Image

കാട്ടുമാക്കാന്‍ (കഥ: സാം നിലമ്പള്ളില്‍)

Published on 18 September, 2020
കാട്ടുമാക്കാന്‍ (കഥ: സാം നിലമ്പള്ളില്‍)
കറമ്പനെ തനിക്ക് വേണ്ടന്ന് അശ്വതി തീര്‍ത്തുപറഞ്ഞു.  

അഛന്‍ കേള്‍ക്കേണ്ട. അമ്മ ശകാരിച്ചു. അവനെന്താടി ഒരുകുറവ്. നല്ല സര്‍ക്കാരുജോലി, അന്തസ്സുള്ള തറവാട്. ഇതില്‍കൂടുലെന്താ നിനക്കുവേണ്ടത്. കാണാന്‍ സുന്ദരന്‍ അല്ലായിരിക്കും. അത്രവലിയ കറപ്പൊന്നുമല്ല അവന്‍. കറപ്പ് അഴകാണെന്ന് നീ കേട്ടിട്ടില്ലേ. ഇത് നിന്റെ ഭാഗ്യമാണെന്ന് കൂട്ടിക്കോ.

ഭാഗ്യം, കുന്തം. അശ്വതി അമ്മ പറഞ്ഞതിനെ പുശ്ചിച്ചുതള്ളി. എനിക്ക് സമ്പത്തും തറവാടുമൊന്നും വേണ്ട. എന്റെകൂടെ നടക്കുന്ന പുരുഷന്‍ അല്‍പം ഭംഗിയുള്ളവനായിരിക്കണം. ഇതിപ്പോള്‍ ദേ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് പോകുന്നെന്നുപറഞ്ഞ് ആളുകള്‍ കളിയക്കത്തില്ലേ.

അശ്വതി നല്ലതുപോലെ വെളുത്തിട്ടായിരുന്നു. കാണാനും തരക്കേടില്ല. അവളെ പാണിഗ്രഹണം ചെയ്യാന്‍വന്ന വിനീത് കുമാര്‍ കറുത്തിട്ടും. ഇടത്തരം കറുപ്പായിരുന്നെങ്കില്‍ പോട്ടെന്നു വെയ്ക്കാമായിരുന്നു. ഇത് കരിക്കട്ട കറുപ്പ്, തന്നെയുമല്ല, ഉയരക്കുറവും ഉണ്ട്. അശ്വതിയുടെ അത്രയും ഉയരമുണ്ടോയെന്ന് സംശയമാണ്. ഒരിഞ്ചെങ്കിലും കുറവില്ലേ. അവള്‍ അഞ്ചടി നാലിഞ്ചാണ്. വിനീത് കുമാര്‍ അത്രയും കാണില്ല. ഇട്ടിരുന്ന ഷൂസിന്റെ ഉയരം ശ്രദ്ധിച്ചില്ല. അതിന്റെ സോള്‍ രണ്ടിഞ്ച് ഘനമുള്ളാതാണെങ്കില്‍ അവളേക്കാള്‍ മൂന്നിഞ്ച് കുറവ്.

അശ്വതിക്ക് ഭാവിവരനെപ്പറ്റി ചില സങ്കല്‍പങ്ങളൊക്കെ ഉണ്ടായിരുന്നു. അതിസുന്ദരനൊന്നും വേണമെന്നില്ല. കണ്ടാല്‍ തെറ്റുപറയരുത്. അഞ്ചടി ഒന്‍പതിഞ്ച് ഉയരം, അല്‍പം കഷണ്ടിയുണ്ടോ, സാരമില്ല, നെറ്റിയുടെ രണ്ടറ്റത്തും കുറച്ച് മുകളിലേക്ക്. കുഞ്ചാക്കോ ബോബന്റേതുപോലെ. ദാറ്റ്‌സ് ഓക്കെ. ഇരുനിറമായാലും സഹിക്കാം. തന്നെപ്പോലെ വെളുപ്പാണെങ്കില്‍ വളരെ സന്തോഷം. നല്ലൊരു ജോലിവേണം. ഇതൊക്കെ ഒരു പെണ്‍കുട്ടിയുടെ മിനിമം ഡിമാന്‍സല്ലേ. വിനീത് കുമാറിനുള്ള ഒരേയൊരു ക്വാളിറ്റി അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നത് മാത്രമാണ്.

 ഹയര്‍ സെക്കന്‍ഡറിയില്‍ സഹപാഠികളായിരുന്ന രണ്ടുപേരെ തന്റെ ഭാവിവരന്മാരായി അവള്‍ സങ്കല്‍പിച്ചിട്ടുണ്ട്. രാജീവ് കുമാറും, വിശ്വം മേനോനും. രാജീവ് അതിസുന്ദരനായിരുന്നു. സിനിമ നടനാകാനായിരുന്നു അവന്റെ ആഗ്രഹം. വിശ്വം അത്ര സുന്ദനല്ലെങ്കിലും പഠിക്കാന്‍ മിടുക്കനായിരുന്നു. സിവിള്‍ സര്‍വ്വീസ് എഴുതി കളക്ടറാകാനാണ് മോഹമെന്ന് കൂട്ടുകാരോടൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.  അവരില്‍ ആരെങ്കിലും വിവാഹാലോചനയുമായി വീട്ടില്‍ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. 

പക്ഷേ, രാജീവന്‍ സേതുലക്ഷ്മിയെയാണ് പ്രേമിച്ചത്. അതിന് അവളോട് അസൂയ തോന്നിയെന്നുള്ളത് നേര്.  ആഗ്രഹിച്ച പുരുഷനെ മറ്റൊരുവള്‍ കവര്‍ന്നെടുത്താല്‍ ഏതുപെണ്ണിനാണ് അസൂയതോന്നാത്തത്. വിശ്വനെ വിവാഹം കഴിക്കുമായിരുന്നെങ്കില്‍ കളക്ട്ടറുടെ ഭാര്യായി വിലസാമായിരുന്നു. പക്ഷേ, വിശ്വത്തിന് പ്രേമം എന്ന വാക്കിന്റെ അര്‍ഥംതന്നെ അറിയില്ലായിരുന്നു. അശ്വതിയുടെ അനുരാഗകടാക്ഷങ്ങള്‍ അവനില്‍ ഏശാതെ റിട്ടേണടിച്ച് വരുന്നതുകണ്ട് നിരാശതോന്നിയിട്ടുണ്ട്. വേറെയും സുന്ദരന്മാരായ ആണ്‍കുട്ടികള്‍ക്ക് അവള്‍ അനുരാഗത്തില്‍ പൊതിഞ്ഞ പുഞ്ചിരി സമ്മാനിച്ചിട്ടുണ്ടെങ്കിലും പ്രതികരണം സന്തോഷകരമായിരുന്നില്ല.

തനിക്കെന്താണ് ഒരുകുഴപ്പമെന്ന് അശ്വതി നിലക്കണ്ണാടിയുടെ മുമ്പില്‍നിന്ന് ആലോചിച്ചു. താന്‍ കാണാന്‍ സുന്ദരിയല്ലേ. മുഖസൗന്ദര്യം ആവശ്യത്തിനുണ്ട്. വട്ടമുഖം, കണ്ണുകള്‍ കവികള്‍ വര്‍ണ്ണിക്കുന്നതുപോലെ നീലത്തടാകത്തില്‍ തത്തിക്കളിക്കുന്ന പരല്‍മീനുകള്‍. മൂക്ക് മെഴുകില്‍ കടഞ്ഞെടുത്തല്ലേ. അധരങ്ങള്‍ ചുംബനത്തിനായി കൊതിക്കുന്നതേന്‍കനിപോലെ. താഴേക്കുനോക്കിയപ്പോള്‍........ അവിടെ പുരുഷന്‍ ഇഷ്ടപ്പെടുന്നതെല്ലാം വേണ്ടുവോളമുണ്ട്. നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി അവള്‍ അവള്‍ക്കുതന്നെ സമ്മാനിച്ചു. ഇതെല്ലാം ഒരു കാട്ടുമാക്കാന് കാഴ്ചവെയ്ക്കണോ. രാജീവനോ വിശ്വനാഥോ ആയിരുന്നെങ്കില്‍ അവള്‍ സന്തോഷത്തോടെ തന്നെത്തന്നെ സമര്‍പിക്കുമായിരുന്നു.

പ്‌ളസ്ടു കഴിഞ്ഞപ്പോളാണ് വീട്ടുകാര്‍ വിവാഹോലോചന തുടങ്ങിയത്. അങ്ങനെയാണ് വിനീത് കുമാര്‍ ഉയരന്‍ഷൂസുമിട്ടുകൊണ്ട് കയറിവന്നത്.

കൊന്നുളയും, അഛന്‍ കലിതുള്ളി. എന്തറിഞ്ഞോണ്ടാ അവള്‍ അഹമ്മതിക്കുന്നത്. അവടെ താഴെ രണ്ടെണ്ണം കല്ല്യാണപ്രായമായി വരുന്നുണ്ടെന്നുള്ള വിചാരം അവള്‍ക്കുണ്ടോ. ഇപ്പം നല്ലൊരു ആലോചന വന്നപ്പം... എന്തായാലും ഞാനിത് നടത്തുമെന്ന് നിന്റെ മോളോട് പറഞ്ഞേക്ക്.

എന്റെമാത്രം മോളല്ലല്ലോ. ചേട്ടന്റേതുകൂടയല്ലേ. ചേട്ടന്‍ പറഞ്ഞാമതി. ഭാനുമതി കയ്യൊഴിഞ്ഞു.
ഞാന്‍ സംസാരിക്കുന്നത് കൈകൊണ്ടായിരിക്കും. അതുകൊണ്ട് നീതന്നെ  പറഞ്ഞുമനസിലാക്ക് വിവരംകെട്ട പെണ്ണിനെ.

ഭാനുമതിയമ്മ മകളെ പറഞ്ഞുമനസിലാക്കാന്‍ പരമാവധി ശ്രമിച്ചു. നീയിതിന് സമ്മതിച്ചില്ലെങ്കില്‍ മൂത്തുനരച്ച് ഇവിടെ നിക്കത്തേയുള്ളു. നിന്റെ അനുജത്തിമാരുടെ കല്ല്യാണം അഛന്‍നടത്തും. നിനക്കുകിട്ടാനുള്ളതുകൂടി അവര്‍ക്കുകൊടുക്കും. അതുകൊണ്ട് അഹമ്മതിയെടുക്കാതെ ഇതിന് സമ്മതിക്കയാ നിനക്കുനല്ലത്..

അശ്വതി ആലോചിച്ചു. തനിക്ക് അവകാശപ്പെട്ട സ്വര്‍ണ്ണവും വസ്തുക്കളും അനുജത്തിമാര്‍ക്ക് കൊടുത്താല്‍.....അതുവേണ്ട. അതിന് താന്‍ സമ്മതിക്കത്തില്ല. കറമ്പനെങ്കില്‍ കറമ്പന്‍. തന്റെ വിധിയാണെന്ന് സമാധാനിച്ചോളാം. പക്ഷേ, അയാളുടെകൂടെ എങ്ങനെ കിടക്കപങ്കിടും.  സങ്കല്‍പിച്ചപ്പോള്‍ അശ്വതിക്ക് ഓക്കാനംവന്നു അവള്‍ അടുക്കളയില്‍നിന്ന് വെളിയിലേക്ക് നീട്ടിത്തുപ്പി.

എന്താടീ തുപ്പുന്നത്.

എനിക്ക് ഗര്‍ഭമുണ്ട്. അമ്മയെ പേടിപ്പിക്കാന്‍ അവള്‍ കള്ളംപറഞ്ഞു.

സാരമില്ല, പത്താംമാസം പ്രസവിച്ചോളും. അശ്വതിപറഞ്ഞത് അമ്മ കാര്യായിട്ടെടുത്തില്ല. പക്ഷേ, പെണ്ണ് പറഞ്ഞത് സത്യമായിരിക്കുമോയെന്ന് സന്ദേഹിച്ചു.

എത്രയും പെട്ടന്ന് മുഹൂര്‍ത്തം നിശ്ചയിക്കണം ഭനുമതിയമ്മ ഭര്‍ത്താവിനോട് പറഞ്ഞു.

അതിന് അവള് സമ്മതിച്ചോ.

ഞാന്‍ സമ്മതിപ്പിച്ചു.
ഭാസ്കര കുറുപ്പിന് ആദ്യമായി ഭാര്യയെപറ്റി ആഭിമാനം തോന്നി. തള്ളമാരായാല്‍ ഇങ്ങനെവേണം.

കല്ല്യാണമണ്ഢപത്തില്‍ സന്തോഷഭാവമില്ലാതെ ഇരിക്കുന്ന അശ്വതിയെ കണ്ട് പന്തലിലിരുന്ന സ്ത്രീകള്‍ കുശുകശുത്തു. എന്നാലും ഇതുവേണ്ടായിരുന്നു. രാത്രിയും പകലുംപോലെയുണ്ട് ചെറുക്കനും പെണ്ണും.

എന്നാലെന്താ അവന്‍ വലിയ സര്‍ക്കാരുദ്യോഗസ്ഥനാ.
എന്ത് ഉദ്യോഗമായാലെന്ത്. കാണാനൊരു ഭംഗിയൊക്കെവേണ്ടേ.
ഭംഗീം നോക്കിയിരുന്നാല്‍ ജീവിക്കാനൊക്കുമോ. കുറുപ്പുചേട്ടന്‍ കാര്യവിവരം ഉള്ളവനാ.

അശ്വതി മണ്ഢപത്തില്‍ പ്രകടിപ്പിച്ച അതേമുഖഭാവത്തോടെയാണ് ഭര്‍ത്രുഗൃഹത്തിലും ചെന്നുകയറിയത്. അമ്മായിയമ്മ വിളക്കുവെച്ച് സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും അവള്‍ പല്ലുകള്‍ പുറത്തുകാണിച്ചില്ല.

നിനക്കെന്നെ അത്ര ഇഷ്ടമായില്ലെന്ന് എനിക്കറിയാം. മണിയറയിലേക്ക് പാലുമായി കടന്നുവന്ന അശ്വതിയോട് വിനീത്കുമാര്‍ പറഞ്ഞു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങയതാണല്ലേ. പക്ഷേ, എനിക്കുനിന്നെ ഒരുപാട് ഇഷടമായി. അതുകൊണ്ടാ ഞാന്‍ പിന്‍മാറാഞ്ഞത്. നിന്നെ ഞാന്‍ പൊന്നുപോലെ കൊണ്ടുനടന്നോളാം, എന്താ പോരെ.

അങ്ങനെ മതിയെന്നോ പോരെന്നോ അവള്‍ പറഞ്ഞില്ല.

പിറ്റേന്ന് സന്ധ്യക്ക് കുളിച്ചൊരുങ്ങി മുല്ലപ്പൂവുംചൂടി ജാലകത്തിലൂടെ റോഡിലേക്ക് നോക്കിനിന്ന് അശ്വതി ആലോചിച്ചു. എന്തെല്ലാം കുസൃതികളാണ് അദ്ദേഹം ഇന്നലെരാത്രി കാട്ടിക്കൂട്ടിയത്. അയ്യേ, നാണക്കേട്.  ഉമ്മവെയക്കാത്ത ഒരിഞ്ചുപോലും തന്റെ ശരീരത്തില്‍ ബാക്കിയില്ല. ആദ്യമൊന്ന് എതിര്‍ത്തെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ആരെങ്കിലും വിചാരിച്ചോ. വേണ്ടതീനം കാട്ടിയിട്ട് എങ്ങോട്ടാ കള്ളന്‍പോയത്. ഓ. കൂട്ടുകാരെ കാണാന്‍. പോയിട്ട് വേഗംവരണമെന്ന് പറയാന്‍ തുനിഞ്ഞതാണ്. മുഖത്തുനോക്കാനുള്ള ചമ്മലുകൊണ്ട് പറഞ്ഞില്ല.

വീനീത്കുമാറിന്റെ വരവിനുവേണ്ടി അവള്‍ കാത്തിരുന്നു.

-------

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
Samgeev 2020-09-18 03:39:23
Good story. Congratulations. Samgeev
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക