Image

പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് ചായ പകര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍, പ്രശംസിച്ച് മോഡി

Published on 22 September, 2020
 പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് ചായ പകര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍, പ്രശംസിച്ച് മോഡി

ന്യുഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചതിന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് എട്ട് പ്രതിപക്ഷ അംഗങ്ങളുടെയും പ്രതിഷേധം പാര്‍ലമെന്റ് വളപ്പില്‍ തുടരുന്നു. സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സത്യാഗ്രഹം ആരംഭിച്ച ഇന്നലെ രാത്രി അവിടെതന്നെ തമ്പടിച്ചു. 

രാവിലെ എം.പിമാരെ അനുനയിപ്പിക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് തന്നെ രംഗത്തെത്തി. അംഗങ്ങള്‍ക്ക് ചായ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ഉപാധ്യക്ഷന്‍ ശ്രമിച്ചുവെങ്കിലും 'ചായ നയതന്ത്രത്തില്‍' വീഴാതെ അംഗങ്ങളും പ്രതിഷേധം തുടരുകയാണ്. ചായ സ്വീകരിക്കാന്‍ വിസമ്മതിച്ച അംഗങ്ങള്‍ അദ്ദേഹത്തെ 'കര്‍ഷക വിരുദ്ധ'നെന്ന് വിളിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ വന്നതെന്നും സ്വകാര്യ വാഹനത്തിലാണ് എത്തിയതെന്നും ഉപാധ്യക്ഷന്‍ അംഗങ്ങളോട് പറഞ്ഞു.

അതേസമയം, ഉപാധ്യക്ഷന്റെ നടപടിയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, അദ്ദേഹം വലിയൊരു മനസ്സിന്റെ ഉടമയാണെന്നും ട്വീറ്റ് ചെയ്തു. തന്നെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത അംഗങ്ങള്‍ക്ക് ചായ പകര്‍ന്നുനല്‍കിയ അദ്ദേഹത്തിന്റെ പ്രവൃത്തി മഹത്വരമാണ്. അദ്ദേഹത്തെ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം താനും അഭിനന്ദിക്കുകയാണ്. -മോഡി പറയുന്നു. 

തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയന്‍, ആം ആദ്മി പാര്‍ട്ടിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസിലെ രാജീവ് സത്‌വ, സിപിഎമ്മിലെ കെ.കെ രാഗേഷ്, എളമരം കരീം തുടങ്ങി എട്ട് നേതാക്കളെയാണ് ഇന്നലെ സസ്‌പെന്റു ചെയ്തത്. ഇന്നലെ രാത്രി പാര്‍ലമെന്റ് വളപ്പില്‍ കിടന്നുറങ്ങിയ ഇവര്‍ക്ക് പിന്തുണയുമായി നാഷണല്‍ കോണ്‍ഫറന്‍സ് അംഗം ഫാറൂഖ് അബ്ദുള്ള, മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ, സമാജ്‌വാദി പാര്‍ട്ടി അംഗം ജയാ ബച്ചന്‍, കോണ്‍ഗ്രസ് അംഗം അഹമ്മദ് പട്ടേല്‍, ദിഗ്‌വിജയ് സിംഗ് തുടങ്ങിയവര്‍ നാലു മണിക്കൂര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. 

അതേസമയം, അംഗങ്ങളുടെ ഭാഗത്തുനിന്ന് തനിക്കെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഏകദിന ഉപവാസത്തിനൊരുങ്ങുകയാണ് ഉപാധ്യക്ഷന്‍ ഹരിവന്‍ഷ്. ഇന്നു രാവിലെ മുതല്‍ നാളെ രാവിലെ വരെ 24 മണിക്കൂര്‍ ഉപവാസത്തിനാണ് അദ്ദേഹത്തിന്റെ തീരുമാനം. 'അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തനിക്ക് വലിയ വേദനയാണ് സമ്മാനിച്ചത്. രണ്ടു ദിവസമായി ഉറങ്ങാന്‍ കഴിയുന്നില്ല. ജനാധിപത്യത്തിന്റെ പേരില്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന് അക്രമാസക്തമായ പെരുമാറ്റമാണുണ്ടായത്. ഇത് സഭയുടെ പാരമ്പര്യത്തിന്റെ ലംഘനമാണ്. സഭാചട്ടം പാടെ ലംഘിച്ചു. കടലാസുകള്‍ തനിക്കു നേരെ വലിച്ചെറിഞ്ഞു. മോശം വാക്കുകളും പ്രയോഗിച്ചു. -സഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവിന് നല്‍കിയ കത്തില്‍ അദ്ദേഹം പറയുന്നു. 

സഭയിലുണ്ടായ നടപടികളില്‍ താന്‍ അസ്വസ്ഥനാണ്. അംഗങ്ങളില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ താന്‍ ഉപവാസത്തിന് ഒരുങ്ങുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക