Image

പുഴയോരത്തൊരു വീട്... ( കഥ : രമണി അമ്മാൾ )

Published on 15 September, 2020
പുഴയോരത്തൊരു  വീട്... ( കഥ : രമണി അമ്മാൾ )
കുറേ ദിവസങ്ങളായിട്ടുളള ആലോചനയാണ്... 
കിടപ്പ്,  മുകളിലത്തെ മുറിയിലേക്ക്  മാറ്റിയാലോ എന്ന്.

"എന്താ ഇപ്പോഴിങ്ങനെയൊരു തോന്നൽ. 
ഈ വയ്യാതിരിക്കുന്ന സമയത്ത് സ്റ്റെപ്പുകൾ ഇറങ്ങാനും കയറാനും  അമ്മയ്ക്കു ബുദ്ധിമുട്ടാവും "

 മകൻ..

"അദ്ധേഹം പോയതിനു ശേഷം ആ മുറിയിൽ തനിയെ 
കിടക്കാൻ നിങ്ങളെന്നെ അനുവദിച്ചിട്ടില്ല..  
ഈയിടയായി നിന്റെ അച്ഛനെക്കുറിച്ചുളള ചിന്തകളാണെനിക്കേതു നേരവും "

"ആ മുറിയിൽ അദ്ധേഹത്തിന്റെ  സാമീപ്യമുണ്ട്.
ഗന്ധവും... 
മൂളിപ്പാട്ടും ഒക്കെയുണ്ട്...."

അവനോടതു പറഞ്ഞില്ല.

താരകരൂപിണീ...നീയെന്നുമെന്നുടെ ഭാവന രോമാഞ്ചമായിരിക്കും..... ബ്രഹ്മാനന്ദൻ പാടിയ പാട്ട്...
കല്യാണത്തിനു മൂന്നേ പ്രേമം തലയ്ക്കു പിടിച്ചു നടന്ന കാലത്ത് മ്യൂസിയത്തിനുളളിലെ പച്ചപ്പുൽത്തകിടിയിൽ മലർന്നുകിടന്നുകൊണ്ട് മിക്കപ്പോഴും  പാടുന്ന പാട്ട്.
ഒരുവിധം നന്നായി പാടുന്ന പാട്ട്,
അദ്ധേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ പാട്ട്. 
കേട്ടു കേട്ടു മടുത്തെന്നു പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നുകൂടി കേൾക്കാൻ കൊതിച്ചു പോകുന്നു.

മുകളിലത്തെ മുറിയുടെ നിശബ്ദത ഞങ്ങൾക്കിഷ്ടമായിരുന്നു..
കാതോർത്തു കിടന്നാൽ പുഴയുടെ സംഗീതം കേൾക്കാമെന്നു പറയുമായിരുന്നു..
കണ്ടാസ്വദിക്കാൻ മാത്രമേ തനിക്കറിയാവൂ...
കാണാതെ അനുഭവിക്കാനും ആസ്വദിക്കാനുമുളള കഴിവ് അദ്ദേഹത്തിനു മാത്രം..

"ആ മുറിയിലെ എസി കംമ്പ്ളെയ്ന്റാ..."

"സാരമില്ലെടാ...ജനാല തുറന്നിട്ടാൽ പുഴയിൽ നിന്നുളള തണുത്ത കാറ്റു കിട്ടും.."

വല്ലതും ആഹാരമുണ്ടാക്കാനും തൂത്തുവാരിത്തുടയ്ക്കാനും
അപ്പുറത്തെ ഭവാനി വരും.
അവളോടെന്തങ്കിലും പറഞ്ഞും ചെയ്യിപ്പിച്ചും പകലിന്റെ മുക്കാലും തീരും.. അവൾ അവളുടെ വീട്ടിലേക്കും പോകും..
മകൻ അവന്റെ മുറിയിൽ അവന്റെ ലോകത്തും..
ഇടയ്ക്കു വന്നു പോകുന്ന അവന്റെ കൂട്ടുകാർ..
വീട്ടിൽ ആളനക്കം അനുഭവിക്കുന്നത് ആ നേരങ്ങളിലാണ്..

അലമാരയിൽ നിറച്ചും പുസ്തകങ്ങൾ...
അദ്ധേഹത്തിന്റ ശേഖരങ്ങൾ, 
ചിലതൊക്കെ എടുക്കും, വായിച്ചു മുഴുവനാക്കാൻ കഴിയാതെ തിരികെ അതേ സ്ഥലത്തു  വയ്ക്കും.. പുസ്തകങ്ങൾ നിരതെറ്റിയോ
സ്ഥാനം തെറ്റിയോ ഇരിക്കാൻ 
പാടില്ല.., 
അദ്ധേഹത്തിന്റെ ചില  നിർബന്ധങ്ങളിലൊന്ന്.......

ജനാലയോടും സ്വിച്ച് ബോർഡിനോടും ചേർത്ത്
കട്ടിലു വലിച്ചു നീക്കിയിടുവിച്ചു.  ഇന്ന്, ഈ നിമിഷം വരെ ഉപയോഗിച്ച മുറിപോലെയുണ്ട്..
പൊടിയോ മാറാലയോ ഒന്നും എവിടെയും കണ്ടില്ല...
ഇവിടെയുണ്ട് ആ സാന്നിദ്ധ്യം...

പുഴക്കരയിലെ ഈ വീട് രണ്ടാളും ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയതാണ്..
നല്ല മഴക്കാലത്ത്  പറമ്പിലേക്ക് പുഴവെളളം കയറി വരും. ഉപദ്രവിക്കാതെ
തിരിച്ചിറങ്ങിപ്പോവുകയും ചെയ്യും..
മഴയും, പുഴയും, പുഴക്കരയും..ചൂണ്ടയിടീലും...ഏതുനേരത്തും ചുണ്ടത്തൊരു മൂളിപ്പാട്ടും....
എപ്പോഴും സന്തോഷവാൻ..
അദ്ദേഹം ഉണ്ടായിരുന്നപ്പോൾ
വീട്ടിൽ ഒച്ചയും അനക്കങ്ങളുമുണ്ടായിരുന്നു.. ഓഫീസിൽ നിന്നു വന്നു കഴിഞ്ഞാൽ
ഭാര്യയും മക്കളും മാത്രമുളള ലോകം.. 
ഇന്ന്
ഒരു ശൂന്യതയിൽ ആണ്ടുപോയ വീടായിരിക്കുന്നു..
സംഗീതത്തിന്റെ അലയൊലികളും നൃത്തത്തിന്റെ ചുവടുവയ്പ്പുകളും ഓർമ്മകളിൽ  അയവിറക്കുന്ന വീട്.
മോന്റെ മുറിയിൽ സംഗീതോപകരണങ്ങൾ മിക്കതുമുണ്ട്...
വല്ലപ്പോഴും എന്തെങ്കിലുമെടുത്തൊന്നു വായിക്കും.. 
അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ കലാപരമായ  
വാസനകൾ മക്കളിലും...
ഇപ്പോൾ അരങ്ങുമില്ല..
ആരവവുമില്ല..
ആളൊഴിഞ്ഞ അമ്പലപ്പറമ്പ്..

ചില്ലലമാരയിൽ നിരന്നിരിക്കുന്ന ട്രോഫികൾ...
മൂകസാക്ഷികൾ..
എല്ലാം  ഇന്നലത്തേതുപോലെ....!

രോഗം തനിക്കായിരുന്നു..
ജീവനു ഭീഷണിയായേക്കാവുന്ന 
രോഗം,
ആയുസ്സു മൂഴുവനാക്കാൻ തന്നെ അനുവദിക്കുകയില്ലെന്ന് അച്ഛനും മക്കളും പേടിച്ചു, വിഷമിച്ചു..
അങ്ങേയറ്റം കരുതലോടെ ശുശ്രൂഷിച്ചു...
ആയുസ്സു പിന്നെയും  നീട്ടിക്കിട്ടി..
കാൽമുട്ടുകൾക്ക്  അല്പം വേദന..
ഇപ്പോൾ അലട്ടുന്ന ആരോഗ്യപ്രശ്നം അതുമാത്രമാണ്..

           അറുപതാം വയസ്സിലും, രൂപത്തിലും ഭാവത്തിലും ചുറുചുറുക്കുളള ചെറുപ്പക്കാരനെപ്പോലെയായിരുന്നു അദ്ദേഹം..
ഒരുറക്കത്തിനും ഉണർവ്വിനും ഇടയിലുളള സമയം മാത്രമേ വേണ്ടിവന്നുളളു.
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ്ടുപോകുവാൻ
ഒന്നും അറിയാതെ ആ കൈമടക്കിൽ തലവച്ച് തന്റെ ഉറക്കം...എല്ലാം ഒരു സ്വപ്നം
പോലെ...

കിഴക്കെവിടെയോ മഴപെയ്യുന്നുണ്ടാവാം.. പാലത്തിനടിയിലൂടെ പുഴവെളളം   കലങ്ങിയൊഴുകുന്നു...
പുഴയ്ക്കു കുറുകെയുളള പാലം ഈ വീടും സ്ഥലവും വാങ്ങുമ്പോൾ ഉണ്ടായിരുന്നില്ല.

പണിതുടങ്ങി പൂർത്തിയാക്കാൻ രണ്ടുവർഷത്തോളമെടുത്തുകാണും..
അക്കരെ നിന്നിക്കരയ്ക്കും 
,ഇക്കരെ
നിന്നക്കരയ്ക്കും  പഞ്ചായത്തു വക വലിയ കടത്തുതോണിയുണ്ടായിരുന്നു..
തുഴച്ചിൽക്കാർ രണ്ടറ്റത്തും
ഓരോരുത്തർ..
പുഴ നിറഞ്ഞൊഴുകുമ്പോൾ പങ്കായം കൊണ്ടു തുഴയും. പുഴയിൽ വെളളം കുറഞ്ഞു തുടങ്ങുമ്പോൾ  വളളം ഊന്നുകയാണു ചെയ്യുക.

അദ്ദേഹം ആഗ്രഹിച്ചതുപോലേ പുഴക്കരയിൽ ഒരു വീടും അവിടത്തന്നെ അന്ത്യവിശ്രമവും...

നല്ലൊരു ചിത്രകാരനായിരുന്നു അദ്ധഹമെന്ന് അധികം പേർക്കും അറിയില്ല..
പ്രകൃതി ദൃശ്യങ്ങൾ മാത്രമേ ആ വിരൽത്തുമ്പിൽ വരയായി വരാറുളളായിരുന്നു.
ജീവൻ തുടിക്കുന്ന  ചിത്രങ്ങളിൽ രണ്ടെണ്ണം    മുകളിലത്തെ  മുറികളുടെ ചുമരിൽ
തന്റെ നിർബന്ധംകൊണ്ടു
തൂക്കിയതാണ്..

മകളുടെ വിവാഹം റിട്ടയർമെന്റിനോടടുപ്പിച്ചായിരുന്നു..
അടുത്തും അകലെയുമുളള ഒപ്പം ജോലിചെയ്തിട്ടുളള എല്ലാവരേയും ക്ഷണിച്ചു. ബന്ധുമിത്രാദികൾ തൂലോം കുറവായതിനാൽ
കല്യാണത്തിന് ആഡിറ്റോറിയം നിറയെ ആൾക്കാരു വേണമെന്ന ആഗ്രഹം...
കണക്കു കൂട്ടിയതിലും കൂടുതൽ  ആളുകൾ  പങ്കെടുത്ത വിവാഹം..
തെല്ലൊരാർഭാടമായിരുന്നു.
ഇനി മകന്റെ വിവാഹം...
അവനെന്നും അദ്ദേഹത്തിനു കുഞ്ഞായിരുന്നു.. 

തന്റെ കാലം കഴിയുന്നതിനുമുൻപ് ...
അവനുംകൂടി ഒന്നു സെറ്റിലായെങ്കിൽ..
കഴിഞ്ഞുകൂടാനുളളതൊക്കെ
അദ്ദേഹം കരുതിവച്ചിട്ടാണു പോയത്.....
മകൾക്കും മകനും ഒരുപോലെ..
അവളും ഭർത്താവും സ്റ്റേറ്റ്സിൽ....നാട്ടിൽ വരാറാവുമ്പോഴേക്കും 
ഒരു പെണ്ണിനെ അനിയനുവേണ്ടി നോക്കിവക്കണമെന്നു പറഞ്ഞിരിക്കുന്നു...
അനിയനേയും സ്റ്റെയ്റ്റിസിലേക്കു കൊണ്ടൂപോകണമെന്നാണവൾക്ക്.  താനിവിടെ ഒറ്റയ്ക്കാവും.. അതാണ് അവന്റെ പോക്കിനുളള താമസം..
ഇനി എത്രനാൾ....

ചുറ്റും ഇരുൾ പരക്കാൻ തുടങ്ങിയിരിക്കുന്നു..
അർദ്ധചന്ദ്രൻ വീടിനു മുകളിലെ ആകാശത്ത് തെളിഞ്ഞു നില്ക്കുന്നു.....ചുറ്റും ഒരപാടു നക്ഷത്രങ്ങളും...
ജനൽ തുറന്നിട്ട് കട്ടിലിൽ വന്നു  കിടന്നാലും അദ്ദേഹം ഉറങ്ങുന്നിടം വ്യക്തമായിക്കാണാം..
ഉറക്കം വരുന്നുണ്ട്..
പുഴയിൽ നിന്നുളള തണുത്ത കാറ്റിന് ചിരപരചിത ഗന്ധം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക