Image

നീലച്ചിറകുള്ള മൂക്കുത്തികൾ 31 - സന റബ്സ്

Published on 20 September, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ 31 - സന റബ്സ്
മിലാനും കുടുംബവും പതിനൊന്നുമണിയോടെ  ഡൽഹിയിൽ എത്തിച്ചേര്‍ന്നു. അവരെ സ്വീകരിക്കാന്‍ മൈത്രേയി എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ആവേശത്തോടെ അവള്‍ വന്നു മിലാനെ കെട്ടിപ്പിടിച്ചു.  “ഹായ് ദീദീ, വെല്‍ക്കം ടു ഔര്‍ ഫാമിലി...” സഞ്ജയും ശാരികയും മൈത്രെയിയെ ചേര്‍ത്തുനിറുത്തി. “അച്ഛന്‍ എവിടെ? വീട്ടിലുണ്ടോ മോളെ?”
“ഇല്ല ആന്റീ, അച്ഛനും നിരഞ്ജന്‍ അങ്കിളുംകൂടി പുറത്ത് പോയി, ഉടനെ വരും എന്നാണ് പറഞ്ഞത്.”
“ഓക്കേ, എന്തെങ്കിലും സ്പെഷ്യല്‍ നിനക്ക് വാങ്ങണോ? ഉണ്ടെങ്കില്‍ വാങ്ങിയിട്ട് പോകാം. ഇന്ന് മാത്രമേ നമ്മള്‍ ഫ്രീയാകൂ” മിലാന്‍റെ സ്നേഹസ്വരം കേട്ട് മൈത്രേയി ആ കൈകളില്‍ പിടിച്ചു. “ഇനി അങ്ങോട്ട്‌ കൊണ്ടുപോകാന്‍ ഉള്ളത് ദീദിയെ മാത്രമാണ്. നാനി കാത്തിരിക്കയാണ്. അമ്മയും ഉണ്ട്.  കുറെ ഗസ്റ്റ്‌ എത്തിയിട്ടുണ്ട്. പിന്നെ അങ്കിള്‍...” മിത്ര തിരിഞ്ഞു സഞ്ജയിനെ നോക്കി തുടര്‍ന്നു “നമ്മുടെ ദുര്‍ഗാമ്മയുടെ പ്രതിമ അപൂര്‍വഭംഗിയുള്ളതാണ്. ഞാന്‍ ഉദ്ദേശിച്ചതിലും ഗംഭീരമായിരിക്കുന്നു. അതിന്‍റെ ക്രെഡിറ്റ്‌ അങ്കിള്‍ എടുക്കുന്നില്ലേ...”

“നീ വാ...” അയാളവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു.

“ക്രെഡിറ്റ്‌ അവസാനം. നീ എന്തൊക്കെ അറെഞ്ച് ചെയ്തു എന്ന് നോക്കാതെ മാര്‍ക്ക് തരാന്‍ കഴിയുമോ?”

ദാസിന്‍റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ മിലാന്‍റെ ഫോണില്‍ മെസ്സേജ് ചിലച്ചു. “മൈ ഹണീ, വെല്‍ക്കം, ഞാന്‍ ഉടനെയെത്തും. നാളെ രാവിലെ പൂജയോടെയാണ് നമ്മുടെ ചടങ്ങുകള്‍ ആരംഭിക്കുക. പുലര്‍ച്ചെമുതല്‍  വല്ലാത്ത തിരക്കും ബഹളവുമായിരിക്കും.. ഇന്നും അതാണവസ്ഥയെങ്കിലും മുകളിലെ മുറിയിലെ സീക്രട്ട്റൂമില്‍ നിന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെ... അത്യാവശ്യകാര്യങ്ങള്‍ പറയാനുണ്ട്. ഇന്ന് ഞാനനയക്കുന്ന എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്യണം.”

ഓക്കേ എന്നടിച്ചു അവളാ മെസ്സേജ് ഡിലീറ്റ് ചെയ്തു.

ദാസിന്റെ വീട്ടിലേക്കുള്ള മനംമയക്കുന്ന വഴികളില്‍ത്തന്നെയായിരുന്നു എല്ലാവരുടെയും കണ്ണുകള്‍. പകുതിവരെ വെള്ളപ്പെയിന്റടിച്ച ഒരുവശത്ത്മാത്രം നിരയായി നില്‍ക്കുന്ന തെങ്ങുകള്‍ക്ക് അരികിലായി പച്ചക്കുടകളുടെ ആകൃതിയില്‍ ചെടികള്‍ വെട്ടിയൊരുക്കിയും നിറുത്തിയിരുന്നു. രാത്രിയിലെ പൊലിമയിലേക്ക് ഉണരാന്‍ അവയില്‍ നാനാവര്‍ണ്ണബള്‍ബുകള്‍ ഉറങ്ങിക്കിടന്നു.

അക്ഷരാര്‍ത്ഥത്തില്‍ ആ കൊട്ടാരം പുതിയ വധുവിനെ സ്വീകരിക്കാന്‍ കൈകൂപ്പിനില്‍ക്കയാണെന്ന് തോന്നിച്ചു. മട്ടുപ്പാവില്‍നിന്നാല്‍ താരാദേവിക്ക് മിലാന്‍റെ വാഹനവ്യൂഹം കാണാമായിരുന്നു. അവര്‍ മേനകയെ വിളിച്ചുകൊണ്ട് താഴേക്കിറങ്ങിവന്നു. മേനക മാത്രമല്ല അവരുടെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും താരാദേവിയുടെകൂടെ കൂട്ടത്തോടെ പുറത്തേക്കിറങ്ങി. താരാദേവിയുടെ സഹോദരകുടുംബമായതിനാല്‍ മേനകയുടെ കുടുംബത്തിലെ എല്ലാവരും ആ ചടങ്ങില്‍ അനിവാര്യവുമായിരുന്നു.

അതിവിശാലമായ പന്തലിന്റെ വിവിധ ഭാഗങ്ങളിലെല്ലാം ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നുണ്ടായിരുന്നു. ഒരു ഭാഗത്ത്‌ മെഹന്ദി ഒരുക്കുന്നു, മറ്റൊരു ഭാഗത്ത്‌ നൃത്തം ചെയ്യാനുള്ള നര്‍ത്തകീനര്‍ത്തകരുടെ ഒരുക്കങ്ങള്‍, വലിയ ഹാളില്‍ പൂജയ്ക്കുള്ള ആളുകള്‍, ഇനിയുമൊരിടത്ത് ആഹാരം ഒരുക്കുന്ന തിരക്കുകള്‍, മധുരപലഹാരങ്ങള്‍ എണ്ണയില്‍ മൊരിയുന്ന മണവും ഒഴുകിയെത്തുന്നു. ഇതിനെല്ലാമുപരി വിശാലമായ മുറ്റത്തുനിറയെ വര്‍ണ്ണങ്ങള്‍ കോരിയൊഴിച്ചുള്ള രംഗോലിയൊരുങ്ങുന്നു.

 അരോഗദൃഡഗാത്രനായ ഒരാള്‍ അവരുടെ കൂട്ടത്തില്‍നിന്നും വേഗം മുന്നോട്ടുവന്നു. “താരേ, നീ വിളക്കും പൂവും എടുത്തോളൂ...” മൃദുവായാതെങ്കിലും ആ ശബ്ദം മുഴങ്ങിയിരുന്നു. തലമുടി മുഴുവനും നരകയറിയ, വെള്ളനിറത്തില്‍തന്നെ വട്ടത്താടിവെച്ച മെലിഞ്ഞുനീണ്ട  അയാളുടെ കണ്ണുകളിലെ രശ്മികള്‍ക്ക് താരാദേവിയുടെ നോട്ടത്തേക്കാള്‍ മൂര്ച്ചയുള്ളതായി തോന്നി.  താരാദേവിയുടെ സഹോദരനും മേനകയുടെ അച്ഛനുമായ ആര്യവര്ധനന്‍ ആയിരുന്നു അത്. നോട്ടംകൊണ്ടുതന്നെ അയാള്‍ മേനകയെയും മുന്നിലേക്കെത്തിച്ചു. ചുവന്ന സാരിയുടെ തലപ്പ്‌ മേനക തലയില്‍ ഇട്ടിരുന്നില്ല. നീണ്ട മുടിയുമായി കൂടിക്കലരാതെ ആ സാരിത്തലപ്പ് നിലത്തിഴഞ്ഞു.

“ഈ വീട്ടിലേക്കു വര്‍ഷങ്ങള്‍ക്കുശേഷം ഒരു വധുവിനെ സ്വീകരിക്കുന്നു. ഉറച്ച പ്ലാറ്റ്ഫോം ആണെന്ന് നമുക്കും അവര്‍ക്കും ഇപ്പോഴേ ബോധ്യപ്പെടണം അല്ലേ അങ്കിള്‍...” ചോദ്യം കേട്ട ഭാഗത്തേക്ക്‌ ആര്യവര്ധനന്‍ മാത്രമല്ല മേനകയും അമ്മയും നോക്കി.
മേനക ചിരിച്ചു. “തനൂജാ, നിങ്ങള്‍ വളരെ മനോഹരിയായിരിക്കുന്നു.”

“ഒഹ് മേനകാജീ, താങ്ക്യൂ... പക്ഷെ മേനകാജിയാണ് നാച്ചുറലായി   തിളങ്ങുന്നത്.” തന്‍റെ മനോഹരമായ മുടി തനൂജ ഉയര്ത്തിക്കെട്ടിയിരുന്നു. ചില മുടിയിഴകള്‍ മുഖത്തേക്ക് അലസമായി വീണുകിടന്നു.

“ആരാണിത്?” അയാള്‍ ആന്ഗ്യംകൊണ്ട് താരാദേവിയെ നോക്കി. “തനൂജാതിവാരി, സിനിമാനടി...എട്ടന് അറിയില്ലേ?”

“ഞാന്‍ സിനിമ കാണാറില്ല,” ഗൗരവത്തില്‍ പറഞ്ഞു അയാള്‍ മുന്നോട്ടുനടന്നു. “നിന്റെ മകന് ഒരു മാറ്റവും ഇല്ലല്ലേ...”

“ശ്ശ്... ഏട്ടാ... ആളുകളുണ്ട് കേട്ടോ....” താരാദേവി അയാളെയുംകൊണ്ട് വേഗത്തില്‍ മുന്നോട്ടുപോയി.
കാറുകള്‍ ഒഴുകിവന്നു. സഞ്ജയും ശാരികയും ബന്ധുക്കളും കാറില്‍നിന്നും ആദ്യമിറങ്ങി. മിലാനും മൈത്രേയിയും ഒരുമിച്ചൊരുകാറില്‍നിന്നിറങ്ങി മുന്നോട്ടുനടന്നു. തങ്ങളുടെ നേര്‍ക്ക്‌ നടന്നുവരുന്ന നാനിയേയും മുത്തശ്ശനേയും മിലാന് മൈത്രേയി ചൂണ്ടിക്കാണിച്ചുകൊടുത്തു.

“മുത്തശ്ശന്‍ വല്യ ഗൗരവം കാണിക്കും കേട്ടോ ദീദീ...”മൈത്രേയി  ഓര്‍മ്മിപ്പിച്ചു.

ഹാര്‍ദ്ദവമായ സ്വീകരണമായിരുന്നു അവിടെ നടന്നത്. പൊട്ടിച്ചിരികളും സ്നേഹാന്വേഷണങ്ങളും നിറഞ്ഞ മനസ്സോടെതന്നെ നടന്നു. ആള്‍ക്കൂട്ടത്തിലും ആരവമായി തനൂജയെയും മിലാനും കുടുംബവും കണ്ടു.

“ഫ്രണ്ട്സ് വന്നില്ലേ മിലാന്‍?” അല്പം തിരക്കൊഴിഞ്ഞപ്പോള്‍ തനൂജ മിലാനരികിലെത്തി.

“ഉണ്ട്, അവരൊക്കെ വരുന്നുണ്ട്. പിന്നെ തനൂജ ഇവിടെ ഉണ്ടാകുമെന്ന് വിദേത് പറഞ്ഞിരുന്നു. അത് മതിയല്ലോ...” ചെറിയൊരു പുഞ്ചിരിയോടെ മിലാന്‍ പറഞ്ഞപ്പോള്‍ വിടര്‍ന്ന കണ്ണുകളോടെ തനൂജ തലയാട്ടി. “ഒഫ് കോഴ്സ്...അതെ... ഞാനുണ്ടല്ലോ ഇവിടെ....”

“മോള്‍ ഇവിടെ വരൂ... അവിടെ മൈത്രേയിയുടെ അമ്മയുടെ അമ്മയുണ്ട്. അവര്‍ വിളിക്കുന്നുണ്ട്.” താരാദേവി അരികിലേക്ക് വന്നു മിലാന്‍റെ കൈ പിടിച്ചു.
 സമയം ബഹളമയമായി  ഓടിക്കൊണ്ടിരുന്നു. നടുത്തളത്തിലെ താമരക്കുളത്തിലെ പൂക്കള്‍ നോക്കിനിന്ന മിലാന്‍റെ കൈകളില്‍ ആരോ കൊരുത്തു.  മേനക!

“ഞാന്‍ മിത്രയോട് ചോദിച്ചിരുന്നു. കാണാന്‍....” മിലാന്‍ അവരുടെ മുഖത്തേക്ക് നോക്കി.

“വരൂ... ഇവിടെ ഇരിക്കാം...” മേനക മിലാനെ അരികെ പിടിച്ചിരുത്തി.

കുറച്ചുനേരം രണ്ടുപേരും മിണ്ടിയില്ല.

“വിദേത് എപ്പോള്‍ വരുമെന്ന് പറഞ്ഞോ?”

“യെസ്... വൈകുമെന്നാണ് പറഞ്ഞത്....”

“മിലാന് എന്തൊക്കെയാണ് പ്ലാനുകള്‍..."

“സിനിമകള്‍ ഇപ്പൊ ഇല്ല, വിവാഹശേഷമേയുള്ളൂ ഇനി...”

“ബിസിനസ്സില്‍ താല്പര്യമുണ്ടോ?”

“ഒട്ടുമില്ല. നോ വേ....”

അല്പനേരംകൂടി അവരങ്ങനെയിരുന്നു. “ശരി, എന്നാല്‍ മിലാന്‍ പോയി വിശ്രമിക്കൂ...രാത്രിയിവിടെ എന്തെക്കൊയോ ആഘോഷങ്ങള്‍ ഉണ്ടല്ലോ...”

മേനക എഴുന്നേറ്റു. നടക്കുവാന്‍ തിരിഞ്ഞ അവരുടെ കൈകളില്‍ മിലാന്‍ എത്തിപ്പിടിച്ചു. അവര്‍ തിരിഞ്ഞുനോക്കി.

“ഉം.....അതുപിന്നെ....” മിലാന്‍ നിറുത്തിയപ്പോള്‍ മേനക ചിരിച്ചു. “എന്നെ എന്ത് വിളിക്കുമെന്ന് അല്ലെ...?”

അവര്‍ മിലാന്റെ അരികിലിരുന്നു. “വിളിയില്‍ ഒന്നുമില്ല മിലാന്‍... അല്ലെങ്കില്‍ വിളിയിലാണ് എല്ലാം... മിലാന് ഇഷ്ടമുള്ളത് വിളിക്കാം..പേര് വിളിച്ചാലും സന്തോഷം...”

“അതല്ല, നിങ്ങളുടെ ജീവിതം....അതിന്റെ ചുറ്റുപാടുകള്‍....”
മേനകയുടെ ശാന്തമായ കണ്ണുകള്‍ ഒന്ന് തുറന്നടഞ്ഞു. “വളരെ ലളിതമായിരുന്നു എന്റെ ജീവിതം... ആഗ്രഹവും ലളിതം. എന്നാല്‍ വിദേത് ആഗ്രഹങ്ങളുടെ ആകാശവും... ഞാനും ആകാശം ഇഷ്ടപ്പെടുന്നു. പക്ഷെ അത് സ്വച്ഛമായ ഒരു മരക്കൊമ്പിലിരുന്നു നോക്കിക്കാണാന്‍ ആഗ്രഹിക്കുന്ന, മഴത്തുള്ളികള്‍ ചിറകില്‍ മാത്രം തണുപ്പോടെ വന്നു വീഴാന്‍ ആഗ്രഹിക്കുന്ന, ഒരു ചെറിയ പക്ഷിയായിട്ട് മാത്രം. എന്നാല്‍ വിദേത് ആകാശം കീഴടക്കാന്‍ പറന്നു. പിന്നീടയാള്‍ പറന്നുപോയ മരം ഏതെന്ന് മറന്നു. വീശിയടിച്ചു പറന്നുപോകുന്ന പോക്കില്‍ ഓരോ മിന്നാരത്തിലും കൂടുതല്‍ പറവകള്‍ വിദേതിനെ വരവേറ്റു. അങ്ങനെ താഴെയീ  ഭൂമിയില്‍ മരക്കൊമ്പില്‍ കാത്തിരുന്ന ആ  പക്ഷിയും വിസ്മൃതിയിലേക്ക് ആഴ്ന്നുപോയി.”

വീണ്ടും മൗനം നിറഞ്ഞ മാത്രകള്‍....

“പക്ഷെ വിദേത് നല്ലൊരു അച്ഛനാണ്. മറ്റെന്തിനെക്കാളും പൊക്കിള്‍ക്കൊടിബന്ധം അയാള്‍ വിലമതിക്കുന്നു. അയാളുടെ രക്തത്തെ സ്വീകരിച്ച എന്നെ മകളില്‍നിന്നും അയാള്‍ വേര്‍പ്പെടുത്തുന്നില്ല. കാണുന്നില്ലേ?”

“നിങ്ങൾക്ക്  വേണമെങ്കില്‍ വീണ്ടും ഒന്നിക്കായിരുന്നില്ലേ?” മിലാന്‍റെ ആകാംക്ഷ  നിറഞ്ഞ ചോദ്യം കേട്ട് മേനക പതുക്കെ ചിരിച്ചു. “എന്തിന്...? പുകഞ്ഞ കൊള്ളികള്‍ പുറത്തു കളയാതെ പുക സഹിക്കേണ്ട കാര്യമെന്ത്...? ഇനി ഞങ്ങള്‍ ഒരുമിച്ചിരുന്നു എങ്കിലും ഏതോ വഴിയില്‍ രണ്ടുപേരും മാഞ്ഞുപോകുമായിരുന്നു. എനിക്കും ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങള്‍ ഇഷ്ടമല്ല. എന്‍റെ വഴികളില്‍ പിന്നീടു ഞാനനുഭവിച്ച തെളിവും നൈര്‍മ്മല്യവും ഒരിക്കലും ഞങ്ങള്‍ ഒരുമിച്ചുണ്ടായാല്‍ ഇരുവര്‍ക്കും ലഭിക്കുമായിരുന്നില്ല. ചില അടുപ്പങ്ങളെക്കാള്‍ നല്ലത് അകല്‍ച്ചകളാണ്.”

“പക്ഷെ മിലാന്‍....” അവളുടെ കൈകള് തന്റെ കൈകളിലേക്ക് കവര്‍ന്നുകൊണ്ട് മേനക മിലാന്റെ താടി പിടിച്ചുയര്‍ത്തി. “വിദേത് ഒരുപാട് അടങ്ങിയിട്ടുണ്ട് ഇപ്പോള്‍... എപ്പോഴൊക്കെയോ അയാള്‍ക്ക്‌ നല്ലൊരു ജീവിതം കിട്ടാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. മിലാന് അതിനു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കാമുകിയെക്കാളും കാമുകിയുടെ ശരീരത്തെക്കാളും പലപ്പോഴും അയാള്‍ക്കാവശ്യം സാന്ത്വനം നല്‍കുന്നൊരു മടിത്തട്ടാണ്. മിലാന്‍ പക്വതയുള്ള കുട്ടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് നല്ലൊരു ജീവിതം ഞാന്‍ നിങ്ങള്‍ക്ക് നേരുന്നു.” മേനക മിലാന്റെ കൈകള്‍ തന്റെ ഹൃദയത്തോട് ചേര്‍ത്തു.

നേര്‍ത്ത അവരുടെ വാക്കുകള്‍ നനുത്ത തീര്‍ത്ഥപ്രവാഹംപോലെയായിരുന്നു. അവ മിലാന്‍റെ ശിരസ്സിനെ നനച്ചുകൊണ്ടൊഴുകിവീണു. മിലാന്‍ എഴുന്നേറ്റു അവരെ കെട്ടിപ്പിടിച്ചു. തുളസിയുടെയോ രാമച്ചത്തിന്റെയോ കസ്തൂരിയുടെയോ മണം ആ സ്ത്രീയെ പൊതിഞ്ഞിരിക്കുന്നതായി മിലാന് തോന്നി.

വീണ്ടും ആ വീട്ടിലേക്കു ആളുകള്‍ ഒഴുകിവന്നു. തിരക്കില്‍ പലപ്പോഴും ദാസിന്‍റെ ഫോണ്‍ വന്നെങ്കിലും ചുറ്റുമുള്ളവരുടെ തിരക്കും ബഹളവും കാരണം മിലാന്‍ ഒന്നും വ്യക്തമായി കേട്ടുമില്ല. ഏകദേശം രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരോലിനും റിനുവും മറ്റ് കൂട്ടുകാരും മിലാനരികിലെത്തി. ദാസിന്റെ മുറിയുടെ തൊട്ടരികിലായിരുന്നു താരാദേവി മിലാനും കുടുംബത്തിനും മുറിയൊരുക്കിയത്.

ആഹാരത്തിന് ശേഷം ഒരു മയക്കത്തിലേക്ക് മിലാന്‍ വഴുതിവീണു. ശാരിക വന്നു കുലുക്കിയുണര്‍ത്തിയപ്പോഴാണ് മിലാന്‍ എഴുന്നേറ്റത്. “എന്താ അമ്മാ...”

“ഇങ്ങനെ ഉറങ്ങാതെ, വേഗം ഫ്രഷ്‌ ആയി വാ... ഇതാ ഈ വസ്ത്രം ധരിക്ക്...വേഗം... ബ്യൂട്ടീഷ്യന്‍സ് എത്തിയിട്ടുണ്ട്.  ഇന്ന് വൈകുന്നേരം പൂജയുണ്ട്. നിനക്ക് ദാ ഈ ദാവണിയാണ്.” വെള്ളയില്‍ ചുവപ്പ് കരകളാല്‍ തിളങ്ങുന്ന ദാവണിയും ഗോള്‍ഡന്‍ കളര്‍ ബ്ലൌസും ശാരിക മിലാനരികിലേക്ക് നീക്കി വെച്ചു. “താഴെ ദാസ് വന്നിട്ടുണ്ട്.”
മിലാന് ഒരു നിമിഷം ഒരു കുതിപ്പുണ്ടായി. അമ്മയെ നോക്കാതെ അവളത് അടക്കിക്കളഞ്ഞു. “പൂജ രാവിലെയല്ലേ വേണ്ടത് അമ്മാ...”

“അതുണ്ട്, നാളെ അതിരാവിലെ.... അതിനുശേഷമാണ് നിങ്ങളുടെ നിശ്ചയച്ചടങ്ങുകള്‍. ഇവിടത്തെ അമ്മയുടെയും അമ്മാവന്റെയും ഒക്കെ ബന്ധുക്കള്‍ വളരെക്കാലം കഴിഞ്ഞു വന്നതല്ലേ, മാത്രമല്ല നല്ലൊരു ചടങ്ങും നടക്കാന്‍ പോകുന്നു. അതിന്റെ മുന്നോടിയായി ദേവപ്രീതി വേണ്ടതല്ലേ...”

“അച്ഛന്‍ എവിടെ?” മിലാന്‍ അനേഷിച്ചു.

“അച്ഛനെ നിനക്കറിയാമല്ലോ, ആര്യവര്ധനന്‍ സാറുമായി ഗഹനമായ യുക്തിവാദചര്‍ച്ചയിലാണ്.”

“മുത്തശ്ശനും നിരീശ്വരനാണോ....”

“നീയൊന്ന് എഴുന്നേല്‍ക്കുന്നുണ്ടോ....” ശാരിക ശാസിച്ചു.

കതകില്‍ തട്ടി ബ്യൂട്ടീഷ്യന്‍സ് മുറിയിലേക്ക് കയറിവന്നപ്പോള്‍ ശാരിക പുറത്തേക്ക് നടന്നു.
“അമ്മാ...മിത്ര എവിടെ? ഇങ്ങോട്ട് വരാന്‍ പറ...”
“അവള്‍ അവളുടെ അച്ഛന്റെ മുറിയില്‍ കാണും. മകള്‍ അച്ഛനെ വരനാക്കുകയല്ലേ....”
“അമ്മാ..അമ്മാ...ഒരു മിനിറ്റ്.... ഇങ്ങോട്ടൊന്നു വാ....” മിലാന്‍ വീണ്ടും വിളിച്ചു.
“എന്താ...” ശാരിക അരികിലേക്ക് വന്നു. “എനിക്ക് പോയി വസ്ത്രം മാറണം. വേഗം പറ...”
“അമ്മാ...തനൂജ എന്താ ചെയ്യുന്നത്? അവളെ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ....”
“ഓ...എനിക്കറിയില്ല. മിന്നല്‍ വേഗത്തില്‍ ചിലയിടത്ത് വെളിവാകും. ചില നേരത്ത് കാണില്ല, എന്തായാലും ദാസ്‌ വന്നു കേറിയ ഉടനെ ജ്യൂസും കൊണ്ട് ഓടിച്ചെന്നു.”
“എന്നിട്ട്?”
“എന്നിട്ടെന്തെന്ന് നീ പോയി നോക്ക്... കിടന്നുറങ്ങുകയല്ല വേണ്ടത്. അപ്പോള്‍ കണ്ട നടികള്‍ കേറി ഗോളടിക്കും....” ഈര്‍ഷ്യയോടെ പറഞ്ഞു ശാരിക മുറിക്ക് പുറത്തേക്കു നടന്നു.
“ഛെ ഛെ അമ്മേ..ഒരു ജ്യൂസില്‍ വീഴുന്നവനാണ് അമ്മയുടെ മരുമകന്‍ എന്നാണോ അമ്മ കരുതിയെ?” പിന്നാലെ നടന്ന മിലാന്‍ ശാരികയുടെ വയറിലൂടെ കൈകള്‍ ചുറ്റി.
“ഓ... എവിടെയാ വീഴുന്നേന്ന് ദാ നേരിട്ട് തന്നെ എന്റെ മോള് കണ്ടേക്ക്....” താഴെ ഹാളിലേക്ക് വിരല്‍ ചൂണ്ടിയിടത്തെക്ക് മിലാന്‍ എത്തിനോക്കി.
വളരെ മനോഹരമായ ഗോള്‍ഡന്‍ ഷേര്‍വാണിയും തലപ്പാവും ധരിച്ചു ഒരു കൂട്ടം പെണ്‍കുട്ടികളുടെ നടുവില്‍ ദാസ് കളിചിരിയോടെ നില്‍ക്കുന്നു!
അമ്മയുടെ മുഖത്തേക്ക് നോക്കാതെ താഴേക്ക്‌ നോക്കിതന്നെ മിലാന്‍ ചിരിച്ചു. അല്പം പുച്ഛത്തോടെയാണ്  അമ്മ നോക്കുന്നതെന്ന് മിലാന് അറിയാമായിരുന്നു. “എന്നാ ശരി, ശാരികത്തമ്പുരാട്ടി ചെല്ല്...പോയി റെഡിയാവ്....” അമ്മയുടെ കവിളിലൊന്ന് തോണ്ടി മിലാന്‍ മുറിയിലേക്ക് പോയി.

തയ്യാറാവുന്നതിനിടയില്‍ പലവട്ടം ദാസിന്‍റെ ഫോണ്‍ വന്നെങ്കിലും മിലാന്‍ എടുത്തില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞു സര്‍വാംഗസുന്ദരിയായി മിലാന്‍ വാതില്‍ തുറന്നു.
“വാവ്..... മൈ ക്യൂട്ട് ഏയ്‌ന്ജല്‍.....”  വാതില്‍ തുറന്നപ്പോള്‍ എല്ലാവരും മുന്നില്‍ ഉണ്ടായിരുന്നു. മിലാന്റെ മാതാപിതാക്കളും, ബന്ധുക്കളും ദാസിന്റെ അമ്മയും ബന്ധുക്കളും മൈത്രേയിയും മേനകയും എല്ലാം....
മിന്നൽപ്രഭയേക്കാൾ സുന്ദരിയായി അവള്‍ പുറത്തേക്കിറങ്ങി.
“പോകാം മോളെ താഴേക്ക്...” താരാദേവി ചെറിയ വെള്ളിത്തട്ടിലെ ദീപം കൊണ്ട് മിലാനെ ഉഴിഞ്ഞു.
“നീ വാ ഇങ്ങോട്ട്... ചേര്‍ന്ന് നില്‍ക്ക്....” താരാദേവി  വിളിച്ചിടത്തേക്ക് മിലാന്‍ മിഴികള്‍ മാത്രം ഉയര്‍ത്തി. ആ നോട്ടം  തലയിലൂടെയിട്ട വെയിലിൽനിന്നും പടര്‍ന്നിറങ്ങിയ  വള്ളിയിലൂടെ മിലാന്‍റെ മൂക്കിലെ വലിയ തിളങ്ങുന്ന മൂക്കുത്തിയുമായി കലര്‍ന്നു. മിലാൻ മുഖമുയര്‍ത്തിയപ്പോള്‍ വൈഡൂര്യശോഭയുണ്ടായി.
തൂണിനരികില്‍ റായ് വിദേതന്‍ ദാസ് അവളെത്തന്നെ നോക്കി  കൈകള്‍കെട്ടി നില്‍പ്പുണ്ടായിരുന്നു.
ആയിരം സുന്ദരിമാരെ എന്നും കൊതിപ്പിച്ച  ആ വശ്യമായ പുഞ്ചിരിയോടെ....
ദാസ്‌  അരികിലേക്ക് വന്നു. മിലാന്‍ അറിയാതെ തന്നെ കൈകള്‍ നീട്ടിപ്പോയി. ആ നീട്ടിയ കൈകള്‍ പിടിച്ചു മയിലാഞ്ചിയും ആഭരണങ്ങളും ഒഴികിപ്പടര്‍ന്ന കൈപ്പത്തി പതുക്കെ അയാള്‍ ചുണ്ടിലേക്ക്‌ ചേര്‍ത്തു.  അവളുടെ കണ്ണുകളില്‍ തന്നെ നോക്കിക്കൊണ്ട്‌ വിരലുകള്‍ വീണ്ടും ചുണ്ടില്‍ ചേരുമ്പോള്‍ അവരുടെ മുന്നിലുണ്ടായിരുന്ന എല്ലാവരും  നിറഞ്ഞ ചിരിയോടെ കൈയ്യടിച്ചു.
ധ്രുവനക്ഷത്രത്തെ വലം വെയ്ക്കുന്ന സപ്തര്‍ഷിമണ്ഡലത്തിലെവിടെയോ ഒരു ജ്യോതിര്‍നദി രണ്ട് ആത്മാവുകളുടെ സ്പന്ദനം കേട്ട് വല്ലാതെ കുതിച്ചൊഴുകി.


                                     (തുടരും)

നീലച്ചിറകുള്ള മൂക്കുത്തികൾ 31 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക