Image

വന്ദേഭാരത് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്കേര്‍പ്പെടുത്തി

Published on 18 September, 2020
വന്ദേഭാരത് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്കേര്‍പ്പെടുത്തി
ന്യൂഡല്‍ഹി: കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരില്‍, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക്. ഗുരുതര പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി 15 ദിവസത്തെ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് പുനഃക്രമീകരിച്ചു.

കോവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടുതവണ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ എക്‌സ്പ്രസ് അധികൃതര്‍ക്ക് നോട്ടിസ് അയച്ചത്. ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ടുവരെ 15 ദിവസത്തേക്കാണ് വിലക്ക്. ഈ മാസം നാലിന് ജയ്പൂരില്‍ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരന്‍ കോവിഡ് പൊസിറ്റീവ് റിസള്‍ട്ടുമായാണ് യാത്ര ചെയ്തത്.

യാത്രക്കാരന്റെ പേരും പാസ്‌പോര്‍ട്ട് നമ്പരും സീറ്റ് നമ്പരുമടക്കം വ്യക്തമാക്കിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീജണല്‍ മാനേജര്‍ക്ക് നോട്ടിസ് അയച്ചത്. മുന്‍പ് സമാന സംഭവമുണ്ടായപ്പോള്‍ ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗിയുടേയും ഒപ്പം യാത്ര ചെയ്തവരുടേയും ചികില്‍സാ, ക്വാറന്‍റീന്‍ ചെലവുകള്‍ എയര്‍ലൈന്‍ വഹിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിക്കൊപ്പം യാത്ര ചെയ്തവര്‍ക്കും കോവിഡ് പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് കൈമാറണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം, ദുബായില്‍ നിന്ന് കേരളത്തിലേക്കടക്കമുള്ള എയര്‍ഇന്ത്യഎക്‌സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജ വിമാനത്താവളം വഴി പുനഃക്രമീകരിച്ചു തുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ അധികൃതരുമായി ബന്ധപ്പെട്ട് യാത്രാവിവരങ്ങള്‍ തേടാവുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക