Image

കാലാന്തരം (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 22 September, 2020
കാലാന്തരം (കവിത: രാജന്‍ കിണറ്റിങ്കര)
അന്ന്
വീടിനു ചുറ്റും
മരമുണ്ടായിരുന്നു
മനസ്സില്‍
തണലും
ഇന്ന്
വീടിനു ചുറ്റും
മതില്‍ക്കെട്ടുണ്ട്
മനസ്സില്‍
ഒറ്റപ്പെടലും
അന്ന്
തൊടിയില്‍
കൃഷിയുണ്ടായിരുന്നു
അകത്ത്
നെല്ലും അരിയും
ഇന്ന്
തൊടിയില്‍
ജലധാരയുണ്ട്
അകമേ
കണ്ണീരും
അന്ന്
വേലിയ്ക്കല്‍
അയല്‍ക്കാരുണ്ടായിരുന്നു
തമ്മില്‍
സൗഹൃദവും
ഇന്ന്
വേലിക്കല്‍
പാറാവുണ്ട്
തമ്മില്‍
ശത്രുതയും
അന്ന്
മുറ്റത്ത്
കിണറുണ്ടായിരുന്നു
കുടത്തില്‍
തെളിനീരും
ഇന്ന്
മുറ്റത്ത്
കാറുകളുണ്ട്
മനസ്സില്‍
കരിയും പുകയും
അന്ന്
ഉമ്മറത്ത്
അച്ഛനുണ്ടായിരുന്നു
ഉള്ളില്‍
ആത്മധൈര്യവും
ഇന്ന്
ഉമ്മറത്ത്
ഷോ ലാംപുണ്ട്
ഉള്ളില്‍
കുപ്പിച്ചില്ലുകളും
അന്ന്
അടുക്കളയില്‍
അമ്മയുണ്ടായിരുന്നു
വയറില്‍
വിശപ്പാളലും
ഇന്ന്
അടുക്കളയില്‍
പണിക്കാരുണ്ട്
പ്ലേയ്റ്റ് നിറഞ്ഞിട്ടും
വയറ് നിറഞ്ഞിട്ടും
മനസ്സ് നിറയാതെ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക