Image

ഫോമയുടെ അമരത്തെത്താൻ ഇത്തവണ ഡിജിറ്റൽ പോരാട്ടം (കണ്ണൂർ ജോ)

Published on 22 September, 2020
ഫോമയുടെ അമരത്തെത്താൻ ഇത്തവണ ഡിജിറ്റൽ പോരാട്ടം (കണ്ണൂർ ജോ)
ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാന സംഘടന 'ഫോമാ'യുടെ ഭാരവാഹിത്വത്തിനായുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇക്കുറി വീറും വാശിയുമേറെ..

അമേരിക്ക-കാനഡ മേഖലയിലെ 75 മലയാളി സംഘടനകളെ  ഒരു കുടക്കീഴിൽ അണിനിരത്തുന്ന  അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോമായുടെ ഭരണസാരഥ്യംപിടിക്കാനുള്ള ഇക്കുറിയിലെ തിരഞ്ഞെടുപ്പിന് പ്രത്യേകതകളേറെയാണ്. സാധാരണ നിലയിൽ നിന്നും വ്യത്യസ്തമായി കോവിഡ് സാഹചര്യത്തിൽ നടക്കുന്ന ഇലക്ഷന് ഇത്തവണ എല്ലാ നടപടി ക്രമങ്ങളും ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിലായതോടെ മത്സരവും അടിമുടി ഹൈടെക്ക് ആയി മാറി.
സ്ഥാനാർത്ഥികളുടെ  വോട്ടഭ്യർത്ഥനയും പ്രചരണവുമെല്ലാം ഡിജിറ്റലായതോടെ ഇക്കുറിയിലെ ഇലക്ഷൻ ഡിജിറ്റൽ പോരാട്ടം കൂടിയാവുകയാണ്.

സ്ഥാനാർത്ഥികൾക്കും ഫോമായിലെ 500ലേറെ വരുന്ന ഡെലിഗേറ്റഡ് വോട്ടർമാർക്കും ഇവയെല്ലാം ആവേശപൂർവം വീക്ഷിക്കുന്നവർക്കും എല്ലാം പുതിയ തിരഞ്ഞെടുപ്പ് രീതികൾ കൗതുകവും ആവേശവും നൽകുന്നതാണ്.
പുതിയകാലത്തെ പുതിയ സാഹചര്യങ്ങളിലെ മാറ്റങ്ങളെ സ്വീകരിച്ചാണ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഫോമാ ഭാരവാഹിത്വം ഉറപ്പിക്കാൻ സ്ഥാനാർത്ഥികളും അവരെ പിന്തുണയ്ക്കുന്നവരും മുന്നേറുന്നത്.നേരിട്ടുള്ള വോട്ടുപിടിത്തം കണ്ടുശീലിച്ചതിനു പകരം ഇക്കുറിയിലെ അഭ്യർത്ഥനയും വാദ പ്രതിവാദങ്ങളുമെല്ലാം വാഗ്ദാനങ്ങളും നയപ്രഖ്യാപനങ്ങളുമെല്ലാം ഓൺലൈനായാണ്.

ഇമെയ്‌ലിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സൂം ആപ്പിലും തുടങ്ങി വെർച്വൽ മീറ്റുകളിലൂടെയാണ് ഇലക്ഷൻ പ്രചരണം ചൂടുപിടിക്കുന്നത്.
തികച്ചും ജനാധിപത്യപരമായ രീതിയിൽ നടക്കുന്ന അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയുടെ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളവരെല്ലാം സുപരിചിതരാണ്. സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായ വ്യക്തിത്വങ്ങളാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത് എന്നതിനാൽ മത്സരത്തിന്റെ ഓരോഘട്ടവും പ്രവചനാതീതമാവുകയാണ്. തിരഞ്ഞെടുപ്പ് ദിനം അടുക്കുംതോറും സ്ഥാനാർത്ഥികളുെട പ്രചാരണവും മുറുകും. ഇനിയുള്ള ദിനങ്ങൾ ഫോമായുടെ സാരഥികളാവുന്നതിനായുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാവും ഓരോ സ്ഥാനാർത്ഥികളും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക