Image

കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡ വെര്‍ച്വല്‍ ഓണാഘോഷം വേറിട്ടതായി

ജോയിച്ചന്‍ പുതുക്കുളം Published on 16 September, 2020
കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡ വെര്‍ച്വല്‍ ഓണാഘോഷം വേറിട്ടതായി
ഫ്‌ളോറിഡ:  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ട്  പ്രസിദ്ധിയാര്‍ജിച്ച കൈരളി ആര്ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡ  ഓണകാലത്ത് ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ ആകര്‍ഷിച്ചു.  കൈരളി അംഗങ്ങളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട നൂറു കണക്കിന് ആളുകള്‍ക്ക്  ഫ്‌ളോറിഡയിലെ വീടുകളില്‍ വിഭവ സമൃദ്ധമായ ഓണസദ്യ എത്തിച്ചു കൊടുത്തു. ഫ്‌ളോറിഡയില്‍ സുലഭമായ വാഴ ഇലകളും ഓണകിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
 
തങ്ങള്‍ ഫ്‌ളോറിഡയില്‍ ഓണസദ്യ കഴിക്കുന്നതിനു തലേന്ന് കേരളത്തിലെ പാവപ്പെട്ട 200 ആളുകള്‍ക്ക് ഓണ സദ്യക്കു വേണ്ടിയ എല്ലാ സാധനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. പ്രമുഖമായ മാനസീക വെല്ലുവിളി നേരിടുന്ന ഒരു സ്കൂളിലെ കുട്ടികള്‍ക്കും അവരുടെ ബന്ധു കുടുംബങ്ങള്‍ക്കും ആണ് ഇപ്രാവശ്യം ഓണക്കിറ്റുകള്‍ നല്‍കിയത്.  തിരുവല്ല വൈ.എം.സി.എയില്‍ നടത്തിയ ലളിതമായ ചടങ്ങില്‍ വച്ചാണ് ഓണകിറ്റുകള്‍ വിതരണം ചെയ്തത്. വൈ.എം.സി.എ. പ്രസിഡന്‍റ് പ്രഫ. ഇ. വി. തോമസ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍, വൈ.എം.സി.എ. സെക്രട്ടറി ജോയി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.

ഫ്‌ളോറിഡയില്‍ നടത്തിയ ഓണസദ്യയ്ക്ക് പല സവിശേഷതകളൂം ഉണ്ടായിരുന്നു. എല്ലാവരും ഒരേ സമയത്തു സൂമില്‍ക്കൂടി സദ്യ കഴിച്ചതു ഒരു നൂതന വെര്‍ച്വല്‍ അനുഭൂതി പ്രദാനം ചെയ്തു. സദ്യക്ക് ശേഷം പൊതു സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. കൈരളി പ്രസിഡന്റ് വര്‍ഗീസ് ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്, മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ഫൊക്കാനാ സെക്രട്ടരി സാജിമോന്‍ ആന്‍റണി, റീജിയണല്‍ വൈസ്  പ്രസിഡന്റ് ജേക്കബ്  പടവത്തില്‍  എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഓണസന്ദേശം നല്കി. കോവിഡ് കാലഘട്ടം ലോകത്തിനു സമാനതകളില്ലാത്ത പ്രശ്‌നങ്ങള്‍ വിതച്ചെങ്കിലും മലയാളിയുടെ ഓണാഘോഷത്തിന്റെ മാറ്റ് വര്‍ദ്ധിക്കുകയെ ചെയ്തുള്ളു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടു ഓണാഘോഷങ്ങള്‍ പലയിടത്തും പൊടിപൊടിച്ചു. ലോകമാസകലമുള്ള മലയാളി സമൂഹത്തിനു ഫൊക്കാനയുടെ ആശംസകള്‍ അദ്ദേഹം നേര്‍ന്നു.  മാതൃസംഘടനായ കൈരളി തന്നിലര്‍പ്പിച്ച വിശ്വാസത്തിനു ജോര്‍ജി വര്‍ഗീസ് നന്ദി അറിയിച്ചു.

ലിബി ഇടിക്കുള, ഡോ. ഷീലാ വര്‍ഗീസ്, അവിനാഷ് ഫിലിപ്, ഡോ. മഞ്ചു സാമുവേല്‍ തുടങ്ങിയവള്‍ പാട്ടുകള്‍ പാടി ഓണപരിപാടിക്ക് മാറ്റു കൂട്ടി. ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും കൈരളിയുടെ സ്ഥാപക നേതാവുമായ ഡോ മാമ്മന്‍  സി ജേക്കബ് കൈരളി ആര്‍ട്‌സ് ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കോവിഡ് 19 ന്റെ ആരംഭത്തില്‍ തന്നെ ഫ്‌ളോറിഡയിലെ ജനങ്ങള്‍ക്ക് കൈരളിയുടെ നേതൃത്വത്തില്‍ 2000 മാസ്കുകള്‍ വിതരണം ചെയ്തിരുന്നു. പള്ളികളിലും, നഴ്‌സിംഗ് ഹോമുകളില്‍ കൂടിയും മലയാളി സ്‌റ്റോറുകളില്‍ കൂടിയുമാണ് കൈരളി  ആര്ട്‌സ്  സൗജന്യമായി മാസ്ക് വിതരണം നടത്തിയത്. മിയാമി റെസ്ക്യൂ മിഷനില്‍ കൂടി 500 ആളുകള്‍ക്ക് കോവിഡ് കാലത്തു ഭക്ഷണം വിതരണം നല്കി. റെസ്ക്യൂ മിഷന്റെ പ്രശംസാ പത്രവും കൈരളി ആര്‍ട്‌സിനു ലഭിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരളത്തിലെ ചില ആളുകള്‍ക്ക് ഉദാരമായ സഹായവും കൈരളി നല്‍കിയിരുന്നു. ഇതിനു സംഭാവനകളും സ്‌പോണ്‌സര്‍ഷിപ്പും നല്‍കിയ കൈരളി പ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമുള്ള നന്ദി ഇത്തരുണത്തില്‍ അറിയിക്കുന്നു. പ്രസിഡന്റ് വറുഗീസ് ജേക്കബ് സ്വാഗതവും , സെക്രടറി ഡോ. മഞ്ചു സാമുവേല്‍ നന്ദിയും രേഖപ്പെടുത്തി.

കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡ വെര്‍ച്വല്‍ ഓണാഘോഷം വേറിട്ടതായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക