Image

പ്രൊഫൈൽ (കഥ : പുഷ്പമ്മ ചാണ്ടി)

Published on 14 September, 2020
പ്രൊഫൈൽ (കഥ : പുഷ്പമ്മ ചാണ്ടി)
"ഈ പ്രൊഫൈൽ ഒന്ന് നോക്കു, നിനക്ക് ചേരുന്ന പയ്യൻ. ഞാൻ interest അയച്ചു."
അമ്മയ്ക്ക് കുറച്ചുനാളായി അതുമാത്രമേ പറയാനുള്ളൂ. അടുത്ത സെപ്റ്റംബറിൽ ഇരുപത്തിയേഴു വയസ്സാകും.  അതിനുമുമ്പേ തന്റെ കല്യാണം നടത്തണം. ഒരുമാതിരിപ്പെട്ട എല്ലാ മാട്രിമോണിയൽ വെബ്‌സൈറ്റിയിലും തന്റെ പ്രൊഫൈൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഴുൻസമയവും വരന്മാരെ അന്വേഷിക്കുകയാണ്. അമ്മയുടെ വെപ്രാളം കണ്ടാൽ വിവാഹത്തിന്റെ പ്രായപരിധി  ഇരുപത്തിയേഴായി ക്ലിപ്തപ്പെടുത്തിയപോലെയുണ്ട്.  ഊണുമേശയിൽ ലാപ്ടോപ്പ് തുറന്നുവെച്ചു ഒരേ ഇരിപ്പാണ്.
ഇടയ്ക്കിടെ അച്ഛനെ വിളിച്ചു ഓരോ ഫോട്ടോ കാണിക്കും .
"ഈ പയ്യന്റെ പ്രൊഫൈൽ ഒന്ന് നോക്കു  നമ്പർ ഉണ്ട് ഒന്ന് വിളിക്കുമോ ?"
  ( അമ്മ നാഴികക്ക് നാല്പതുവട്ടം ഉപയോഗിക്കുന്ന വാചകം.)
"ഈ അറേഞ്ജ്‌ഡ്‌ മാര്യേജ് ഇത്ര ബുദ്ധിമുട്ടാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഏതെങ്കിലും ഒരുത്തനെ പ്രേമിക്കാൻ സമ്മതിച്ചേനെ" ഇടയ്ക്ക് ഒരാത്മഗതവും. 
" ഓ പിന്നെ.... ഇതൊക്ക ഇപ്പോൾ പറയും.... ഞാൻ ശരിക്കും ആരെയെങ്കിലും പ്രേമിച്ചിരുന്നെങ്കിൽ അപ്പോൾ കേൾക്കാമായിരുന്നു.  പണ്ട് ക്ലാസ്സിൽ,  കൂടെ പഠിച്ച സാഗർ ഒരിക്കൽ ഇവിടെ വന്നതിനു അമ്മ പറഞ്ഞ വഴക്കിനു കൈയും കണക്കുമില്ല. 
"ആ സാഗർ എവിടെ പോയി ?"
"എനിക്കറിയില്ല.എന്തിനാ സാഗറിനെ അന്വേഷിക്കുന്നത് ?"
" ഓ വെറുതെ ചോദിച്ചതാ "
അമ്മ പിന്നെയും ലാപ്‌ടോപിലേക്കു തിരിഞ്ഞു. ആ നേരംകൊണ്ട് ഞാൻ 
 രക്ഷപെട്ടു. സ്കൂട്ടി എടുത്തു ബാങ്കിലേക്ക് പുറപ്പെട്ടു. 
ചിതറിത്തെറിക്കുന്ന ഓർമകളിലേക്ക് ആരുടെയൊക്കെയോ മുഖം തെളിഞ്ഞു.  പക്ഷെ പ്രേമം എന്ന ഭ്രമം ആരോടും തോന്നിയിട്ടില്ല.  ഒരു മുഖവും മനസ്സിൽ തങ്ങിനിൽക്കുന്നില്ല. അതുകൊണ്ടാണ് പപ്പയോടും അമ്മയോടും  ഒരാളെ കണ്ടുപിടിക്കാൻ പറഞ്ഞത്. 
വൈകുന്നേരം  ബാങ്കിലെ ജോലി കഴിഞ്ഞു  വീട്ടിലേക്കു പോരുമ്പോൾ ഓർത്തു.  നാളെ രണ്ടാം ശനിയാഴ്ച, പിന്നെ ഞായറാഴ്ച. തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും. എല്ലാ മാട്രോമോണിയൽ സൈറ്റിലെ ചെക്കൻമാരെയും തന്നെ കാണിക്കും. അതും പോരാഞ്ഞിട്ട് തിരഞ്ഞെടുത്ത ചിലതെല്ലാം തനിക്കു  മെയിൽ അയക്കും. 
എന്റെ ബാക്കിപാതി എവിടെയാണോ....
ഈ വർഷംതീരും മുൻപേ അമ്മ തന്നെ പിടിച്ചു കെട്ടിക്കും. എവിടെയോ ഒരാൾ പിറന്നിട്ടുണ്ട്.  അയാൾ മുൻപോട്ടു വന്നിരുന്നെങ്കിൽ കാര്യം എളുപ്പമായേനെ. 

കഴിഞ്ഞ ദിവസം അമ്മയ്ക്കൊരു സംശയം.
സ്ത്രീകൾക്കുവേണ്ട സെക്സ് ഹോർമോൺസ് തനിക്കു കുറവാണോ എന്ന് ! ഈസ്ട്രജൻ ലെവൽ ഒന്ന് ചെക്ക് ചെയ്യണമെന്നും. 
ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"അമ്മേ  ഞാൻ പെണ്ണാണ്. അതൊന്നും ഓർത്തു പേടിക്കേണ്ട ; എനിക്ക് സ്പാർക്‌ വരണം. അങ്ങനെ വരാത്ത ആളെ ഞാൻ കെട്ടില്ല"
അമ്മയെ കെട്ടിപ്പിടിച്ചു ചിരിച്ചു. 
അമ്മയ്ക്കിതു കേൾക്കുന്നത് തന്നെ ദേഷ്യം ആണ് 
"സ്പാർക്‌,.... ചുമ്മാ ഓരോന്ന് പറയുകയാ  അടുത്ത പ്രാവശ്യം ഏതെങ്കിലും പയ്യൻ കാണാൻ വരുമ്പോൾ  സ്പാർക്കിനു ഒരു തീപ്പെട്ടി കൈയിൽ കരുതിക്കോ.
മോളെ  നീ സത്യം പറ.  ഞങ്ങളോട് പറയാൻവയ്യാത്ത ഏതെങ്കിലും ബന്ധം 
നിനക്കുണ്ടോ ? എന്താണെങ്കിലും പറഞ്ഞോ ഈ  സ്പാർക്‌ എന്ന് മാത്രം പറയരുത്. "

ഈ പെണ്ണുകാണൽ പ്രഹസനം തുടങ്ങിയിട്ട് മൂന്നു വർഷമായി. എത്രപേരെ കണ്ടു എന്നുപോലും ഇപ്പോൾ ഓർമയില്ല. ചിലരൊക്കെ കെട്ടി മക്കളും  ആയി കാണും.

വന്നവരിൽ ചിലരെ ഇഷ്ടമായി.  പക്ഷെ അവർക്കു തന്നെ ഇഷ്ടമാവില്ല.  പൊക്കം  കൂടുതലാണ്...  മുടി കുറവാണ്...നിറം പോരാ...കുടുംബസ്ഥിതി...
പിന്നെ ഈ Aristrocatic ancient കുടുംബക്കാരെ ദയവായി ഒഴിവാക്കാൻ അമ്മയോട് അഭ്യർത്ഥിച്ചിരുന്നു. 

ഹോ! എന്തൊരു ബോറന്‍ പരസ്യമാണ്, 
" Boy born in Aristrocatic Ancient Christian  family looking for ...."

എന്തൊക്കെയോ ചിന്തിച്ചു  വീട്ടിൽ എത്തിയപ്പോൾ അമ്മ ഒരുങ്ങിനിൽക്കുകയാണ്. 
" എങ്ങോട്ടാ ?"
"  ബ്യൂട്ടി പാർലറിലേക്കു "
" അമ്മയ്ക്കോ ?'"
" നിനക്കായിട്ടു... എന്നെയല്ലെ ഇപ്പോൾ കെട്ടിക്കാൻ പോകുന്നത്"
" നാളെ പോകാം അമ്മേ, ഞാൻ ആകെ ക്ഷീണിച്ചു , "
" പറ്റില്ല ഇന്നുതന്നെ  പോകണം , മുടി  ട്രിം ചെയ്യണം, പുരികവും... പിന്നെ ഫേഷ്യൽ,  ഈ സ്കൂട്ടിയിൽ ചുറ്റി  ആകെ കോലംകെട്ടു . ഫേഷ്യൽ ചെയ്‌താൽ  മുഖത്തു റിസൾട് കാണാൻ രണ്ടു ദിവസം എടുക്കും.
തിങ്കളാഴ്ച ആ പയ്യൻ കാണാൻ വരും.  ഞാൻ പറഞ്ഞില്ലേ  അമേരിക്കയിൽ സയന്റിസ്റ്റ്..
" ഈ സയന്റിസ്റ്റുകളൊന്നും എനിക്ക് ചേരില്ല.  അറുബോറന്മാർ ആയിരിക്കും.  വല്ല ബുദ്ധിയുള്ള പെൺകുട്ടികളെയും കെട്ടട്ടെ"
" വാചകമടി നിർത്തി വേഗം വാ "
" ഒരു കാപ്പി കുടിക്കാൻ സമയം തരുമോ ?"
" കാപ്പി ഫ്ലാസ്കിലുണ്ട്. "
അമ്മയോട് തർക്കിച്ചു ജയിക്കാൻ പറ്റില്ല.  
കൂടെപ്പോയി. 
ബുട്ടീഷ്യൻ മുഖം  മിനുക്കി തുടങ്ങിയപ്പോഴേ ഉറങ്ങിപ്പോയി.  രണ്ടു മണിക്കൂർ അവിടെ ചിലവഴിച്ചു.  പാർലർ അടച്ചപ്പോഴാണ് തിരികെ പോന്നത്. 
തന്റെ മുഖത്തു നോക്കി അഭിമാനത്തോടെ അമ്മ, "ഇപ്പോൾ നോക്കെത്ര വൃത്തിയായെന്ന് "
അമ്മയോട് വക്കീലായ അപ്പന് തർക്കിച്ചു ജയിക്കാൻ പറ്റിയിട്ടില്ല.
പിന്നെയല്ലേ ഞാൻ... 
അല്ലെങ്കിൽത്തന്നെ നേർച്ചക്കോഴികൾക്കു എന്തു ശബ്ദം.
ഞായറാഴ്ച   വൈകുന്നേരം സാധാരണപോലെ അമ്മയുടെ പ്രത്യേക സ്റ്റഡിക്ലാസ്സ് ഉണ്ടായിരിന്നു .
എന്ത് പറയണം, പറയരുത്, ഇവിടെ തർക്കിക്കുന്നതുപോലെ സംസാരിക്കരുത്  കാലുവെക്കുന്നതു പോലും  പിന്നെയും ഓർമ്മിപ്പിച്ചു. 

ബാക്കി ഞാൻ പൂരിപ്പിച്ചു 

" ഇവിടെ പാചകം  എന്റെ വകയാണ്.  ബാങ്കിലെ ജോലി കഴിഞ്ഞു വന്നാൽ അമ്മയെ സഹായിക്കും.  ഒരുമാതിരിപ്പെട്ട എല്ലാ വിഭവങ്ങളും ഉണ്ടാക്കാനറിയാം. 
അല്ലെങ്കിൽ യൂട്യൂബിന്റെ സഹായത്തോടെ ഞാൻ മുന്നേറും.  ഞായറാഴ്ചകളിലും കടമുള്ളദിവസങ്ങളിലും പള്ളിയിൽ പോകും  കുർബാന കൈകൊള്ളും, ഏറ്റവും മുഖ്യമായ വിഷയം ഞാൻ ഇപ്പോഴും ഒരു കന്യകയാണ് മതിയോ ?
"അഹമ്മതി കുറച്ചു കൂടുന്നു , ഇതൊക്കെ പറഞ്ഞായിരിക്കുമല്ലേ വന്നവരെ ഒക്കെ ഓടിച്ചത് ? വയസ്സ് ഉടനെ ഇരുപത്തിഏഴ്‌ ആകും."
നമ്പർ  കേട്ടതേ പിന്മാറി. കൂടതൽ പറഞ്ഞാൽ വഴക്കാകും.  
തിങ്കളാഴ്ച രാവിലെ അമ്മ പ്രത്യേകം എടുത്തു തന്ന ചുരിദാറും മാലയും  
കമ്മലുമൊക്കെ ബാഗിലാക്കി
പുറപ്പെട്ടു.  കാരണം ബാങ്കിൽ കൗണ്ടറിൽ അങ്ങനെ നിന്നാൽ ജനം ചിരിക്കും.
വൈകുന്നേരം ഒരു മണിക്കൂർ പെർമിഷൻ വാങ്ങി 
"പറഞ്ഞുറപ്പിച്ച കോഫീ ഷോപ്പിലേക്ക് പോയി "
ചുറ്റുമൊന്നു നോക്കി. തനിക്കു തരാൻ ആരെങ്കിലും ഒരു പെട്ടിനിറയെ പ്രണയവുമായി വന്നിട്ടുണ്ടോ  വരദക്ഷിണയായി അത് കൈമാറി ആയിരം ചിരാതുക്കൾ ഒന്നിച്ചു കത്തിച്ചുവെച്ച ഒരു രാത്രിയിൽ  കൂട്ടികൊണ്ടു പോകുവാൻ തയ്യാറായവൻ എവിടെ....
ഒഴിഞ്ഞ മേശകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
പെട്ടെന്നാണ് സൂട്ടും കോട്ടും ഒക്കെയിട്ട്  ഒരാൾ കയറിവന്നത്. 
അയ്യേ ആരെങ്കിലും ഈ ചൂടത്തു ഇങ്ങനത്തെ വേഷം ഇടുമോ... 
അയാൾ തന്റെയടുത്തേക്കു വന്നു.
"അന്നാ മേരി തോമസ് അല്ലെ ? ഞാൻ ബെഞ്ചമിൻ,  കുറെ നേരമായോ വന്നിട്ട് ?
" ഇല്ല ഒരു അഞ്ചുമിനിറ്റ് "
അറിയാതെ ചോദിച്ചു പോയി  "എന്താ ഈ കോട്ടൊക്കെയിട്ട് ?"
"ഞാൻ എയർപോർട്ടിൽ നിന്നും വരുന്നവഴിയാണ് "
"കോട്ടില്ലാതെ ഫ്ലൈറ്റിൽ കയറ്റത്തില്ലേ" എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല.
" പ്രൊഫൈൽ പിക്ചറിൽ വേറെമാതിരിയുണ്ട് " അയാൾ പറഞ്ഞു
" നിങ്ങളുടെയും അതേല്ലോ ?'
പിന്നെ എന്ത് ചോദിക്കണം എന്നറിയാതെ ഒരു നിമിഷം. ഭാഗ്യത്തിന് മെനു കാർഡു വന്നു.
" അന്നയ്ക്കു കുടിക്കാൻ എന്ത് വേണം ?"
" ഒരു കോഫി മതി "
" രണ്ടു കോഫി" അയാൾ പറഞ്ഞു 
അയാൾ എന്തൊക്കെയോ ചോദിച്ചു...  അവളും.
തന്റെ ഇഷ്ടങ്ങൾ ചോദിച്ചപ്പോൾ അവൾ വാചാലയായി 
ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ ചോദിക്കുന്നത്. അതുകൊണ്ടു ആവേശം കൈവിടാതെ ചോദിച്ചു. "കുറെയുണ്ട് പറയെട്ടെ ?'

താല്പര്യത്തോടെ അയാൾ തലയാട്ടി 

" പുതുമഴയുടെ മണം... പുതിയ  പുസ്തകം സ്വന്തമായി വാങ്ങി അത് തുറക്കുമ്പോൾ ഒള്ള ഒരു സന്തോഷം, അതിനു ഒരു പ്രത്യകതരം ഗന്ധമാണ്. 
പിന്നെ ഈ പച്ചക്കപ്പ പുഴുങ്ങി ,നല്ല എരിവുള്ള ചമ്മന്തി കൂട്ടി കഴിച്ചിട്ട് , ചൂടുള്ള , കരിപ്പെട്ടി കാപ്പി കുടുക്കുമ്പോൾ ഒള്ള ഒരുസുഖം ഉണ്ടല്ലോ ...

എനിക്കപ്പോൾ ആ അമേരിക്കകാരെന്റെ വായിൽ വെള്ളമൂറുന്നതു കാണാമായിരുന്നു.

"യാത്രപുറപ്പെടുമ്പോൾ വണ്ടി സമയത്തിന് വരുന്നത്,
ഹോസ്റ്റലിൽ പഠിക്കുമ്പോൾ കുറെ നാളുകഴിഞ്ഞു വീട്ടിൽ വരുമ്പോൾ 
അമ്മയെ കെട്ടിപിടിച്ചു പൊക്കി ഒന്നു വട്ടം കറക്കും.
അപ്പോൾ 'അമ്മ ശ്ശോ ഈ പെണ്ണ്.. എന്ന് പറഞ്ഞു പിടി വിടുവിക്കും "
അങ്ങനെ പോകുന്നു ലിസ്റ്റ്... ഇനി കേൾക്കണോ?"

അയാൾ ചെറുതായി ചിരിച്ചു. ആ ചിരിയിൽ എനിക്ക് മനസ്സിലായി 
ഈ ചെറിയ സന്തോഷങ്ങൾ ഒന്നും അയാൾക്ക് മനസ്സിലായില്ലയെന്ന്.
ലാബും ടെസ്റ്റും  പ്രെസന്റേഷനും പ്രൊമോഷനും ജീവിത വിജയങ്ങളും മാത്രം സന്തോഷമാണെന്ന് തോന്നുന്ന ഇയാൾക്ക് തന്നെ ഇഷ്ടമാകില്ല.  അതുമല്ല  താൻ എങ്ങനെ ഇയാളെ കൂടെക്കൂട്ടും .
രണ്ടുപേരും മുഖത്തോടു മുഖം നോക്കി കുറേനേരം ഇരുന്നു.  ഞാനായിട്ടു ആദ്യം എഴുന്നേൽക്കില്ല എന്ന് ആദ്യമേ  തീരുമാനിച്ചിരുന്നു. അവസാനം അയാൾ തന്നെ എഴുന്നേറ്റു, 
"ഞാൻ വിളിക്കാം....വിവരം അറിയിക്കാം" സ്ഥിരം പല്ലവി അയാളും  ആവർത്തിച്ചു .
അയാൾ പോയപ്പോൾ  കുറെ നേരം കൂടി അവിടെ ഇരുന്നു.  ഈ കോഫി ഷോപ്പിലെ ഫലൂഡ നല്ലതാണെന്നു കേട്ടിരിക്കുന്നു.
ഒരു വലിയ ഫലൂഡ ഓർഡർ കൊടുത്തു. ഇഷ്ടങ്ങളുടെ പട്ടികയിൽ ഫലൂഡയും ഇരിക്കട്ടെ. അതിന്റെ തണുപ്പ് തൊണ്ടയിൽക്കൂടി അങ്ങനെ.... എന്ത് രസം.... അവളതു ആസ്വദിച്ചു കഴിച്ചു.
വീട്ടിൽ എത്തിയതും അമ്മ,
" എങ്ങനെ ഉണ്ടായിരിന്നു ?"
"വിവരം അറിയിക്കും എന്ന് പറഞ്ഞു" 
" നിനക്ക് ഇഷ്ടമായോ ? " 
ഒറ്റപ്രാവശ്യം കണ്ടാൽ എങ്ങനെ പറയും എന്ന് ചോദിക്കാൻ തുടങ്ങി.
 "എനിക്ക് ഇഷ്ടമായിട്ടു എന്ത് കാര്യം?  അയാൾക്ക് എന്നെ ഇഷ്ടം ആകേണ്ട ?"
തന്നെ അയാൾക്ക് പിടിച്ചിട്ടില്ല എന്ന് ഉറപ്പായിരുന്നു 
മുറിയിൽ പോയി കട്ടിലിലേക്ക് ഒറ്റക്കിടപ്പായിരുന്നു. ഇനി എത്ര പ്രാവശ്യം ഫലൂഡ കഴിക്കേണ്ടിവരുമോ... 
പെട്ടെന്നാണ് ഒരു മെസ്സേജ് ഫോണിലേക്കു വന്നത്.
താൻ ഫലൂഡ കഴിക്കുന്ന ഫോട്ടോ!!
കൂടെ ഒരു അടിക്കുറിപ്പും 
" മനുഷ്യന് ഇത്ര ആർത്തി പാടില്ല. എനിക്കും ഇതൊക്കെ ഇഷ്ടമാടോ....  താൻ ഇത് ഞാൻ പോരുന്നതിനു മുൻപേ പറഞ്ഞിരുന്നെങ്കിൽ 
ഒന്നിച്ചു ഒരു ഫലൂഡ കഴിക്കാമായിരുന്നു "

അവൾ തന്റെ ഫോട്ടോയിലേക്കു ഒന്നുകൂടി നോക്കി. 
അയ്യേ ചുണ്ടും വായും നിറയെ ഐസ്ക്രീം പറ്റിയിരിക്കുന്നു... 
അവൾ ഒരുനിമിഷം കണ്ണടച്ചു. 
"ഈ സൂട്ടും കോട്ടും ഇല്ലാതെ മുണ്ടും ഷർട്ടും  ഇട്ടാൽ നിങ്ങൾ എങ്ങനെയിരിക്കുമെന്ന് ആലോചിക്കയായിരുന്നു"
 മറുപടി ടൈപ്പ് ചെയ്തു സെൻറ് ബട്ടൺ അമർത്തി ഫോണിലേക്കു നോക്കി അന്ന  പുഞ്ചിരിച്ചു.

  
Join WhatsApp News
Sandhya Naveen 2020-09-14 05:58:23
Very good story 👌👌
Shanthini Tom 2020-09-14 09:09:27
Good one! Real picture is more often different! Loved it💜
BS Chandra Mohan 2020-09-14 13:39:34
മനോഹരമായി അവതരിപ്പിച്ചു..ഒട്ടും ബോറടിപ്പിക്കാതെ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക