Image

ഇനിയും നല്ലൊരു ഭാര്യയായ്ത്തീരുക (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 15 September, 2020
ഇനിയും നല്ലൊരു ഭാര്യയായ്ത്തീരുക (കവിത: മാര്‍ഗരറ്റ് ജോസഫ്)
നീതി പീഠത്തിന്‍ വിധി കേട്ട മാത്രയില്‍,
ആധിപെരുത്തവള്‍ പൊട്ടിക്കരഞ്ഞുപോയ് 
പ്രായം പതിനാലിലെത്തിയ ബാലിക
മരിയ ഷഹാബാസ്സെന്ന ഹതഭാഗ്യ

ഇനിയും നല്ലൊരു ഭാര്യയായിത്തീരുക
ഇനിയും നല്ലൊരു ഭാര്യയായിത്തീരുക
വെള്ളിടി വെട്ടിയ മട്ടിലീ വാക്കുകള്‍,
ഉള്ളം നടുക്കിയക്കാതില്‍ പതിക്കവെ,

ആ പ്രതിക്കൂട്ടില്‍ പ്രതിമയ്ക്കു തുല്യമായ്,
പാക്കിസ്ഥാന്‍ പുത്രീ, നീ ശപ്തയെന്നോര്‍ത്തുവോ?
ക്രൂരനായ് തന്നെ കശക്കിയെറിഞ്ഞൊരു-
കാമപ്പിശാചിനോടൊത്തു ജീവിക്കുക;
ആയിരം പാമ്പുകളാഞ്ഞുകൊത്തുവാന്‍; 
പാഞ്ഞടുക്കുന്നപോല്‍ പേടിച്ചരണ്ടവള്‍;

യാത്രികര്‍ക്കൊപ്പമ,ന്നാവഴിത്താരയില്‍; 
വീട്ടിലേയ്ക്കാമോദമോടെ നടന്നവള്‍;
മൂര്‍ച്ചയേറും മതവൈരമാം വാളിനാല്‍-
പോര്‍വിളിച്ചെത്തിയവര്‍ക്കിരയായവള്‍;
ആലംബമറ്റവളാക്കിയ ദുഷ്ടത,
രാപ്പകലൊപ്പം കളിപ്പാട്ടമാക്കിയോള്‍;

മരണം മാടിവിളിക്കും കരങ്ങളാല്‍-
മുള്ളില്‍ പടര്‍പ്പില്‍ ഞെരിഞ്ഞമരുന്നവള്‍;
സ്‌നേഹപ്രപഞ്ചത്തില്‍ നിന്നു വേര്‍പെട്ടവള്‍, 
ശോകസമുദ്രത്തില്‍ നീന്തിക്കുഴഞ്ഞവള്‍,
എന്തൊരു ദുര്‍ഗ്ഗതി, യമ്പേ ഭയങ്കരം!

അന്ധകാരാവൃതമായോ മനസ്സുകള്‍?
ക്രിസ്ത്യാനിയായിപ്പിറന്ന കുറ്റത്തിന്-
ഇസ്ലാമാബാദില്‍ നിയമം കഠിനമോ?

ജാതി ഭ്രാന്താളുന്ന തീപ്പന്തമാക്കിയ-
സ്ത്രീ ജീവിതങ്ങളനേകമെന്നോര്‍ക്കുക.

പേടമാന്‍കുഞ്ഞിന് പീഡകനായവന്‍,
പേടിപ്പെടുത്താതെ രക്ഷകനാകുമോ?

വേട്ടമൃഗത്തിന് വേദം വഴങ്ങുമോ-
അക്രമാസക്തനായ്ത്തീരുവനല്ലാതെ?
'മുഹമ്മദ് നകാഷ'യെന്ന വിവാഹിതന്‍
കോടതി കല്‍പിച്ച മാതൃകാ പുരുഷന്‍
നീതി നിലവിളിക്കുന്നോ നിരന്തരം
നാരി ദുരന്തമാകുന്നോ നിരന്തരം?


(വീട്ടിലേക്ക് വരുന്നവഴിതട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഒളിവിലാക്കിയ പതിനാലുകാരിയായ മകളെ വിട്ടുകിട്ടുവാന്‍ മാതാപിതാക്കള്‍ പാക്കിസ്ഥാന്‍ 
കോടതിയില്‍ സമര്‍പ്പിച്ച കേസ്സിന്റെ വിധിയെകുറിച്ചാണ് ഈ കവിത.)
Join WhatsApp News
benny kurian 2020-09-19 05:21:12
Touching............
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക