Image

കവിതയുമായി കണ്ണനരികെ: രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 15 September, 2020
കവിതയുമായി കണ്ണനരികെ: രാജന്‍ കിണറ്റിങ്കര
101 കവിതകള്‍ എഴുതിയ കാര്യമൊന്ന് കൃഷ്ണനോട് വിസ്തരിച്ച് പറയാമെന്ന് കരുതിയാണ് പാതിരായ്ക്ക് ഗുരുവായൂര്‍ നടയിലെത്തിയത്.  എഴുതിയതാണെങ്കിലും ചുട്ടെടുത്തതാണെങ്കിലും രണ്ടിലും പൊള്ളലുണ്ടല്ലോ.  നാട്ടുകാരെ ബോധിപ്പിക്കേണ്ടാത്ത ചില കാര്യങ്ങള്‍ ഭഗവാനോട് പറയാനുണ്ടായിരുന്നു.  വെറുതെ സോഷ്യല്‍ മീഡിയയില്‍ ഇട്ട് ലൈക്കുകള്‍ നോക്കി ആത്മ നിര്‍വൃതി കൊണ്ടാല്‍ പോരല്ലോ.

അമ്പല പരിസരം ശൂന്യമായിരുന്നു.  ചില കച്ചവടക്കാര്‍ വാടിക്കരിഞ്ഞ തുളസിക്കും മുല്ലപ്പൂവിനും വെള്ളം തളിച്ച് ഉറക്കമുണര്‍ത്തുന്നു.  വീട്ടിലെ ചായ പിടിക്കാത്ത ചിലര്‍ തട്ടുകടയില്‍ വന്ന് പാതിരാ ചായ മോന്തുന്നു.  അടഞ്ഞു കിടക്കുന്ന ഗോപുര വാതിലിലൂടെ ഞാന്‍ കണ്ണനെ ഒളിഞ്ഞു നോക്കി, കണ്ണന്‍ അവിടെയെല്ലാം പഴയ അമ്പാടി പോലെ ഓടി നടക്കുകയാണ്, ഫ്രീ ആണല്ലോ, ആരുമില്ല ചുറ്റിലും.  കണ്ടാല്‍ ആരെങ്കിലും സെല്‍ഫി എടുക്കാന്‍ അടുത്ത് ചെല്ലും. അത് കണ്ണന് നന്നായറിയാം. 


എന്റെ പാതി കണ്ണ് വാതില്‍ പഴുതിലൂടെ കണ്ട കണ്ണന്‍ പുറത്തു വന്നു. ഭഗവാന് വരാന്‍ വാതില്‍ തുറക്കേണ്ട കാര്യമില്ലല്ലോ, വായുവായും ജലമായും ഒക്കെ വേഷം മാറി നടക്കാമല്ലോ.  പുറത്ത് വന്ന കണ്ണനോട് ഞാന്‍  മുഖവുരയില്ലാതെ  പറഞ്ഞു, അവിടുത്തെ ജന്മദിനത്തിന് ഞാന്‍ അങ്ങയുടെ ഓര്‍മ്മയില്‍ 101 കവിതകള്‍ എഴുതി.  കവിത എന്ന് പറയാന്‍ പറ്റില്ല, കൃഷ്ണ നാമങ്ങള്‍  എന്നേ പറയാന്‍ പറ്റൂ. മുംബൈയില്‍ ഇപ്പോള്‍ എല്ലാവരും മലയാളം കവിത ഇംഗ്ലീഷില്‍ ആണ് എഴുതുന്നത്.  അതാണത്രേ ആധുനികവും ഇപ്പോഴത്തെ ട്രെന്‍ഡും.  അതുകൊണ്ട് അവിടെ ഞാന്‍ ഇത് കവിതയാണെന്ന് ആരോടും പറഞ്ഞിട്ടില്ല, ഇതിപ്പോള്‍ നമ്മള്‍ രണ്ടുപേരും മാത്രമല്ലെ ഉള്ളൂ, മനസ്സിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല, അല്ലെങ്കിലേ ലോക്ക് ഡൗണും ജോലിക്കാര്യവും ഒക്കെ ആലോചിച്ച് ഉറക്കമില്ല.  ഞാന്‍ പറഞ്ഞു നിര്‍ത്തി.

ഞാനിപ്പോള്‍ എന്താ വേണ്ടത്, നീ കുത്തിയിരുന്ന് എഴുതിയതൊക്കെ ഞാന്‍ കണ്ടിരുന്നു. ഭഗവാന്‍ മൊഴിഞ്ഞു. 

കണ്ടൂല്ലേ, രാത്രി പന്ത്രണ്ടര വരെ ജലപാനം തൊടാതെ ഒറ്റ ഇരുപ്പില്‍ ഇരുന്നുള്ള എഴുത്തായിരുന്നു..   60  കഴിഞ്ഞപ്പോള്‍ ഇനി മുഴുമിക്കാന്‍ ആവില്ലെന്ന് തോന്നിയതാ.  പിന്നെ തൊണ്ണൂറു കഴിഞ്ഞപ്പോഴാ  അവിടുന്ന് അടുത്തുണ്ടെന്ന് ബോധ്യമായതും ഒരു ആത്മവിശ്വാസം വന്നതും.   ഞാന്‍ നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി.

എവിടെ കാണിക്ക്, ഞാനും ഒന്ന് കാണട്ടെ.    എഴുതിയതൊക്കെ  ഭഗവാന് അറിയാമെങ്കിലും എന്നോട് വെറുതെ ആകാംക്ഷ കാണിച്ചു 

ഞാന്‍ കൈയിലെ മൊബൈല്‍ അങ്ങോട്ട് നീട്ടി ഭണ്ഡാര പെട്ടിക്കു മേലെ വച്ചു.   ഭഗവാനെ തൊട്ട് അശുദ്ധമാക്കരുതല്ലോ

ഇതെന്താ ഈ സാധനം,  ഭഗവാന്‍ ചോദിച്ചു

ഇതാണ് മൊബൈല്‍, ഞങ്ങടെ വീടിന്റെ ആധാരം മുതല്‍  അമ്മയുടേം അച്ഛന്റേം ഓര്‍മ്മകള്‍ വരെ   ഇതിനുള്ളിലാണ് .

ഓര്‍മ്മകള്‍ ഇതിനുള്ളിലായോ ? ഭഗവാന് അത്ഭുതം

മനസ്സില്‍ സ്‌പേസ് ഇല്ലാതായില്ലേ,  അമേരിക്ക മുതല്‍ ഇങ്ങു തെക്കു മലമക്കാവുവരെയുള്ള സുഹൃത്തുക്കളെ ഓര്‍ക്കണ്ടേ. മനസ്സ് ഇടയ്ക്കിടെ കാണിക്കുന്നു,  ഠവലൃല ശ െിീ േലിീൗഴവ ങലാീൃ്യ. 


നിന്റ കവിതയും ഇതിലാണോ?  ഭഗവാന്‍ അത്ഭുതം കൂറി

അതെ, ജഉഎ ആണ്,  പ്രിന്റ് എടുക്കാന്‍ കാശ് ചിലവല്ലേ. 

എങ്കില്‍ ഇങ്ങോട്ട് കൈയില്‍ താ, നല്ലൊരു ഉദ്യമം ചെയ്തിട്ട്, ദൂരെ വയ്ക്കാണോ .

ഹേയ്, ഞാനൊരുപാട് യാത്രചെയ്ത് വരല്ലേ, തൊട്ട് അശുദ്ധാക്കണില്ല .

എന്ത് ശുദ്ധം, അശുദ്ധം.  നിങ്ങള്‍ക്കിപ്പോള്‍ ഞാനിരിക്കുന്നിടം അല്ലെ ഏറ്റവും അശുദ്ധമായി തോന്നുന്നത്. ഭഗവാന്‍ ചിരിക്കുമ്പോഴും മനസ്സിലെ അരിശം വ്യക്തമായിരുന്നു.

അതെന്താ അങ്ങ് എന്തോ അര്‍ഥം വച്ച് പറയും പോലെ. ഞാന്‍ അതിശയം പൂണ്ടു

പിന്നല്ലാതെ, ഹോട്ടല്‍ തുറക്കാം, മാള്‍ തുറക്കാം, എന്തിന് മദ്യം വില്‍ക്കുന്നിടം വരെ തുറക്കാം. അവിടെയൊന്നും രോഗാണുവില്ല, എന്റെ നടയില്‍ മാത്രമാണ് ഇതുള്ളതെന്ന് കരുതിയല്ലേ അമ്പലം അടച്ചിട്ടിരിക്കുന്നത്. ഭഗവാന് കണ്ട്രോള്‍  തെറ്റും പോലെ

അതല്ല, അങ്ങ് തെറ്റിദ്ധരിച്ചു,  അവിടെയൊക്കെ പാര്‍സല്‍ ആണ് കൊടുക്കുന്നത്, ആരും ഇരുന്ന് കഴിക്കുന്നില്ല, ഞാന്‍ ഒരു ന്യായീകരണ തൊഴിലാളിയുടെ ഭാഗം അഭിനയിച്ചു.

എങ്കില്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ആയി കഴിക്കുന്ന വഴിപാടുകളുടെ പ്രസാദം നിങ്ങള്‍ക്ക് കൗണ്ടറില്‍ പാര്‍സല്‍ ആയി തരുന്നില്ലല്ലോ, അതെന്താ.   ചാനല്‍ ചര്‍ച്ചയില്‍ വന്നിരിക്കുന്നവരെ പോലെയല്ല, ഭഗവാന്‍ നല്ല ഹോംവര്‍ക്ക് ചെയ്തിട്ടാണ് വന്നിരിക്കുന്നത്.

അതല്ല ഭഗവാനെ, ഞങ്ങള്‍ ഒരുപാട് പരാതിയുമായിട്ടാണ് നടയില്‍ വരുന്നത്, ഈ മാസ്‌ക് കെട്ടി പ്രാര്‍ത്ഥിച്ചാല്‍ അങ്ങേക്ക് എങ്ങിനെ ആളുകളെ തിരിച്ചറിയും.  ഞാനും പിന്മാറിയില്ല.

എനിക്കാളുകളെ തിരിച്ചറിയാന്‍ മുഖം കാണേണ്ട കാര്യമില്ല, നിങ്ങള്‍ക്കാണ് പ്രശ്‌നം, മാസ്‌ക് കെട്ടിയാല്‍ അണിഞ്ഞൊരുങ്ങി വന്നിട്ട് നിങ്ങടെ മുഖം ആരും കാണില്ലല്ലോ എന്ന വിഷമം. ഭഗവാന്‍ കൗണ്ടര്‍ അടിച്ച് എന്നെയിരുത്തി കളഞ്ഞു.

എന്തായാലും ഞാന്‍ നിന്റെ കവിതകള്‍ രാത്രി ഇരുന്ന് വായിക്കും, ആ മൊബൈല്‍ ഇവിടെ തന്നു പൊയ്‌ക്കോ.

അയ്യോ, അത് പറ്റില്ല, എനിക്ക് പുലര്‍ച്ചെ അഞ്ചുമണിമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെ ഗുഡ് മോണിങ് മെസ്സേജ് അയക്കാനുള്ളതാ.  ഞാന്‍ തുറന്നു പറഞ്ഞു.

അപ്പോള്‍ ഞാന്‍ വായിക്കണ്ടേ, നിന്റെ എഴുത്തുകള്‍?  ഭഗവാന്‍ സംശയം പ്രകടിപ്പിച്ചു.

അമ്പലം തുറക്കട്ടെ, ഞാന്‍ പ്രിന്റ് ഔട്ടുമായി വരാം, ഇതൊന്നും ആരും തുറക്കരുതെന്ന് കരുതി ഞങ്ങള്‍ നമ്പര്‍ ലോക്കിട്ടാ പൂട്ടുന്നത് അറിയോ.  താങ്കളുടെ ശ്രീകോവിലിനു പോലും ഇല്ലാത്ത സുരക്ഷയാ മൊബൈലിന് . 

ഭഗവാന്‍ കള്ളച്ചിരിയോടെ യാത്ര പറഞ്ഞു ഇരുളില്‍ മറഞ്ഞു, വാടിക്കൊഴിഞ്ഞ തുളസിക്കതിര്‍ പോലെ ഞാന്‍ പുറത്ത് ദീപസ്തംഭത്തിനരികില്‍ നിശ്ചലനായി നിന്നു .
Join WhatsApp News
amerikkan mollakka 2020-09-16 18:26:56
ഇങ്ങടെ കിസനനെ കള്ളകിസ്സനാണ് എന്ന് പറയാറുണ്ടല്ലോ.ഇങ്ങൾക്ക് കിസനന്റെ മുന്നിൽ ഒരു ബഡായിയും ചെയ്യാൻ പറ്റില്ല. ഇങ്ങള് കബിത എയ്തുന്നതിനു മുമ്പ് കിസ്‌നനൻ ബായിച്ചിരിക്കുണു . കിശൻ പടച്ചോൻ കള്ളകണ്ണിട്ടു ശോധിച്ചില്ലേ .. എന്തിനാ കിണറ്റിങ്കരെനിന്നു എന്നെ മക്കാരാക്കുന്നത് എന്ന്. തമാശ പോട്ടെ കിസ്‌ന ഭഗവൻ ഇങ്ങളെ തുണക്കും. മേല്പത്തൂരിന്റെ വാതം മാറ്റിയപോലെ ഇങ്ങളെ ബല്യ കബിയാക്കും. അമേരിക്കയിലേക്ക് എന്നിട്ട് ഒരു ബരവ് ബരണം. പടച്ചോൻ ഇങ്ങൾക്ക് കൃപ ചൊരിയട്ടെ. അപ്പൊ അസ്സാലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക