Image

സൂപ്പര്‍ ഓവറില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് ഡല്‍ഹി

Published on 20 September, 2020
സൂപ്പര്‍ ഓവറില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് ഡല്‍ഹി


ദുബായ്: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് - കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഡല്‍ഹിക്ക് ജയം. മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെറിഞ്ഞ കഗിസോ റബാദ കെ.എല്‍ രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കിയിരുന്നു. .

ഡല്‍ഹി ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനും എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മായങ്ക് അഗര്‍വാളിന്റെ 
ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തില്‍ ജയത്തിലേക്ക് കുതിച്ച പഞ്ചാബിന് അവസാന ഓവറില്‍ പിഴച്ചു. 60 പന്തുകള്‍ നേരിട്ട് നാലു സിക്സും ഏഴു ഫോറുമടക്കം 89 റണ്‍സെടുത്ത മായങ്ക് അഞ്ചാം പന്തില്‍ പുറത്തായി. ജയിക്കാന്‍ രണ്ടു പന്തില്‍ ഒരു റണ്ണെന്ന ഘട്ടത്തിലായിരുന്നു ഈ പുറത്താകല്‍. അടുത്ത പന്തില്‍ ക്രിസ് ജോര്‍ദാനെ മാര്‍ക്കസ് സ്റ്റോയ്നിസ് റബാദയുടെ കൈയിലെത്തിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. 

തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. ആദ്യ നാല് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (0) റണ്ണൗട്ടായപ്പോള്‍ പൃഥ്വി ഷാ (5), ഷിംറോണ്‍ ഹെറ്റ്മയര്‍ (7) എന്നിവരെ മുഹമ്മദ് ഷമി മടക്കി. 29 പന്തില്‍ നിന്ന് നാലു ഫോറുകളോടെ ഋഷഭ് 31 റണ്‍സെടുത്തു. 32 പന്തില്‍ നിന്ന് മൂന്നു സിക്സറുകളടക്കം 39 റണ്‍സെടുത്ത ശ്രേയസ് അയ്യരെ തന്റെ രണ്ടാം സ്പെല്ലില്‍ ഷമി മടക്കി. മികച്ച ബൗളിങ് പ്രകടനവുമായി കളംനിറഞ്ഞ മുഹമ്മദ് ഷമി നാല് ഓവറില്‍ വെറും 15 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക