Image

അയര്‍ലന്‍ഡ് നഴ്‌സിംഗ് ബോര്‍ഡിലേക്ക് രണ്ടു മലയാളികള്‍ മാറ്റുരയ്ക്കുന്നു

Published on 22 September, 2020
അയര്‍ലന്‍ഡ് നഴ്‌സിംഗ് ബോര്‍ഡിലേക്ക് രണ്ടു മലയാളികള്‍ മാറ്റുരയ്ക്കുന്നു


ഡബ്ലിന്‍ : ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ രണ്ടു മലയാളികള്‍ മത്സരത്തിനിറങ്ങുന്നു. ഷാല്‍ബിന്‍ ജോസഫ് കല്ലറയ്ക്കല്‍, രാജിമോള്‍ കെ. മനോജ് എന്നിവരാണ് മല്‍സരരംഗത്തുള്ള മലയാളികള്‍.

ഓണ്‍ലൈന്‍ വഴി സെപ്റ്റംബര്‍ 15 മുതല്‍ 23 വരെയാണ് തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് മലയാളികള്‍ മത്സരരംഗത്തേക്ക് വരുന്നത്. രണ്ടുപേരില്‍ ഒരാള്‍ വനിത എന്നതാണ് ശ്രദ്ധേയം. കാറ്റഗറി ഒന്നില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ നാലു പേരാണ് മല്‍സരരംഗത്തുള്ളത്. മൂന്നു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്.

അയര്‍ലന്‍ഡില്‍ എത്തുന്ന എല്ലാ നഴ്‌സുമാര്‍ക്കും ക്രിറ്റിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ കാന്പയില്‍ വഴിയായി പോരാട്ടം നടത്തി നിയമഭേദഗതിയിലൂടെ ജനുവരി ഒന്നുമുതല്‍ നിയമം സര്‍ക്കാരിനെക്കൊണ്ട് നടപ്പിലാക്കാന്‍ സ്വാധീനിച്ച വ്യക്തിയെന്ന നിലയില്‍ ഷാല്‍ബിന്‍ ജോസഫ് അയര്‍ലന്‍ഡില്‍ ഏറെ സുപരിചിതനാണ്. ഈ നിയമം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് ഇന്ത്യക്കാരായ നഴ്‌സുമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഷാല്‍ബിന്‍ നേടിയ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നഴ്‌സിംഗ് ബോര്‍ഡിലേയ്ക്ക് മല്‍സരിക്കുന്‌പോള്‍ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.

നഴ്‌സിംഗ് ബിരുദത്തിനു പുറമെ, മാനേജ്‌മെന്റില്‍ ബിരുദവും ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ എംബിഎയും ഷാല്‍ബിന്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2020 ല്‍ ഐറിഷ് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി സംഘടനയുടെ ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാനായ ഷാല്‍ബിന്‍, നവാന്‍ ഔവര്‍ ലേഡി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നു.

കേരളത്തില്‍ നിന്നും നഴ്‌സിംഗ് ബിരുദം നേടിയ ശേഷം അയര്‍ലന്‍ഡിലെത്തി നഴ്‌സിംഗില്‍ വിവിധ മാസ്റ്റേഴ്‌സ് ബിരുദവും സ്വന്തമാക്കിയ രാജിമോള്‍ മനോജ് ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യന്‍ ഐസിയു നഴ്‌സാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി അയര്‍ലന്‍ഡില്‍ സേവനം ചെയ്യുന്ന രാജിമോള്‍ വിവിധ ഹോസ്പിറ്റലുകളില്‍ വിവിധ നഴ്‌സിംഗ് തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. വിക്ലോയില്‍ താമസിക്കുന്ന രാജിമോള്‍ അയര്‍ലന്‍ഡിലെ എത്‌നിക് & മിക്‌സഡ് കമ്യൂണിറ്റിയില്‍ സജീവ സാന്നിദ്ധ്യമാണ്. പുതിയ തലമുറയ്ക്കായി മൈഗ്രന്റ്‌സ് സംവാദങ്ങളും നടത്തിയിട്ടുള്ള രാജിമോള്‍ ഐറിഷ് നഴ്‌സിംഗ് സിസ്റ്റത്തിനെക്കുറിച്ച് നല്ല ജ്ഞാനമുള്ള വ്യക്തിയാണ്.

അയര്‍ലന്‍ഡിലെ നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എല്ലാ പിന്തുണയും അഭ്യര്‍ഥിക്കുന്നതിനൊപ്പം ഇരുവര്‍ക്കും വിജയാശംസകളും നേരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക