Image

സംതൃപ്തരായ മലയാളികളും ഉണ്ടെന്ന അത്ഭുത വാര്‍ത്ത

ജോയിച്ചന്‍ പുതുക്കുളം Published on 05 June, 2012
സംതൃപ്തരായ മലയാളികളും ഉണ്ടെന്ന അത്ഭുത വാര്‍ത്ത
ഷിക്കാഗോ:  നോക്കുകൂലി വസൂലാക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിയ ഒരു അമേരിക്കന്‍ മലയാളിയുടെ വ്യത്യസ്‌തമായ അനുഭവം അദ്ദേഹത്തിന്റെ വാക്കുകളില്‍ ചുവടെ ചേര്‍ക്കുന്നു.

അമേരിക്കയില്‍ നിന്ന്‌ യാത്ര തിരിച്ച്‌ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയ തനിക്കുണ്ടായ, ടാക്‌സി ഡ്രൈവര്‍മാരുടെ സമീപനം ഞെട്ടിക്കുന്നതായിരുന്നു. ഇരയെ കണ്ട സിംഹത്തെ പോലെ അവര്‍ എന്റെ ചുറ്റുംകൂടി. ഒരുവിധം പരിക്ക്‌ കൂടാതെ ഞാന്‍ രക്ഷപെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ?

എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന്‌ വിശേഷിപ്പിക്കുന്ന കേരളത്തിലെ കൊച്ചി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ടെര്‍മിനലില്‍ എത്തിയ എന്റെ പെട്ടികള്‍ ലോഡ്‌ ചെയ്യാന്‍ തയറായി വന്ന ഒരു കൂട്ടം ടാക്‌സി ഡ്രൈവര്‍മാരെ തികച്ചും സംശയദൃഷ്‌ടിയോടെയാണ്‌ ഞാന്‍ വീക്ഷിച്ചത്‌. വളരെ സ്‌നേഹത്തോടും സഹാനുഭൂതിയോടുംകൂടിയ പെരുമാറ്റം കണ്ടപ്പോള്‍ എന്റെ ഡല്‍ഹി അനുഭവംമൂലം മനസ്സ്‌ മന്ത്രിച്ചു `മാനിഷാദ'.

എന്നാല്‍ കൊച്ചി എയര്‍പോര്‍ട്ടിലെ അനുഭവം അതിശയിപ്പിക്കുന്നതായിരുന്നു. പ്രതിഫലം കൊടുക്കുവാനായി ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത്‌ എന്നില്‍ നിന്നും നടന്നകലുന്ന ചെറുപ്പക്കാരെയാണ്‌. എന്റെ കണ്ണുകളെ എനിക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചിട്ടും അവര്‍ പറഞ്ഞു: `പ്രതിഫലം വേണ്ട ചേട്ടാ, നന്ദിമതി'. എന്റെ ക്യാമറയില്‍ വ്യത്യസ്‌തമായ അനുഭവം പകര്‍ത്തുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തി. ഞാന്‍ പറഞ്ഞു: ഒരുപക്ഷെ നിങ്ങള്‍ ഭാവിയില്‍ പുണ്യവാളന്മാരായി തീര്‍ന്നേക്കാം.

കൂടി നിന്നവരോട്‌ ഞാന്‍ പറഞ്ഞു: എന്റെ മാതൃരാജ്യത്ത്‌ ഇപ്രകാരം രണ്ട്‌ അനുഭവങ്ങള്‍. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ചൂഷണത്തിന്‌ വിധേയനായെങ്കിലും, നോക്ക്‌ കൂലിയുടെ നാട്‌ എന്ന്‌ ആക്ഷേപിക്കുന്ന ഈ കൊച്ചു കേരളത്തിലെ വ്യത്യസ്‌തമായ അനുഭവം എന്റെ മനസില്‍ മായാതെ നില്‍ക്കും.

എന്റെ കേരളം. ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളം.

(സസ്‌നേഹം ഒരു അമേരിക്കന്‍ മലയാളി).
comment
അങ്ങനെ സംതൃപ്തരായ മലയാളികളും ഉണ്ടെന്നത് അത്ഭുത വാര്‍ത്ത. ഇതാ, എന്റെ സ്വന്താനുഭവം പറയട്ടെ: കഴിഞ്ഞ മാസം തിരുവനന്തപുരം - സാക്ഷാല്‍ ശ്രീ പദ്മനാഭന്റെ വാസസ്ഥലം - എയര്‍പോര്‍ട്ടില്‍ നിന്ന്, ടാക്സിക്കാരന്റെ തട്ടിപ്പിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന, മുന്‍‌കൂര്‍ ചാര്‍ജു കാണിച്ചുള്ള രസീതും (485-രൂപ മെഡിക്കല്‍ കോളേജിലേക്ക്) വാങ്ങി അവര്‍ കാണിച്ചുതന്ന ടാക്സിയെടുത്തു പോയി. കാറില്‍ നിന്നിറങ്ങി, അഞ്ഞൂറ് രൂപയുടെ ഒരു നോട്ടും അന്പതിന്റെ ഒന്നുമായി 'ടിപ്പു' വെച്ചു മൊത്തം 550 രൂപ കൊടുത്തപ്പോള്‍ ഡ്രൈവര്‍ ഒരു വളിച്ച ചിരിയുമായി, കൊടുത്തരൂപ മടക്കിപ്പിടിച്ചുകൊണ്ട്പറഞ്ഞു,'സാറേ അവരുടെ നിരക്ക് പഴയ കണക്കാ, അതിനൊന്നും ആരും വണ്ടി ഓടിക്കത്തില്ല, പെട്രോളിന് വിലയിപ്പോ അറിയാമോ? നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് ജീവിക്കണ്ടായോ?" ഞാന്‍ ഭാര്യയെ നോക്കി, അവള്‍ പറഞ്ഞു, ഒരു നൂറുകൂടെ എടുത്തു കൊട്.
തര്‍ക്കിക്കാന്‍ ശ്രമിക്കാതെ ഞാന്‍ പറഞ്ഞു, "നാനൂറ്റി എണ്‍പത്തി യഞ്ചിനു, അഞ്ഞൂറ്റിയന്പതു തന്നതു പോരായോ?" പോക്കറ്റില്‍ നിന്നു ഒരു നൂറിന്റെ നോട്ടുകൂടി എടുത്തുകൊടുത്തു. അത് വാങ്ങി കയ്യില്‍ വെച്ചൊന്നു തിരുമ്മിയിട്ടു, പിന്നെയും അയാള്‍ നിന്നു. ഞാന്‍ കൂടുതല്‍ കൊടുക്കുന്നില്ലാന്നു കണ്ടപ്പോള്‍ തലയൊന്നു താഴ്ത്തിക്കൊ ണ്ട് പറഞ്ഞു, "നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ കഷ്ടമാ, ദാ അവിടെ ടാക്സികള്‍ കിടക്കുന്നു (ചൂണ്ടിക്കാണിച്ചുകൊണ്ട്) ചെന്നു ചോദിച്ചുനോക്ക്, എഴുനൂറ്റിയമ്പതാ റേറ്റ്". ഭാര്യ ഉടനെ എന്നോട് പറഞ്ഞു, "നൂറുംകൂടെ കൊടുത്തു പറഞ്ഞുവിട് ചേട്ടാ". ഒരു നൂറുംകൂടെ കൊടുത്തു. അതുവാങ്ങി, തികച്ചും അതൃപ്തിയോടെ, അയാള്‍ തിരിഞ്ഞു കാറില്‍ക്കയറി കതകു വലിച്ചടച്ചു കൊണ്ട്, ദേഷ്യഭാവത്തോടെ കടന്നുപോയി!
എന്തായാലും മറ്റു ചീത്തയൊന്നും പറയാതെയും അട്ടഹസിസിച്ചാക്ഷേപിക്കാതെയും ഞങ്ങളെ വിട്ടതിനു ശ്രീ പദ്മനാഭനോട് ഞാന്‍ നന്ദിയും പറഞ്ഞു പിരിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും മെഡിക്കല്‍ കോളേജില്‍ വന്നപ്പോള്‍ ടാക്സി നിരക്ക് അറിയാന്‍ അവിടെക്കിടന്ന ഒരു ടാക്സിക്കാരനോട് നിരക്ക് ചോദിച്ചു. "കൊണ്ടുവിട്ടാല്‍ മതിയെങ്കില്‍ 400, തരിച്ചു വരണമെങ്കില്‍ 500." പിന്നീട് വിളിക്കാമെന്നു പറഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ രണ്ടുമൂന്നുപേര്‍ പുറകെ വന്നു, "സാര്‍, സാര്‍ വണ്ടി വേണോ, എയര്‍ പോര്‍ട്ടില്‍ പോണോ സാര്‍, സാര്‍" എന്ന് പറഞ്ഞു കൊണ്ട്. ഇതാണ് എന്നത്തെയും ടാക്സിക്കാരുടെ കളി, ഇന്ത്യയില്‍ എവിടെയും എന്നു പറയാം.
ഓട്ടോക്കാരെപ്പോലെ തെമ്മാടികള്‍ തിരുവനന്തപുരത്തെപ്പോലെ വേറെ കാണില്ല എന്നും തോന്നിയിട്ടുണ്ട്. കൈകാണിച്ചാല്‍, നിറുത്തിയിട്ടു എങ്ങോട്ടാ പോവുകയെന്നു തിരക്കി, ഏറ്റവും ആദായമുള്ള വഴിയെ മാത്രമെ അവര്‍ പോവൂ. മീറ്റര്‍ ഇടില്ല, തിരക്ക് സമയങ്ങളിലും മഴ പെയ്യുമ്പോഴും തിരുവനന്തപുരത്ത് ഓട്ടോ കിട്ടാന്‍ പ്രയാസമാണ്. ഇതൊന്നും പരിഹരിക്കാന്‍ അവിടെ മന്ത്രിയും പോലീസും ഒന്നുമില്ല.
നമ്മള്‍ പരാതിപ്പെട്ടാല്‍ അവര്‍ ചിരിക്കയും ഒരു പരാതി എഴുതി കൊടുക്കാന്‍ പറയുകയും ചെയ്യും, അത്ര തന്നെ. എന്‍ ആര്‍ ഐ ആണെന്ന് മനസ്സിലാവുന്ന തോടെ സകലവനും നമ്മളോടുള്ള സമീപനം പണവുമായി ബന്ധ പ്പെട്ടതും ചൂഷണ മനസ്തിഥിയോടെയുള്ളതെന്നു തോന്നിയിട്ടുണ്ട്. മറ്റൊന്ന്: സെല്‍-ഫോണ്‍ എവിടെയും എളുപ്പത്തില്‍ കിട്ടും. ബി.എസ.എന്‍.എല്‍ എന്ന സര്‍ക്കാര്‍ പ്ലഷര്‍ ഹൌസില്‍ ചെന്നു നോക്കൂ, പിടിപ്പുകേടും അനാസ്ഥയും എത്രമാത്രമെന്നു കാണാന്‍. വീടു വാങ്ങാന്‍ ആധാര മെഴുതിക്കാന്‍ പോവുന്ന പോലെയുള്ള ഏര്‍പ്പാടുകള്‍. അപേക്ഷ കൊടുക്കാന്‍ നീണ്ട ലൈന്‍! അമേരിക്കന്‍ പാസ്പോര്‍ട്ടാണെങ്കില്‍ കിട്ടില്ല.
നാട്ടില്‍ വീടും മേല്‍വിലാസവും തെളിവും വേണം! ഫോട്ടോയും, പാസ്പോര്‍ട്ട് കോപ്പിയും, അമേരിക്കയിലെ വീടിന്റെ വിലാസവും പോരാ. കേരളത്തിലോ ഇന്ത്യയിലോ വേണം, പ്രൂഫും വേണം അപ്രൂവലിനു. എനിക്ക് സ്വന്തം വീടും വിലാസവും കേരളത്തില്‍ ഇല്ലന്നു പറഞ്ഞു. തരില്ല. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ അവിടെപ്പോ-ഇവിടെപ്പോ എന്നുപറഞ്ഞു ഇട്ടു കറക്കിപ്പിക്കും. വെറുതെ സമയം പാഴാക്കാം അത്രമാത്രം.
സെക്രട്ടറിയേറ്റിനു മുന്‍പില്‍ മതിലുകെട്ടി മള്‍ട്ടിസ്ടോറി കെട്ടിടവും അതില്‍ ഒരുപാട് ജോലിക്കാരും അവര്‍ക്കുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്തു ഗവര്‍മെന്റുപണം കൈപ്പറ്റി സുഖമായി കഴിയുന്ന ഒരുപാടെണ്ണം. മാനേജര്‍-മാഡത്തിനെ കണ്ടപ്പോള്‍ അവരും പറഞ്ഞു പറ്റില്ലാന്നു. എന്നാല്‍ "എയര്‍ടെല്‍", ടാറ്റ, ഐഡിയ ഒക്കെ തരും, ഒരു പ്രയാസവുമില്ലാതെ. ആര്‍ക്കു വേണമപ്പോള്‍ "ബി. എസ്.എന്‍.എല്‍"‍? അതു ജനങ്ങള്‍ക്കുള്ളതല്ല, അവര്‍ക്കുള്ളത്. അവരെക്കൊണ്ടു ഗവര്‍മെനറും ഗവര്‍മെന്റിനെക്കൊണ്ട് അവരും സുഖമായിക്കഴിഞ്ഞു പോവുന്നു. നമുക്കും പാടാം കേരളം "ദൈവത്തിന്റെ ഓണ്‍ കണ്ട്രി" തന്നെയെന്ന്!  - Vineeth


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക