Image

നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാന്‍ 28 മില്യന്‍ പൗണ്ടിന്റെ വിദേശ റിക്രൂട്ട്‌മെന്റുമായി ബ്രിട്ടന്‍

Published on 15 September, 2020
നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാന്‍ 28 മില്യന്‍ പൗണ്ടിന്റെ വിദേശ റിക്രൂട്ട്‌മെന്റുമായി ബ്രിട്ടന്‍
ലണ്ടന്‍ : നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാന്‍ 28 മില്യന്‍ പൗണ്ടിന്റെ വിദേശ റിക്രൂട്ട്‌മെന്റുമായി ബ്രിട്ടന്‍.  ഇക്കാര്യം എന്‍എച്ച്എസ് ഇംഗ്ലണ്ട് ഔദ്യോഗികമായി വിവിധ ഹോസ്പിറ്റല്‍ ട്രസ്റ്റുകളെ അറിയിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാന്‍ ട്രസ്റ്റുകള്‍ക്ക് ഈ ഫണ്ട് അനുവദിച്ചു നല്‍കും. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് സ്വപ്ന സാക്ഷാത്കരത്തിന് വഴിവയ്ക്കുന്ന തീരുമാനമാണിത്.

പുതിയ റിക്രൂട്ട്‌മെന്റിനും പാതിവഴിയില്‍ മുടങ്ങിയ റിക്രൂട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിനും നിലവില്‍ ബ്രിട്ടനിലെ വിവിധ ട്രസ്റ്റുകളില്‍ കെയര്‍ ടെയ്ക്കര്‍ ആയും മറ്റും ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസ്, ഒഇടി പരിശീലനം നല്‍കി ഇവരെ റജിസ്‌ട്രേഡ് നഴ്‌സുമാരാക്കി മാറ്റുന്നതിനുമാണ്  തുക ചെലവഴിക്കുക. വിദേശ റിക്രൂട്ട്‌മെന്റ് ത്വരിത ഗതിയിലാക്കാനും വികസിപ്പിക്കാനുമായി നീക്കിവയ്ക്കുന്ന ഈ തുകയ്ക്കായി ആവശ്യങ്ങള്‍ വിശദീകരിച്ച് ട്രസ്റ്റുകള്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം.

2024 ആകുമ്പോഴേക്കും 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്ത്  നഴ്‌സിങ് ക്ഷാമം പൂര്‍ണമായും പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.   വന്ദേഭാരത് മിഷന്റെ ഭാഗമായി കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ വന്‍നഗരങ്ങളില്‍നിന്നും ലണ്ടനിലേക്ക് വിമാനസര്‍വീസുകള്‍ സാധാരണമായതോടെ പാതിവഴിയില്‍ മുടങ്ങിപ്പോയ റിക്രൂട്ട്‌മെന്റുകള്‍ എല്ലാം വേഗത്തിലായിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നൂറുകണക്കിന് മലയാളി നഴ്‌സുമാരാണ് ബ്രിട്ടനില്‍ എത്തിയത്. ഇന്നലെയും ഇന്നുമായി എത്തുന്നത് അമ്പതോളം ഇന്ത്യന്‍ നഴ്‌സുമാരാണ്. ഇവരിലും പതിവുപോലെ ഭൂരിപക്ഷവും മലയാളികള്‍ തന്നെ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക