Image

മസ്‌കറ്റില്‍ വ്യത്യസ്‌ത വാഹനാപകടത്തില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ മരിച്ചു

Published on 06 June, 2012
മസ്‌കറ്റില്‍ വ്യത്യസ്‌ത വാഹനാപകടത്തില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ മരിച്ചു
മസ്‌കറ്റ്‌: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ ഇന്നലെയുണ്ടായ രണ്ട്‌ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ മരിച്ചു. വതയയ്യില്‍ നിയന്ത്രണംവിട്ട വാഹനം എതിര്‍ദിശയിലെ റോഡിലേക്ക്‌ പാഞ്ഞുകയറിയാണ്‌ രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചത്‌. സൂര്‍മസ്‌കത്ത്‌ റോഡിലെ ജഹ്ലൂത്തിലുണ്ടായ മറ്റൊരു അപകടത്തില്‍ തമിഴ്‌നാട്‌ സ്വദേശിയായ എഞ്ചിനീയര്‍ കുമാര്‍ (35) മരിച്ചു.

വതയ്യയില്‍ ആറ്‌ വാഹനങ്ങളാണ്‌ അപകടത്തില്‍പെട്ടത്‌. മൂന്ന്‌ ഒമാന്‍ സ്വദേശികള്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ ഒരു വനിതയുടെ പരിക്ക്‌ ഗുരുതരമാണ്‌. അപകടത്തില്‍ മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന്‌ റോയല്‍ ഒമാന്‍ പൊലീസ്‌ സ്ഥിരീകരിച്ചെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വൈകുന്നേരം മൂന്നോടെയാണ്‌ വതയ്യ ടൊയോട്ട ഷോറൂമിന്‌ മുന്നിലെ റോഡില്‍ വാദി അദായിലേക്ക്‌ പോയിരുന്ന ലാന്‍ഡ്‌ക്രൂയിസര്‍ അപകടം വിതച്ചത്‌. നിയന്ത്രണംവിട്ട്‌ റോഡുകള്‍ക്ക്‌ മധ്യത്തിലെ ലോഹബാരിക്കേഡുകള്‍ തകര്‍ത്ത്‌ എതിര്‍ദിശയിലേക്കുള്ള റോഡിലെത്തിയ ലാന്‍ഡ്‌ക്രൂസര്‍ ഇടിച്ചുതകര്‍ത്ത വാഹനത്തിലെ രണ്ടുപേരാണ്‌ മരിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.
ബാരിക്കേഡിന്‌ മുകളിലൂടെ വന്ന ഫോര്‍വീലര്‍ കാറിന്‍െറ മുകള്‍ ഭാഗം പൂര്‍ണമായും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിന്‌ പിന്നില്‍ വന്നിരുന്ന മറ്റു വാഹനങ്ങളിലും നിയന്ത്രണംവിട്ട്‌ പരസ്‌പരം കൂട്ടിയിടിച്ചു.

കാറിലുണ്ടായിരുന്ന രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ ഒമാന്‍ സ്വദേശികളെ ഖൗല ആശുപത്രിയിലേക്ക്‌ മാറ്റി. സംഭവത്തെ തുടര്‍ന്ന്‌ റൂവിവതയ്യ റോഡില്‍ ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. പൊലീസെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കിയാണ്‌ ഗതാഗതം പുനസ്ഥാപിച്ചത്‌. സൂര്‍മസ്‌കത്ത്‌ റോഡില്‍ രാവിലെ എട്ടരക്ക്‌ യാത്രക്കാരില്ലാതെ വന്ന സ്‌കൂള്‍ ബസ്‌ പികപ്പിലേക്ക്‌ പാഞ്ഞുകയറിയാണ്‌ നിര്‍മാണകമ്പനിയായ എല്‍ ആന്‍ഡ്‌ ടി ജീവനക്കാരന്‍ കുമാര്‍ മരിച്ചത്‌. ബസില്‍ കുട്ടികളില്ലാത്തതിനാല്‍ വന്‍ദുരന്തമാണ്‌ ഒഴിവായതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.
മരിച്ച കുമാറിന്‍െറ സഹപ്രവര്‍ത്തകരായ ഒരു ഇന്ത്യക്കാരനും ഒമാനിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്‌.
മസ്‌കറ്റില്‍ വ്യത്യസ്‌ത വാഹനാപകടത്തില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക