Image

പോട്ടറിസ്ക്വയറിന്റെ കാഴ്ചകൾ ( ചരിത്രമുറങ്ങുന്ന നേപ്പാൾ-18: മിനി വിശ്വനാഥൻ)

Published on 18 September, 2020
പോട്ടറിസ്ക്വയറിന്റെ കാഴ്ചകൾ ( ചരിത്രമുറങ്ങുന്ന നേപ്പാൾ-18: മിനി വിശ്വനാഥൻ)
ദത്താത്തേയ സ്ക്വയറിൽ നിന്നും മുന്നോട്ട് നടന്നു തുടങ്ങിയപ്പോൾ ബുദ്ധവിഹാരങ്ങളിൽ നിന്നുള്ള ശരണമന്ത്രങ്ങൾ നേർത്തു നേർത്തു വന്നു. കൂട്ടത്തിൽ ഗ്രാമ്യശബ്ദങ്ങളും  മൺപാത്രനിർമ്മാണത്തിനിടയിലെ ചളിമണവും ഞങ്ങൾക്കരികിലേക്ക് എത്തി തുടങ്ങി.

പ്രസിദ്ധമായ പോട്ടറിസ്ക്വയറിന്റെ ആദ്യകാഴ്ചകൾ  ചാറ്റൽമഴയിലും ഉണക്കാനായി വെച്ചിരിക്കുന്ന മൺപാത്രങ്ങളായിരുന്നു. പാതിയുണങ്ങിയ പാത്രങ്ങൾക്ക് മീതെ സ്ത്രീകൾ പ്ലാസ്റ്റിക്ക് ഷീറ്റുകൾ വിരിച്ചു വെച്ച് ആഗതർക്ക് നേരെ മിഴികളുയർത്തി നോക്കി. പണി തീർന്ന മഡ്ക്കകളും മൺചെരാതുകളും ചായക്കോപ്പകളും നിരത്തി വെച്ച സൂക്ഷിപ്പു സ്ഥലങ്ങൾ കടന്ന് ഞങ്ങൾ  ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് എത്തിച്ചേർന്നു.

ആ ഗ്രാമത്തിന് ഒരു ക്ഷേത്രത്തിന്റെ രൂപഭാവാദികൾ ഉണ്ടായിരുന്നു. മുന്നോട്ട് നടക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന ഗൈഡ് ചരിത്ര കഥകൾ പറഞ്ഞു തുടങ്ങി. 1934 ൽ ഉണ്ടായ ഒരു വമ്പൻ ഭൂമി കുലുക്കത്തിൽ തകർന്നടിഞ്ഞു പോയ പഴയ വിഷ്ണുക്ഷേത്രം കേന്ദ്രീകരിച്ചാണ് ഈ ഗ്രാമം വേര് പിടിച്ചിരിക്കുന്നത്. അവിടെ ഒരു കുന്നിൽ ചെരുവിലെ ആൽമരത്തിന് താഴെ ഒരു ഗണേശവിഗ്രഹവും അതിനു ചുറ്റും മൺപാത്രങ്ങളുണ്ടാക്കുന്ന ചക്രങ്ങളും നിരന്നുകിടക്കുന്നുണ്ടായിരുന്നു. പഴയ ക്ഷേത്രത്തിന്റെ പുറംചുവരുകൾക്ക് ചുറ്റുമായാണ് പോട്ടറി സ്ക്വയറിലെ മൺപാത്ര  വ്യവസായം നടക്കുന്നത്.

കുംഭാരചക്രങ്ങൾക്ക് കാവൽ കിടക്കുന്ന ഗണേശ വിഗ്രഹത്തെ ചുറ്റി ഞങ്ങൾ അവിടെയുള്ള ഒരു പാത്രനിർമ്മാണ കേന്ദ്രത്തിന്റെ വ്യാപാരശാലയിലെത്തി. നേപ്പാളിലെ മുഴുവൻ സെറാമിക് വ്യവസായത്തിന്റെയും കേന്ദ്രമാണ് പാരമ്പര്യ രീതിയിൽ സൂക്ഷിച്ചിട്ടുള്ള ഈ പോട്ടറി സ്ക്വയർ എന്ന പരിചയപ്പെടുത്തലോടെ അവിടെയുള്ള ശില്‌പി ഞങ്ങളെ കടയുടെ അകത്തേക്ക് സ്വാഗതം ചെയ്തു. പകുതി മിനുക്കിയതും നിറം പിടിപ്പിച്ചതുമായ ശില്പങ്ങൾക്കൊപ്പം സന്ദർശകരെ ആകർഷിക്കാനായി കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രവും പാത്രനിർമ്മാണത്തിനുള്ള ചളിമണ്ണും അവിടെയുണ്ടായിരുന്നു.

കൈയടക്കമുള്ള ഒരു മാജിക്ക്കാരനെപ്പോലെ അയാൾ ചെറിയ പാത്രങ്ങൾ ആ ചക്രത്തിൽ കൈ ചേർത്തു വെച്ച്  പുറത്തെടുത്തു കാണിച്ച് ശ്രീക്കുട്ടിയെയും വിനിതയേയും കൊതിപ്പിച്ചു. അയാളുടെ സമ്മതത്തോടെ അവരും പാത്രനിർമ്മാണത്തിന്റെ ബാലപാഠങ്ങൾ പഠിക്കാനായി അവിടെ ചടഞ്ഞിരുന്നു. മലയാള വാക്കുകൾ ഇടക്കിടെ പ്രയോഗിച്ച് അയാൾ ഞങ്ങളിലേക്ക് സൗഹൃദത്തിന്റെ സൗരഭ്യം പ്രസരിപ്പിച്ചു. മലയാളികളോടുള്ള പ്രത്യേക ഇഷ്ടത്തിനു കാരണം അവരുടെ ആതിഥ്യമര്യാദക്ക് പുറമെ ഒഴുകി നടക്കുന്ന കെട്ടുവള്ളങ്ങളുമാണെന്ന് അയാൾ പറഞ്ഞു. ഒരാഴ്ചയെങ്കിലും അതിലൊന്നിൽ താമസിക്കാനുള്ള ആഗ്രഹവും ഞങ്ങളുമായി പങ്കു വെച്ചു.

കേരളത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിശ്വേട്ടന്റെ മുടിക്കെട്ടിലായി അയാളുടെ നോട്ടം. സംസാരത്തിനൊടുവിൽ കഴിഞ്ഞ ദിവസം അയാൾ ഉണ്ടാക്കിയെടുത്ത ബുദ്ധ പ്രതിമക്ക് വിശ്വേട്ടന്റെ മുഖഛായയുണ്ടോ എന്ന സംശയം കൂടി തട്ടി വിട്ടു. തന്റെ മുഖഛായയുള്ള ബുദ്ധനെ അവിടെ ഉപേക്ഷിക്കുന്നത് ശരിയല്ലോ എന്ന് കരുതി ഞങ്ങളത് സ്വന്തമാക്കുകയും ചെയ്തു.

ഭക്താപ്പൂർ ദർബാർ സ്ക്വയറിനോട് വിട പറയാനുള്ള സമയം അതിക്രമിച്ചതിനാൽ ആ കലാകാരനോടൊപ്പം ദർബാർ സ്ക്വയറിലെ കാഴ്ചകളോടും വിടപറഞ്ഞ് ഹിമാലയം ലക്ഷ്യമാക്കി, ഞങ്ങൾക്കുള്ള മുന്നറിയിപ്പ് പോലെ പെയ്യുന്ന മഴയെ ശ്രദ്ധിക്കാതെ യാത്ര തുടർന്നു
പോട്ടറിസ്ക്വയറിന്റെ കാഴ്ചകൾ ( ചരിത്രമുറങ്ങുന്ന നേപ്പാൾ-18: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക