Image

എറണാകുളത്ത് എന്‍.ഐ.എ റെയ്ഡ്; മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍; ബംഗാളില്‍ ആറ് പേരും അറസ്റ്റില്‍

Published on 19 September, 2020
 എറണാകുളത്ത് എന്‍.ഐ.എ റെയ്ഡ്; മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍; ബംഗാളില്‍ ആറ് പേരും അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത്  ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. അല്‍ ഖ്വയ്ദ ബന്ധമുള്ള രാജ്യാന്തര തീവ്രവാദ ബന്ധമുള്ളവര്‍ക്കായാണ് തിരച്ചില്‍. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ഇവര്‍ വര്‍ഷങ്ങളായി എറണാകുളം പാതാളത്തും പെരുമ്പാവൂരിലെ വെങ്ങോല മുടിക്കലിലും ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് അല്‍-ഖ്വയ്ദ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന എന്‍.ഐ.എ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്തും പെരുമ്പാവൂരിലൂം പരിശോധന നടന്നത്. അല്‍ ഖ്വയ്ദ ബന്ധമുള്ള ആറു പേരെ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍  നിന്നും പിടികൂടിയിട്ടുണ്ട്.

ഡല്‍ഹിയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഭീകരാ്രകമണത്തിന് പണം സ്വരൂപി്കാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയാണ് ഇവര്‍ കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്. ലോക്ഡൗണ്‍ കാലത്താണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്നും വിവരമുണ്ട്. 

അല്‍-ഖ്വയ്ദ കേരളവും പശ്ചിമ ബംഗാളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഈ മാസം 11നാണ് എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചത്. പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള അല്‍-ഖ്വായ്ദ ഇവരെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരപ്രവര്‍ത്തിലേക്ക് ആകര്‍ഷിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഡല്‍ഹി അടക്കം പലയിടത്തും ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇവരില്‍ നിന്ന് നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ജിഹാദി ലേഖനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

എറണാകുളത്ത് താമസിക്കുന്ന മൂര്‍ഷിദ് ഹസ്സന്‍, ഇയാഖുബ് ബിശ്വാസ്,  മൊസറഫ് ഹൊസ്സന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ പശ്ചിമ ബംഗാളില്‍ നിന്ന് നിര്‍മ്മാണ ജോലികള്‍ക്ക് എന്ന വ്യാജേന എറണാകുളത്ത് എത്തി താമസിക്കുന്നവരാണെന്ന് എന്‍.ഐ.എ പറയുന്നു. ല്യൂ യാന്‍ അഹമ്മദ്, അബു സുഫിയാന്‍ എന്നിവരാണ് ബംഗാളില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍.

വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ പിടികൂടിയതെന്നാണ് എന്‍.ഐ.എ നല്‍കുന്ന വിവരം. അതീവ രഹസ്യമായി തന്നെ ഇവരെ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇവരെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. ഇന്നു പുലര്‍ച്ചെയാണ് അറസ്റ്റ് വിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് എറണാകുളത്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. 

ഇവരെ കോടതിയില്‍ ഹാജരാക്കി പ്രൊഡക്ഷന്‍ വാറന്റ് നല്‍കി ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനാണ് എന്‍.ഐ.എ തീരുമാനം. ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പല ജില്ലകളിലുമുണ്ടെന്ന സുചനയും എന്‍.ഐ.എ നല്‍കുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക