Image

ഫെം (കഥ: റാണി.ബി.മേനോന്‍)

Published on 22 September, 2020
ഫെം (കഥ: റാണി.ബി.മേനോന്‍)
അയാളെ മടുപ്പു മൂടാൻ തുടങ്ങിയിരുന്നു. ജീവിതം, ഒരു തൊഴിലിനും, അതിന്റെ മായക്കാഴ്ച്ചകൾക്കും അടിയറവു വച്ച കൗമാര കൗതുകത്തിൽ നിന്നേറെ ദൂരെയെത്തിയിരുന്നു അയാൾ. അമ്മവീടിനെ നിയോഗം പോലെ പുണർന്നു നിന്ന മനോവിഭ്രാന്തികൾക്ക് ഒരു പ്രതിവിധി കണ്ടെത്തണമെന്ന അദമ്യമായ മോഹം തന്നിൽ അസ്തമിച്ചു തുടങ്ങിയത്  അയാളറിഞ്ഞു. ജീവിതം തികച്ചും വിരസമായും, ഒരേ കഥയുടെ പല പിരിവുകളായും മുന്നോട്ടു പോവാൻ തുടങ്ങിയിട്ടേറെ നാളായി; ഇപ്പോഴുള്ള രോഗികളെ ഒരു വിധം മിനുക്കിയെടുത്ത്, ഈ ജീവിതം എന്നെന്നേയ്ക്കുമായി വലിച്ചെറിയുകയോ,  പുതുക്കിയെഴുതുകയോ വേണമെന്ന തോന്നൽ അയാളുടെ മനസ്സിനെ അലട്ടാൻ തുടങ്ങിയിട്ടും!
ഒരു പഴയ സഹപാഠിയുടെ ഫോൺകാളിൽ സൂചിപ്പിച്ച പേഷ്യന്റിനെ നോക്കാനാവില്ലെന്നു തീർത്തു പറഞ്ഞതുമതുകൊണ്ടാണ്.
"വേണ്ട, നീയേറ്റെടുക്കേണ്ട ഈ കേസ്, പക്ഷെ അവരെ നീയൊന്നു വന്നു കാണൂ"
അവനെ തൃപ്തിപ്പെടുത്താൻ മാത്രമായി അവിടം വരെ വണ്ടിയോടിച്ചു പോയി.
കണ്ടു. പ്രത്യേകിച്ചൊന്നും തോന്നിയില്ല. നിശ്ശബ്ദം അകലേയ്ക്ക് നോക്കി കരയാതെ, ചിരിയ്ക്കാതെ, ഭാവങ്ങളസ്തമിച്ച മുഖമുള്ള ഒരു മുപ്പത്തഞ്ചുകാരി, അതോ നാൽപ്പതോ?
അവരെ നോക്കിയിരിയ്ക്കേ വർഷങ്ങൾ പിറകോട്ടു സഞ്ചരിയ്ക്കാൻ തുടങ്ങി. പ്രീഡിഗ്രി ക്ലാസ്സിൽ ജൂനിയറായി വന്ന ഉഷാറുകാരിയായൊരാവേശകുമാരിയുമായി വിദൂര സാമ്യം! ഫെമിനിസം ഒരു ചീത്ത വാക്കായി കരുതിയിരുന്ന പുരുഷാധിപത്യക്രമത്തിൽ കണ്ട  ആദ്യ ഫെമിനിസ്റ്റ്.
"അവൾക്കൊരെല്ലു കൂടുതലാ അതൊന്നാെടിയ്ക്കണം അളിയാ"
എന്നു പറഞ്ഞ സാമദ്രോഹിയോട്
"നീ പോയൊടിയ്ക്ക്, നിന്റെല്ലു സൂക്ഷിച്ചോണം, എനിയ്ക്ക് ഓസ്റ്റിയോപോറോസിസാ"
എന്ന് പറഞ്ഞതോർമ്മ വന്നു.
അവൻ പിറ്റേന്ന് വീർത്തു കെട്ടിയ മുഖവുമായി വന്നു നിന്നതും!
"ഫെം"
അയാൾ വിളിച്ചു!
അവൾ ഞെട്ടിത്തിരിഞ്ഞു.
അല്പനേരം സൂക്ഷിച്ചു നോക്കിയ ശേഷം മുഖം തിരിച്ചു കളഞ്ഞു.
പിന്നീടും പലവട്ടം അവരെ കാണാൻ അവന്റെ ഹോസ്പിറ്റലിൽ പോയെങ്കിലും അവർ മുഖം തരാൻ കൂട്ടാക്കിയില്ല.
ഒരിയ്ക്കൽ ചെല്ലുമ്പോൾ സുഹൃത്ത് ഒരു ദൂരയാത്രയ്ക്കു പോയിരിയ്ക്കുകയായിരുന്നു,  ഭാര്യയായ സുഷമയായിരുന്നു  അവന്റെ അഭാവത്തിൽ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തിരുന്നത്. അന്ന് അവർക്കൊപ്പം സംസാരിച്ചു നിൽക്കവേയാണ്
ആ ഭാവരഹിതമുഖം നേരിട്ടു കണ്ടത്.
"ആർ യൂ ഫെമിന?"
"ഫെം എന്നു ഞാൻ വിളിച്ചിരുന്ന......"
അവർ ഒന്നു സൂക്ഷിച്ചു നോക്കി തിരിച്ചു നടക്കാൻ തുടങ്ങി. പിന്നെ എന്തോ ആലോചിച്ച് തിരിഞ്ഞു നിന്നു.
"അതേയെങ്കിൽ....."
"നിങ്ങളെങ്ങിനെ ഇവിടെയെത്തിയെന്നറിയാനുള്ള കൗതുകം"
"കൗതുകം?"
അവരുടെ ശബ്ദത്തിൽ പുച്ഛം നിറഞ്ഞു.
"സോറി, എന്റെ മലയാളം അത്ര നന്നല്ല"
"എന്നാൽ അറിയാവുന്ന ഭാഷയിൽ പറയൂ"
"അതെന്തോ ആകട്ടെ, നിങ്ങളെ ഒട്ടും പ്രതീക്ഷിയ്ക്കാത്ത സ്ഥലത്ത്, പ്രതീക്ഷിയ്ക്കാത്ത നിലയിൽ കണ്ടതുകൊണ്ടാണ്....."
അയാൾ നിറുത്തി.
"പ്രതീക്ഷയും, അതില്ലാതിരിയ്ക്കുന്നതും എന്റെ വിഷയമല്ല, ഇറ്റ് ഇസ് യ്വോർ ബോതറേഷൻ"
"നിങ്ങൾ ഏതെങ്കിലും സ്ത്രീസംഘടനയിൽ, ശക്തമായ സ്ത്രീ സാന്നിദ്ധ്യമായി ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ കാണുമെന്നാണു കരുതിയത്, പകരം....."
അയാൾ അർദ്ധോക്തിയിൽ നിർത്തി.
"മനുഷ്യനു മാറാനധികം സമയം വേണ്ടതുണ്ടോ?"
അത്രയും പറഞ്ഞ് അവർ നടന്നകന്നു.
"നിങ്ങൾ അവരെ പ്രകോപിപ്പിയ്ക്കണ്ട. ഷീ ഇസ് എ നൈസ് ലേഡി. അവരുടെ പ്രശ്നം അവർക്കറിയാം, കൃത്യമായി മരുന്നു കഴിയ്ക്കും, മറ്റു രോഗികളെ ആവുന്നത്ര സഹായിക്കുകയും ചെയ്യും."
"അവരാരാണെന്നു സുഷമയ്ക്കറിയാമോ, നല്ല പൊട്ടെൻഷ്യലുള്ള നേതാവാണവർ, ഇവിടെ ഇങ്ങിനെ...."
"ജീവിതം മാറിമറിയുന്നത് പെട്ടെന്നല്ലേ",
അത്രയും പറഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ സുഷമ അകത്തേയ്ക്കു കയറിപ്പോയി.
ഒരിയ്ക്കൽ ഒരാവശ്യത്തിന് അവിടെയെത്തിയപ്പോൾ ഒരു സ്റ്റിക്കർ എഴുതി, ഒട്ടിയ്ക്കാൻ നേരത്താണ് അതിത്തിരി വലുതായിപ്പോയെന്നു തോന്നിയത്. ഒരു ബ്ലേഡോ കത്രികയോ കിട്ടിയിരുന്നെങ്കിൽ അതൊന്നു ട്രിംചെയ്യാമെന്നു തോന്നി.
"ഫെം, കാൻ ഐ ഗെറ്റ് ഒൺ ബ്ലേഡ് ഓർ....."
ഒരലർച്ചയോടെ താഴെ മയങ്ങി വീണ ആ സ്ത്രീയെ നോക്കി അമ്പരപ്പോടെ നിൽക്കാനെ കഴിഞ്ഞുള്ളൂ അയാൾക്ക്.
സുഷമ ഓടി വന്ന് അവരെ വെള്ളം തളിച്ചുണർത്തി അകത്തേയ്ക്ക് കൂട്ടിപ്പോയി.
തിരിച്ചു വരുമ്പാേൾ വിഷാദം മൂടി നിന്നു മനസ്സിൽ.
സുഹൃത്തിനോട് അവരുടെ ചികിത്സ ഏറ്റെടുക്കാം എന്ന് സമ്മതിച്ചതന്നാണ്.
പിന്നെ പതിയെ നടന്നും, ഇരുന്നും, ഉരുണ്ടു വീണും, ഇടറിയും, അവരുടെ മനസ്സിലേയ്ക്കുള്ള യാത്രകൾ.....
റിസർച്ചിന്റെ ഭാഗമായി ഒരു റിഹാബിലിയേഷൻ സെന്ററിലെ ജീവിതത്തെ അടയാളപ്പെടുത്താനെത്തിയതായിരുന്നു അവരവിടെ. ഒഴിഞ്ഞൊരിടത്തെ ശാന്തമായ അന്തരീക്ഷത്തിലുള്ള കുറച്ചു കെട്ടിടങ്ങളുടെ ഒരു സമുച്ചയം. മിക്കതും ഇടിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു.  ഒരാഴ്ചത്തെ താമസവും, അന്തേവാസികളുമായ  ഇടപഴകലുമാണ് പ്ലാൻ ചെയ്തിരുന്നത്.  സൂക്ഷിയ്ക്കണം, സുരക്ഷിതത്വം കുറവാണെന്ന മുന്നറിയിപ്പുണ്ടായിരുന്നു.
"എന്തെങ്കിലും സംഭവിച്ചാൽ പുറം ലോകം അറിയുക പോലുമില്ല"
ഗൈഡ് നേരത്തെ തന്നെ മുന്നറിയിപ്പു കൊടുത്തിരുന്നു.
ആദ്യ ദിവസം തന്നെ റൂമിനോടു ചേർന്നുള്ള കുളിമുറിയ്ക്ക് കുറ്റിയില്ലെന്ന അറിവിലാണ് സഹമുറിയത്തിയായ ആ ഏഴു വയസ്സുകാരിയെ കാവൽ നിർത്തി കുളിയ്ക്കാൻ കയറിയത്.
അവളുടെ പിഞ്ചു മുഖത്ത് മുറിവിന്റെ പാടുകളനവധി, സ്നേഹ പൂർണ്ണമായ ചിരിയും, ചോക്ലേറ്റും അവൾ അമ്പരപ്പോടെയാണ് അവരിൽ നിന്നും ഏറ്റുവാങ്ങിയത്.
അവളോട് സംസാരിയ്ക്കവേയാണ് ചിലപ്പോൾ കടന്നു വരുന്ന ബാബുമാരെ കുറിച്ചറിഞ്ഞത്. അവർ അവിടെയുള്ളവരോടു ചെയ്യുന്ന ദ്രോഹങ്ങളെ കുറിച്ചറിഞ്ഞത്, അവളുടെ ദേഹത്തെ എണ്ണമറ്റ മുറിപ്പാടുകളുടെ കഥയറിഞ്ഞത്. എല്ലാം റെക്കോർഡ് ചെയ്ത്, തിരിച്ചു പോരേണ്ടുന്നതിന്റെ തലേന്നു രാത്രിയാണതു സംഭവിച്ചത്. ആരുടെ ജീവിതത്തിലേയ്ക്കും, ശരീരത്തിലേയ്ക്കും കടന്നുകയറാൻ അവകാശമുണ്ടെന്നു കരുതുന്ന ആ നരാധമൻമാർ ആ കൊച്ചു ക്യാംപസ്സ് കയ്യടക്കിയത്. കുറ്റിയില്ലാത്ത കുളിമുറിയിൽ രാത്രി ആ ചെറിയ പെൺകുഞ്ഞിനേയും കൂട്ടി വാതിൽ ഉള്ളിൽ നിന്നും തള്ളിപ്പിടിച്ച് രാത്രി മുഴുവൻ ഉറങ്ങാതിരുന്നത്. ശബ്ദമൊതുങ്ങിയപ്പോൾ അവൾ പതിയെ വാതിൽ തുറന്ന് ചുണ്ടിനു മുകളിൽ വിരലുവച്ച് നിശ്ശബ്ദത പാലിയ്ക്കാനാവശ്യപ്പെട്ടു. പിന്നെ മന്ത്രിയ്ക്കും പോലെ പറഞ്ഞു അടുത്തൊരിടമുണ്ട്, ഞാൻ ചേച്ചിയെ അവിടെ കൊണ്ടു പോകാം. ഞാൻ ഒളിച്ചിരിയ്ക്കുന്ന ഇടം. ആരുമില്ല പുറത്തെന്നുറപ്പു വരുത്താൻ പോയതാണവൾ. പൊടുന്നനെ ആർപ്പുവിളികൾ പരക്കംപാച്ചിലുകൾ അടക്കിപ്പിടിച്ച കരച്ചിൽ....
ആരോ ഉറക്കെ പറയുന്നു,
"ഒരു ബ്ലേഡ് കൊണ്ടു വരൂ അവൾ തീരെ ചെറുതാണ്......"
ബോധം മറഞ്ഞു പോയിരുന്നു. ഒരു പക്ഷെ, അതുകൊണ്ടു മാത്രം രക്ഷപ്പെട്ട രാത്രി. പിറ്റേന്ന് ആരുടെയും മുഖത്തു നോക്കാതെ മടക്കയാത്ര. റിസർച്ചുപേക്ഷിച്ചു. മനസ്സു താളം തെറ്റാൻ തുടങ്ങിയപ്പോൾ വീട്ടുകാർ മെന്റൽ അസൈലത്തിലാക്കി. ഒരു വിധം  നോർമലായിട്ടും തിരിച്ചു കൂട്ടാൻ ആരും വന്നില്ല. പോവാൻ താല്പര്യവും തോന്നിയില്ല. ജീവിതത്തിൽ എല്ലാത്തിനോടും വിരക്തി തോന്നി തുടങ്ങിയിരുന്നു.....
അവർ പറഞ്ഞു നിറുത്തവേ അയാൾ ചോദിച്ചു, "നിങ്ങൾക്കെന്നെ വിശ്വസിയ്ക്കാമോ?"
"എന്തിന്?"
"നമുക്ക് ഒരു യാത്ര പോവാം, തിരിച്ചു വരേണ്ടതില്ലാത്ത യാത്ര. കൃത്യമായ സ്ഥലങ്ങൾ താണ്ടേണ്ടതില്ലാത്ത യാത്ര"
"ഈ ജീവിതം എനിയ്ക്കും മടുത്തു തുടങ്ങിയിരിയ്ക്കുന്നു. ഒരു യാത്രയ്ക്കൊരുങ്ങുകയാണ് ഞാൻ, പറഞ്ഞല്ലോ, മടക്കമില്ലാത്ത യാത്ര".
"അങ്ങിനെയാണ് ഞങ്ങളിവിടെ.... "
"വരും വഴി മൊബൈൽ ദേവപ്രയാഗിൽ വച്ച് സിം നശിപ്പിച്ച് വലിച്ചെറിഞ്ഞു. തിരിഞ്ഞു നോക്കാത്ത ഒരു തരം ബന്ധമറുക്കൽ.....
കിട്ടുന്നത് കഴിച്ച് കിട്ടിയത് വച്ച് പാകം ചെയ്ത്......."
അയാൾ പറഞ്ഞു നിറുത്തി.
കഥ കഴിയുമ്പോൾ രാവേറെയെത്തിയിരുന്നു. മന്ദാകിനിയുടെ തീരം മഞ്ഞിറങ്ങി മാഞ്ഞിരുന്നു.
ഒരു ചെറിയ ചായക്കടയിൽ ഒരറ്റത്ത് സ്ലീപ്പിംഗ് ബാഗിലേയ്ക്ക് ആഴ്ന്നിറങ്ങിക്കിടന്നു. നടപ്പിന്റെ ക്ഷീണത്തിനിടയിലും ഉറക്കം ദൂരെ മാറി നിന്നു. മഞ്ഞിലൂടെ ഊർന്നിറങ്ങിയ നിലാവ് അവരുടെ മുഖത്ത് ചിത്രപ്പണികൾ ചെയ്യുന്നത് നോക്കിക്കിടക്കവെ അമ്പരന്നത് അറിയാത്ത ജീവിതങ്ങളെക്കുറിച്ചാണ്.
-----------------------------------
വര -കരിഷ്മ
ഫെം (കഥ: റാണി.ബി.മേനോന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക