Image

കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയപ്രക്ഷോഭം

Published on 20 September, 2020
കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയപ്രക്ഷോഭം
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയതല പ്രക്ഷോഭത്തിന് ഇന്ന് (തിങ്കള്‍) ബാംഗളൂരില്‍ തുടക്കമാകും. ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഘട്ട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കും. മധ്യപ്രദേശില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ച നിയമസഭ മാര്‍ച്ചിനെത്തുടര്‍ന്ന് നിയമസഭ സമ്മേളനം റദ്ദു ചെയ്തു. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുവാനും ദേശീയ കമ്മിറ്റി തീരുമാനിച്ചു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കേരളത്തിലെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി. കൊച്ചി റിസര്‍വ് ബാങ്കിനു മുമ്പില്‍ 23ന് രാവിലെ 10 മുതല്‍ നാലു വരെ വിവിധ കര്‍ഷക സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തോടെ സംസ്ഥാനതല പ്രതിഷേധ പ്രക്ഷോഭത്തിനു തുടക്കമാകും. നേതാക്കള്‍ കര്‍ഷകവിരുദ്ധ നിയമം കത്തിക്കും. കര്‍ഷകവിരുദ്ധ കരിനിയമം റദ്ദു ചെയ്യുക, കാര്‍ഷിക കടം എഴുതിത്തള്ളുക, പരിസ്ഥിതി ലോല ബറര്‍സോണ്‍ പിന്‍വലിക്കുക, കര്‍ഷക ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക എന്നിവയാണ് കേരളത്തിലെ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. പരിസ്ഥിതി ലോല ബഫര്‍ സോണിനെതിരേ ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയസ് ഇഞ്ചനാനി ആരംഭിക്കുന്ന പടപ്പുറപ്പാട് പ്രക്ഷോഭത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് പിന്തുണ പ്രഖ്യാപിച്ചു. 25ന് പഞ്ചായത്തുതല പ്രതിഷേധങ്ങള്‍ നടക്കും.

ദേശീയ കോഓര്‍ഡിനേറ്റര്‍ കെ.വി. ബിജു, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി, അഡ്വ. ജോണ്‍ ജോസഫ്, കണ്‍വീനര്‍മാരായ ജോയി കണ്ണഞ്ചിറ, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, രാജു സേവ്യര്‍, സ്‌കറിയ നെല്ലുംകുളി, ഹരിദാസ് പാലക്കാട്, സുരേഷ് ഓടാംപന്തിയില്‍, ജോര്‍ജ് കെ.വി., ബിജു കൊല്ലകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

അഡ്വ. ബിനോയ് തോമസ്
ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക