിയുള്ള പരാമര്‍ശങ്ങളോ വ്യക്തികളുടെ പേരുകളോ പാടില്ല..മറ്റന്നാള്‍ ഇവിടെ അവധിയാണെങ്കിലും നിങ്ങള്‍ വരണം..റിഹേഴ്‌സലുണ്ടാവും..ഇനി അധികം സമയമില്ലെന്നറിയാല്ലോ... ഈ നാടകത്തിന്റെ സ്രഷ്ടാക്കള്‍ നിങ്ങളാണ്... മറക്കല്ലേ

പാഠശാലപിരിയാനുള്ള മണിയടിച്ചു.സാറും കുട്ടികളും ക്‌ളാസ്സ്‌റൂം വിട്ടിറങ്ങി. സാറേ..പറഞ്ഞില്ലല്ലോ..ഒരു പേരിലെന്തിരിക്കുന്നു..ആരാ പറഞ്ഞേന്ന്...  വരാന്തയിലെത്തിയപ്പോഴാണ്. നടിമാരിലൊരാള്‍ ഓര്‍മ്മിപ്പിച്ചത്.ഭഭങ്ഹാ നിക്ക്..നിക്ക്..ഭഭസാറെല്ലാവരെയും അടുത്തേക്ക് വിളിച്ചു.വേഗം ചെന്ന് ബോര്‍ഡിലെഴുതിയത് നോട്ട്ബുക്കില്‍ പകര്‍ത്തിക്കൊണ്ട് ‌പോ..ലോകം നാടകവേദി.. നമ്മളൊക്കെയും നടന്മാര്‍...അതോര്‍ത്താലേ,നിങ്ങള്‍ നിങ്ങടെ സംഭാഷണങ്ങള്‍ ആത്മാര്‍ത്ഥമായെഴുതൂ..അതുകൊണ്ടാണ്. പേരിലെന്തിരിക്കുന്നൂന്ന് ചൊന്നതും ഷേക്‌സ്പിയര്‍ മാമുനിയാണ്‌കേട്ടോ...ഭഭതോള്‍ കുലുക്കി  കുട്ടികള്‍ക്ക്  നല്ലൊരു ചിരി സമ്മാനിച്ച് സാറ് സ്റ്റാഫ്‌റൂമിലേക്കുനടന്നു.

റിഹേഴ്‌സല്‍ദിനം , സാറിന്റെ മുന്നില്‍ കുട്ടികള്‍ വരിയായ് നിന്നു.ഓരോരുത്തരായി,  സംഭാഷണങ്ങളുടെ പേപ്പര്‍  സാറിനെ ഏല്പിക്കുകയായിരുന്നു.ഭഭഇതു നിങ്ങള്‍ക്ക് കാണാപ്പാടമായിരിക്കുമെന്നു ഞാന്‍ കരുതുന്നു..നന്മയെപറ്റിയുള്ള ഡയലോഗുകള്‍ തല്ക്കാലം ബാഗില്‍തന്നെവയ്ക്കുക.ആദ്യം തിന്മയെക്കുറിച്ചുള്ളത്  ഉറക്കെപ്പറഞ്ഞ് റിഹേഴ്‌സല്‍ തുടങ്ങാംഭഭ സാറെഴുന്നേറ്റു.ഭഭപ്രതിരൂപമായി തല്ക്കാലം ഞാനിവിടെ നില്ക്കുകയാണ്ഭഭ മേശയും  കസേരയും ക്‌ളാസ്‌റൂമിന്റെ മൂലയിലേക്ക് മാറ്റിയിരുന്നു. സാറിനുചുറ്റും കുട്ടികള്‍ നിരന്നു.ആദ്യം ഒരാള്‍ കടന്നുവന്ന് ആക്രോശിച്ച് ഡയലോഗ് പറയണം..പിന്നെ അടുത്തയാള്‍...അങ്ങനെയങ്ങനെ...

കുട്ടിനടിമാര്‍ തകര്‍ത്താടാന്‍തുടങ്ങി.ക്‌ളാസ്സ്‌റൂം ശബ്ദമുഖരിതമായി.ഇപ്പോഴാണ് ഡയലോഗുകളുടെ തീഷ്ണതയും  മൂര്‍ച്ഛയുമെല്ലാം സ്പഷ്ടമായിവരുന്നത്.ഇത് കൊള്ളേണ്ടിടങ്ങളില്‍കൊള്ളും.സാറിനു മനസ്സിലായി.ഈ പാഠശാലയില്‍ ഇത്രമാത്രം ഇരുട്ട് പതിയിരിപ്പുണ്ടെന്ന് കുട്ടികളുടെ ഡയലോഗ് കേള്‍ക്കുമ്പോഴാണറിയുന്നത്. വീട്ടകങ്ങളിലേക്കും നാട്ടകങ്ങളിലേക്കും  പോകാതെ സംഭാഷണങ്ങള്‍ പാഠ ശാലയിലേതു മാത്രമായ് ഒതുക്കിയില്ലായിരുന്നെങ്കില്‍ നാടകം നീണ്ടുനീണ്ടുപോയേനെയെന്ന് സാറ് ആശ്ചര്യപ്പെട്ടു.

ക്‌ളാസ്സ്‌റൂമിനു വെളിയില്‍ നായ്ക്കൂട്ടം ഓടുന്നതുപോലെ ഒരൊച്ച കേട്ടാണ് സാറ് വരാന്തയിലേക്ക് ചെന്നത്.പാഠശാലയുടെ മേല്‌നോട്ടക്കാരനും  സഹായികളും തിടുക്കപ്പെട്ട് അങ്ങോട്ട് വരികയാണ്. നാടകക്കളരിയില്‍ നിന്നുമുയര്‍ന്ന ഡയലോഗുകള്‍ അവരുടെ  മുഖത്തുപോയി തറച്ചപോലുണ്ട്.കണ്ണുകള്‍ ചുവന്നിരിക്കുന്നു.കടന്നല്‍കുത്തേറ്റമട്ട് വീര്‍ത്തുകെട്ടിയിരിക്കുന്നു മൂവരുടെയും മുഖങ്ങള്‍.നാടകത്തെക്കുറിച്ച് വിസ്തരിക്കാന്‍ തുടങ്ങിയ സാറിനെ കടിച്ചുകീറിയില്ലെന്നേയുള്ളൂ..

കുട്ടികള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിശ്ചലദൃശ്യമായി നില്ക്കുമ്പോള്‍ സാറിന്റെ കൈയ്യില്‍നിന്നും തിന്മയുടെ ഡയലോഗുകള്‍ തട്ടിപ്പറിച്ച് അവര്‍ വേഗത്തില്‍ ഓഫീസിലേക്കുപോയി.

നഷ്ടപ്പെട്ട താളം വീണ്ടെടുക്കാനായി സാറ് കൈയ്യടിച്ച് ചീയറപ്പ് പറഞ്ഞപ്പോഴാണ് കുട്ടികള്‍ക്ക് ശ്വാസംവീണതും ,ചലനംതിരിച്ചുകിട്ടിയതും.അതൊന്നും കാര്യമാക്കേണ്ട... പേടിയേ വേണ്ട... നാടകം ഗംഭീരമാകുന്നുണ്ട്.. എല്ലാവരും നന്നാവുന്നുണ്ട്...നമുക്ക് തുടരാം... സാറ് പ്രതിരൂപമായി വീണ്ടും നടുക്ക് നില്പായി.

കുട്ടികള്‍ പഴയതിലും വീര്യത്തോടെ അഭിനയിച്ചു മുന്നേറിക്കൊണ്ടിരൂന്നു. തിക്താനുഭവങ്ങളെ അവര്‍ തനതായ രീതിയില്‍ അവതരിപ്പിച്ചു.


ഭഭഇനി നന്മയുടെ ഊഴമാണ്.പിന്നെ ഒരു ക്‌ളൈമാക്‌സ് സെറ്റ് ചെയ്യണം നമുക്ക് ... അതിനുമുമ്പ് ലേശം വിശ്രമം.. ആശയങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒരിടവേള... ഒന്നു കൂടി അവരവരുടെ പോഷന്‍സ് റിപ്പീറ്റ് ചെയ്തിട്ട് നിര്‍ത്തിക്കോളൂ.. 

സാറ് ബഞ്ചില്‍ ചെന്നിരുന്നു.കുട്ടികള്‍ സാറിനുനേരെ വിരല്‍ചൂണ്ടി ഡയലോഗ് പറഞ്ഞുകൊണ്ടിരുന്നു.അപ്പോഴാണ് കാക്കിയിട്ട ചിലരുടെ രംഗ പ്രവേശമുണ്ടായത്. അനുവാദംപോലുംചോദിക്കാതെ അകത്തേക്ക് ഇടിച്ചുകയറിയ കാക്കിധാരികളിലൊരാള്‍ സാറിന്റെ മടിക്ക് കുത്തിപ്പിടിച്ചെഴുന്നേല്പിച്ചു.കുട്ടികള്‍ പേടിച്ചരണ്ട് നിലവിളിക്കുകയാണ്. നിന്നെ കൈയ്യോടെ പൊക്കുവാണ്...ഈ പിള്ളേര് നിന്നെ ചൂണ്ടി വിളിച്ചുപറഞ്ഞതു മാത്രം തി ഞങ്ങള്‍ക്ക് നിന്നെ അകത്തിടാന്‍... പോരാത്തതിന് നല്ല വെള്ളപ്പേപ്പറില്‍ എഴുതീട്ടുമുണ്ടിവര് ചെലതൊക്കെ... ഓഫീസീന്നത് തന്നിട്ടൊണ്ട് പരാതീടകൂടെ.. കാക്കിയിട്ടസാറ് എന്തോ പകയുള്ളപോലെ അത്രയും പറഞ്ഞ് സാറിനെ പുറത്തേക്ക് വലിച്ചിഴച്ചു. ഭഭസാറുമ്മാരേ..ഇത് നാടകമാണ്...ഞങ്ങളെഴുതിയ ഡയലോഗുകള്‍ മാത്രമാണാ വെള്ള പേപ്പറിലുള്ളത്..അതിലാരുടേം പേരുമില്ല... ഇതെന്താണിങ്ങനെ ഒന്നും മനസ്സിലാവണില്ല സാറുമ്മാരേ... ഞങ്ങളെ മക്കളേ എന്നു മാത്രംവിളിക്കാറുള്ള സാറാണിത്.. അച്ഛനെപ്പോലെയാ ഞങ്ങക്ക് സാറ്.. കുട്ടികള്‍  ഒരേസ്വരത്തില്‍ കരഞ്ഞുകൊണ്ടിരുന്നു.

സാറിനെ മിണ്ടാനുംപറയാനുമനുവദിക്കാതെ ഉന്തിത്തള്ളി പോലീസ് ജീപ്പിലാക്കുമ്പോഴും കുട്ടികള്‍ കരയുകയായിരുന്നു.ഒരുദിവസം മുമ്പ് ബോര്‍ഡിലെഴുതിയിട്ട വാക്കുകള്‍ അവരെനോക്കി കൊഞ്ഞനം കുത്തി.നാടകമേത് ജീവിതമേതെന്ന സന്ദേഹം ഭയവുമായി കൂടിക്കുഴഞ്ഞ് അവരെ വിയര്‍പ്പില്‍കുളിപ്പിച്ചു. സാറിനെ കയറ്റിയവണ്ടി അതിവേഗത്തില്‍ അപ്രത്യക്ഷമായിരുന്നു.

ആരോ വന്ന് അവരെയെല്ലാം ഓഫീസിലേക്ക്കൂ ട്ടിക്കൊണ്ടു പോയി. പാഠശാലാ മേല്‌നോട്ടക്കാരന്‍ കുട്ടികള്‍ക്ക് ഭീഷണിയുടെ ക്‌ളാസ്സെടുക്കാനാരംഭിച്ചു. പറയുന്നതു പോലെ അനുസരിച്ചില്ലെങ്കില്‍ ഭാവി കട്ടപ്പൊക എന്ന പാഠംപഠിപ്പിച്ചതോടെ കുട്ടികള്‍ അകപ്പെട്ടുപോയി. തങ്ങളെഴുതിയ ചില  ഡയലോഗുകള്‍ക്കിടയില്‍ സാറിന്റെ പേര് ചേര്‍ത്ത് ആരുചോദിച്ചാലും നാടകീയമായി അത് മൊഴിയാന്‍  പഠിച്ചിട്ടാണ് കുട്ടികളന്ന് വീടുകളിലേക്ക് മടങ്ങിയത്...

പാഠശാലയുടെ വാര്‍ഷികത്തില്‍ കുട്ടികളാരും പങ്കെടുത്തില്ല.അന്നവര്‍ സാറിന്റെ വീട്ടിലെത്തി.പെട്ടി അടച്ചിരുന്നു.പൂമ്പാറ്റകളുടെ റാലിപോലെ നിരനിരയായവര്‍ സാറിനെ വലംവയ്ക്കുമ്പോള്‍ എന്തോ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു പെട്ടിയുടെ മുകളിലുള്ള കുഴലിലൂടെ  ഉയര്‍ന്നുപൊങ്ങിയ പുകച്ചുരുളുകളോടൊപ്പം കുട്ടികളുടെ ശബ്ദം നീലാകാശത്തെ ലക്ഷ്യമാക്കി സഞ്ചരിച്ചു.അരങ്ങേറാതെപോയ നാടകത്തിനുവേണ്ടി അവരെഴുതിയ നന്മയുടെ ഡയലോഗുകള്‍ ആയിരുന്നു അത്.സാറിന്റെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു അതെല്ലാംതന്നെ.സാറതുകേട്ട് പട്ടടയില്‍കിടന്ന് ചങ്കുപൊട്ടിച്ചിരിച്ചു.കസ്റ്റഡിമരണത്തിനുപോലും ഉടച്ചു കളയാനാവാത്ത ഒരുഗ്രന്‍ സ്‌ഫോടനമായി മാറിയ ആ ചിരി അടങ്ങാതെ ,ആറാതെ അലമുറപോലെ മുഴങ്ങിക്കൊണ്ടേയിരുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക