കൊച്ചി : എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ ഡൊണേഷന്‍ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാരാമെഡിക്കല്‍ കോഴ്‌സിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്. കൂത്താട്ടുകുളത്ത് ഫിനീക്‌സ് എന്ന പേരില്‍ എഡ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി നടത്തുന്ന അനു ചന്ദ്രന്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായ ജയകുമാര്‍, മുന്‍ ഉദ്യോഗസ്ഥന്‍ ശശിധരന്‍ എന്നിവരാണ് പിടിയിലായത്.
മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ വിജയിച്ചവരുടെ കയ്യില്‍ നിന്നാണ് സംഘം പണം തട്ടിയത്. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇവര്‍ വാങ്ങിയത്. കോഴ്‌സുകള്‍ക്ക് ഡൊണേഷന്‍ നല്‍കേണ്ടതില്ല എന്ന കാര്യം അറിയാത്തവരെയാണ് സംഘം കബളിപ്പിച്ചത്. കണ്‍സല്‍ട്ടന്‍സി നടത്തുന്ന അനുചന്ദ്രന് ഇത്തരം ആളുകളുടെ വിവരം കൈമാറിയത് കോളേജ് ഉദ്യോഗസ്ഥനായ ജയകുമാറാണ്.
സീറ്റിന് പണം ആവശ്യപ്പെട്ട് ചിലര്‍ വിദ്യാര്‍ത്ഥികളെ സമീപിച്ചത് ശ്രദ്ധയില്‍ പെട്ട കോളേജ് അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലും സംഘം സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.