Image

സാന്റാ അന്നാ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 05 June, 2012
സാന്റാ അന്നാ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി
ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ പെന്തക്കുസ്‌താ തിരുനാളില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തപ്പെട്ടു. ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ ഇടവക വികാരി റവ.ഡോ. അഗസ്‌റ്റിയന്‍ പലയ്‌ക്കാപ്പറമ്പില്‍ സഹകാര്‍മികനായിരുന്നു.

ഈവര്‍ഷം പത്ത്‌ കുട്ടികള്‍ ആദ്യകുര്‍ബാനയും, മൂന്ന്‌ കുട്ടികള്‍ സ്ഥൈര്യലേപനവും അഭിവന്ദ്യ പിതാവില്‍ നിന്നും സ്വീകരിച്ചു. പെന്തക്കുസ്‌താ തിരുനാളിന്റെ സവിശേഷതയെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ ഹൃദ്യമായ ഭാഷയില്‍ പകര്‍ന്ന്‌ നല്‍കിക്കൊണ്ട്‌ പിതാവ്‌ തന്റെ സന്ദേശം നല്‍കി. എന്റെ ശരീരം ഭക്ഷിക്കുകയും, രക്തം പാനം ചെയ്യുകയുമില്ലെങ്കില്‍ നിങ്ങള്‍ നിത്യജീവന്‍ പ്രാപിക്കുകയില്ല എന്ന ക്രിസ്‌തുനാഥന്റെ വചനം വഴിയാണ്‌ ഈ കൂദാശ സ്വീകരിക്കേണ്ടത്‌. സ്ഥൈര്യലേപനം വഴി ക്രിസ്‌തുവിന്റെ നാമം ലോകത്തില്‍ പ്രസംഗിക്കുവാന്‍ ശക്തിപ്പെടുന്നു. അങ്ങനെ നാം ഈശോയെ ലോകത്തിനു സാക്ഷ്യപ്പെടുത്തുന്നവരാകുന്നു. തുടര്‍ന്ന്‌ ആദ്യകുര്‍ബാനയും, സ്ഥാര്യലേപനവും സ്വീകരിക്കുന്ന കുട്ടികളേയും മാതാപിതാക്കളേയും ബഹു. അഗസ്റ്റിനച്ചനേയും അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു.

ബാബു ജോസിന്റെ നേതൃത്വത്തിലുള്ള ഇടവക ഗായകസംഘങ്ങളുടെ ശ്രുതിമധുരമായ ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. വി. കുര്‍ബാനയ്‌ക്കുശേഷം കുട്ടികള്‍ പരിശുദ്ധ മാതാവിന്‌ പൂക്കള്‍ കാഴ്‌ചയര്‍പ്പിച്ചു. കുട്ടികളെ തയാറാക്കുവാന്‍ നേതൃത്വം നല്‍കിയ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി രാജുവിനുള്ള ഉപഹാരം അഭിവന്ദ്യ പിതാവ്‌ നല്‍കി. ഇടവക വികാരി ബഹു. അഗസ്റ്റിനച്ചന്‍ ഇടവകാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണത്തിനും സ്‌നേഹത്തിനും നന്ദി പ്രകാശിപ്പിച്ചു.

സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി രാജു, വൈസ്‌ പ്രിന്‍സിപ്പല്‍ ടോമി പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ മതാധ്യാപകര്‍ ദേവാലയത്തിലെ ചടങ്ങുകള്‍ ഭംഗിയായി നടത്തി.

പൊന്നിന്‍ കുരിശും, മുത്തുക്കുടകളുമേന്തി പ്രദക്ഷിണമായാണ്‌ കുട്ടികളോടൊപ്പം അഭി. പിതാവിനേയും സ്വീകരിച്ച്‌ ദേവാലയത്തിലേക്ക്‌ സ്വീകരിച്ചത്‌. സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസാണ്‌ (എസ്‌.എം.സി.സി) സ്‌നേഹവിരുന്നിന്‌ നേതൃത്വം നല്‍കിയത്‌. സജി പിറവം വീഡിയോയും ജെയ്‌സണ്‍ ഫോട്ടോഗ്രാഫിയും നിര്‍വഹിച്ചു.
സാന്റാ അന്നാ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക