Image

അര്‍ദ്ധനിശ (കഥ: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 14 September, 2020
അര്‍ദ്ധനിശ (കഥ: ജോണ്‍ വേറ്റം)
ഏഴ് വര്‍ഷത്തിന് ശേഷം, വീണ്ടും സ്വദേശത്ത് ചെന്നു. ഒരു വഴിയോരത്ത് നിന്നു. നാല്പാടും നോക്കി അതിശയം തോന്നി. നഗരത്തിന്റെ പ്രതീതി. വാഹനങ്ങളോടുന്ന റോഡിന്റെ ഇരുവശങ്ങളുലും ഉയര്‍ന്ന ബഹുനിലക്കെട്ടിടങ്ങള്‍. 

യാത്രക്കാരെ ക്കാത്തുകിടക്കുന്ന വാഹനങ്ങളുടെ നിരകള്‍. വിവിധ ഉദ്ദേശങ്ങളോടെ വന്ന ആളുകളുടെ ആരവം. തെരുവീഥിയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് നീളുന്ന വഴിയുടെ വക്കത്തുള്ള കടയില്‍ ഞാന്‍ ചെന്നു. നാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്ത സോഡാ വെള്ളം വാങ്ങിക്കുടിച്ചു. കൗതുകത്തോടെ പറഞ്ഞു. ഈ സ്ഥലത്തിന്റെ മുഖച്ഛായ മാറി. കടത്തിണ്ണയില്‍ ബീടിയില കത്രിച്ചുകൊണ്ടിരുന്ന വൃദ്ധന്‍ അത് കേട്ടു. മന്ദഹസിച്ചുകൊണ്ട് വിശദീകരിച്ചു.

'എന്റെ ചെറുപ്പത്തില്‍ ഈ മുക്ക് ഇങ്ങനെല്ലാരുന്നു. അക്കാണുന്ന ആശുത്രീം റോഡിനപ്പുറത്തുള്ള ബാങ്കിന്റെ സ്ഥാനത്തൊരു ഹോട്ടലും മുന്നില്‍ക്കാണുന്ന മരത്തിന്റെ സ്ഥലത്തൊരു 'കളത്തട്ടും' അതിനുമപ്പുറത്തൊരു റൊട്ടിക്കടയും മാത്രമേ ഒണ്ടാര്‍ന്നൊള്ളു. ഇപ്പോ കാണുന്നതെല്ലാം അടുത്തകാലത്തൊണ്ടായതാ. ഈ കടേടെ സ്ഥാനത്തൊരു മാടക്കടയൊണ്ടാര്‍ന്നു. അച്ഛന്‍ മരിച്ചപ്പോ അതെനിക്ക് കിട്ടി. പിന്നീട് ഈ സ്ഥലം, ഒരു സെന്റ്, എനിക്ക് പതിച്ചു കിട്ടി. കഴിഞ്ഞാണ്ടിലാ ഈ കട പണിഞ്ഞത്. എന്റെ മോനാ കട നടത്തുന്നത്. വെറുതെ വീട്ടിലിരിക്കാന്‍ മേലാണ്ട് രാവിലെയിങ്ങെത്തും. ബീടിയിലവെട്ടിക്കൊടുക്കും. വട്ടച്ചെലവിനൊള്ള കാശ് മോന്‍ തരും. അപ്പോള്‍ ഞാന്‍ ചോദിച്ചു; പേരെന്താ?കോവാലന്‍. അച്ഛന്റെ പേര് കൊച്ചു രാഗവന്‍, മൂത്ത മോന്റെ പേര് പരമേച്ചരന്‍. അവന്റെളേതൊരു പെങ്കൊച്ചാ 'ലച്ചുമി'. എന്റെ പെബ്രെന്നോളുടെ പേര് കാര്‍ത്ത്യാണി. കൊല്ലന്റയ്യത്തു കോവാലനാരാന്നു ചോദിച്ചാലാരും ഞാനാന്ന് പറഞ്ഞു തരും. സാറ് കച്ചേരിപ്പോവാം വന്നതാരിക്കും? 'അതെ' എന്ന് ഞാന്‍ പറഞ്ഞു.

കളത്തട്ടിന്റെ സ്ഥാനത്ത് വളര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ  തണലില്‍ കുളിര്‍ കാറ്റുമേറ്റ് ഞാന്‍ നിന്നു. അപ്പോള്‍, അര്‍ത്ഥവത്തായൊരു ഓര്‍മ്മ. നൂരടിയകലെ, ' റൊട്ടിക്കട' നിന്ന സ്ഥലത്തേക്ക് മന്ദേ നടന്നു. മൂന്ന് മുറികളും ചായിപ്പും, അടുക്കളയും, വീടിന്‍രെ നീളത്തിനൊത്ത തിണ്ണയും, ഓലമേഞ്ഞ തട്ടിയുമുണ്ടായിരുന്ന ഒരു വീട് റോഡിന് അഭിമുഖമായി അവിടെ നിന്നിരുന്നു. അതിലായിരുന്നു റൊട്ടിക്കട. വീട്ടുമുറ്റത്ത് നിന്നാല്‍ സര്‍ക്കാര്‍ ആ ശുപത്രി കാണാമായിരുന്നു.

ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും രാവിലെ നിരപ്പലക മാറ്റി 'തട്ടി' ഉയര്‍ത്തിവച്ച് 'മത്തായി' റൊട്ടിക്കട തുറക്കും. പിന്നെ അയലത്തുള്ള വീട്ടിലേക്ക് പോകും. അവിടെയായിരന്നു 'ബോര്‍മ്മ'. പത്തടി നീളവും അഞ്ചടി വീതിയുമുള്ള മേശപ്പുറത്ത് ധാന്യമാവ് കൂട്ടിവയ്ക്കും. അതില്‍വെള്ളമൊഴിച്ച് ജോലിക്കാര്‍ പാകത്തിന് തേച്ചുകുഴക്കും. അതില്‍ ചേരുവ ചേര്‍ത്തു നുറുക്കി എണ്ണപുരട്ടിയ അച്ചുകളിലിട്ട് തകരപാത്രങ്ങളിലാക്കി പുളിച്ചുപൊന്തുന്നതിന് പലകത്തട്ടുകളില്‍ വയ്ക്കും. പിന്നീട് മണ്ണിട്ട് കെട്ടിയുയര്‍ത്തിയ ചതുരത്തട്ടില്‍ ഇഷ്ടികയുപയോഗി്ച് വളച്ചും വളച്ചു വാതിലോടുകൂടിയും പണിത ബോര്‍മ്മയ്ക്കുള്ളില്‍, ചിരട്ടക്കനലിന്മേല്‍ തകരപാത്രങ്ങള്‍ നിരത്തിവച്ചു വാതിലടക്കും. അങ്ങനെ ചുട്ടെടുക്കുന്ന റൊട്ടിയും സുഗന്ധവും സ്വാദുമുള്ള കേക്കും ബിസ്‌കറ്റും ചൂരല്‍ കൊട്ടകളില്‍ എണ്ണിവയ്ക്കും. വീടുകളില്‍ വില്‍ക്കുന്ന ചുമട്ടുകാര്‍ക്ക് അവ കൊടുക്കും. ബാക്കി കടയില്‍ വില്‍ക്കും. ഉച്ഛയ്ക്ക് മത്തായി മടങ്ങിയെത്തും. അതുവരെ, ഭാര്യ ഏലമ്മ കടയിലിരിക്കും. സന്ധ്യയ്ക്ക് മുമ്പ് ചുമട്ടുതൊഴിലാളികള്‍ കടയില്‍ വരും. അവര്‍ക്ക് മത്തായി കൂലികൊടുക്കും. രാത്രി എട്ട് മണിക്ക് റൊട്ടിക്കട അടയ്ക്കും. അതായിരുന്നു പതിവ്. അന്നാട്ടിലെ ആദ്യത്തെ ബോര്‍മ്മയും റൊട്ടിക്കടയും മത്തായിയുടെയായിരുന്നു. അക്കാരണത്താല്‍ 'ബോര്‍മ്മക്കാരന്‍ മത്തായി' എന്നും അയാള്‍ അറിയപ്പെട്ടിരുന്നു.

വീടും സ്ഥലവും മത്തായിയുടെ സ്വന്തമല്ലായിരുന്നു. മൂന്ന് വര്‍ഷത്തെ നടപ്പവകാശം നിലനിര്‍ത്തി, കട്ടവടത്തിനും താമസത്തിനും വേമ്ടി, വാങ്ങിയ ഒറ്റി വസ്തുവായിരുന്നു. ഒരു ദിവസം അപരാഹ്നമായപ്പോള്‍, ധനികനും മറ്റൊരുസ്ഥലവാസിയുമായ വീട്ടുടമ അംഗരക്ഷകനോടൊപ്പം വന്നു. ഒറ്റിയാധാരത്തിന്‍രെ  കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയുണ്ടായിരുന്നിട്ടും വസ്തു ഒഴിഞ്ഞു കൊടുക്കണമെന്നും, 'ഒറ്റിച്ചീട്ട്' പ്രകാരം കൈപ്പറ്റിയ 'ഒറ്റിക്കാണ'ത്തിന്റെ മൂന്നിലൊന്ന്  തിരിച്ചുകൊടുക്കാമെന്നും പറഞ്ഞു. എന്നാല്‍ പെട്ടന്ന് കടയും വീടും ഒഴിഞ്ഞുകൊടുത്താലുണ്ടാകുന്ന കഷ്ടനഷ്ടങ്ങളെകുറിച്ച് മത്തായി വിവരിച്ചു. എന്നിട്ടും അയാള്‍ സഹകരിച്ചില്ല. വീട് ഒഴിഞ്ഞി കൊടുക്കാന്‍ മത്തായിയും തയ്യാറായില്ല. അത് തര്‍ക്കത്തിനും വെല്ലുവിളിക്കും ഹേതുവായി. ഉന്തും തള്ളുമുണ്ടായി. ഉടമ വിദ്വേഷത്തോടെ മടങ്ങി. ഇന്ന് ആ വീട് നിന്ന് സ്ഥാനത്ത് ഒരു പ്രദര്‍ശനശാലയുടെ മുറ്റമാണ്. അവിടെ നിന്നപ്പോള്‍ ആന്തരീകാനന്ദം! കാലങ്ങളിലൂടെ നടന്നു പരിഷ്‌കൃതവും സമ്പന്നവുമായ നവലോകത്തെത്തിയെങ്കിലും, തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നൊരു കാന്തികബന്ധം ആ മണ്ണിലുണ്ട്.! അതെങ്ങനെയുണ്ടായി?

വീണ്ടും മരത്തണലില്‍ വന്നുനിന്നു. അപ്പോള്‍, മനസ്സില്‍ തെളിഞ്ഞത് ശതകാലത്തിന്റെ കണ്ണാടില്ല. ആവോളം ആസ്വദിച്ച സൗഹൃദത്തിന്റെ സ്മരണകളല്ല. സംഭവബഹുലമായ സഞ്ചാര വേളകളില്‍ ലഭിച്ച വര്‍ണ്ണസൂനങ്ങളും മധുരഹാളങ്ങളുമല്ല. പിന്നേയോ, പെറ്റമ്മ നല്‍കിയ നേര്‍ക്കാഴ്ചകളുടെ വിവരണം കേട്ടുവരച്ച, ഒരു സങ്കല്‍പ ചിത്രമായിരുന്നു! കരുവാളിച്ചകവിളും, ചീകിയൊതുക്കാത്ത മുടിയും നിറഞ്ഞ കണ്ണും വരണ്ട ചുണ്ടുമുള്ള വിഷാദമഗ്നയുടെ രേഖാചിത്രം!

ആദ്യം കരഞ്ഞതും ചിരിച്ചതും എപ്പോഴായിരുന്നു? ആദ്യം കണ്ണ് തുറന്നപ്പോള്‍ കണ്ടത് പെറ്റമ്മയെ ആയിരുന്നുവോ? ആദ്യം ഉമ്മ തന്നത് അമ്മയായിരിക്കും. അങ്ങനെ, സ്വയം ചോദിച്ചിട്ടുണ്ട്. വിചിത്രമെന്ന് തോന്നിപ്പിക്കുന്ന ചിന്ത. കുമ്മായം പൂശിയ മണ്‍ ഭിത്തികള്‍ കൊണ്ട് വേര്‍തിരിച്ച, ഒന്ന ജാലകമുള്ള മുറിയില്‍ , ഒരു പുലര്‍ച്ചയിലായിരുന്നു എന്റെ പിറവി! മേല്‍ക്കൂരയുടെ കഴുക്കോലില്‍ തൂക്കിയ കയറില്‍ കച്ചമുറുക്കിക്കെട്ടിയുണ്ടാക്കിയ തുണിത്തൊട്ടിലില്‍ കിടത്തി, പാട്ട് പാി എന്നെ ഉറക്കുമായിരുന്നു. ഒരു ദേവാലയത്തില്‍ കൊണ്ടുപോയി 'പിടിപ്പണം' വാരിച്ചിട്ടുണ്ട്. (കുട്ടികളെകൊണ്ട് അവരുടെ രണ്ട് കൈകൈളും ചേര്‍ത്ത് വാരാവുന്നത്ര വെലഌപ്പണം വാരിച്ച് വഴിപാടി നടത്തുന്ന കര്‍മ്മം). ആത്മീയ പക്വതയുടെ വഴിയേ പോകാനും പ്രത്യാശയുടെ കരം പിടിച്ചു ജീവിക്കാനും പഠിപ്പിച്ചത് അമ്മയാണ്! അതുല്ല്യ ലാളനയനുഭവിച്ച ശൈശവമായിരുന്നു സൗഭാഗ്യസമയം. ഓൃരിക്കലും മടങ്ങിയെത്താനാവാത്തൊരു സമ്പുഷ്ടദശാഘട്ടം! മായിക മോഹങ്ങള്‍ കിളുര്‍ത്ത കൗമാരത്തിലുരുവായ എന്റെ ദുശ്ശാഠ്യം അമ്മയെ വേദനിപ്പിച്ചിട്ടുമുണ്ട്!

'നാടന്‍ ഗുസ്തിയില്‍ വിരുദ്ധനായിരുന്ന അപ്പന്‍ എന്നെ തോളിലിരുത്തി നടക്കുകയും കനത്തമാറില്‍ കിടത്തി ഉറക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ആഴമേറിയ സ്‌നേഹവും മധുരമന്ദഹാസത്തിലും, അതുല്യവാത്സല്യം ചുടുചുംബനത്തിലും ഒതുക്കുമായിരുന്നു. ഓര്‍ക്കാപ്പുറത്ത് പാഞ്ഞുവന്ന ഒഴിയമ്പ് ഒഴിഞ്ഞുപോയതും, കാണ്‌ക്കെണികളില്‍ വീണുടയാഞ്ഞതും അവരുടെ പ്രാര്‍ത്ഥന കാവലായിരുന്നതുകൊണ്ടായിരുന്നു.

ആകസ്മിക സംഭവങ്ങള്‍ അവിക്കാനാവാത്ത ആത്മബന്ധങ്ങള്‍ സ്ൃഷിടിക്കാറുണ്ടല്ലോ. ഇപ്പോഴും എന്റെ ഉള്ളില്‍ അശ്രുസ്മാരകം പോലെ നില്‍ക്കുന്ന ഒരു സ്ത്രീയുണ്ട്! ഒരിക്കല്‍ പോലും അവളോട് ഞാന്‍ സംസാരിച്ചിട്ടില്ല. ഒന്നും കൊടുത്തിട്ടില്ല, എന്നാലും, അതീന്ദ്രീയ ശക്തിയായി സ്‌നേഹത്തിന്റെ അന്തര്‍ധാരയായി, നിനവില്‍ നിറഞ്ഞു നില്‍ക്കുന്നു! ഒരിക്കലും മടങ്ങി വരില്ലെങ്കിലും, അവളെ കുറിച്ചുള്ള ചിന്ത പൊന്തിവരുന്നു. എന്തുകൊണ്ട്?

സ്വന്തം കുഞ്ഞിനെ കൊന്നവും, ഉപേക്ഷിച്ചവരും, വിറ്റവരും, ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്തവരും, പതിമൂന്ന് പ്രാവശ്യം വിവാഹം ചെയ്തവരും സ്ത്രീസമൂഹത്തിലുണ്ട്. എന്നാല്‍ എന്റെ അമ്മയെ സംബന്ധിച്ച ദിവ്യസ്മരണയില്‍ അതിശ്രദ്ധേയമായ ജീവിതമുറയും പവിത്രപരമാര്‍ത്ഥതയുമുണ്ട്. സ്രഷ്ടാവാം ദൈവമുണ്ടെന്ന വിശ്വാസത്തിന്റെ പ്രഭവസ്ഥാനമാണ് ജന്മം! അത് തന്നെ ജനനി, ജീവന്റെ നിഴലായി കൂടെവരുന്നു! ഇരുളിലും വെളിവ് തരുന്നു! നിത്യസ്‌നേഹത്തില്‍ നയിക്കുന്നു!

ഇപ്പോവും സാര്‍വ്വത്രിക സമത്വം സങ്കല്‍പമാണ്. സകലരും സഹോദരങ്ങളും സമഭാവനയുള്ളവരുമായിരിക്കണമെന്ന് പ്രസംഗിക്കുന്നവരുണ്ട്. ദീര്‍ഘക്ഷമയും കരുണയും സൗമ്യതയും ഉള്ളവരായി ജീവിക്കാന്‍ ഉപദേശിക്കുന്നവരും കുറവല്ല. എന്നാലും, നമ്മുടെ മുന്നിലൊരു ത്യക്തസമൂഹമുണ്ട്. വികാര ജീവികളുടേയും വ്യര്‍ത്ഥവാദികളുടെയും സംഘം. ആരാധനാലയങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സാമൂഹ്യ വേദകള്‍ക്കും വേണ്ടാത്ത, വഴിമുട്ടി നില്‍ക്കുന്നവര്‍. കഷ്ടതയും കണ്ണീരും ചുമക്കുന്ന, വിഷാദരോഗികള്‍. നിര്‍വ്വഹിക്കാനും നേടാനും ഒന്നുമില്ലാത്തവര്‍. അബിമാനവും ആഭിജാത്യവും വര്‍ഗ്ഗവര്‍ണ്ണ വിവേചനവും കൊണ്ടുനടന്നവരും, കലാകാരന്മാരും, തത്വജ്ഞാനികളും, പല കാരണങ്ങളാല്‍ വഴിതെറ്റിയവരും, മനസ്സ് തകര്‍ന്നവരും അക്കൂട്ടത്തിലുണ്ട്! കൊഴിഞ്ഞുവീണ കളങ്കിത കാലങ്ങളുടെ തിന്മകളെ മറച്ച് ഏഷണപറയുന്ന നുണയന്മാരും വഞ്ചകരും ആ യാചകഗണത്തിലുണ്ട്.അങ്ങനെയാണെങ്കിലും നിര്‍ദ്ദേഷികളും നിര്‍മ്മലമാനസരും അവിടെയില്ലയോ?

അന്ന് ആകാശം സൈന്ദരീകരിച്ച നേരത്ത്, അടുക്കളമുറ്റത്ത് ശബ്ദം കേട്ടു 'ഏലമ്മ' വാതില്‍ തുറന്നപ്പോള്‍, വേലക്കാരിയുടെ മുന്നിലൊരു സ്ത്രീ. അവള്‍ ദീനസ്വരത്തില്‍ പറഞ്ഞു. ' അമ്മാ, വെശക്കുന്നു. തീകായാനെന്തെങ്കിലും തരുമോ. കളത്തട്ടില്‍ കെടക്കുന്നവളാ'. അവളെ ഏലമ്മ സൂക്ഷിച്ചു നോക്കി. അനുകമ്പയോടെ, ആഹാരം കൊടുത്തു. ചിരട്ടക്കനലും ഉണക്കത്തൊണ്ടും ചേര്‍ന്ന നെരിപ്പോടും പുതപ്പും കൊടുത്തു. സ്ത്രീ പോയപ്പോള്‍, വേലക്കാരി ' കൊച്ചുറാഹേല്‍ പറഞ്ഞു. 'കളത്തട്ടില്‍ കെടക്കുന്ന പെണ്ണുങ്ങള്‍ കള്ളികളും കെട്ടവരുമാ കൊച്ചമ്മേ. കുഞ്ഞുങ്ങളെ പ്പോലും കട്ടോണ്ട് പോം അവറ്റകളെഅടുപ്പിക്കല്ല്' അപ്പോള്‍ ഏലമ്മ ഉപദേശിച്ചു ' വെശന്നും ദാഹിച്ചും വന്ന് കൈനീട്ടുമ്പോള്‍, ആളും തരവും നോക്കരുത്. തിന്നാനും കുടിക്കാനും കൊടുക്കണം. വെറും കയ്യോടെ വിടരുത്. തിന്നാനും കുടിക്കാനും കൊടുക്കണം. വെറും കയ്യോടെ വിടരുത്. ആരേയും ആട്ടിയോടിക്കരുത്'.

പിറ്റേന്നും, ആഹാരത്തിനും ഉണക്കത്തൊണ്ടിനും വേണ്ടി കളത്തട്ടിലെ സ്ത്രീ വന്നു. അപ്പോള്‍ ഏലമ്മ ചോദിച്ചു. 'നിന്റെ പേരെന്താണ്?' സ്ത്രീ പെട്ടന്ന് പറഞ്ഞു. 'സുമതി'. വീടിന്റെ പിന്നിലുള്‌ല മറപ്പുര ഉപയോഗിക്കാനും ഏലമ്മ അവളെ അനുവദിച്ചു. അതും കൊച്ചുരാഹേലിന് ഇഷ്ടപ്പെട്ടില്ല. അടുത്ത ദിവസം ഞായറാഴ്ച. ദൈവാലയത്തില്‍ നിന്നും മടങ്ങിയ വീട്ടമ്മ കളത്തട്ടിന്റെ മുന്‍വശത്തെത്തിയപ്പോല്‍ സുമതി അരികത്ത് ചെന്നു. ഒക്കത്തിരുന്ന കുഞ്ഞിനുവേണ്ടി കൈനീട്ടി. ഏലമ്മ മടിച്ചില്ല. മകനെ സുമതിയുടെ കയ്യില്‍ കൊടുത്തു. അവനെ മാറോട്‌ചേര്‍ത്തു, കുരുന്നു കവിളില്‍ സുമതി ചുംബിച്ചു. സന്തോഷത്താല്‍ അവളുടെ കണ്ണ് നിറഞ്ഞു.! ഏലമ്മ വീട്ടുവാതില്‍ക്കലെത്തിയപ്പോള്‍ പരിഭവത്തോടെ കൊച്ചുറാഹേല്‍ പറഞ്ഞും 'കൊച്ചമ്മയിതെന്നാ  പോതക്കേടാ കാണിച്ചെ. കുളിക്കാതേം നനക്കാതേം നടക്കുന്നവര്‍ക്ക് കുഞ്ഞിനെ കൊടുക്കാമോ, അവര്‍ക്ക് സോക്കേടൊണ്ടൊങ്കിലത് കുഞ്ഞിന് പിടിക്കില്ലെ'. വേലക്കാരിയുടെ വാക്കില്‍ കഴമ്പുണ്ടെന്ന് തോന്നിയെങ്കിലും ഏലമ്മ മിണ്ടിയില്ല.

അടുത്ത ദിവസം സുമതി ആഹാരത്തിനു വന്നപ്പോള്‍ ഏലമ്മ ചോദിച്ചു 'നീയാരാണ് എങ്ങനെ കളത്തട്ടില്‍ വന്നു? സത്യം പറയാമോ?' സുമതി പെട്ടന്നുത്തരം പറഞ്ഞില്ല. അവളുടെ കണ്ണ് നിറഞ്ഞൊഴുകി. തേങ്ങിക്കരഞ്ഞുകൊണ്ട് ജീവിതത്തിന്‍രെ ഗതി മാറിയതെങ്ങനെയെന്ന് വിശദീകരിച്ചു. സത്യസന്ധമായ അനുബവസാക്ഷ്യം കേട്ട് കനിവ് തോന്നിയ ഏലമ്മ അവളെ സഹാനുഭൂതിയോടെ ആശ്വസിപ്പിച്ചു. അന്നും കുഞ്ഞിനെ അവള്‍ ഒക്കത്ത് വെച്ച് മുറ്റത്ത് നടന്നു. മാറോട് ചേര്‍ത്ത് നെറുകയില്‍ ചുംബിച്ചു. ചിരിപ്പിച്ചു. സുമതി കളത്തട്ടിലേക്ക് പോയപ്പോള്‍;  ആ ഏകാകിനിയുടെ ചേതനയറ്റകിനാക്കളും, ഉള്‍നട്ട ഏകാനുരാഗത്തിന്റെ ഉന്മത്ത രംഗങ്ങളും, ഉള്‍ക്കിടുക്കം പകര്‍ന്ന അനുഭവങ്ങളും ഏലമ്മ ഓര്‍ത്തു. അവള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചു!

പിറ്റേന്നും അടുക്കളയുെ പിന്നില്‍ നിന്ന് ഏലമ്മയും സുമതിും സന്തുഷ്ടരായി സംസാരിച്ചു. അന്ന് അന്തിക്കുമുമ്പേ ആരംഭിച്ച മഴ അടുത്ത പ്രഭാതം വരെ തുടര്‍ന്നു. കൂട്ടിയും കുറഞ്ഞും വീശിയ കാറ്റില്‍ ശൈത്യമുണ്ടായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞി പോകുന്നതിനുമുമ്പ് കൊച്ചുറാഹേല്‍ ഓര്‍മ്മിപ്പിച്ചു 'കൊച്ചമ്മേ, കെളവിയിന്ന് തിന്നാനും കുടിക്കാനുമൊന്നും വന്നില്ല. മൂടിപ്പൊതച്ച് കിടക്കണെ കണ്ടു. ഇന്നലത്തെ കാറ്റത്തും മഴേത്തും പനിച്ചിട്ടുണ്ടാകും. ഇന്നും മഴപെയ്യുമെന്നാ തോന്നണെ'. അതുകേട്ട് ചുക്കും കുരുമുളകും ചേര്‍ത്തുണ്ടാക്കിയ 'ചക്കരക്കാപ്പിയും റൊട്ടിയും എടുത്ത് ഏലമ്മ കളത്തട്ടില്‍ ചെന്നു. സുമതിക്കു കൊടുത്തു. വീട്ടിലെത്തിയപ്പോള്‍ മത്തായി യാത്രയ്ക്ക് തയ്യാറായി. ബോര്‍മ്മയ്ക്ക് വേണ്ട സാമഗ്രികള്‍ വാങ്ങണം. അതിന് ദൂരസ്ഥമായ കമ്പോളത്തില്‍ പോകണം. ജോലിക്കാരനൊപ്പം കാളവണ്ടിയിലായിരുന്നു അയാളുടെ യാത്ര. പിറ്റേന്ന് വരും. അതുകൊണ്ട് ഏലമ്മ റൊട്ടിക്കട അടച്ചു. തട്ടി താഴ്ത്തിയിട്ടു. കതകും ജനലുമടച്ച് മകനോട് ചേര്‍ന്നു കിടന്നു.'

ആകാശത്ത് കൂരാപ്പ്. ഭൂമുഖത്ത് അന്ധകാരം. കൊള്ളിമിന്നല്‍ മഴയുടെ സൂചന. പാതിരാവായപ്പോള്‍ വടതിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഇടിയും മിന്നലും നിലച്ചു. നിഗൂഢ നിശബ്ദത. രാത്രിയില്‍ സുമതി ഉറങ്ങാറില്ല. മൃദുവായൊന്നു മയങ്ങും. ചെറിയ ശബ്ദം കേട്ടാലുണരും. പ്രായവും രോഗവും ശുചിത്വവും പരിഗണിക്കാത്ത, വെറിയന്മാര്‍ പീഢിപ്പിക്കുമെന്ന ഭയം ഒരു 'വടി' പുതപ്പിനടിയില്‍ വച്ചിരിക്കും. എവിടെ നിന്നോ വന്ന രണ്ട് പേര്‍ കളത്തട്ടിന്റെ (വഴിയമ്പലം) തൂണില്‍ ചാരി നിന്നു. ഒരാള്‍ തീപ്പെട്ടിയുരച്ചു ബീടി കത്തിച്ചു. പെട്ടന്ന് സുമതി കണ്ണു തുറന്നു. എങ്കിലും  ഉറക്കം നടിച്ചു കിടന്നു. ചുറ്റുപാടും നോക്കിയിട്ട്അപരന്‍ പറഞ്ഞു. ഇന്നിനി മഴ പെയ്യത്തില്ല. ഗതികേടിന് വല്ലകാളവണ്ടിയും വന്നാ നമ്മുടെ പണിപാളും. അതുകൊണ്ടിനി നിന്നു താമസിക്കണ്ട. പാളത്താറുടുത്തു ചൂട്ട് പിടിച്ചിരുന്ന അവര്‍ രണ്ടുപേരും മെല്ലെ നടന്നു. സുമതി എവുന്നേറ്റിരുന്നു.

ഒരാള്‍ ചായിപ്പിന്റെ അരികിലും മറ്റേയാള്‍ റൊട്ടിക്കടയുടെ തട്ടിയോട് ചേര്‍ന്നും നിന്നു. അവര്‍ ചൂട്ടുകള്‍ കത്തിച്ചു. ഓലമേഞ്ഞ തട്ടിക്കും ചായിപ്പിനും തീകൊളുത്തി. അതുകണ്ട് സുമതി അലമുറയിട്ടു. വീടിനു തീയിടുന്നേ ഓടിവരണേ, രക്ഷിക്കണേയെന്ന് ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു. ആശുപത്രിയുടെ വരാന്തയില്‍ ഉറങ്ങാതിരുന്നവര്‍ അതുകേട്ടു. മാടക്കടയുടെ ബഞ്ചിലും, ഹോട്ടലിന്റെ തിണ്ണയിലും കിടന്നവര്‍ ഉണര്‍ന്നു. റൊട്ടിക്കടക്ക്തീ പിടിച്ചത് അവരും കണ്ടു. സുമതി അലറിക്കൊണ്ട് തീ വയ്ക്കുന്നവരുടെ അടുത്തുചെന്നു. ഒരാളെ തടയാന്‍ ശ്രമിച്ചപ്പോള്‍, കത്തുന്ന ചൂട്ടുകൊണ്ട് അയാള്‍ അവളുടെ തലയ്ക്കടിച്ചു. നെഞ്ചില്‍ തൊഴിച്ചു. സുമതി തറയില്‍ വീണു. മറ്റേയാള്‍ ചൂട്ട് പുറത്തേക്ക് എറിഞ്ഞു. ഇരുവരും ഇരുളില്‍ മറഞ്ഞു. സുമതിയുടെ നിലവിളി കേട്ടുണര്‍ന്ന ഏലമ്മ മുറിക്കുള്ളില്‍ പുക നിറഞ്ഞെങ്കിലും, മകനേയും എടുത്ത് പുറത്തേക്കോടി. ആശുപത്രിയില്‍ നിന്നോടിയെത്തിയവരും മറ്റുള്ളവരും ചേര്‍ന്ന് തീ കെടുത്തിയെങ്കിലും വീടിന്റെ പകുതിയോളം  കത്തിനശിച്ചു. ചൂട്ട് കൊണ്ടടിയേറ്റ് തലമുടി കരിയുകയും, മുഖം മുറിയുകയും, തൊഴികൊണ്ട്  തലയടിച്ച് തറയില്‍  വീഴുകയും ചെയ്ത സുമിയെ ആരോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓടിക്കൂടിയ ആളുകളുടെ ഒച്ചപ്പാടിനും തീക്കെടുത്തുന്ന ബഹളത്തിനുമിടയില്‍ സുമതിയെ കാണാന്‍ ഏലമ്മയ്ക്ക് സാധിച്ചില്ല. 

പിറ്റേന്ന് രാവിലെ റൊട്ടിക്കട തുറന്നില്ല. അത് എന്നന്നേക്കുമായി അടഞ്ഞു! അന്ന് മത്തായിയുടെ കുടുംബം അയാളുടെ ബോര്‍മ്മ നിന്ന വീട്ടിലേക്ക് താമസം മാറ്റി. വീടിന് തീയിട്ട സംഭവത്തിന് ശേഷം, മൂന്നാം ദിവസം ഏലമ്മയും മത്തായിയും സുമതിയെ കാണാന്‍ ആശുപത്രിയിലെത്തി. എങ്കിലും കണ്ടില്ല. അവള്‍ക്ക് എന്തുസംഭവിച്ചു എന്ന് ആരും പറഞ്ഞില്ല. ആര്‍ക്കും അവളെകുറിച്ച അറിവില്ലായിരുന്നു. തീവയ്പ് കേസിന്റെ നിയമനടപടികള്‍ക്കും ശിക്ഷക്കും സാക്ഷിയാകുവാന്‍, ദുഷ്ടന്മാര്‍ അവളെ ജീവനോടെ വിട്ടില്ലെയെന്ന സംശയം മാത്രം. അന്ന് ആറ് മാസമായിരുന്നു എന്റെ പ്രായം. പിന്നീട് പലപ്പോവും എന്റെ അമ്മ, ഏലമ്മ ആസ്ത്രീയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അവരെ കുറിച്ചറിയാന്‍ ജിജ്ഞാസുവായിട്ടുണ്ട്. എന്നാല്‍, ഒരനാഥയുടെ ജീവിതരഹസ്യം വെളിപ്പെടുത്തുവാന്‍ അമ്മയുടെ മനസ്സനുവദിച്ചില്ല! കത്തിയെരിയേണ്ട ഞങ്ങളെ രക്ഷിച്ചത് സുമതിയുടെ സ്‌നേഹത്തിന്റെ തീവ്രമായ നിലവിളിയായിരുന്നുവല്ലോ. എത്ര പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും എന്നെ ഒക്കത്ത് വെച്ചും മാറോട് ചേര്‍ത്തും ചുംബിച്ച, ചിരിപ്പിച്ചു വാത്സല്ലിച്ച , ആ 'യാചകിയെ' എന്റെ അമ്മയെന്നപോലെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു! നിതാന്തവും നിത്യനൂതനവുമായ ഉപകാരസ്മരണ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക