Image

നിളയുടെ തീരത്ത് നാളെ ഞാൻ മരിച്ചു വീഴുമ്പോൾ (വിജയ്.സി.എച്ച്)

Published on 14 September, 2020
നിളയുടെ തീരത്ത് നാളെ ഞാൻ മരിച്ചു വീഴുമ്പോൾ (വിജയ്.സി.എച്ച്)
നിള ഒരു വികാരമാണ്. സാഹിത്യകാരന്മാർക്കും, സാംസ്കാരിക പ്രവർത്തകർക്കും മാത്രമല്ല, ഒരിക്കൽപോലും ഈ പുഴ കണ്ടിട്ടില്ലാത്ത പലർക്കും.
എന്നാൽ, ഷംസുവിന് നിള വികാരമല്ല, ജീവനാണ്! പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ തലക്കലുള്ള തൃത്താലയിൽ തൻറെ പുരയിടത്തെ സ്പർശിച്ചൊഴുകുന്ന നദി കരകവിഞ്ഞ് ഒഴുകുമ്പോഴെല്ലാം ഷംസുവിൻറെ കൊച്ചു കൂരയിൽ വെള്ളം കയറും.
അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുന്നത് പലപ്പോഴും രാത്രിയിലാണ്. തൽക്ഷണം പെട്ടിയും, കിടക്കയും, വസ്ത്രങ്ങളും, കയ്യിൽകിട്ടിയ വീട്ടുസാധനങ്ങളും വാരിക്കെട്ടി, തൻറെ വൃദ്ധമാതാവിനെയും, പത്നിയെയും, കുട്ടികളെയും കൂട്ടി, സുരക്ഷിതമായ ഒരിടത്തേക്ക് താമസം മാറണം.

അറബിക്കടലിലേക്കുള്ള തൻറെ യാത്രയുടെ അവസാന ഘട്ടമെത്തുമ്പോൾ അതിവർഷത്തിൽ തിമിർത്തൊഴുകുന്ന ത്രിമൂർത്തി മലയുടെ പുത്രിക്ക് ചെല്ലേണ്ടയിടത്തെത്താൻ തിടുക്കം അൽപം കൂടുതലാണ്. രാത്രിക്കുരാത്രി തീരംവിട്ടോടിയില്ലെങ്കിൽ പിറ്റേന്നു കാലത്ത് പൊന്നാനി കടലിൽ പൊന്തിക്കിടക്കും!
വർഷത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും കലങ്ങിമറഞ്ഞ പുഴ ഷംസുവിൻറെ വീട്ടിലെത്തുന്നുണ്ട്. എന്നിരുന്നാലും നിള അദ്ദേഹത്തിന് ജീവൻറെ ജീവനാണ്!
അതിനൊരു കാരണമുണ്ട്. "ഷംസുവിൻറെ ഞരമ്പുകളിൽ ഒഴുകുന്നത് രക്തമല്ല, നിളയാണ്," പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഡോ. പ്രമീളാ നന്ദകുമാർ പറയുന്നു! എഴുത്തുകാർ നിളയെന്നു വിളിക്കാൻ ഇഷ്ടപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് 50 വർഷം മുന്നെ ഭൂജാതനായ തച്ചറംകുന്നത്ത് ഷംസുദ്ദീൻ എന്നയാൾ 'ഷംസു നിള' എന്ന വിളിപ്പേരിൽ പരക്കെ അറിയപ്പെടുന്നതിൽ അതിനാൽ അതിശയമില്ല! ഷംസുവിനോടു സംസാരിക്കുകയെന്നാൽ നിളയോട് നേരിട്ട് അതിൻറെ ആധികൾ അന്വേഷിക്കുന്നതിനു തുല്യം!

🟥 മറക്കാനാവാത്ത പ്രളയാനുഭവം

ഒരു സൂചനയുമില്ലായെ, ഒരു ഫ്ലേഷ് ഫ്ലഡ് പോലെ വന്നെത്തിയ, 2019-ലെ പ്രളയമാണ് ഞങ്ങളെ ശരിക്കും താറുമാറാക്കിയത്. ഓഗസ്റ്റ്-8, അർദ്ധരാത്രിയിൽ പതിവിൽനിന്നു വ്യത്യസ്തമായൊരു ഭീകരസ്വരം നിളയിൽനിന്ന് ഉയരുന്നതു കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ടോർച്ചുമെടുത്ത് ഞാൻ പുഴയിലേക്കോടി. കോപിഷ്ടയായ നിള ഉഗ്രരൂപം പൂണ്ട് നിൽക്കുന്നു! റെഗുലേറ്ററിൻറെ തുറക്കാത്ത ഷട്ടറുകളിൽ ഊക്കോടെ ചെന്നലച്ച് മലവെള്ളം വൻ അലകളുയർത്തി ആപൽ‍ക്കരമാംവിധം വട്ടം കറങ്ങുന്നു. ജലനിരപ്പ് കുത്തനെ ഉയർന്നുവരുന്നു. കൂടിവന്നാൽ പത്തു മിനിറ്റിനകം അഞ്ഞൂറോളം വീടുകളുള്ള ഞങ്ങളുടെ താഴ്ന്ന പ്രദേശം പ്രളയത്തിൽ ആണ്ടുപോകും. വൈദ്യുതി മുന്നെത്തന്നെ അപ്രത്യക്ഷമായ ആ ഭാഗ്യംകെട്ട രാത്രിയിൽ ഗ്രാമം ഗാഢനിദ്രയിലാണ്.

ഞാൻ അലറിവിളിച്ച് അയൽപക്കങ്ങളിലേക്കോടി. അവരുടെ കതകുകളിൽ ശക്തിയായി ഇടിച്ചു. ഉറക്കമുളർന്നവരെല്ലാം ദൗത്യത്തിൽ പങ്കുചേർന്നുകൊണ്ട് മറ്റു വീടുകളിലേക്കും കുതിച്ചു. ഞൊടിയിടക്കുള്ളിൽ അതൊരു ശൃംഖലാ പ്രവർത്തനമായിമാറി‍. കയ്യിൽകിട്ടിയ സാധനങ്ങളെടുത്ത് ഉയർന്നുകിടക്കുന്ന ഇടങ്ങളിലേക്ക് എല്ലാവരും പാഞ്ഞു.

മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തി തിരിച്ചെത്തിയപ്പോൾ, നിളയോട് ഏറ്റവും അടുത്തുകിടക്കുന്ന എൻറെ വീട് ആറടി വെള്ളത്തിൽ മുങ്ങിനിൽക്കുന്നു! സകല സാധനങ്ങളും കുത്തിയൊലിച്ചുപോയി. വീട്ടിലുള്ളവർ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടിരുന്നു.

🟥 അറ്റകുറ്റപ്പണി നടത്താത്ത റെഗുലേറ്റർ

തൃത്താലയിൽ നിളക്കു കുറുകെയുള്ള വെള്ളിയാംകല്ല് റെഗുലേറ്റർ-കം-ബ്രിഡ്ജിൻറെ ദുരവസ്ഥയാണ് പ്രദേശത്തെയാകെ ജലത്തിൽ മുക്കിയത്. 2018-ലെ പ്രളയ സമയത്ത് ആകെയുള്ള 27 ഷട്ടറുകളിൽ ഏഴു ഷട്ടറുകൾ മാത്രമാണ് പ്രവർത്തന രഹിതമായിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷമുണ്ടായ പ്രളയ സമയത്ത് 16 ഷട്ടറുകൾ തുറക്കാൻ കഴിഞ്ഞില്ല. എല്ലാം കേടുവന്നാണ് കിടന്നിരുന്നത്. ആറു കിലോമീറ്റർ കിഴക്കുള്ള പട്ടാമ്പി മുതൽ നിളയുടെ പാതയിലുള്ള ഷൊറണൂർ, ഒറ്റപ്പാലം പ്രദേശങ്ങളും ദുരന്ത ഭൂമികയായി മാറി. നിർഭാഗ്യവശാൽ റെഗുലേറ്ററിൻറെ തൊട്ടു കിഴക്കു (upstream) പ്രദേശത്ത് വസിക്കുന്ന ഞങ്ങളാണ് ഈ കുറ്റകരമായ അനാസ്ഥയുടെ സ്ഥിരം ബലിയാടുകൾ.

🟥 നിളയുടെ ചരമക്കുറിപ്പ് രചിക്കുന്നവർ

യാതൊരു നിയന്ത്രണവുമില്ലാത്ത മണൽവാരൽ തന്നെയാണ് നിളയെ നശിപ്പിച്ചത്. കേരളത്തിലെ എല്ലാ നദികളും മണൽ കൊള്ളക്കു വിധേയമാകുന്നുണ്ടെങ്കിലും, മേന്മയേറിയ മണൽ ഉയർന്ന അളവിൽ ലഭ്യമായിരുന്ന നിളതന്നെയാണ് ഈ കൊടും പീഡനത്തിൻറെ ഏറ്റവും വലിയ ഇര. വേനലിൽ ഒന്നു കണ്ടുനോക്കൂ, പൊട്ടിക്കരഞ്ഞുപോകും! വറ്റിവരണ്ടു, മെലിഞ്ഞു, മരണത്തോട് അടുത്തുകൊണ്ടിരിക്കുന്നു പ്രിയ നദി നിള.

നിയമം മൂലം നിരോധിച്ചതാണ് മണലൂറ്റ്. പക്ഷെ, മണൽ മാഫിയകൾക്ക് കർശനമായി കടിഞ്ഞാണിടാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. വകുപ്പുകൾ പലതുമുണ്ടെങ്കിലും അതിനെല്ലാം പഴുതുകളുമുണ്ട്. നിയമങ്ങൾ മറികടന്ന് മണൽ മാന്താൻ ഇതിനിറങ്ങി തിരിച്ചവർക്ക് നന്നായി അറിയാം! അതിനാൽ, രാവും പകലും മണൽ മോഷണം നടക്കുന്നു. അറിഞ്ഞോ അറിയാതെയോ ബന്ധപ്പെട്ടവരും നാട്ടുകാരും അതിനു കൂട്ടുനിൽക്കുന്നു.

ഒരു ലോഡ് മണലിനു പെർമിറ്റെടുത്ത് നിരവധി ലോഡുകൾ മാന്തികൊണ്ടുപോകുന്നു. നിളയുടെ സഞ്ചാരപഥത്തിൽ അന്ത്യഭാഗത്തുവരുന്ന പട്ടാമ്പിമുതൽ ചമ്രവട്ടംവരെയുള്ള ഭാഗത്താണ് ഏറ്റവും നല്ല മണൽ സുലഭമായുള്ളത്. ഇടയ്ക്കുവരുന്ന ഞങ്ങളുടെ പ്രദേശത്ത് (തൃത്താല മേഖല) ശരിക്കും 'മഞ്ചാര' മണലാണ്! ഇതിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഓരോ മഴക്കു ശേഷവും പുതിയ മണലെത്തുന്നു. വ൯തോതിൽ കൊള്ളയും നടക്കുന്നു.

🟥 ഒരു തരി മണൽ ഞാൻ എടുക്കില്ല

ബാപ്പ 30 വർഷം മുന്നെ മരിച്ചു. ജീവിതം കഷ്ടപ്പാടിലായിരുന്നു. നിളയിൽനിന്ന് ഒരു തരി മണൽ എടുക്കരുതെന്ന് ഒരു കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഉമ്മ അക്കാലം മുതലെ ഉപദേശിക്കുമായിരുന്നു. അതു കേട്ടു വളർന്നവനാണ് ഞാൻ.
എന്നോട് ഇങ്ങിനെ നിർദ്ദേശിക്കാൻ ഉമ്മയുടെ പ്രേരണ അവർ ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകൾതന്നെയാണ്. ഇളം പ്രായത്തിൽ തൻറെ മകൻ കൊള്ളരുതാത്തതിലൊന്നും വീണുപോകാതിരിക്കാൻ. ആ പ്രദേശത്തുള്ള പലരും മണൽവാരൽ വ്യവഹാരത്തിലേർപ്പെട്ട് നല്ല വരുമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വലിയ വീട് കെട്ടുന്നു, വാഹനങ്ങൾ വാങ്ങുന്നു, പണക്കാരായി ജീവിക്കുന്നു.
സുന്ദരമായൊരു നദിയെ നാമാവശേഷമാക്കി കാശുണ്ടാക്കുന്നതിൽ എന്താണർത്ഥം? പ്രകൃതി ധ്വംസനം നടത്തി, അതിൻറെ സന്തുലിതാവസ്ഥയെ താളം തെറ്റിച്ചു, മനുഷ്യരുടെ നിലനിൽപിനെത്തന്നെ അപകടത്തിലാക്കി സ്വാർത്ഥലാഭം നേടുന്നതിനേക്കാൾ ഉത്തമം പട്ടിണികിടന്ന് മരണം വരിക്കുന്നതല്ലേ?

🟥 മണൽ നദിയുടെ ജീവൻ

മണൽ നിക്ഷേപം നദിയുടെ മജ്ജയും മാംസവുമാണ്. നൂറ്റാണ്ടുകളിൽ നടക്കുന്ന അതിലോലമായ ഭൗമപ്രവർത്തനത്താൽ രൂപം കൊള്ളുന്നതാണ് നദികളിലെ രമണീയമായ മണൽ! മനുഷ്യൻറെ ഇടപെടൽമൂലം ഭംഗം സംഭവിക്കാത്ത ഒരു നദിക്ക്, ഏകദേശം അഞ്ചു മീറ്റർ ഘനത്തിൽ മണൽ അടിത്തട്ട്‌ ഉണ്ടാകും. പാറയും മറ്റു പലയിനം ചെറു കല്ലുകളും പൊടിഞ്ഞ്, വർഷങ്ങൾ കഴിയുമ്പോഴാണ് അത് നാം ഇന്നുകാണുന്ന രീതിയിലുള്ള മണലായി പരിണമിക്കുന്നത്.

സദാ കുതിർന്നിരിക്കുന്ന ഈ മണൽ ശേഖരമാണ് ജലത്തെ സംഭരിക്കുവാനും ചുറ്റുപാടുകളിലേക്ക് വ്യാപിപ്പിക്കുവാനുമുള്ള കഴിവ് പുഴകൾക്കു നൽകുന്നത്. മണൽ കൊള്ളയടിക്കപ്പെടുമ്പോൾ, നദി ജീവചൈതന്യം നഷ്ടപ്പെട്ട വെറുമൊരു അസ്ഥിപഞ്ജരമായി മാറുന്നു. ഒരു കാലത്ത് ജലസമൃദ്ധിയുടെ പര്യായമായി അറിയപ്പെട്ടിരുന്ന നിളയുടെ നൗകാശയത്തിൽ അങ്ങോളമിങ്ങോളം ഇന്ന് കാണാൻ കഴിയുന്നത് ജലരഹിതമായ കരഭൂമി കഷ്‌ണങ്ങളാണ്. പുൽക്കാടുകളും, കരിമ്പനകളും, മറ്റു മാമരങ്ങളും അവിടങ്ങളിൽ ഊക്കോടെ വളർന്നുനിൽക്കുന്നു!

🟥 മണൽക്കൊള്ളക്കാരുടെ കണ്ണിലെ കരട്

ഞാൻ തിന്നുകയുമില്ല, മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കുകയുമില്ലെന്നാണ് മണലൂറ്റുകാർ എന്നെക്കുറിച്ചു പറഞ്ഞുനടക്കുന്നത്! നിളയെ സ്നേഹിക്കുന്നവരുണ്ട്. എന്നാൽ, മണൽ കച്ചവടക്കാർ സ്വാധീനമുള്ളവരായതിനാൽ ഈ കൊള്ളയെ അനുകൂലിക്കാത്തവർക്കുപോലും നിശ്ശബ്ദരാകേണ്ടിവരുന്നു. നാട്ടുകാരോട് ഇടയാൻ പലർക്കും താൽപര്യമില്ല.

ഒരു ചെറിയ ടിപ്പർ ലോറി മണലിന് 7,000 മുതൽ 10,000 രൂപവരെ വില കിട്ടും. എൻറെ തൊടിയോട് ചേർന്നാണ് പുഴയൊഴുകുന്നത്. ലോറി തൊടിയിലേക്കു പ്രവേശിക്കാനുള്ള അനുവാദം കൊടുത്താൽ മാത്രം മതി, ഒരു ലോഡിന് 2000 രൂപ വച്ച് എനിക്കു തരാൻ അവർ തയ്യാറാണത്രെ. രാത്രിയിൽ രഹസ്യമായി പുഴയിൽ മുങ്ങി അടിത്തട്ടിനിന്ന് മണൽ കോരാൻ ഇങ്ങിനെയുള്ള ഇടങ്ങളാണ് സൗകര്യം. ഒരു രാത്രിയിൽ അഞ്ചു ലോഡ് മണലെങ്കിലും കോരിയെടുക്കും. പണം മോഹിച്ച്, ഈ ഹീനവൃത്തിക്കു ഞാൻ കൂട്ടുനിൽക്കുമോ?

🟥 മണൽമാന്തുന്നവരെ വിരട്ടിയോടിക്കുന്നു

മണലൂറ്റുകാർ അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് പുഴയിൽനിന്ന് മണൽ കോരി വണ്ടികളിൽ നിറക്കുന്നത്. അതിനാൽ, ഈ പ്രവർത്തിയിലേർപ്പെടുന്ന അന്യസംസ്ഥാനക്കാരെ എവിടെ കണ്ടാലും ഞാൻ വിരട്ടിയോടിക്കും. എൻറെ കണ്ണ് എപ്പോഴും പുഴയിലുള്ളതിനാൽ ഞങ്ങളുടെ പ്രദേശത്തേക്കു ജോലിക്കുവരാൻ അവർ മടികാണിക്കുന്നു. മാത്രവുമല്ല, അവരുടെ 'ലോക്കൽ' യജമാനന്മാരോട് എനിക്കെതിരെ പരാതിയും പറയുന്നു.

🟥 സംരക്ഷണ പ്രവർത്തനങ്ങൾ

ജീവൻറെ ആധാരം ജലമാണ്, നദികൾ അതിൻറെ വാഹിനികളാണ്. ആ നദികൾ ഭൂമുഖത്തുനിന്നു മാഞ്ഞുപോകുമ്പോൾ, അതിനോടൊപ്പം നാഗരികതകളും മണ്ണടിയുന്നുവെന്ന് എല്ലാരുമറിയണം. നമുക്കിവിടെ ജീവിക്കാൻ അവകാശമുള്ളതുപോലെ നദികൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. നദികൾ ജീവിക്കണമെങ്കിൽ, മണൽകൊള്ളക്കെതിരെ ശക്തമായ പ്രക്ഷോഭമുയരണം. മാലിന്യങ്ങൾ കൊണ്ടുപോയി തള്ളാനുള്ള കുപ്പത്തൊട്ടിയല്ല നദികൾ. ഈ വക ലക്ഷ്യങ്ങൾ മുറുകെപ്പിടിക്കുന്ന 'നിളാ സംരക്ഷണ സമിതി'യിലും ഇ. ശ്രീധരൻ (മെട്രോമാൻ) ചുക്കാൻ പിടിക്കുന്ന 'ഫ്രൻറ്സ് ഓഫ് ഭാരതപ്പുഴ'യിലും ഞാൻ സജീവമായി പ്രവർത്തിക്കുന്നു. സ്ഥിരമായി ഞങ്ങൾ നടത്തുന്ന സമരപരിപാടികൾ മൂലമാണ് മണൽ കൊള്ള കുറെയൊക്കെ നിയന്ത്രിക്കാൻ കഴിയുന്നതും, മലിനീകരണം കുറയുന്നതും, വെള്ളിയാംകല്ല് റെഗുലേറ്ററിൻറെ പ്രവർത്തന യോഗ്യത ഉറപ്പാക്കാൻ സാധിക്കുന്നതും.

മണൽമോഷണങ്ങളെക്കുറിച്ചോ, അതിനുള്ള ശ്രമങ്ങളെക്കുറിച്ചോ, ഏതു തരത്തിലുള്ള മലിനീകരണങ്ങളെക്കുറിച്ചോ വിവരമറിഞ്ഞാൽ അത് ഉടനെത്തന്നെ ഞാൻ നീതിപാലകരെ അറിയിക്കും. എന്തെങ്കിലും ഫലം ഉണ്ടാകട്ടെ.

🟥 ജീവൻ ഭീഷണിയിൽ

എന്നെ നിഷ്ക്രിയനാക്കാനും ഇല്ലാതെയാക്കാനുമുള്ള ശ്രമങ്ങളാണ് മണൽ മാഫിയ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഞാനില്ലാത്ത സമയംനോക്കി വീട്ടിൽവന്ന് 'സ്നേഹത്തിൻറെ ഭാഷയിൽ' ഉമ്മയെ ഭീഷണിപ്പെടുത്തുന്നു. ഇനിയെങ്കിലും ഞാൻ 'മര്യാദക്കാരനായി' അവരോട് സഹകരിക്കുന്നതാണ് എനിക്കു നല്ലതെന്ന് ഉമ്മയെ ഉപദേശിക്കുന്നു. ഉമ്മ സങ്കടത്തിലും, ധർമ്മസങ്കടത്തിലുമാണ്.
എന്നിരുന്നാലും എനിക്ക് അൽപം സമാധാനം തോന്നുന്നു. പതിനായിരത്തിൽപരം വൃക്ഷത്തൈകൾ ഞാനിതുവരെ വിതരണം ചെയ്തിട്ടുണ്ട്. അവയെല്ലാം നാടിൻറെ പലയിടങ്ങളിലായി തഴച്ചു വളർന്നുകൊണ്ടിരിക്കുന്നു. മകൾ ഷഹനാസിനേയും, മകൻ ബിലാലിനേയും ഹരിതവിപ്ലവത്തിൻറെ പാതയിലേക്ക് ഞാൻ എത്തിച്ചു കഴിഞ്ഞു.

കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ് നിള. ഏറ്റവുമധികം പോഷക നദികളുള്ള നമ്മുടെ പ്രിയപ്പെട്ട പുഴ. രാജ്യത്തിൻറെ പേരിലുള്ള ഒരേയൊരു നദി. പി.കുഞ്ഞിരാമൻ നായരുടെയും, ഇടശ്ശേരി ഗോവിന്ദൻ നായരുടെയും, എം.ടി.വാസുദേവൻ നായരുടെയും, സി.രാധാകൃഷ്ണൻറെയും, ആലങ്കോട് ലീലാകൃഷ്ണൻറെയും ഭാവനകൾക്ക് നിറം പകർന്ന ദൃശ്യഭംഗി!
ഇരുനൂറ്റിയൊമ്പത് കി.മീ നീളമുള്ള നിളയുടെ സമഗ്രസംരക്ഷണം ഏറ്റെടുക്കാനുള്ള ത്രാണി ഈ പത്താം ക്ലാസ്സുകാരനില്ല. തൊഴിൽ രഹിതനുമാണ്. എങ്കിലും എൻറെ വീടിനോടു ചേർന്നു കിടക്കുന്ന ആ ചെറിയ ഭാഗമെങ്കിലും എനിക്കു സംരക്ഷിക്കണം. അവിടെ രൂപംകൊണ്ടിരിക്കുന്ന മനോഹരമായ ആ കൊച്ചു മണൽതിട്ടയെങ്കിലും കാത്തു സൂക്ഷിക്കണം. അത് ഞാൻ ഒരു കൊള്ളക്കാർക്കും വിട്ടുകൊടുക്കില്ല!

നിള സംരക്ഷണാർത്ഥം നാളെ ഞാൻ ഈ തീരത്ത്
ചേതനയറ്റ് വീഴുമ്പോൾ, എൻറെ മനസ്സിൽ ഒരാഗ്രഹം മാത്രം ബാക്കി നിൽക്കും -- മരണശേഷവും നിള എന്നിലൂടെ ഒഴുകണം!
'ഷംസു നിള' -- സിരകളിലും നിള!
നിളയുടെ തീരത്ത് നാളെ ഞാൻ മരിച്ചു വീഴുമ്പോൾ (വിജയ്.സി.എച്ച്)നിളയുടെ തീരത്ത് നാളെ ഞാൻ മരിച്ചു വീഴുമ്പോൾ (വിജയ്.സി.എച്ച്)നിളയുടെ തീരത്ത് നാളെ ഞാൻ മരിച്ചു വീഴുമ്പോൾ (വിജയ്.സി.എച്ച്)നിളയുടെ തീരത്ത് നാളെ ഞാൻ മരിച്ചു വീഴുമ്പോൾ (വിജയ്.സി.എച്ച്)നിളയുടെ തീരത്ത് നാളെ ഞാൻ മരിച്ചു വീഴുമ്പോൾ (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക