Image

കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

Published on 19 September, 2020
കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

പാര്‍ലമെന്റ് അംഗങ്ങളില്‍ കൊവിഡ് പോസറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്നത് സമ്മേളന നടത്തിപ്പില്‍ ആശങ്കയേറ്റുന്നു. 30 എംപിമാര്‍ക്ക് ഇതുവരെ കൊവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


ഇക്കാരണം ചൂണ്ടിക്കാട്ടി മണ്‍സൂണ്‍ സമ്മേളനത്തിന്റെ ഈ സെഷന്‍ വെട്ടിച്ചുരുക്കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. എംപിമാര്‍ക്ക് പുറമെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, പ്രഹളാദ് പട്ടേല്‍ എന്നിവര്‍ക്കും കൊവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തു.


കൊവിഡ് സാഹചര്യം മുന്‍നിര്‍ത്ത കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത്. സമ്മേളനം തുടങ്ങുന്നതിന് മുമ്ബേ തന്നെ എല്ലാ അംഗങ്ങള്‍ക്കും പരിശോധന നടത്തി. അംഗങ്ങള്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് സമ്മേളനത്തില്‍ ഇരിക്കുന്നത്. 


രാജ്യസഭയും ലോക്‌സഭയും ഒരേസമയം ചേരുന്നില്ല. രാജ്യസഭ പകലും ലോക്‌സഭ രാത്രിയും നാല് മണിക്കൂര്‍ വീതമായി സമയം ക്രമീകരിച്ചു. എംപിമാര്‍ക്കെല്ലാം വ്യക്തിഗതമായ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള മറ്റ് ക്രമീകരണങ്ങളും വരുത്തി. ചോദ്യോത്തര വേള റദ്ദ് ചെയ്തു. സീറോ അവര്‍ സമയം കുറച്ചു. ശനിയും ഞായറും സഭ ചേരാന്‍ തീരുമാനിച്ചു.


ലോക്ഡൗണ്‍ കാലത്ത് കുറേ ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. സമ്മേളനത്തിന്റെ സമയം ഗണ്യമായി കുറച്ച്‌ ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും കൂടുതല്‍ സമയം അനുവദിക്കാതെ ബില്ലുകള്‍ പാസാക്കിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. 


ഇതില്‍ പ്രധാനമായത് മൂന്ന് കാര്‍ഷിക ബില്ലുകളായിരുന്നു. ഇത് പാസാക്കിയ ദിവസം തന്നെ അതില്‍ പ്രതിഷേധിച്ച എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ ഏക മന്ത്രിയെ പിന്‍വലിച്ചു. 


ശേഷിക്കുന്ന ബില്ലുകളും സമ്മളനത്തില്‍ ഏറ്റവും വേഗം പാസാക്കിയെടുക്കുന്നതിനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. അതിനായി മറ്റ് നടപടികള്‍ വെട്ടിച്ചുരുക്കുകയും ചര്‍ച്ചകളുടെ സമയം വീണ്ടും കുറയ്ക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക