Image

കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് പകരാന്‍ സാധ്യത കുറവെന്ന്

Published on 20 September, 2020
കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് പകരാന്‍ സാധ്യത കുറവെന്ന്
കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കണ്ണട വയ്ക്കുന്നവര്‍ക്ക് നിരന്തരം കണ്ണില്‍ തൊടാനുള്ള പ്രവണത കുറവായിരിക്കും. ഇത് മൂലം കൈകളില്‍ നിന്ന് കൊറോണ വൈറസ് കണ്ണുകളിലേക്ക് പകരാനുള്ള സാധ്യത കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ മനുഷ്യര്‍ ഒരു മണിക്കൂറില്‍ പത്ത് തവണയെങ്കിലും അറിയാതെ തങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുമെന്നാണ് കണക്കാക്കുന്നത്.  വൈറസ് ശരീരത്തിനുള്ളില്‍ കയറാതിരിക്കാന്‍ വായും മൂക്കും മാത്രമല്ല കണ്ണും സംരക്ഷിക്കണമെന്നു പുതിയ പഠനം അടിവരയിടുന്നു.

ചൈനയിലെ സൈ്വയ്ചോയില്‍ നടത്തിയ ഗവേഷണ പഠനത്തില്‍ 276 രോഗികളാണ് പങ്കെടുത്തത്. നിത്യവും കണ്ണട വയ്ക്കുന്നവരില്‍ സാധാരണക്കാരെ അപേക്ഷിച്ച് അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടി. കണ്ണട വയ്ക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശതമാനമാണെങ്കില്‍ അല്ലാത്തവര്‍ക്ക് ഇത് 31.5 ശതമാനമായിരുന്നു.

കോവിഡ് രോഗികളുടെ കണ്ണീരില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ചില പഠനങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സയ്ക്കിടെ നേത്രരോഗ ചികിത്സകര്‍ക്കും കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കൊറോണ വൈറസ് ശരീര കോശങ്ങളില്‍ പ്രവേശിക്കാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ-2 റിസപ്റ്ററുകള്‍ നേത്ര പ്രതലത്തില്‍ ധാരാളമുള്ളത് കണ്ണിലൂടെ വൈറസ് അകത്ത് കടക്കാന്‍ വഴിയൊരുക്കുന്നു. കോവിഡ് ബാധിതരില്‍ ഒന്നു മുതല്‍ 12 ശതമാനം വരെ രോഗികളില്‍ നേത്ര സംബന്ധിയായ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക