കൊച്ചി: കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസും ബി.ജെ.പി എം.പി വി. മുരളീധരനും.
അല്‍ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തതിലായിരുന്നു ഇരുവരുടേയും പ്രതികരണം.
കേരളത്തില്‍ ഇപ്പോള്‍ ഒരു ഭാഗത്ത് സ്വര്‍ണക്കള്ളക്കടത്തുകാരും മറുഭാഗത്ത് കസ്റ്റംസിനേയും എന്‍.ഐ.എയേയും പോലുള്ള ദേശീയ ഏജന്‍സികളെ വെട്ടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരുമാണ് ഉള്ളതെന്ന് പി.ടി തോമസ് പറഞ്ഞു.
അല്‍ഖ്വയ്ദ പോലുള്ള സംഘടനകളില്‍ നിന്നുള്ളവരെ കേരളത്തില്‍ നിന്നും പിടികൂടിയിരിക്കുകയാണെന്നും കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്നത് ഞെട്ടലോടെയാണ് കേള്‍ക്കേണ്ടതെന്നുമായിരുന്നു പി.ടി തോമസ് പറഞ്ഞത്.
അല്‍ഖ്വയ്ദ ഭീകരരുടെ അറസ്റ്റിന്റെ പേരില്‍ കേരളത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തുകയായിരുന്നു. കേരളം ദേശ വിരുദ്ധരുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമാവുന്നു എന്നായിരുന്നു വി മുരളീധരന്റെ ആക്ഷേപം.